11 Feb 2012

മുല്ലശ്ശേരി മാധവന്‍കുട്ടി നേമം പി.ഓ

കാര്‍ത്തിക് വിഷന്‍സിനു വേണ്ടി കെ.എസ്.ചന്ദ്രന്‍ നിര്‍മ്മിച്ച്‌ കുമാര്‍ നന്ദ കഥയെഴുതി, സ്വാതി ഭാസ്കര്‍ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കി കഥാകൃത്ത്‌ കുമാര്‍ നന്ദ തന്നെ സംവിധാനം ചെയ്ത സിനിമയാണ് മുല്ലശ്ശേരി മാധവന്‍കുട്ടി നേമം പി.ഓ. മുല്ലശ്ശേരി തറവാട്ടിലെ മാധവന്‍കുട്ടിയായി അഭിനയിക്കുന്നത് അനൂപ്‌ മേനോനാണ്. നേമം എന്ന സ്ഥലത്തെ ഒരു സര്‍കാര്‍ ഓഫീസിലെ ഉദ്യോഗസ്ഥനായ മാധവന്‍കുട്ടിയുടെ മുല്ലശ്ശേരി തറവാട്ടില്‍, മാധവന്‍കുട്ടിയുടെ അമ്മ പാര്‍വതിയമ്മയും ഭാര്യ സീതലക്ഷ്മിയും മകളുമാണ് മാധവന്‍കുട്ടിയുടെ കൂടെയുള്ളത്. നേമം എന്ന സ്വന്തം നാട്ടില്‍ തന്നെ ഒരു വീട് വെയ്ക്കണം എന്ന ആഗ്രഹമുള്ള മാധവന്‍കുട്ടി അതിനു വേണ്ടി പണമെല്ലാം സൂക്ഷിച്ചുവെയ്ക്കുന്നു. അങ്ങനെയിരിക്കെയാണ് ഒരു പ്രത്യേക സാഹചര്യത്തില്‍ മാധവന്‍കുട്ടി ഒരു സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിക്കുന്നത്. സിനിമയോട് സ്നേഹമുള്ള മാധവന്‍കുട്ടി ചെറിയ ചെറിയ വേഷങ്ങളില്‍ സിനിമയില്‍ അഭിനയിക്കാറുമുണ്ട്. സിനിമ വ്യവസായത്തെ കുറിച്ചൊന്നും അറിയാത്ത മാധവന്‍കുട്ടിയ്ക്ക് സിനിമ നിര്‍മ്മാണത്തെ തുടര്‍ന്ന് അയാളുടെ പണമെല്ലാം നഷ്ടമാകുന്നു. അങ്ങനെ, പണവും സ്വത്തും സ്ഥലവും, വീട്ടുകാരെയും നഷ്ടപെടുന്ന മാധവന്‍കുട്ടി ഈ പ്രതിസന്ധികളെല്ലാം തരണം ചെയ്തു അയാളുടെ നഷ്ടപെട്ട ജീവിതം തിരിച്ചുപിടിക്കുന്നതുമാണ് ഈ സിനിമയുടെ കഥ. 

കഥ, തിരക്കഥ: ബിലോ ആവറേജ്
കറന്‍സി എന്ന സിനിമയുടെ സംവിധായകന്‍ സ്വാതി ഭാസ്കറാണ് മുല്ലശ്ശേരി മാധവന്‍കുട്ടിയുടെ തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത്. സിനിമയ്ക്കുളിലെ സിനിമ എന്ന കഥാതന്തു വീണ്ടും പ്രധാന കഥയാവുകയാണ് ഈ സിനിമയിലൂടെ. സിനിമ വ്യവസായത്തെ കുറിച്ച് ഒന്നുമറിയാത്ത ഒരു സാധാരണക്കാരന്‍ സിനിമ നിര്‍മ്മിച്ചാല്‍ എന്തൊക്കെ പ്രശ്നങ്ങള്‍ നേരിടേണ്ടി വരും എന്നതാണ് ഈ സിനിമയുടെ കഥ. സിനിമയിലെ സമരവും പണത്തിന്റെ അധിക ചിലവോക്കെ ദോഷകരമായി ബാധിക്കുന്ന മാധവന്‍കുട്ടി, അയാളുടെ സ്വത്തും പണവും കുടുംബവും എല്ലാം നഷ്ടപെടുത്തി സിനിമ പൂര്‍ത്തികരിക്കാന്‍ ശ്രമിക്കുന്നു. സിനിമയുടെ രണ്ടാം പകുതിയില്‍ നഷ്ടപെട്ടത്തെല്ലാം വീണ്ടെടുക്കുവനായി മാധവന്‍കുട്ടി നടത്തുന്ന ശ്രമങ്ങളും അയാള്‍ അതില്‍ വിജയിക്കുകയും ചെയ്യുന്നതാണ്‌ ക്ലൈമാക്സ്. ഈ കഥ കേള്‍ക്കുമ്പോള്‍ രസകരമായി തോന്നുനുണ്ടെങ്കിലും, ഈ സിനിമയിലെ കഥസന്ദര്‍ഭങ്ങളും, സംവിധായകന്റെ പരിചയകുറവും ഈ സിനിമയെ ഇല്ലാതാക്കി എന്ന് തന്നെ പറയേണ്ടിവരും. സിനിമയുടെ തുടക്കത്തില്‍ ഭാര്യയും മകളും അമ്മയുമായുള്ള രംഗങ്ങള്‍ കണ്ടാല്‍ ചില മോഹന്‍ലാല്‍ സിനിമകള്‍ ഓര്‍മയില്‍ വരും.
സിനിമയുടെ രണ്ടാം പകുതിയില്‍ ഒരു സിനിമ നിര്‍മ്മിക്കാന്‍ വേണ്ടി മാധവന്‍കുട്ടി അനുഭവിക്കുന്ന തത്രപാടുകള്‍ കണ്ടാല്‍ ഉദയനാണ് താരം എന്ന സിനിമയും ബെസ്റ്റ് ആക്ടര്‍ എന്ന സിനിമയും ഓര്‍ത്തുപോകും. കറന്‍സി എന്ന കന്നി സിനിമയിലൂടെ ഏറെ പ്രതീക്ഷ നല്‍ക്കിയ സ്വാതി ഭാസ്കര്‍ ഈ സിനിമയിലൂടെ പ്രേക്ഷകരെ നിരാശപെടുത്തി എന്നതില്‍ യാതൊരു സംശയവുമില്ല.

സംവിധാനം: മോശം
മലയാള സിനിമ പുതിയൊരു വഴിത്തിരിവിലൂടെ സഞ്ചരിക്കുന്ന ഈ കാലഘട്ടത്തില്‍ ഒരു പഴഞ്ജന്‍ കഥയുമായി സിനിമയെടുക്കാന്‍ തീരുമാനിച്ച കുമാര്‍ നന്ദയ്ക്ക് മോശമായ തുടക്കമാണ് ലഭിച്ചത്. കുറെ നവാഗത സംവിധായകര്‍ അവരവരുടെ കഴിവുകള്‍ തെളിയിച്ചു വിജയിക്കുമ്പോള്‍, കുമാര്‍ നന്ദ എന്ന സംവിധായകന്റെ
സിനിമ ഒരു സമ്പൂര്‍ണ പരാജയമാണ് എന്ന് പറയുന്നതില്‍ തെറ്റില്ല. സിനിമയുടെ തിരക്കഥ മോശമാണെങ്കില്‍ കൂടി വേറിട്ട അവതരണത്തിലൂടെ പ്രേക്ഷകരെ ബോറടിപ്പിക്കാതെ കൊണ്ടുപോകേണ്ടത് സംവിധായകന്റെ ഉത്തരവാദിത്വം ആണ്. കണ്ടുമടുത്ത കഥാസന്ദര്‍ഭങ്ങള്‍ക്ക് പുതിയ അവതരണ രീതി നല്‍ക്കാന്‍ തയ്യാറാകാത്ത ഒരു സംവിധായകന്‍ ഇന്നത്തെ സിനിമ പ്രേക്ഷകരുടെ ഇഷ്ടങ്ങളൊന്നും മനസ്സിലാക്കാതെയാണ് ഈ സിനിമ സംവിധാനം ചെയ്തത്.

സാങ്കേതികം: ബിലോ ആവറേജ്
നവാഗതനായ ശിവകുമറാണ് ഈ സിനിമയ്ക്ക് വേണ്ടി ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സിനിമയിലുടനീളം പല രംഗങ്ങളിലും കഥാപാത്രങ്ങള്‍ സംസാരിക്കുമ്പോള്‍ ക്യാമറയുടെ ഫോക്കസ് ഔട്ട്‌ ആകുന്നത് കാണാം. ചിത്രസന്നിവേശം നിര്‍വഹിച്ച പ്രജിഷിനും പ്രത്യേകിച്ചൊന്നും ചെയ്യുവാനില്ല. മൂന്ന് പാട്ടുകളുള്ള ഈ സിനിമയില്‍ യേശുദാസ് ആലപിച്ച ഗിരീഷ്‌ പുത്തഞ്ചേരി-രവീന്ദ്രന്‍ മാഷ് ടീമിന്റെ പാതിമായും ചന്ദ്രലേഖേ... എന്ന തുടങ്ങുന്ന പാട്ടോഴികെ വേറൊരു പറ്റും മികവു പുലര്‍ത്തിയില്ല. കണ്ണാരം പൊത്തി കളിചിടാം..., എവരിബഡി...എന്ന് തുടങ്ങുന്ന ഗാനങ്ങള്‍ ചിട്ടപെടുത്തിയിരിക്കുന്നത് രതീഷ്‌ വേഗയാണ്. ഈ സിനിമയ്ക്ക് വേണ്ടി നല്ല സെറ്റുകള്‍ ഒരുക്കുകയും മുല്ലശ്ശേരി തറവാട് വീട് ഒരുക്കുകയും ചെയ്ത കലാസംവിധായകന്‍ അനീഷ്‌ കൊല്ലം മികവു പുലര്‍ത്തി.


അഭിനയം: ആവറേജ്
ബ്യൂട്ടിഫുളിനു ശേഷം അനൂപ്‌ മേനോന്‍ അഭിനയിച്ച മുല്ലശ്ശേരി മാധവന്‍കുട്ടി എന്ന ഈ സിനിമയില്‍ എല്ലാ വികാരങ്ങളും തന്മയത്തത്വോടെ അവതരിപിച്ചു കൊണ്ട് അനൂപ്‌ മേനോന്‍ മികച്ച പ്രകടനം കാഴ്ച്ചവെചിരിക്കുന്നു.
ഏതൊരു നടനും തന്റെതായുള്ള ശൈലി അഭിനയത്തില്‍ കൊണ്ടുവരാതെ ഒരു നല്ല നടന്‍ എന്ന അഭിപ്രായം നേടാന്‍ കഴിയില്ല. സിനിമയിലുടനീളം മോഹന്‍ലാലിനെ പോലെ ചിരിച്ചും കളിച്ചും ചിന്തിപിച്ചും കരയിപ്പിച്ചും അനൂപ്‌ അഭിനയിച്ച രംഗങ്ങള്‍ കാണുമ്പോള്‍ അദ്ദേഹം മോഹന്‍ലാലിനെ പോലെ അഭിനയിക്കുവാന്‍ മനപ്പൂര്‍വം ശ്രമിക്കുകയാണോ എന്ന് തോന്നിപോകും.അനൂപ്‌ മേനോനെ കൂടാതെ പുതുമുഖം സോണല്‍ ദേവരാജ്, ബാലാ, നിഷാന്ത് സാഗര്‍, സുരാജ് വെഞ്ഞാറമൂട്, ഇന്നസെന്റ്, ജനാര്‍ദനന്‍, നന്ദു, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍, ഷിജു, കലാഭവന്‍ ഷാജോണ്‍, കെ.പി.എ.സി.ലളിത, സോണിയ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. പാതിമായും ചന്ദ്രലേഖ എന്ന പാട്ട് [ഗിരീഷ്‌ പുത്തഞ്ചേരി-രവീന്ദ്രന്‍ മാഷ്]
2. അനൂപ്‌ മേനോന്‍



സിനിമയുടെ മൈനസ് പോയിന്റ്സ്:
1. സ്വാതി ഭാസ്കര്‍ എഴുതിയ തിരക്കഥ
2. കുമാര്‍ നന്ദയുടെ സംവിധാനം
3. ശിവകുമാറിന്റെ ചായാഗ്രഹണം


മുല്ലശ്ശേരി മാധവന്‍കുട്ടി നേമം പി.ഓ റിവ്യൂ: സിനിമ വ്യവസായത്തെ കുറിച്ചൊന്നും അറിയാത്ത സിനിമ സ്നേഹിയായ ഒരു സാധാരണക്കാരന്‍ സിനിമ നിര്‍മ്മിക്കാന്‍ ഒരുങ്ങിയാല്‍ എന്തെല്ലാം സംഭവിക്കാം എന്ന കഥയെ ബോറന്‍ കഥാസന്ദര്‍ഭങ്ങളിലൂടെയും പരിതാപകരമായ സംവിധാനത്തിലൂടെയും നശിപ്പിച്ച സിനിമയാണ് മുല്ലശ്ശേരി മാധവന്‍കുട്ടി നേമം പി.ഓ. പാവം അനൂപ്‌ മേനോന്‍!

മുല്ലശ്ശേരി മാധവന്‍കുട്ടി നേമം പി.ഓ റേറ്റിംഗ്: 2.80 / 10
കഥ, തിരക്കഥ: 3 / 10 [ബിലോ ആവറേജ്]
സംവിധാനം:
1 / 10 [മോശം]
സാങ്കേതികം: 2 / 5 [ബിലോ ആവറേജ്]
അഭിനയം: 2.5 / 5 [ആവറേജ്]
ആകെ മൊത്തം: 8.5 / 30 [2.8 / 10]

 
കഥ, സംവിധാനം: കുമാര്‍ നന്ദ
തിരക്കഥ, സംഭാഷണം: സ്വാതി ഭാസ്കര്‍
നിര്‍മ്മാണം: കെ.എസ്.ചന്ദ്രന്‍
ബാനര്‍: കാര്‍ത്തിക് വിഷന്‍
ചായാഗ്രഹണം: ശിവരാമന്‍
ചിത്രസന്നിവേശം: പ്രജീഷ്
വരികള്‍: ഗിരീഷ്‌ പുത്തഞ്ചേരി
[പാതിമായും ചന്ദ്രലേഖേ...], അനില്‍ പനച്ചൂരാന്‍ [കണ്ണാരം പൊത്തി..., എവരിബഡി...]
സംഗീതം: രവീന്ദ്രന്‍ മാഷ്[പാതിമായും ചന്ദ്രലേഖേ...] , രതീഷ്‌ വേഗ[കണ്ണാരം പൊത്തി..., എവരിബഡി...]
പശ്ചാത്തല സംഗീതം: രതീഷ്‌ വേഗ

No comments:

Post a Comment