3 Mar 2012

തത്സമയം ഒരു പെണ്‍കുട്ടി

രതിനിര്‍വേദത്തിനു ശേഷം ടി.കെ.രാജീവ്‌ കുമാര്‍ സംവിധാനം ചെയ്ത സിനിമയാണ് തത്സമയം ഒരു പെണ്‍കുട്ടി. റീല്‍ ടു റീല്‍ സിനി പ്രൊഡക്ഷസിന്റെ ബാനറില്‍ അഞ്ചു സുഹൃത്തുക്കള്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ സിനിമയില്‍ നിത്യ മേനോനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. ഒരു റിയാലിറ്റി ഷോയും അതിലെ മുഖ്യ കഥാപാത്രവുമാകുന്ന മഞ്ജുള അയ്യപ്പന്‍ എന്ന സാധാരണക്കാരിയുടെ വേഷത്തിലാണ് നിത്യ മേനോന്‍ ഈ സിനിമയില്‍ അഭിനയിക്കുന്നത്. നവാഗതരായ സണ്ണി ജോസഫ്‌, മാനുവല്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് രചന നിര്‍വഹിച്ച ഈ സിനിമയുടെ പ്രമേയം കൌതുകകരമായ ഒരു സംഭവമാണ്. കേരളത്തിലെ കുടുംബങ്ങള്‍ റിയാലിറ്റി ഷോകളെ എങ്ങനെ നോക്കിക്കാണുന്നു എന്നും, അതിനെ ദുര്യുപയോഗപെടുത്തി ചാനലുകാര്‍ സാധാരണക്കാരെ ചൂഷണം ചെയ്യുന്നതുമാണ്  ഈ സിനിമയിലൂടെ ചര്ച്ചചെയ്യപെടുന്ന വിഷയം. സംഗീത പരിപാടികളുടെ റിയാലിറ്റി ഷോ നടത്തി പണം വാരുന്ന മറ്റു ചാനലുകള്‍ക്കെതിരെ ശക്തമായ ഒരു റിയാലിറ്റി ഷോ നടത്തുവാന്‍ തീരുമാനിക്കുകയാണ് റിയല്‍ ടീ വി എന്ന ചാനല്‍. റിയല്‍ ടീ വിയിലെ ഏറ്റവും പുതിയ റിയാലിറ്റി ഷോ ആണ് തത്സമയം ഒരു പെണ്‍കുട്ടി. ഒരു പെണ്‍കുട്ടിയുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങള്‍ തത്സമയം ടീ.വിയില്‍ പ്രക്ഷേപണം ചെയ്യുക എന്നതാണ് ആ ഷോ കൊണ്ട് ചാനലുകാര്‍ ഉദ്ദേശിക്കുന്നത്. പ്രേക്ഷകര്‍ക്ക്‌ റിയാലിറ്റി ഷോ കൂടുതല്‍ ഇഷ്ടപെടുവാന്‍ വേണ്ടി മഞ്ജുളയുടെ ജീവിതത്തില്‍ അവിചാരിതമായ കുറെ പ്രശ്നങ്ങള്‍ സൃഷ്ട്ടികുകയാണ് ചാനലുകാര്‍. ഈ പ്രശ്നങ്ങളൊക്കെ മഞ്ജുള എങ്ങനെ നേരിടുന്നു എന്നാണ് ഈ സിനിമയുടെ കഥ.  

മഞ്ജുള അയ്യപ്പനായി മോശമല്ലാത്ത അഭിനയം കാഴ്ച്ചവെക്കുവാന്‍ നിത്യ മേനോന് സാധിച്ചു. നിത്യയെ കൂടാതെ സിദ്ദിക്ക്, ശ്വേത മേനോന്‍, ബാബുരാജ്, ഉണ്ണി മുകുന്ദന്‍, മണിയന്‍പിള്ള രാജു, ടിനി ടോം, ചെമ്പില്‍ അശോകന്‍, സുരാജ് വെഞ്ഞാറമൂട്, വിനായകന്‍, കോട്ടയം നസീര്‍, കലാഭവന്‍ നവാസ്, കൊച്ചുപ്രേമന്‍, ബൈജു, കെ.പി.എ.സി.ലളിത, ദേവി ചന്ദന എന്നിവരുമുണ്ട് ഈ സിനിമയില്‍. നവാഗതനായ വിനോദ് ഇല്ലംപില്ലി ചായാഗ്രഹണം നിര്‍വഹിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം പൂര്‍ണമായും തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലുമാണ് നടന്നിരിക്കുന്നത്.  

കഥ, തിരക്കഥ: മോശം
നവാഗതരായ മാനുവല്‍ ജോര്‍ജും സണ്ണി ജോസെഫും ചേര്‍ന്നെഴുതിയ തിരക്കഥയില്‍ അപാകതകള്‍ ഏറെയാണ്‌. കൌതുകകരമായ ഒരു കഥ ഈ സിനിമയ്ക്ക് ഉണ്ടെങ്കിലും, അവിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളിലൂടെയാണ് ഈ സിനിമയുടെ കഥ സഞ്ചരിക്കുന്നത്. കൃത്രിമത്വം നിറഞ്ഞ കഥസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും പ്രവചിക്കനവുന്ന രംഗങ്ങളും ക്ലൈമാക്സും ഈ സിനിമയ്ക്ക് പിന്നിലുള്ള കൌതുകം നഷ്ടപെടുത്തി. തത്സമയം ഒരു പെണ്‍കുട്ടി എന്ന ടീവി പരിപാടിയിലൂടെ കുറെ സാമൂഹ്യ പ്രശ്നങ്ങള്‍ക്കെതിരെ വിരല്ചൂടുന്നുണ്ടെങ്കിലും, ആ പ്രശങ്ങള്‍ പരിഹരിക്കുന്ന കഥാസന്ദര്‍ഭങ്ങള്‍ അവിശ്വസനീയത അനുഭവപെട്ടു. സമീപകാലത്തിറങ്ങിയ സിനിമകളുമായി താരതമ്യം ചെയ്താല്‍, ഏറ്റവും മോശമായ തിരക്കഥ രചനയാണ് ഈ സിനിമയുടെത്.

സംവിധാനം: മോശം
കമല്‍ഹാസന്‍(ചാണക്യന്‍), മമ്മൂട്ടി(മഹാനഗരം), മോഹന്‍ലാല്‍(പവിത്രം, ഒരു നാള്‍ വരും), ജയറാം(വക്കാലത്ത് നാരായണന്‍കുട്ടി) തുടങ്ങിയ പ്രഗല്‍ഭരായ നടന്മാരുടെ സിനിമകള്‍ സംവിധാനം ടി.കെ.രാജീവ്‌ കുമാര്‍ ആണ് തത്സമയം ഒരു പെണ്‍കുട്ടി എന്ന സിനിമയുടെ സംവിധായകന്‍. നിലവാരമില്ലാത്ത സംവിധാനമാണ് ഈ സിനിമയെ ഇത്രയ്ക്ക് മോശമാക്കിയത് എന്ന് പറയുന്നതില്‍ ഖേദമുണ്ട്. ലോകത്തുള്ള പല മലയാളികളും തത്സമയം ഒരു പെണ്‍കുട്ടി എന്ന ടീവി ഷോ ഒന്നാം ദിവസം ഏതു സ്ഥലത്ത് നിന്നുകൊണ്ടോ ഇരുന്നുകൊണ്ടോ കാണുന്നുവോ, ഷോയുടെ നാലാം ദിവസവും, അവസാന ദിവസവും പ്രേക്ഷകരെല്ലാവരും അതെ സ്ഥലങ്ങളില്‍ നിന്നാണ് ആ ടീവി ഷോ കാണുന്നത്. സീരിയലുകള്‍ പോലും ഭേദമായി തുടങ്ങിയിരിക്കുന്ന ഈ കാലഘട്ടത്തില്‍, ഇത്രയും അവിശ്വസനീയമായ സിനിമയൊരുക്കുവാന്‍ ടി.കെ.രാജീവ്കുമാറിനു എങ്ങനെ സാധിച്ചു എന്ന വസ്തുത അത്ഭുതത്തോടെ നോക്കിക്കാണുന്നു. 

സാങ്കേതികം: ബിലോ ആവറേജ്
നവാഗതനായ വിനോദ് ഇല്ലംപിള്ളിയാണ് ഈ സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സംവിധായകന്റെ നിര്‍ദേശപ്രകാരം കുറെ രംഗങ്ങള്‍ ചിത്രീകരിച്ചു എന്നതല്ലാതെ മറ്റൊന്നും വിനോദ് ചെയ്തിട്ടില്ല. ഈ സിനിമയുടെ ചിത്രസന്നിവേശം നിര്‍വഹിച്ച അജിത്കുമാറും നിലവാരമില്ലാത്ത രീതിയിലാണ് ദ്രിശ്യങ്ങള്‍ ചേര്‍ത്ത് വെച്ചിരിക്കുന്നത്. സാങ്കേതിക വശങ്ങളില്‍ ഭേദമായി തോന്നിയത് ശരത് സംഗീതം നല്‍ക്കിയ പാട്ടുകളാണ്. പോന്നോടുപൂവയീ...എന്ന തുടങ്ങുന്ന ഗാനം മികവുപുലര്‍ത്തി. 

അഭിനയം: ആവറേജ്
തത്സമയം ഒരു പെണ്‍കുട്ടിയായ മഞ്ജുള അയ്യപ്പനെന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച നിത്യ മേനോന് മോശമല്ലാത്ത അഭിനയം കാഴ്ചവെച്ചിട്ടുണ്ട്. നിത്യയുടെ അച്ഛന്റെ വേഷമഭിനയിച്ച മണിയന്‍പിള്ള രാജുവും, സിദ്ദിക്കും, ബാബു രാജും, ശ്വേത മേനോനും അവരവരുടെ രംഗങ്ങള്‍ മോശമാക്കിയില്ല. ചെറിയ വേഷമാണ് എങ്കിലും, പുതുമുഖ നടന്‍ ഉണ്ണി മുകുന്ദന്‍ മോശമാക്കിയില്ല.    

സിനിമയുടെ പ്ലസ് പോയിന്റ്സ്:
1. പ്രമേയം
2. പോന്നോടുപൂവായി എന്ന് തുടങ്ങുന്ന പാട്ട്  

 
സിനിമയുടെ മൈനസ് പോയിന്റ്സ്:
1. കഥാപാത്രങ്ങളും, കഥാസന്ദര്‍ഭങ്ങളും
2. ടി.കെ. രാജീവ്കുമാറിന്റെ സംവിധാനം
3. ചായാഗ്രഹണം, ചിത്രസന്നിവേശം
4. ക്ലൈമാക്സ്  
 
തത്സമയം ഒരു പെണ്‍കുട്ടി റിവ്യൂ: കെട്ടിച്ചമച്ച കഥാസന്ദര്‍ഭങ്ങള്‍ എന്ന് തോന്നിപ്പിക്കുന്ന കുറെ രംഗങ്ങളും, ടി.കെ രാജീവ്കുമാറിനെ പോലെ പരിചയസമ്പത്തുള്ള ഒരു സംവിധായകനില്‍ നിന്നും പ്രതീക്ഷിക്കാത്ത തരത്തിലുള്ള നിലവാരമില്ലാത്ത സംവിധാനവും തത്സമയം ഒരു പെണ്‍കുട്ടി എന്ന സിനിമയെ നിലവാരമില്ലാത്ത ഒരു സിനിമയാക്കി മാറ്റി.  
 
തത്സമയം ഒരു പെണ്‍കുട്ടി റേറ്റിംഗ്: 2.10 / 10
കഥ, തിരക്കഥ: 1 / 10 [മോശം]
സംവിധാനം:
1 / 10 [മോശം]
സാങ്കേതികം: 2 / 5 [ബിലോ ആവറേജ്]
അഭിനയം: 2.5 / 5 [ആവറേജ്]
ടോട്ടല്‍: 6.5 / 30 [2.1 / 10]
 
സംവിധാനം: ടി.കെ.രാജീവ്കുമാര്‍
നിര്‍മ്മാണം: റീല്‍ ടു റീല്‍
കഥ, തിരക്കഥ, സംഭാഷണം: സണ്ണി ജോസഫ്‌, മാനുവല്‍ ജോര്‍ജ്
ചായാഗ്രഹണം: വിനോദ് ഇല്ലംപിള്ളി
ചിത്രസന്നിവേശം: അജിത്‌കുമാര്‍
വരികള്‍: ബീയര്‍ പ്രസാദ്‌, മുരുകന്‍ കാട്ടാക്കട
സംഗീതം: ശരത് 

No comments:

Post a Comment