9 Sept 2012

ഒഴിമുറി - മധുപാല്‍ എന്ന സംവിധായകനും പി.എന്‍. വേണുഗോപാല്‍ എന്ന നിര്‍മ്മാതാവും മലയാള സിനിമയുടെ യശസ്സ് വാനോളം ഉയര്‍ത്തിയ സിനിമ 7.50/10

തലപ്പാവ് എന്ന ആദ്യ സിനിമയിലൂടെ തന്നെ മികച്ച സിനിമയ്ക്കും, സംവിധായകനും, അങ്ങനെ നിരവധി പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ നടന്‍ കൂടിയായ മധുപാല്‍ സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയാണ് ഒഴിമുറി. ഒഴിമുറി എന്നാല്‍ വിവാഹബന്ധം വേര്‍പെടുത്താനുള്ള ഉടമ്പടി. തമിഴ് പിള്ളമാര്‍ വാണിരുന്ന തിരുവിതാംക്കൂരില്‍ പണ്ടുകാലത്ത് ആചരിച്ചു വന്നിരുന്ന ഒരു സമ്പ്രദായമാണ് ഈ സിനിമയിലൂടെ ചര്‍ച്ചചെയ്യപെടുന്നത്. ശിവന്‍ പിള്ള ചട്ടമ്പി എന്നയാളിന്റെ മകന്‍ താണു പിള്ളയും അയാളുടെ ഭാര്യ മീനക്ഷിയമ്മയും ഇരുവരുടെയും മകന്‍ ശരത്ച്ചന്ദ്രനുമാണ് ഈ സിനിമയുടെ കഥാഗതിയെ നിയന്ത്രിക്കുന്നത്‌.... മോശടനും മുന്‍കോപിയുമായ താണു പിള്ളയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുവാന്‍, അതായത് കോടതിയില്‍ ഒഴിമുറിയ്ക്കുള്ള അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ് മീനാക്ഷിയമ്മ. 30 വര്‍ഷത്തെ മാനസിക പീഡനത്തില്‍ നിന്നും മോചിതയാകുവാന്‍ മീനാക്ഷി അമ്മയ്ക്ക് അവരുടെ മകന്‍ കൂട്ടുണ്ട്. അച്ഛന്‍ എന്നയാളെ കുറിച്ചോര്‍ക്കുമ്പോള്‍ ദേഷ്യം വരുന്ന ശരത്, അമ്മയെ അനുസരിച്ച് ജീവിക്കുന്ന ഒരു പാവത്താനാണ്. ശരത്തും അമ്മയും അവരുടെ വക്കീലും ചേര്‍ന്ന് താണു പിള്ളയുടെ സ്വത്തും സമ്പത്തും ഭാര്യയായ മീനാക്ഷിയമ്മയുടെ പേര്‍ക്ക് എഴുതിവെയ്പ്പിക്കുവാന്‍ വേണ്ടിയുള്ള ശ്രമത്തിലാണ്. കാരണം, ആ സ്വത്തും സംബാദ്യവുമെല്ലാം മീനാക്ഷിയമ്മയുടെതായിരുന്നു. ഇതിനിടയില്‍ താണു പിള്ളയുടെ വക്കീല്‍ ബാലാമാണിയും ശരത് ചന്ദ്രനും തമ്മില്‍ സുഹൃത്തുക്കളാകുന്നു. അവളില്‍ നിന്നും ശരത് ചന്ദ്രന്‍ പലതും അറിയുന്നു. ക്രൂരനാണെന്ന് കരുതിയ അച്ഛന്‍ സ്നേഹനിധിയായ ഒരു വ്യക്തിത്വതിനുടമായന്നു ശരത് തിരിച്ചറിയുന്നു. അമ്മ മീനക്ഷിയില്‍ നിന്നും അച്ഛന്‍ എങ്ങനെയുള്ള ആളായിരുന്നു എന്നറിയുന്നു. ചില ആളുകള്‍ സ്നേഹം പ്രകടിപ്പിക്കുന്നത് ക്രൂരമായിട്ടയിരിക്കും എന്ന സത്യം ശരത് തിരിച്ചറിയുന്നു. തുടര്‍ന്ന് താണു പിള്ളയുടെയും ശരത്തിന്റെയും മീനാക്ഷിയമ്മയുടെയും ബാലാമണിയുടെയും ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. 

താണു പിള്ളയായി ലാലും, മീനക്ഷിയമ്മയായി മല്ലികയും, ശരത്ച്ചന്ദ്രനായി ആസിഫ് അലിയും, ബാലാമണിയായി ഭാവനയും അഭിനയിച്ചിരിക്കുന്നു. അങ്ങാടിതെരു എന്ന തമിഴ് സിനിമയുടെ രചയ്താവ് ജെയമോഹന്‍ എഴുതിയ ഉറവിടങ്ങള്‍ എന്ന കഥയെ ആസ്പദമാക്കി ജെയമോഹനും മധുപാലും ചേര്‍ന്നാണ് ഒഴിമുറിയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. അഴഗപ്പന്‍ ചായാഗ്രഹണവും, വി.സാജന്‍ ചിത്രസന്നിവേശവും, ബിജിബാല്‍ സംഗീത സംവിധാനവും, സിറില്‍ കുരുവിള കലാസംവിധാനവും, രഞ്ജിത്ത് അമ്പാടി മേയിക്കപ്പും നിര്‍വഹിച്ചിരിക്കുന്നു. 


കഥ, തിരക്കഥ: വെരി ഗുഡ്
മലയാള സിനിമകളില്‍ ഇന്നുവരെ ചര്‍ച്ചചെയ്യപെടാത്ത ഒരു വിഷയമാണ് ഒഴിമുറിയില്‍ മധുപാല്‍ വിഷയമാക്കിയിരിക്കുന്നത്. ഉറവിടങ്ങള്‍ എന്ന കഥയെ ആസ്പദമാക്കി ഗൗരവമുള്ള ഒരു കഥയാണ് ജെയമോഹന്‍ രചിചിരിക്കുന്നതെങ്കിലും, സിനിമയുടെ ആസ്വാദനത്തിനു വേണ്ടിയുള്ള ചേരുവകളെല്ലാം ചേര്‍ക്കുവാന്‍ സംവിധായകന്‍ മറന്നില്ല. അങ്ങാടിതെരു എന്ന സിനിമയുടെ തിരക്കഥയിലെ റിയാലസ്റ്റിക്ക് സമീപനരീതിയാണ് ആ സിനിമയെ വ്യതസ്തമാക്കിയത്. മലയാള സിനിമയായ ഒഴിമുറിയിലും കഥയെ നയിക്കുന്നത് റിയാലസ്റ്റിക്കായ കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളുമാണ്. ഭാര്യയോടും മക്കളോടും അമിതമായി കോപിക്കുന്ന, അവരെ ശകാരിക്കുന്ന അച്ചന്മാരെ നമ്മള്‍ കണ്ടിട്ടുണ്ട്. അവരെയെല്ലാം വെറുപ്പോടെയാണ് നമ്മള്‍ കണ്ടിരിന്നത്. സ്നേഹത്തിന്റെ മറ്റൊരു മുഖമാണ് കോപം എന്ന സത്യം ഈ സിനിമയിലൂടെ പ്രേക്ഷകര്‍ക്ക്‌ മനസ്സിലാക്കി കൊടുക്കുവാന്‍ ജെയമോഹനും മധുപാലിനും സാധിച്ചു. മുന്‍കോപത്തോടെ പെരുമാറുന്ന പലരും ഉള്ളില്‍ ഭയം ഉള്ളവരായിരിക്കും എന്നും, ആ ഭയം പ്രകടിപ്പിക്കുന്നത് മുന്‍കോപമായിട്ടയിരിക്കും എന്നൊക്കെ ഈ സിനിമയിലൂടെ പ്രേക്ഷകര്‍ മനസ്സിലാക്കുന്നുണ്ട്. അമിതമായി സ്നേഹിക്കുന്നവരോടാണ് ചിലര്‍ അമിതമായി കോപിക്കുന്നത് എന്നും ഈ സിനിമയിലൂടെ പ്രേക്ഷകര്‍ തിരിച്ചറിയുന്നു. ങ്ങനെ ചില സന്ദേശങ്ങള്‍.,സത്യങ്ങള്‍ മധുപാലിനും ജെയമോഹനും നല്ക്കനായി എന്നതാണ് ഈ സിനിമയുടെ വിജയം.


സംവിധാനം: വെരി ഗുഡ്
തലപ്പാവിലൂടെ നിരവധി പുരസ്കാരങ്ങള്‍ നേടിക്കൊണ്ട് താനൊരു മികച്ച സംവിധായകന്‍ കൂടിയാണ് എന്ന് തെളിയിച്ച നടനാണ്‌ മധുപാല്‍...... കുറേനാളുകളായി അഭിനയ രംഗത്ത് നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതില്‍ അത്ഭുതമില്ല. ഒരുപാട് ഗവേഷണം ആവശ്യമുള്ള ഒരു കഥയാണ് ഈ സിനിമയുടേതു. മധുപാല്‍ ഇത്രയും മനോഹരമായ ഒരു സിനിമയുടെ പണിപ്പുരയിലായിരുന്നു എന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് പോലും അറിയാത്ത കാര്യമായിരുന്നു എന്ന് തോന്നുന്നു. തലപ്പാവിന് ശേഷം നാല് വര്‍ഷം കഴിഞ്ഞാണ് ഈ സിനിമ പുറത്തിറങ്ങുന്നത്. മലയാള സിനിമയിലെ മറ്റേതെങ്കിലും സംവിധായകനായിരുന്നു ഈ സിനിമ സംവിധാനം ചെയ്തിരുന്നതെങ്കില്‍, സാധാരണ പ്രേക്ഷകര്‍ക്ക്‌ മനസ്സിലാകാത്ത വിധം ചിത്രീകരിക്കുമായിരുന്നു. ഈ സിനിമയിലെ ഓരോ കഥാപാത്രവും സംസാരിക്കുന്ന പെരുമാറുന്ന രീതിയും വിശ്വസനീയമായി അനുഭവപെട്ടിട്ടുണ്ടെങ്കില്‍ അത് സംവിധായകന്റെ ഗവേഷണത്തിന്റെ ഫലമാണ്. ഇനിയും മികച്ച സിനിമകള്‍ സംവിധാനം ചെയ്യുവാന്‍ മധുപാലിനു സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.   


സാങ്കേതികം: എബവ് ആവറേജ് 
തിരുവിതാംകൂറിന്റെ ഇന്നുവരെ കാണാത്ത മുഖം ഒപ്പിയെടുത്തത് അഴഗപ്പനാണ്. ആ ദ്രിശ്യങ്ങള്‍ കൂട്ടിയോജിപ്പിച്ചത് സാജനും. അഴഗപ്പന്റെ ചായാഗ്രഹണം, വി.സാജന്റെ ചിത്രസന്നിവേശം എന്നിവ നിരാശപെടുത്തുത്താതെ മുന്നോട്ടു പോകുന്നു. സാങ്കേതിക വശങ്ങള്‍ കൈകാര്യം ചെയ്തതില്‍ മികച്ചു നില്കുന്നത് സിറില്‍ കുരുവിളയുടെ കലാസംവിധനമാണ്. വയലാര്‍ ശരത് എഴുതി ബിജിബാല്‍ സംഗീതം നിര്‍വഹിച്ച ഒരു പാട്ടും മികവു പുലര്‍ത്തുന്നു. ലാലിനെ വ്യതസ്തനാക്കി മാറ്റുന്നതില്‍ പ്രധാന പങ്കുവഹിച്ചത് രഞ്ജിത്ത് അമ്പാടിയുടെ മേയിക്കപ്പാണ്.  


അഭിനയം: ഗുഡ്
തലപ്പാവിന് ശേഷം ലാലിന് ലഭിച്ച മറ്റൊരു മികച്ച വേഷമാണ് ഈ സിനിമയിലെ താണു പിള്ളയും ശിവന്‍ പിള്ളയും. മലയാള സിനിമയില്‍ ഈ വേഷം അഭിനയിക്കാന്‍ ലാലിന് മാത്രമേ കഴിയുകയുള്ളൂ എന്ന് തെളിയിക്കുന്ന രീതിയില്‍. സംസ്ഥാന അവാര്‍ഡ്‌ ഉള്ള്പ്പാടെ നിരവധി പുരസ്കാരങ്ങള്‍ നേടുവാന്‍ സാധ്യതയുള്ള രീതിയില്‍ അതിമനോഹരമായി അഭിനയിക്കുവാന്‍ ലാലിന് സാധിച്ചു. മറ്റൊരു എടുത്തു പറയേണ്ട പ്രകടനം കാഴ്ചവെച്ചത് മല്ലികയാണ്. സ്നേഹവീടിനു ശേഷം മല്ലികയ്ക്ക് ലഭിച്ച നല്ലൊരു വേഷമാണ് ഈ സിനിമയിലെ മീനാക്ഷി എന്ന കഥാപാത്രം. ചെറിയ വേഷമാണെങ്കിലും നന്ദു അവതരിപ്പിച്ച വേഷവും മികച്ചു നില്‍ക്കുന്നതായിരുന്നു. ആസിഫ് അലിയും, ശ്വേത മേനോനും, ഭാവനയും, ജഗദീഷും നിരശപെടുത്തിയില്ല. ഇവരെ കൂടാതെ നിരവധി പുതുമുഖ നടന്മാരും നാടക നടന്മാരും ഈ സിനിമയിലുണ്ട്. 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്
1. കഥ, പ്രമേയം 
2. ജെയമോഹന്‍--മധുപാല്‍ ടീമിന്റെ തിരക്കഥ
3. മധുപാലിന്റെ സംവിധാനം 
4. ലാല്‍, മല്ലിക, നന്ദു എന്നിവരുടെ അഭിനയം

ഒഴിമുറി റിവ്യൂ: മധുപാല്‍ എന്ന സംവിധായകന്റെ, ജെയമോഹന്‍ എന്ന രചയ്താവിന്റെ, ലാല്‍ എന്ന നടന്റെ, പി.എന്‍.. വേണുഗോപാല്‍ എന്ന നിര്‍മ്മാതാവിന്റെ നാളിതുവരെയുള്ള സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച സിനിമയായിരിക്കും ഒഴിമുറി. ഏവര്‍ക്കും അഭിനന്ദനങ്ങള്‍!!!!!!

ഒഴിമുറി റേറ്റിംഗ്: 7.50/10 
കഥ, തിരക്കഥ: 8/10 [വെരി ഗുഡ്]
സംവിധാനം: 8/10 [വെരി ഗുഡ്]
സാങ്കേതികം: 3 /5 [എബവ് ആവറേജ് ]
അഭിനയം: 3.5/5 [ഗുഡ്]
ടോട്ടല്‍: 22.5/30 [7.5/10]

സംവിധാനം: മധുപാല്‍ 
രചന: മധുപാല്‍, ജെയമോഹന്‍
നിര്‍മ്മാണം: പി.എന്‍വേണുഗോപാല്‍
ബാനര്‍:: പി.എന്‍. വി അസ്സോസിയേറ്റ്സ് 
ചായാഗ്രഹണം: അഴഗപ്പന്‍ 
ചിത്രസന്നിവേശം: വി.സാജന്‍
വരികള്‍:: വയലാര്‍ ശരത്, ജെയമോഹന്‍ 
സംഗീതം: ബിജിബാല്‍ 
കലാസംവിധാനം: സിറില്‍ കുരുവിള
മേയിക്കപ്: രഞ്ജിത്ത് അമ്പാടി 
ശബ്ദമിശ്രണം: വിനോദ് പി. ശിവറാം

No comments:

Post a Comment