30 Mar 2012

ദി കിംഗ്‌ ആന്‍ഡ്‌ ദി കമ്മീഷണര്‍

ട്വന്റി-20 എന്ന സിനിമയ്ക്ക് ശേഷം മെഗാസ്റ്റാര്‍ ഭരത് മമ്മൂട്ടിയും ആക്ഷന്‍ സൂപ്പര്‍ സ്റ്റാര്‍ ഭരത് സുരേഷ് ഗോപിയും ഒന്നിക്കുന്ന സിനിമയാണ് ദി കിംഗ്‌ ആന്‍ഡ്‌ ദി കമ്മീഷണര്‍. ഇംഗ്ലീഷില്‍ തീപാറുന്ന സംഭാഷണങ്ങളുമായി മലയാള സിനിമ പ്രേക്ഷകരെ പ്രകമ്പനം കൊള്ളിച്ച സിനിമകളായ ദി കിംഗ്‌ എന്ന സിനിമയിലെ ജില്ല കലക്ടര്‍ തേവള്ളിപറമ്പില്‍ ജോസഫ് അലക്സും ദി കമ്മീഷണര്‍ സിനിമയിലെ ചൂടന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഭരത്ചന്ദ്രനും ഒരു കേസ് അന്വേഷണത്തിനായി ഒരുമിക്കുന്നതാണ് ഈ സിനിമയുടെ കഥ. മലയാള സിനിമയില്‍ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച രണ്‍ജി പണിക്കര്‍-ഷാജി കൈലാസ് ടീമാണ് അത്യുജ്വല കഥാപാത്രങ്ങളായ ജോസഫ് അലക്സിനെയും ഭരത്ചന്ദ്രനേയും ഒരുമിപ്പിച്ചത്. എംപറര്‍ സിനിമയുടെ ബാനറില്‍ മമ്മൂട്ടിയുടെ സന്തത സഹചാരി ആന്റോ ജോസഫ് നിര്‍മ്മിച്ച ഈ സിനിമയില്‍ മമ്മൂട്ടിയെയും സുരേഷ് ഗോപിയെയും പോലെ മറ്റൊരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ സായികുമാറാണ്. ഈ ഷാജി കൈലാസ് സിനിമയ്ക്ക് വേണ്ടി മൂന്ന് ചായാഗ്രാഹകന്‍മാരാണ് [ഭരണി കെ.ധരന്‍, ശരവണന്‍, ഷാജി കുമാര്‍] ക്യാമറ ചലിപ്പിച്ചത്. ദി കിംഗ്‌ സിനിമയിലെയും ദി കമ്മീഷണര്‍ സിനിമയിലെയും പോലെ ഈ സിനിമയിലും നായകന്മാര്‍ക്ക് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് രാജമണിയാണ്. സാംജതാണ് ചിത്രസന്നിവേശം.

ഇന്ത്യയിലെ പ്രഗല്‍ബനായ ശാസ്ത്രഞ്ജന്‍ സുദര്‍ശനന്റെ[നെടുമുടി വേണു] കൊലപാതകം അന്വേഷിക്കുവാനായി പ്രധാനമന്ത്രിയും[മോഹന്‍ ആഗാഷേ] അഭ്യന്തര മന്ത്രിയും[ജനാര്‍ദനന്‍] ചേര്‍ന്ന് രാജ്യത്തിന്റെ സുരക്ഷ ചുമതല ഗ്രൂപിന്റെ മേധാവി ജോസഫ് അലസ്കിനെയും, ജോസഫ് അലക്സിനെ സഹായിക്കുന്നതിനായി ഡല്‍ഹി പോലീസ് മേധാവി ഭരത്ചന്ദ്രനേയും നിയമിക്കുന്നു. കൊലപാതകത്തിന്റെ ചുരുളഴിയുന്നതോടെ സ്വാമിജി ചന്ദ്രമൌലീശ്വര്‍ [സായികുമാര്‍], മിനിസ്റ്റര്‍ രാമന്‍ മാധവന്‍[ജയന്‍ ചേര്‍ത്തല], ഐ.ജി. ശങ്കര്‍[ദേവന്‍] എന്നിവര്‍ കുറ്റക്കാരാണെന്ന് തെളിയുകയും, അവരെപോലെയുള്ള രാജ്യദ്രോഹികളെ വകവരുത്തുവാന്‍ ജോസഫ് അലക്സും ഭരത്ചന്ദ്രനും നടത്തുന്ന പോരാട്ടത്തിന്റെയും കഥയാണ് ഈ സിനിമയുടെത്. 

കഥ, തിരക്കഥ: ബിലോ ആവറേജ്
1994ല്‍ രണ്‍ജി പണിക്കരുടെ രചനയില്‍ പുറത്തിറങ്ങിയ ദി കമ്മീഷണര്‍ എന്ന സിനിമയിലൂടെ, ഒരു പോലീസ് ഉദ്യോഗസ്ഥന്‍ എങ്ങനെയൊക്കെ ആകണമെന്ന മാതൃക കാട്ടിതന്ന കഥാപാത്രമായിരുന്നു ഭരത്ചന്ദ്രന്‍ ഐ.പി.എസ്. ദുഷ് പ്രവര്‍ത്തികള്‍ ചെയ്തു നാടിനെയും നാട്ടുകാരെയും വഞ്ചിക്കുന്ന മന്ത്രിമാരെയും വലിയ റാങ്കുള്ള ഉദ്യോസ്ഥന്മാരെയും തീപാറുന്ന ഇംഗ്ലീഷ് ഡയലോഗുകളും തെറിയുടെ അഭിഷേകവും കൊണ്ട് അപമാനിക്കുന്ന, അനീതിക്കെതിരെ പോരാടുന്ന കരുത്തുറ്റനായ പോലീസ് കമ്മീഷണര്‍ ഭരത്ചന്ദ്രനെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതാണ്‌. ഒരു വര്‍ഷത്തിനു ശേഷം, 1995ല്‍ രണ്‍ജി പണിക്കരുടെ തന്നെ രചനയില്‍ മമ്മൂട്ടിയെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ദി കിംഗ്‌ എന്ന സിനിമയില്‍ അനീതിക്കെതിരെ പോരാടുകയും കലാപം നടത്തിയവരെയെല്ലാം വകവരുത്തുകയും ചെയ്ത കോഴിക്കോട് നഗരത്തിലെ ജില്ല കലക്ടര്‍ ജോസഫ് അലക്സ് തേവള്ളിപറമ്പിലിനെയും പ്രേക്ഷകര്‍ക്ക്‌ ഏറെ ഇഷ്ടമായിരുന്നു. ഈ രണ്ടു ഉജ്ജ്വല കഥാപാത്രങ്ങള്‍ വീണ്ടും ഒന്നിച്ച ദി കിംഗ്‌ ആന്‍ഡ്‌ ദി കമ്മീഷണര്‍, മലയാള സിനിമ പ്രേമികളെയെല്ലാം ഒന്നടങ്കം നിരാശപെടുത്തുകയാണ് ചെയ്തത്. അതിന്റെ പൂര്‍ണ ഉത്തരവാദിത്വം തിരക്കഥ രചയ്താവ് രണ്‍ജി പണിക്കരുടെതാണ്. ഒരു ലോജിക്കും ഇല്ലാത്ത മുമ്പോട്ടു നീങ്ങുന്ന കഥയും കഥാപാത്രങ്ങളും. വില്ലന്മാരടക്കം ആരെല്ലാമോ ആരെയെക്കയോ കൊല്ലുന്നു. ആരെങ്കിലും കൊല്ലപെട്ടത്തിന്റെ തൊട്ടുപിന്നാലെ നായകന്മാരുടെ സെന്റിമെന്റ്സും ഇംഗ്ലീഷ് ഭാഷയിലുള്ള ഡയലോഗുകളും തെറിപറചിലും. നായകന്മാരെ കൊണ്ട് ഇന്ത്യന്‍ പ്രധാനമന്ത്രിയെ വരെ ചീത്ത വിളിപ്പിക്കാന്‍ യലോഗ് പറയിപ്പിക്കുവാനും തിരക്കഥ രചയ്താവ് മറന്നിട്ടില്ല. അതിനടയില്‍, പാകിസ്ഥാന്‍ ചാരന്മാരെ മലയാളത്തില്‍ ചീത്ത വിളിപ്പിക്കാന്‍ സംവിധായകനും മറന്നില്ല. ദി കിംഗ്‌ സിനിമയിലും ദി കമ്മീഷണര്‍ സിനിമയിലും കണ്ടുമടുത്ത രംഗങ്ങള്‍ പുതിയ രൂപത്തിലും ഭാവത്തിലും തിരക്കഥയിലാക്കാന്‍ തീരുമാനിച്ച രണ്‍ജി പണിക്കരുടെ ധൈര്യം അപാരം തന്നെ. 

സംവിധാനം: ബിലോ ആവറേജ്
ഷാജി കൈലാസ് സിനിമകളുടെ സ്ഥിരം രീതിയിലാണ് ഈ സിനിമയുടെയും തിരക്കഥ രണ്‍ജി പണിക്കര്‍ എഴുതിയിരിക്കുന്നത്. നായകന്മാരുടെ ഇംഗ്ലീഷ് സംഭാഷണങ്ങളും വില്ലന്മാരുടെ രൂപഭാവങ്ങളും രാജ്യസ്നേഹവും എല്ലാം ഈ സിനിമയിലും വിഷയമാകുന്നു. ഈ സിനിമയിലെ ഒരു രംഗം പോലും പുതുമ അവകാശപെടാനില്ലാത്ത രീതിയിലാണ് സംവിധായകന്‍ ചിത്രീകരിച്ചിരിക്കുന്നത്. മുന്‍കാല രാഷ്ട്രീയ-ആക്ഷന്‍
സിനിമകളിലെല്ലാം പ്രേക്ഷകര്‍ കണ്ടുമടുത്ത രംഗങ്ങള്‍, വീണ്ടും പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തിക്കുവാന്‍ ഷാജി കൈലാസിന് തോന്നിയത് എന്തുകൊണ്ടാണ് എന്നറിയില്ല. പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ കിംഗും കമ്മീഷ്ണറും ഈ സിനിമയോട് കൂടി അവസാനിക്കുമോ എന്നുവരെ തോന്നിപ്പോയി.  സ്ഥിരം ആക്ഷന്‍ സിനിമകളെ പോലെ ചായഗ്രാഹകനെ കൊണ്ട് ക്യാമറ വളച്ചും ചെരിച്ചും വെച്ച് രംഗങ്ങള്‍ ചിത്രീകരിക്കാതത്തിനു സംവിധായകന് നന്ദി. ചിത്രസന്നിവേശം നിര്‍വഹിച്ച സാംജിത് രംഗങ്ങള്‍ വെട്ടിയോട്ടിച്ചിട്ടും കൂട്ടിയോജിപ്പിച്ചിട്ടും സിനിമയുടെ ദൈര്‍ഘ്യം മൂന്ന് മണിക്കൂറിനു മുകളില്‍ തന്നെ. മമ്മൂട്ടിയും സുരേഷ് ഗോപിയും കഠിന പരിശ്രമം നടത്തി മോശമാക്കാത്ത അഭിനയിക്കുകയും, ഇംഗ്ലീഷും മലയാളവും ഹിന്ദിയും അടങ്ങുന്ന ഡയലോഗുകള്‍ നല്ല രീതിയില്‍ പറഞ്ഞതും കൊണ്ടാവണം മൂന്ന് മണിക്കൂറോളം തിയറ്റര്‍ വിട്ടു പോകാതെ പ്രേക്ഷകര്‍ ഇരുന്നത്.

സാങ്കേതികം: ആവറേജ്
ഒരു സിനിമയ്ക്ക് വേണ്ടി മൂന്ന് ചായഗ്രാഹകന്മാര്‍ ഒന്നിക്കുന്നത് മലയാള സിനിമയില്‍ ഇതാദ്യമാണെന്ന് തോന്നുന്നു. ഭരണി കെ.ധരന്‍, ശരവണന്‍, ഷാജി കുമാര്‍ എന്നിവരാണ് ഈ സിനിമയിലെ ക്യാമറ ചലിപ്പിച്ചത്. നായകന്മാരുടെ ചലനങ്ങളും ഭാവങ്ങളും ക്യാമറയില്‍ പകര്‍ത്തിയ മൂന്നുപേരും അവരവരുടെ ജോലി മോശമാക്കാതെ നിര്‍വഹിച്ചു. ഷാജി കൈലാസ് സിനിമകളില്‍
സ്ഥിരം കാണുന്നത് പോലെയുള്ള ദ്രിശ്യങ്ങള്‍ എന്നതല്ലാതെ പ്രത്യേകിച്ച് പുതുമകളൊന്നും ഈ സിനിമയുടെ ചായഗ്രഹണത്തിലില്ല. ഇവര്‍ മൂവരും ക്യാമറയില്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ കൂട്ടിയോജിപ്പിച്ചത് സാംജതാണ്. ചടുലതയിലുള്ള ദ്രിശ്യങ്ങള്‍ ഒരുക്കുവാന്‍ സംവിധായകനെ സഹായിച്ചത് സാംജതാനെന്നു വ്യക്തം. എങ്കിലും ഈ സിനിമയുടെ മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യം കുറച്ചു വെട്ടികുറച്ചിരുന്നുവെങ്കില്‍ പ്രേക്ഷകര്‍ക്ക്‌ ഇത്രയ്ക്കും ബോറടിക്കില്ലയിരുന്നു. ദി കിംഗ്‌ സിനിമയില്‍ മമ്മൂട്ടി സ്ലോ മോഷനില്‍ നടന്നു വരുമ്പോള്‍ ഉപയോഗിച്ച പശ്ചാത്തല സംഗീതവും കമ്മീഷണര്‍ സിനിമയില്‍ സുരേഷ് ഗോപിയുടെ ഡയലോഗിനു ശേഷമുള്ള പശ്ചാത്തല സംഗീതവും ഈ സിനിമയിലെ രംഗങ്ങള്‍ക്ക് അനിയോജ്യമായ രീതിയില്‍ സംഗീത സംവിധായകന്‍ രാജാമണി നല്‍കിയിട്ടുണ്ട്. 

അഭിനയം: ആവറേജ്
ഒട്ടുമിക്ക എല്ലാ ഷാജി കൈലാസ് സിനിമകളിളെന്ന പോലെ ഈ സിനിമയിലും ഒരു വലിയ താരനിര അണിനിരക്കുന്നു. മമ്മൂട്ടി, സുരേഷ് ഗോപി, സായികുമാര്‍, ദേവന്‍, ജനാര്‍ദനന്‍, നെടുമുടി വേണു, മോഹന്‍ ആഗാഷേ, ജയന്‍ ചേര്‍ത്തല, ബിജു പപ്പന്‍, പി.ശ്രീകുമാര്‍, ടി.പി.മാധവന്‍, കുഞ്ചന്‍, അഗസ്റ്റിന്‍, സുധീര്‍ കരമന, റിസബാവ, വിജയ്‌ മേനോന്‍, സംവൃത സുനില്‍, സഞ്ജന, കെ.പി.എ.സി.ലളിത, റീന ബഷീര്‍ തുടങ്ങിയവരാണ് ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. മമ്മൂട്ടിയും സുരേഷ് ഗോപിയും ജനാര്‍ദനനും സായികുമാറും, ദേവനും അവരവരുടെ റോളുകള്‍ പരമാവധി ഭംഗിയായി അവതരിപ്പിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും ഡയലോഗുകള്‍ പറഞ്ഞിരിക്കുന്ന രീതി പ്രശന്സനീയം തന്നെ. ഈ സിനിമ മൂന്ന് മണിക്കൂര്‍ കണ്ടിരിക്കുവാന്‍ സാധിച്ചത് തന്നെ മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും തീപാറുന്ന സംഭാഷണങ്ങള്‍ ഉള്ളതുകൊണ്ടാണ്.   

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. മമ്മൂട്ടി - സുരേഷ് ഗോപി കൂട്ടുകെട്ട്
2. നായകന്മാരുടെ ഇംഗ്ലീഷ് സംഭാഷണങ്ങള്‍
3. പശ്ചാത്തല സംഗീതം 


സിനിമയുടെ  മൈനസ് പോയിന്റ്സ്:
1. കണ്ടുമടുത്ത രംഗങ്ങളും കഥാപാത്രങ്ങളും
2. ലോജിക്ക് ഇല്ലാത്ത കഥയും രംഗങ്ങളും
3. സാധാരണക്കാര്‍ക്ക് മനസ്സിലാക്കാത്ത സംഭാഷണങ്ങള്‍
4. മൂന്ന് മണിക്കൂറിനു മുകളിലുള്ള സിനിമയുടെ ദൈര്‍ഘ്യം  
 


ദി കിംഗ്‌ ആന്‍ഡ്‌ ദി കമ്മീഷണര്‍ റിവ്യൂ: കഥയിലെ ലോജിക്കോന്നും ആലോചിക്കാതെ ദി കിംഗ്‌ - ദി കമ്മീഷണര്‍ സിനിമകളിലെ രംഗങ്ങള്‍ പുതിയ രൂപത്തില്‍ കാണുവാന്‍ കുഴപ്പമില്ലാത്തവര്‍ക്കും, മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും തീപാറുന്ന ഇംഗ്ലീഷ് സംഭാഷണങ്ങളും ആക്ഷന്‍ രംഗങ്ങളും സ്ലോ മോഷന്‍ നടത്തങ്ങളും വില്ലന്മാരെ തെറിപറഞ്ഞു തോല്‍പ്പിക്കുന്നതും ഒക്കെ വീണ്ടും കാണുവാന്‍ താല്പര്യമുള്ളവര്‍ക്കും കണ്ടിരിക്കാവുന്ന സിനിമയായിരിക്കും ദി കിംഗ്‌ ആന്‍ഡ്‌ ദി കമ്മീഷണര്‍. 


ദി കിംഗ്‌ ആന്‍ഡ്‌ ദി കമ്മീഷണര്‍ റേറ്റിംഗ്: 3.60 / 10
കഥ, തിരക്കഥ: 3 / 10 [ബിലോ ആവറേജ്]
സംവിധാനം: 3 / 10 [ബിലോ ആവറേജ്]
സാങ്കേതികം: 2.5 / 5 [ആവറേജ്]
അഭിനയം:
2.5 / 5 [ആവറേജ്]
ടോട്ടല്‍: 11 / 30 [3.6 / 10]

സംവിധാനം: ഷാജി കൈലാസ്
കഥ, തിരക്കഥ, സംഭാഷണം: രണ്‍ജി പണിക്കര്‍
നിര്‍മ്മാണം: ആന്റോ ജോസഫ്
ബാനര്‍: എംപറര്‍ സിനിമാസ്
ചായാഗ്രഹണം: ഭരണി കെ.ധരന്‍, ശരവണന്‍, ഷാജി കുമാര്‍
ചിത്രസന്നിവേശം:
സാംജത്
പശ്ചാത്തല സംഗീതം: രാജാമണി
വിതരണം: പ്ലേ ഹൌസ്

3 comments:

  1. Super review MR.Niroopanam..thankal nalla reethiyil work cheyunnundu..

    ReplyDelete
  2. കിംഗ്‌ ആന്‍ഡ്‌ കമ്മീഷണര്‍ എന്ന സിനിമ റിലീസ് ആകുന്നതിനു മുന്നേ ഈ സിനിമയ്ക്കു കിട്ടിയ അധിക ജനശ്രദ്ധയാണ്, ജനങ്ങള്‍ക്ക്‌ ഈ സിനിമയെ കുറിച്ച് അധിക പ്രതീക്ഷ മനസ്സില്‍ രൂപപ്പെടാന്‍ കാരണം. ആ പ്രതീക്ഷ തെറ്റിയപ്പോള്‍ ജനങ്ങള്‍ സ്വാഭാവികമായും ഈ സിനിമയെ കല്ലെറിഞ്ഞു കൊന്നു. അത് തന്നെയാണ് ഈ സിനിമയുടെ കാര്യത്തില്‍ ആദ്യം സംഭവിച്ച വീഴ്ച. എന്തോ ഒരു വലിയ അന്വേഷണ -സംഘട്ടന -സംഭാഷണ - കഥാ സംഭവമാണ് തങ്ങള്‍ തിയേറ്ററില്‍ എത്തിക്കാന്‍ പോകുന്നതെന്ന ഒരു മിഥ്യാ ധാരണ പ്രേക്ഷകന് ഉണ്ടാക്കി കൊടുത്തതാണ് ഈ സിനിമയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ചെയ്ത ആദ്യ പാപം.

    ദി കിംഗ്‌ , കമ്മീഷണര്‍ , മാഫിയ , ഏകലവ്യന്‍ , എന്നീ സിനിമകളില്‍ ഷാജി കൈലാസ് - രണ്‍ജി പണിക്കര്‍ കൂട്ടുകെട്ടിന്‍റെ കഥയും തിരക്കഥയും ഡയലോഗും ഇഷ്ടപ്പെട്ട ഒരു പ്രേക്ഷകന്‍, ഇരട്ട താപ്പ് അഭിപ്രായം പറയാന്‍ ആഗ്രഹിക്കാത്ത ഒരു യഥാര്‍ത്ഥ പ്രേക്ഷകന്‍ ഈ സിനിമയെ ഒരു പരിധിക്കപ്പുറം അധികം വിമര്‍ശിക്കുമായിരുന്നില്ല. അതല്ല, ഈ സിനിമയെ അത്ര മാത്രം വിമര്‍ശിക്കാന്‍ ആഗ്രഹം ഉള്ള ഒരു പ്രേക്ഷകന്‍ നേരത്തെ പറഞ്ഞ സിനിമകളെയും വിമര്‍ശിക്കണമായിരുന്നു. കാരണം ഈ പറഞ്ഞ സിനിമകളില്‍ എല്ലാം തന്നെ ഇത്തരം പല ന്യൂനതകളും ഇതിനു മുന്നേയും പല തവണ പ്രകടമാക്കപ്പെട്ടതാണ്. അന്നൊക്കെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ച പ്രേക്ഷക സമൂഹത്തിനു ഈ സിനിമയില്‍ മാത്രം പെട്ടെന്നെങ്ങനെ ഒരു ബോധോദയം ഉണ്ടായി എന്നതാണ് ഇവിടെ ആദ്യം ചോദിക്കേണ്ടത്‌ ? ആ സിനിമകളെ നോക്കുമ്പോള്‍ ഈ സിനിമയില്‍ വിഷയത്തില്‍ ഒട്ടും പുതുമയില്ല എന്നതും , പഴയ കഥാപത്രങ്ങളെ വീണ്ടും സൃഷ്ട്ടിച്ചെടുത്തു കൊണ്ട് കുറെ അധികം ഇംഗ്ലീഷ് ഡയലോഗുകള്‍ വാരി വിതറി എന്നതുമാണ്‌ പ്രേക്ഷകന്‍ കണ്ടു പിടിച്ച പ്രധാന കുറ്റം എന്ന് തോന്നുന്നു.
    കിംഗ്‌ ആന്‍ഡ്‌ കമ്മീഷണര്‍ - എന്ത് കൊണ്ട് അധിക വിമര്‍ശനങ്ങള്‍ നേരിട്ടു ?

    ReplyDelete