14 Sept 2012

മോളി ആന്റി റോക്ക്സ് - രേവതി & രഞ്ജിത്ത് ശങ്കര്‍ റോക്ക്സ് 6.60/10


പാസഞ്ചര്‍, അര്‍ജുനന്‍ സാക്ഷി എന്നീ സിനിമകള്‍ക്ക്‌ ശേഷം സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വഹിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് മോളി ആന്റി റോക്ക്സ്. രഞ്ജിത്ത് ശങ്കറിന്റെ നിര്‍മ്മാണ ചുമതലയിലുള്ള ഡ്രീംസ്‌ ആന്‍ഡ്‌ ബിയോണ്ട് എന്ന കമ്പനി ആദ്യമായി നിര്‍മ്മിക്കുന്ന മോളി ആന്റി റോക്ക്സില്‍ ടൈറ്റില്‍ റോളായ മോളിയാന്റിയായി അഭിനയിച്ചിരിക്കുന്നത് രേവതിയാണ്‌. ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥനായ പ്രണവ് റോയ് എന്ന നായകതുല്യമായ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് പ്രിഥ്വിരാജാണ്‌. മോളിയുടെ ഭര്‍ത്താവായ ബെന്നി എന്ന അമേരിക്കന്‍ മലയാളിയുടെ വേഷത്തിലെത്തുന്നത് ലാലു അലക്സാണ്. ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന മോളിയും, ആദായ നികുതി വകുപ്പിലെ പ്രണവ് റോയിയും തമ്മിലുള്ള ഔദ്യോഗികമായ വഴക്കും അതിനെ തുടര്‍ന്നുള്ള പകപോക്കലും ഇതിവൃത്തമാകുന്ന ഈ സിനിമയുടെ പ്രമേയവും കഥയും പുതുമ നിറഞ്ഞതാണ്‌. മോളി ആന്റി എന്ന കഥാപാത്ര രൂപികരണവും, രേവതിയുടെ അഭിനയവും, രഞ്ജിത്ത് ശങ്കറിന്റെ സംവിധാനവും ഈ സിനിമയെ സമീപ കാലത്തിറങ്ങിയ മികച്ച മറ്റു സിനിമകള്‍ പോലെ മികച്ചതാക്കുന്നു. രഞ്ജിത്ത് ശങ്കര്‍ തന്നെയാണ് ഈ സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. സുജിത് വാസുദേവാണ് ചായാഗ്രഹണം.


കഥ, തിരക്കഥ: എബവ് ആവറേജ്
ആദായ നികുതി ഓഫീസിലുള്ള ചില ഉദ്യോഗസ്ഥരുടെ ക്രമകേടുകള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്ന കഥാപാത്രമാണ് രേവതി ഈ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ആദായ നികുതി വകുപ്പിന്റെ മോശമായ സേവനത്തെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന്, മോളി ആന്റിയെ ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ നിയമക്കുരുക്കില്‍ പെടുത്തുന്നു. സത്യസന്ധമായ രീതിയില്‍ പണം ചിലവാക്കിയ മോളിയാന്റിയെ വ്യക്തിപരമായ പകപോക്കലിന്റെ പേരിലാണ് നിയമകുരുക്കില്‍ പെടുത്തിയത് എന്ന സത്യം തെളിയുന്നതോടെ ഈ സിനിമയുടെ കഥ അവസാനിക്കുന്നു. മേല്പറഞ്ഞ ഈ കഥയിലൂടെ ഇന്ത്യയിലെ നിയമത്തിലുള്ള ചില ക്രമകേടുകള്‍ നര്‍മ്മത്തിന്റെ മേമ്പോടിയോടെ പ്രേക്ഷകരിലേക്ക് എത്തുക്കുവാന്‍ തിരക്കഥകൃത്ത് ശ്രമിച്ചിരിക്കുന്നു. ആ ശ്രമം ഒരു പരുധി വരെ വിജയിച്ചിരിക്കുന്നു. കഥ പറഞ്ഞു പോക്കുന്ന രീതിയും, മോളി ആന്റി എന്ന കഥാപാത്രവും മികച്ചു നില്‍ക്കുമ്പോള്‍, കഥ അവസാനിപ്പിച്ച രീതിയും, അതിനു വേണ്ടി ഉപയോഗിച്ച കാരണങ്ങളിലും ചില അപാകതകള്‍ സിനിമയെ ദോഷകരമായി ബാധിക്കുന്നു. ഒരു വ്യക്തിയോട് നികുതി അടയ്ക്കണം എന്ന് പറയുന്നതിന് മുമ്പേ, ആ വ്യക്തി പണം ചിലവാക്കിയ വഴിയും അന്വേഷിക്കേണ്ട ചുമതല നികുതി വകുപ്പിനില്ലേ എന്ന സംശയം ബാക്കി നില്കുന്നു. മോളി ആന്റി എന്ന കഥാപാത്രം നമ്മുടെ നാട്ടിലെ ഇന്നത്തെ തലമുറയിലുള്ള പലവരുടെയും പ്രതിനിധിയാണ്. ആ തരത്തില്‍ നോക്കിയാല്‍ മേല്പറഞ്ഞ ചെറിയ തെറ്റുകളൊക്കെ ക്ഷമിക്കാവുന്നതെയുള്ളൂ. 


സംവിധാനം: ഗുഡ്
കാലികപ്രസക്തിയുള്ളൊരു പ്രമേയം തിരഞ്ഞെടുത്തു, വലിയ തെറ്റുകുറ്റങ്ങള്‍ ഒന്നുമില്ലാത്ത കഥയുണ്ടാക്കി, വിശ്വസനീയമായ കഥാസന്ദര്‍ഭങ്ങള്‍ രചിച്ചു, അതിശയോക്തി തോന്നാത്ത രീതിയില്‍ സംവിധാനം ചെയ്തു, അഭിനേതാക്കളെയും സാങ്കേതിക പ്രവര്‍ത്തകരേയും പൂര്‍ണമായി പ്രയോജനപെടുത്തി, നല്ലൊരു കുടുംബ ചിത്രം ഒരുക്കിയ രഞ്ജിത്ത് ശങ്കറിനു അഭിനന്ദനങ്ങള്‍! ഇന്നത്തെ സമൂഹത്തില്‍ മോളിയെ പോലെ നിസ്സഹായാവസ്ഥ നേരിടേണ്ടി വരുന്ന നിരവധിപേരുണ്ട്‌. അവര്‍കെല്ലാം പ്രചോദനമാകുന്ന രീതിയില്‍ ഈ സിനിമ മാറുമെങ്കില്‍, രഞ്ജിത്ത് ശങ്കര്‍ വിജയിച്ചിരിക്കുന്നു. സാധാരണക്കാരനായ ഒരാള്‍ക്ക് അസാധാരണമായി പലതും ചെയ്യുവാന്‍ സാധിക്കും എന്ന് പാസഞ്ചര്‍ എന്ന സിനിമയിലൂടെ സംവിധായകന്‍ തെളിയിച്ചു. അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമയായ അര്‍ജുനന്‍ സാക്ഷിയിലൂടെ, ഒരു സാധാരണക്കാരന്റെ വ്യക്തിത്വം തെറ്റുധരിക്കപെടുന്ന സാഹചര്യത്തില്‍, സ്വന്തം ജീവിതം നോക്കാതെ ഒരു സത്യം തെളിയിക്കുവാന്‍ വേണ്ടി അയാള്‍ സമൂഹത്തിനോട് പ്രതിബദ്ധതയോടെ പെരുമാറുന്ന കഥയും പ്രേക്ഷകര്‍ കണ്ടതാണ്. നല്ല സിനിമ തിരിച്ചറിയുന്ന പ്രേക്ഷകര്‍ നിന്നും മേല്പറഞ്ഞ രണ്ടു സിനിമകളും സ്വീകരിച്ചതാണ്‌, ആ സിനിമയില്‍ പലതും പഠിച്ചതാണ്. അതേപോലെ, ഈ സിനിമയില്‍ നിന്ന് പലതും പ്രേക്ഷകര്‍ മനസിലാക്കട്ടെ, സിനിമ സ്വീകരിക്കപെടട്ടെ. ഇനിയും ഇതുപോലുള്ള സിനിമകള്‍ രഞ്ജിത്ത് ശങ്കറിന് മലയാളത്തിനു സമ്മാനിക്കാന്‍ സാധിക്കട്ടെ. 



സാങ്കേതികം: ഗുഡ്
സുജിത് വാസുദേവിന്റെ ചായാഗ്രഹണവും, ലിജോ പോളിന്റെ ചിത്രസന്നിവേശവും തരക്കെടില്ലാത്തെ സിനിമയോട് ചേര്‍ന്ന് പോകുന്നു. ക്യാമറ ഗിമ്മികുകള്‍ ഒന്നും കാണിക്കാതെ വൃത്തിയായി രംഗങ്ങള്‍ ചിത്രീകരിക്കുവാന്‍ സുജിത്തിന് സാധിച്ചു. ആ ദ്രിശ്യങ്ങള്‍ കൂട്ടിയോജിപ്പിക്കുന്നതില്‍ ലിജോയും മികവു പുലര്‍ത്തി. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് നവാഗതനായ ആനന്ദ്‌ മധുസൂദനന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. ആനന്ദ്‌ തന്നെ ഈ സിനിമയുടെ പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നു. ബാവയുടെ കലാസംവിധാനവും, ഹസ്സന്‍ വണ്ടൂരിന്റെ മേക്കപും, സമീറ സനീഷയുടെ വസ്ത്രാലങ്കാരവും മികവു പുലര്‍ത്തി. 


അഭിനയം: ഗുഡ്  

കിലുക്കം, ദേവാസുരം, മായാമയൂരം, രാവണപ്രഭു, നന്ദനം എന്നീ സിനിമകള്‍ക്ക്‌ ശേഷം രേവതിയ്ക്ക് ലഭിച്ച ഏറ്റവും മികച്ച കഥാപാത്രമാണ് മോളി ആന്റി. സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ ഈ സിനിമയില്‍ രേവതിയുടെ ഉജ്വല അഭിനയ പ്രകടനമാണ് പ്രേക്ഷകര്‍ കണ്ടത്. അക്ഷരാര്‍ഥത്തില്‍ രേവതി റോക്ക്സ്. മറ്റൊരു എടുത്തു പറയേണ്ട അഭിനയം കാഴ്ചവെച്ചത് മാമുകോയയാണ്. നാടോടിക്കാറ്റിലെ ഗഫൂറും, കണ്‍കെട്ടിലെ കീലേരി അച്ചുവും, പെരുമഴക്കാലത്തിലെ നിസ്സഹാനായ ഉപ്പയും പോലെ പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്നതാണ് ഈ സിനിമയിലെ വക്കീല്‍ വേഷവും. അതുപോലെ ബെന്നിയായി  ലാലു അലക്സും മികച്ച അഭിനയം കാഴ്ച്ചവേചിട്ടുണ്ട് ഈ സിനിമയില്‍. നല്ല സിനിമയുടെ ഭാഗമാകുക എന്ന ലക്ഷ്യത്തോടെ ഈ സിനിമയില്‍ അഭിനയിച്ച പ്രിഥ്വിരാജും മികച്ച രീതിയില്‍ പ്രണവ് റോയിയിനെ അവതരിപ്പിച്ചു. രേവതി, പ്രിഥ്വിരാജ്, ലാലു അലക്സ്, മാമുക്കോയ, കൃഷ്ണകുമാര്‍, ശരത്, സുനില്‍ സുഖദ, രാജേഷ്‌ ഹെബ്ബാര്‍, മജീദ്‌, കെ.പി.എ.സി.ലളിത, ലക്ഷ്മിപ്രിയ എന്നിവരും അവരവരുടെ റോളുകള്‍ മികവുറ്റതാക്കി. 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.പ്രമേയം
2.കഥാപാത്ര രൂപികരണം, സംഭാഷണങ്ങള്‍
3.സംവിധാനം
4.രേവതി, ലാലു അലക്സ്, മാമുക്കോയ എന്നിവരുടെ അഭിനയം 


സിനിമയുടെ മൈനസ് പോയിന്റ്സ്:
1.ക്ലൈമാക്സ്
2.പാട്ടുകള്‍ 


മോളി ആന്റി റോക്ക്സ് റിവ്യൂ: കാലികപ്രസക്തിയുള്ളൊരു പ്രമേയം, അതിശയോക്തിയില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍, നര്‍മ്മം കലര്‍ന്ന സംഭാഷണങ്ങള്‍, മികവുറ്റ അഭിനയ മുഹൂര്‍ത്തങ്ങള്‍, എല്ലാത്തിനുമുപരി നല്ല ഉദ്ദേശത്തോടെ നിര്‍മ്മിക്കപെട്ടിരിക്കുന്ന ഒരു നല്ല കുടുംബചിത്രം.

മോളി ആന്റി റോക്ക്സ് റേറ്റിംഗ്: 6.60 / 10
കഥ, തിരക്കഥ: 6/10[എബവ് ആവറേജ്]
സംവിധാനം: 7/10[ഗുഡ്]
സാങ്കേതികം: 3.5/5[ഗുഡ്]
അഭിനയം: 3.5/5[ഗുഡ്]
ടോട്ടല്‍ 20/30 [6.60/10]

നിര്‍മ്മാണം, രചന, സംവിധാനം: രഞ്ജിത്ത് ശങ്കര്‍
ചായാഗ്രഹണം: സുജിത് വാസുദേവ്
ചിത്രസന്നിവേശം: ലിജോ പോള്‍
ഗാനരചന: റഫീക്ക് അഹമ്മദ്
സംഗീതം, പശ്ചാത്തല സംഗീതം: ആനന്ദ്‌ മധുസൂദനന്‍
കലാസംവിധാനം: ബാവ
മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍
വസ്ത്രാലങ്കാരം: സമീറ സനീഷ്
വിതരണം: ഓഗസ്റ്റ്‌ സിനിമാസ്

No comments:

Post a Comment