28 Apr 2011

ഡബിള്‍സ്


നവാഗതനായ സോഹന്‍ സീനുലാല്‍ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത സിനിമയാണ് ഡബിള്‍സ്. മമ്മൂട്ടിയും നാദിയ മൊയ്ദുവും ഇരട്ട സഹോദരങ്ങളായി അഭിനയിച്ച ഈ സിനിമയില്‍ തപസീ പന്നു, സയിജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, സലിം കുമാര്‍, ബിജുകുട്ടന്‍, അനൂപ്‌ ചന്ദ്രന്‍, തമിഴ് നടന്‍ മഹേന്ദ്ര, സുരേഷ്, അവിനാഷ്, നാരായണന്‍കുട്ടി, ആനന്ദ്‌ രാജ്, ഗീത വിജയന്‍, ജയ മേനോന്‍, അബു സലിം എന്നിവരും അഭിനയിച്ചിരിക്കുന്നു. മലയാള സിനിമയിലെ ഏറ്റവും പുതിയ ഇരട്ട തിരക്കഥകൃത്തുക്കള്‍ സച്ചി-സേതു രചന നിര്‍വഹിച്ച ഡബിള്‍സ് നിര്‍മ്മിച്ചിരിക്കുന്നത് കെ.കെ.നാരായണദാസ് ആണ്.

ഗിരിയും, ഗൌരിയും ചെറുപ്പത്തിലെ മാതാപിതാക്കളെ നഷ്ടപെട്ടവരാണ്. അവരുടെ കണ്മുമ്പില്‍ വെച്ച് തന്നെയാണ് അച്ഛനും അമ്മയും വാഹന അപകടത്തില്‍ മരിക്കുന്നത്. അതുകൊണ്ട് തന്നെ ഗിരിയും ഗൌരിയും വാഹന അപകടങ്ങളില്‍ പെട്ടവരെ രക്ഷപെടുത്തുന്ന തൊഴില്‍ ഏറ്റെടുത്തു ജീവിക്കുന്നു. അങ്ങനെ ഒരിക്കല്‍...ഒരു വാഹന അപകടത്തില്‍ നിന്നും സൈറ ഭാനു എന്ന യുവതിയെ രക്ഷപെടുത്തുകയും...പിന്നീട് അവള്‍ അവരുടെ കൂടെ താമസിക്കുകയും ചെയ്യുന്നു. അവളുടെ വരവോടെ ഗിരിയും ഗൌരിയും തമ്മില്‍ വഴക്കാകുകയും, തമ്മില്‍തല്ലി പിരിയുകയും ചെയ്യുന്നു. തുടര്നുണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. കഥയുമായി ഒരു ബന്ധവുമില്ലാത്ത സുരാജിനെ കൊണ്ട് സിനിമയുടെ ആദ്യാവസാനം വളിപ്പ് പറയിപ്പിച്ചിട്ടുണ്ട്. താമശയ്ക്ക് വേണ്ടി ചായയില്‍ വിം കലക്കി കൊടുക്കുന്നത് വരെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് സംവിധായകന്‍. സിനിമയുടെ അവസാനം...കൊക്കയില്‍ വീഴാന്‍ പോകുന്ന സഹോദരിയെ രക്ഷിക്കുന്ന രംഗം മുഴുവന്‍ കണ്ടിരിക്കാന്‍ പ്രേക്ഷകര്‍ക്ക്‌ അപാര ക്ഷമ വേണ്ടിവന്നേക്കും.

തിരക്കഥയിലുള്ള എന്ത് സവിശേഷതയാണ് മമ്മൂട്ടിയെ ഈ സിനിമയിലേക്ക് ആകര്‍ഷിച്ചത് എന്ന് മനസിലാകുന്നില്ല. മമ്മൂട്ടിക്ക് ഒരിക്കലും അനിയോജ്യമാകാത്ത കഥാപാത്രമാണ് ഈ സിനിമയിലേത്. ഒരു സംവിധായകന്‍ എന്ന നിലയില്‍ സമ്പൂര്ണ പരാജയമാണ് സോഹന്‍ സീനുലാല്‍. മമ്മൂട്ടിയുടെ കടുത്ത ആരാധകര്‍ക്ക് പോലും കണ്ടിരിക്കാന്‍ പറ്റാത്ത രീതിയിലേക്ക് ഈ സിനിമയെ കൊണ്ടെത്തിച്ചത് ഇതിന്റെ തിരക്കഥകൃത്തുകളും, സംവിധായകനും തന്നെ.

ഡബിള്‍സ് റേറ്റിംഗ്: ബിലോ ആവറേജ് [2 / 5]

സംവിധാനം: സോഹന്‍ സീനുലാല്‍
കഥ, തിരക്കഥ, സംഭാഷണം: സച്ചി-സേതു
നിര്‍മ്മാണം: കെ.കെ.നാരായണദാസ്
ചായാഗ്രഹണം: പി.സുകുമാര്‍
ചിത്രസംയോജനം: വി.സാജന്‍
സംഗീതം: ജെയിംസ്‌ വസന്തന്‍
വരികള്‍: വയലാര്‍ ശരത്ചന്ദ്ര വര്‍മ

No comments:

Post a Comment