28 May 2012

ഡയമണ്ട് നെക്ലെയ്സ്


ഒരു മറവത്തൂര്‍ കനവ്‌, മീശമാധവന്‍, ചാന്തുപൊട്ട്, ക്ലാസ്മേറ്റ്സ്, അറബിക്കഥ, എല്‍സമ്മ എന്ന ആണ്‍കുട്ടി എന്നീ സിനിമകളിലൂടെ ലോകമെമ്പാടുമുള്ള മലയാളികളെ ചിരിപ്പികുകയും ചിന്തിപ്പികുകയും ചെയ്ത സംവിധായകരില്‍ ഒരാളാണ് ലാല്‍ ജോസ്. നിറം, ഫോര്‍ ദി പീപ്പിള്‍, അറബിക്കഥ എന്നീ സിനിമകളുടെ തിരക്കഥ രചയ്താവ് ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപുറം കഥ തിരക്കഥ സംഭാഷണം എന്നിവ രചിച്ചു ലാല്‍ ജോസ് സംവിധാനം നിര്‍വഹിച്ച ഏറ്റവും പുതിയ സിനിമയാണ് ഡയമണ്ട് നെക്ക്ലെയ്സ്. അറബിക്കഥയ്ക്ക് ശേഷം ദുബൈയില്‍ ജീവിക്കുന്നവരുടെ കഥപറയുന്ന ഹൃദയസ്പര്‍ശിയായ ഒരു സിനിമ എന്ന രീതിയില്‍ അണിയിച്ചൊരുക്കിയ ഡയമണ്ട് നെക്ക്ലെയ്സ്, ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിക്കുന്ന സമ്പന്നരുടെ കഥപറയുന്ന സിനിമയാണ്. ദുബൈയിലെ പേരുകേട്ട ആശുപത്രിയിലെ മിടുക്കനായ ഡോക്ടര്‍ അരുണ്‍കുമാറാണ് ഈ കഥയിലെ നായകന്‍. ഫാഷന്‍ ഡിസൈനിംഗ് പഠിച്ചു സ്വന്തമായി ഒരു സ്ഥാപനം ആരംഭിക്കാന്‍ ശ്രമിക്കുന്ന മായ, അരുണ്‍കുമാര്‍ ജോലി ചെയുന്ന ആശുപത്രിയിലെ നേഴ്സ് ലക്ഷ്മി, പാലക്കാട് ഒറ്റപാലത്ത് ജനിച്ചു വളര്‍ന്ന ഗ്രാമീണ പെണ്‍കുട്ടി കലാമണ്ഡലം രാജശ്രീ എന്നിവരുടെ സാന്നിധ്യം അരുണ്‍കുമാര്‍ എന്ന ഡോക്ടറിന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളും, മേല്പറഞ്ഞ നാലുപേരുടെയും ജീവിതത്തിലുണ്ടാകുന്ന കുറെ സംഭവങ്ങളും, അതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങളും ഒക്കെയാണ് ഈ സിനിമയുടെ കഥ. അരുണ്‍കുമാറായി ഫഹദ് ഫാസിലും, മായയായി സംവൃത സുനിലും, ലക്ഷ്മിയായി സെക്കന്റ്‌ ഷോ ഫെയിം ഗൌതമി നായരും, കലാമണ്ഡലം രാജശ്രീയായി പുതുമുഖം അനുശ്രീ നായരും അഭിനയിക്കുന്നു.

എല്‍.ജെ.ഫിലിംസിന് വേണ്ടി സംവിധായകന്‍ ലാല്‍ ജോസ്, അനിത പ്രൊഡക്ഷന്സിനു വേണ്ടി ദുബായ് മലയാളി പി.വി.പ്രദീപ്‌ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഡയമണ്ട് നെക്ക്ലെയ്സ് എന്ന സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചത് സമീര്‍ താഹിറാണ്. ദുബായ് നഗരത്തിന്റെ സമ്പന്നതയും, പാലക്കാടിന്റെ ഗ്രാമീണതയും ഒരുപോലെ മനോഹരമായി ക്യാമറയില്‍ ഒപ്പിയെടുത്ത സമീര്‍ താഹിറിന്റെ മികവുറ്റ വിഷ്വല്‍സ് ഈ സിനിമയുടെ മുതല്‍ക്കൂട്ടാണ്. റഫീക്ക് അഹമ്മദ്‌ എഴുതിയ വരികള്‍ക്ക് സംഗീതം നിര്‍വഹിച്ചത് വിദ്യാസാഗറാണ്. രഞ്ജന്‍ എബ്രഹാമാണ് ചിത്രസന്നിവേശം. ഈ സിനിമയില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചവരും ചെറിയ വേഷങ്ങളില്‍ അഭിനയിച്ചവരും മികവുറ്റ അഭിനയം കാഴ്ചവെച്ചതാണ് ഈ സിനിമയുടെ മറ്റൊരു സവിശേഷത. ഫഹദ് ഫാസില്‍, ശ്രീനിവാസന്‍, കൈലെഷ്, മണിയന്‍പിള്ള രാജു, മിഥുന്‍ രമേശ്‌, ശിവജി ഗുരുവായൂര്‍, മോയിദീന്‍ കോയ, സംവൃത സുനില്‍, രോഹിണി, ഗൌതമി നായര്‍, അനുശ്രീ നായര്‍, ശ്രീദേവി ഉണ്ണി, സുകുമാരി, ജയ മേനോന്‍ എന്നിവരോടൊപ്പം ചില പുതുമുഖങ്ങളും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

കഥ, തിരക്കഥ: ഗുഡ്
ദുബായ് പോലുള്ള സമ്പന്ന രാജ്യങ്ങളില്‍ കൈയിലുള്ള പണമെല്ലാം ധൂര്‍ത്തടിച്ചു കളഞ്ഞു, യുവത്വം അടിച്ചുപൊളിച്ചു, ജീവിതം ഒരു ആഘോഷമാക്കി നടക്കുന്ന ചെറുപ്പകാര്‍ തിരിച്ചറിയാതെ പോകുന്ന കുറെ വിഷയങ്ങളാണ് ഈ സിനിമയിലൂടെ ഇന്നത്തെ സമൂഹത്തിനോട് ഇക്ബാല്‍ കുറ്റിപുറം പറയുവാന്‍ ഉദ്ദേശിച്ചത്. സെവന്‍സ് എന്ന സിനിമയ്ക്ക് ശേഷം ഇക്ബാല്‍ കുറ്റിപുറം കഥയും തിരക്കഥയും സംഭാഷണങ്ങളും നിര്‍വഹിച്ച ഡയമണ്ട് നെക്ക്ലെയ്സ് എന്ന സിനിമയിലൂടെ മികച്ചൊരു സന്ദേശം നല്‍കുന്നതിനോടൊപ്പം പ്രേക്ഷകരെ രസിപ്പിക്കുവാനും ചിന്തിപ്പിക്കുവാനും കഥാകൃത്ത്‌ മറന്നില്ല. മൂന്ന് സാഹചര്യങ്ങളില്‍ ജീവിക്കുന്ന മായ, ലക്ഷ്മി, രാജശ്രീ എന്നീ സ്ത്രീകളുമായി മൂന്നുത്തരത്തിലുള്ള ബന്ധം പുലര്‍ത്തുന്ന ഡോക്ടര്‍ അരുണ്‍കുമാര്‍ എന്ന വ്യക്തിയിലൂടെയാണ് ഈ കഥ സഞ്ചരിക്കുന്നത്. കഴുത്തറ്റം കടംകയറി നില്‍ക്കകള്ളിയില്ലാതെ പെടാപാടുപെടുന്ന അരുണ്‍കുമാറിന്റെ ജീവിതത്തിലെ മൂന്ന് ഘട്ടങ്ങളില്‍ മായയും ലക്ഷ്മിയും രാജശ്രീയും അരുണിനെ സഹായിക്കുന്നു. ജീവിതം വെറുമൊരു തമാശയായി കണ്ടിരുന്ന അരുണ്‍, ഈ മൂന്ന് സ്ത്രീകളുടെ സാന്നിധ്യവും അവരുടെ സ്നേഹവും കാരണം ചില ജീവിത യാഥാര്‍ത്യങ്ങള്‍ തിരിച്ചറിയുന്നു. അതുപോലെ തന്നെ, 70 ലക്ഷം വിലമതിക്കുന്ന ഒരു ഡയമണ്ട് നെക്ക്ലെയ്സ് അരുണ്‍കുമാറിന്റെ ജീവിതത്തില്‍ വലിയൊരു വഴിതിരുവുണ്ടാക്കുന്നു. ദുബായ് എന്ന മായലോകത്തെ മായകാഴ്ചകള്‍ക്കപ്പുറം നല്ലൊരു സന്ദേശം കൂടി ഈ സിനിമയിലുള്ളതാണ് പ്രേക്ഷരെ ഈ സിനിമയോടടുപ്പിച്ചത്. 

സംവിധാനം: ഗുഡ്
മസാലയുടെ ചേരുവകളൊന്നും ശരിയാവാതെ  ലാല്‍ ജോസ് അണിയിച്ചൊരുക്കിയ സ്പാനിഷ്‌ മസാലയ്ക്ക് ശേഷം മലയാളികളുടെ പ്രിയ സംവിധായകന്റെ സംവിധാനത്തില്‍ 2012ല്‍ പുറത്തിറങ്ങുന്ന രണ്ടാമത്തെ സിനിമയാണ് ഡയമണ്ട് നെക്ക്ലെയ്സ്. ചെറിയതും ക്ഷമിക്കവുന്നതുമായ ഒന്ന് രണ്ടു തെറ്റ്കുറ്റങ്ങളുള്ള തിരക്കഥയെ, മനോഹരമായി സംവിധാനം ചെയ്തു അവതരിപ്പിച്ചത് ലാല്‍ ജോസ് എന്ന സംവിധായകന്റെ കഴിവ് തന്നെയാണ്. അറിഞ്ഞും അറിയാതെയും നായകന്‍ ചെയുന്ന തെറ്റുകള്‍ അയാളുടെ അറിവ് കേടായി  പ്രേക്ഷകര്‍ക്ക്‌ തോന്നിയിട്ടിലെങ്കില്‍, ഈ സിനിമയിലെ നായകനും വില്ലനും ഒരാളാണ് എന്ന് പ്രേക്ഷകര്‍ക്ക്‌ തോന്നുമായിരുന്നു. അതുപോലെ തന്നെ, മികച്ച ലൊക്കേഷനുകള്‍ തിരഞ്ഞെടുക്കുകയും കഴിവുള്ള നടീനടന്മാരെ ഈ സിനിമയില്‍ അഭിനയിപ്പിക്കുകയും ചെയ്തതാണ് ലാല്‍ ജോസ് ചെയ്ത മികച്ച കാര്യങ്ങളില്‍ ഒന്ന്. ലാളിത്യമാര്‍ന്ന രീതിയില്‍ കഥപറയുന്ന ലാല്‍ജോസിന്റെ സംവിധാന മികവാണ് ഡയമണ്ട് നെക്ക്ലെയ്സ് എന്ന സിനിമയെ യഥാര്‍ത്ഥ വജ്രം പോലെ തിളങ്ങുന്നതാക്കിയത്.       

സാങ്കേതികം: ഗുഡ്
ബിഗ്‌ ബി, നിദ്ര എന്നീ സിനിമകള്‍ കണ്ടവരാരും സമീര്‍ താഹിര്‍ എന്ന ചായഗ്രാഹകന്റെ  വിഷ്വല്‍സ് മറക്കാനവുകയില്ല. നല്ലൊരു ചായഗ്രഹകാനും മികച്ചൊരു സംവിധായകനും ചേര്‍ന്നാല്‍, സിനിമയിലെ വിഷ്വല്‍സ് ഡയമണ്ട് പോലെ തിളങ്ങും എന്ന് തെളിയിച്ച സിനിമയാണ് ഡയമണ്ട് നെക്ക്ലെയ്സ്. ദുബൈയിലെ വിലകൂടിയ ലോക്കെഷനുകളും ബുര്‍ജ് ഖലിഫയും ഒക്കെ ഈ സിനിമയിലെ ഫ്രെയുമാകള്‍ക്ക് ശോഭ കൂട്ടുമ്പോള്‍, പാലക്കാടിലെ നാലുകെട്ട് തറവാടും, നെല്പാടങ്ങളും കണ്ണിനു കുളിര്‍മയേകുന്നു. സമീര്‍ ചിത്രീകരിച്ച ദ്രിശ്യങ്ങള്‍ സന്നിവേശം ചെയ്തത് ലാല്‍ ജോസ് സിനിമകളുടെ സ്ഥിരം ചിത്രസന്നിവേശകന്‍ രഞ്ജന്‍ അബ്രഹാമാണ്. സിനിമയുടെ രണ്ടാം പകുതിയിലെ ചില രംഗങ്ങള്‍ വലിച്ചുനീട്ടിയിരിക്കുന്നതായി അനുഭവപെട്ടെങ്കിലും, ഒരു ഫീല്‍ ഗുഡ് മൂവി എന്ന രീതിയില്‍ ഈ സിനിമയിലെ രംഗങ്ങള്‍ കൃത്യമായി യോജിപ്പിക്കുവാന്‍ രഞ്ജന് സാധിച്ചിട്ടുണ്ട്. റഫീക്ക് അഹമ്മദ്‌ രചിച്ച വരികള്‍ക്ക് സംഗീത സാമ്രാട്ട് വിദ്യാസാഗര്‍ ആണ് സംഗീതം നല്‍കിയത്. "അനുരാഗ വിലോച്ചന"നും, "ആരെഴുതിയാവോ"വും പ്രേക്ഷകര്‍ നെഞ്ചിലെറ്റിയതിനു ശേഷം "നിലാമലരെ നിലാമലരെ"യും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. നിലാമലരെ പോലെതന്നെ, "തൊട്ടു തൊട്ടു" എന്ന പാട്ടും ഏറെ ശ്രദ്ധ നേടിയ പാട്ടാണ്. മോഹന്‍ദാസിന്റെ കലാസംവിധാനവും, അരുണ്‍ മനോഹരിന്റെ വസ്ത്രാലങ്കാരവും, ശ്രീജിത്തിന്റെ മേയിക്കപ്പും സിനിമയ്ക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്.
 
അഭിനയം: ഗുഡ്
മലയാള സിനിമയിലെ തന്റെടമുള്ള നായകന്‍ എന്ന വിശേഷണം അര്‍ഹിക്കുന്ന ഏക നടനാണ്‌ ഫഹദ് ഫാസില്‍. 10 വില്ലന്മാരെ അടിച്ചിട്ട് ജയിക്കുന്ന രീതിയിലോ വില്ലന്മാരെ തെറിയും നീണ്ട ഡയലോഗുകളും പറഞു തോല്‍പ്പിക്കുന്ന രീതിയിലോ അല്ല ഫഹദ് എന്ന നടനെ തന്റെടമുള്ള നടന്‍ എന്ന് വിശേഷിപ്പിച്ചത്‌. സിനിമയിലെ രണ്ടാമൂഴത്തില്‍ നായകനായും വില്ലനായും ഒരേസമയം വെല്ലുവെളി നേരിടേണ്ടി വരുന്ന കഥാപാത്രങ്ങള്‍ സ്വീകരിച്ച ഫഹദിന്റെ തന്റെടത്തെ അഭിനന്ദിക്കുക തന്നെ വേണം. സ്വീകരിച്ച കഥാപാത്രങ്ങള്‍ എല്ലാം അതിമനോഹരമായി അഭിനയിച്ചു കൊണ്ട് ജൈത്രയാത്ര തുടരുന്ന ഫഹദ് മലയാള സിനിമയിലെ അടുത്ത സൂപ്പര്‍ സ്റാര്‍ ആകുമെന്നതില്‍ സംശയമില്ല. ഒരു പുതുമുഖം എന്ന രീതിയില്‍ ഗൌതമി നായരുടെ അഭിനയവും മനോഹരമായിട്ടുണ്ട്. കലാമണ്ഡലം രാജശ്രീയായി അഭിനയിച്ച പുതുമുഖം അനുശ്രീയും മികച്ച രീതിയില്‍ അഭിനയിച്ചിട്ടുണ്ട്. സംവൃതയും, ശ്രീനിവാസനും, രോഹിണിയും, മണിയന്‍പിള്ള രാജുവും പിന്നെ ചെറിയ വേഷങ്ങളില്‍ അഭിനയിക്കുന്ന പ്രമുഖരും അവരരുടെ കഥാപാത്രങ്ങള്‍ മികവുറ്റതാക്കി.  


സിനിമയുടെ പ്ലസ് പോയിന്റ്സ്:
1. തിരക്കഥ,സംഭാഷണങ്ങള്‍
2. ലാല്‍ ജോസിന്റെ സംവിധാനം
3. സമീര്‍ താഹിറിന്റെ ചായാഗ്രഹണം
4. ഫഹദ് ഫാസില്‍, ഗൌതമി നായര്‍, അനുശ്രീ, സംവൃത എന്നിവരുടെ അഭിനയം
5. വിദ്യാസാഗര്‍ ഈണമിട്ട പാട്ടുകള്‍


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. രണ്ടാം പകുതിയിലെ ചില കഥാസന്ദര്‍ഭങ്ങള്‍
 


ഡയമണ്ട് നെക്ക്ലെയ്സ് റിവ്യൂ: പത്തരമാറ്റ് വജ്രത്തില്‍ പൊതിഞ്ഞ നെക്ലെയ്സ് നല്‍കുന്ന ശോഭ പോലെ, സമ്പന്നമായ ലോക്കെഷനിലും മികവുറ്റ സംവിധാനത്തിലും നല്ല അഭിനയ മുഹൂര്‍ത്തങ്ങളിലും പൊതിഞ്ഞ നല്ലൊരു സന്ദേശം നല്‍കുന്ന കഥയും സിനിമയും അണിയിചൊരുക്കുവാന്‍ ആത്മാര്‍ഥതയോടെ ശ്രമിച്ച ലാല്‍ജോസിനും ഇക്ബാല്‍ കുറ്റിപുറത്തിനും അഭിനന്ദനങ്ങള്‍!

ഡയമണ്ട് നെക്ക്ലെയ്സ് റേറ്റിംഗ്: 7.00 / 10
കഥ, തിരക്കഥ: 7 / 10[ഗുഡ്]
സംവിധാനം: 7 / 10[ഗുഡ്]
സാങ്കേതികം: 3.5 / 5 [ഗുഡ്]
അഭിനയം:
3.5 / 5 [ഗുഡ്]
ടോട്ടല്‍: 21 / 30 [7 / 10]
 
സംവിധാനം: ലാല്‍ ജോസ്
നിര്‍മ്മാണം: ലാല്‍ ജോസ്, പി.വി.പ്രദീപ്‌
കഥ,തിരക്കഥ,സംഭാഷണം: ഇക്ബാല്‍ കുറ്റിപുറം
ചായാഗ്രഹണം: സമീര്‍ താഹിര്‍
ചിത്രസന്നിവേശം: രഞ്ജന്‍ എബ്രഹാം
വരികള്‍: റഫീക്ക് അഹമ്മദ്‌
സംഗീതം: വിദ്യാസാഗര്‍
കലാ സംവിധാനം: മോഹന്‍ദാസ്‌
മേയിക്കപ്: ശ്രീജിത്ത്‌ ഗുരുവായൂര്‍
വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍
വിതരണം: എല്‍.ജെ.ഫിലിംസ്

2 comments:

  1. I had the same review in mind. Nicely put...

    ReplyDelete
  2. Good review. But, I have a few more things to add.
    Samvritha was excellent, comparing other actresses in the movie. A simplicity in acting was maintained by Fahad Faazil, wcich should be praised as it was one of the reason for the sucess of the movie. There were again a few things, that is unacceptable. Will there be doctors like him, who spends a lot more than his monthly income!!! I don't think so. 5M Dirhams is a lot of money!!! (I suppose) LOL!!!

    ReplyDelete