7 Oct 2012

മാന്ത്രികന്‍ - കേട്ടുപഴകിയ യക്ഷിക്കഥ 3.00/10

പണം പലിശയ്ക്ക് കടം മേടിച്ചു മുങ്ങി നടക്കുന്ന പ്രാരബ്ദക്കരനാണ് മുകുന്ദന്‍ ഉണ്ണി. പലിശക്കാരുടെ ഇടയില്‍ നിന്ന് രക്ഷപെടുവാനായി മുകുന്ദന്‍ ഉണ്ണി യക്ഷിയെ എന്നേക്കുമായി തളയ്ക്കാമെന്ന ദൗത്യം ഏറ്റെടുക്കുന്നു. അതിനിടയില്‍ പരിച്ചയപെടുന്ന മാളുവുമായി മുകുന്ദന്‍ പ്രണയത്തിലാകുന്നു. പ്രതികാര ദാഹിയായ യക്ഷി രുക്മണി മാളുവിന്റെ ദേഹത്ത് പ്രവേശിക്കുന്നു. തുടര്‍ന്ന്, മുകുന്ദന്‍ യക്ഷിയെ ഒഴിപ്പിക്കുന്നതാണ് മാന്ത്രികന്റെ കഥ. കയം എന്ന സിനിമയ്ക്ക് ശേഷം അനില്‍ സംവിധാനം ചെയുന്ന മാന്ത്രികന്‍ നിര്‍മ്മിച്ചിരിക്കുന്നത് ആനന്ദ്‌ കുമാറാണ്. ബ്യൂട്ടിഫുള്‍ എന്ന സിനിമയ്ക്ക് ശേഷം യെസ് സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിച്ച മാന്ത്രികനില്‍ ജയറാം കേന്ദ്രകഥാപാത്രമായ മുകുന്ദന്‍ ഉണ്ണിയെ അവതരിപ്പിച്ചിരിക്കുന്നു. ചൈന ടൌണിലൂടെ സിനിമയിലെത്തിയ പൂനം ബാജ്വയാണ് നായിക. മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ മുക്തയാണ്. രാജന്‍ കിരിയത്താണ് ഈ സിനിമയ്ക്ക് വേണ്ടി കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. വൈദി എസ് പിള്ളയാണ് ചായാഗ്രഹണം.

ദാരുണമായി കൊലചെയ്യപെട്ട പെണ്‍കുട്ടി വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതികാരദാഹിയായ യക്ഷിയായി തന്നെ കൊന്നവരോടുള്ള പ്രതികാരം വീട്ടുന്ന ഒരായിരം കഥകളെങ്കിലും മലയാള സിനിമയിലും അന്യഭാഷാ സിനിമകളിലും നമ്മള്‍ കണ്ടുകഴിഞ്ഞതാണ്‌. ഇതേ പ്രമേയവും കഥയുമായി 2012ല്‍ ഒരു യക്ഷിക്കഥ പ്രേക്ഷകര്‍ നിരസ്സിക്കുവാനുള്ള സാധ്യതകള്‍ ഏറെയെന്നു അറിയാവുന്ന അണിയറ പ്രവര്‍ത്തകര്‍ ഇത്തരമൊരു സിനിമ നിര്‍മ്മിക്കുവാന്‍ തയ്യാറെടുത്തത് ഒരു അത്ഭുതമായി തോന്നുന്നു.

കഥ,തിരക്കഥ: മോശം
യക്ഷിയുടെ പ്രതികാര കഥയില്‍ നിന്ന് എന്താണോ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്, അതില്‍ നിന്നും തെല്ലിടെ വ്യതാസമില്ലത്ത കഥയാണ് രാജന്‍ കിരിയത്ത് രചന നിര്‍വഹിച്ച മാന്ത്രികന്‍ എന്ന സിനിമയുടെത്. രാജന്‍ കിരിയത്തിന്റെ സഹോദരന്‍ വിനു കിരിയത് രചന നിര്‍വഹിച്ചു അനില്‍-ബാബു ടീമിലെ അനില്‍ തന്നെ സംവിധാനം ചെയ്ത പകല്‍ പൂരം എന്ന സിനിമയുടെ കഥയുമായി കുറെ സാമ്യമുള്ള കഥയാണ് ഈ സിനിമയുടെത്. പുതുമകള്‍ മാത്രം പ്രേക്ഷകര്‍ കാണുവാന്‍ ആഗ്രഹിക്കുന്ന ഈ കാലഘട്ടത്തില്‍, ഇത്തരമൊരു പഴഞ്ജന്‍ കഥയുമായി സിനിമയുടെക്കുവാന്‍ രാജന്‍ കിരിയത്തിനെ പ്രേരിപ്പിച്ച ഘടകം എന്താണ് എന്ന് മനസ്സിലാകുന്നില്ല. യക്ഷിയെ വെള്ളസാരി ഉടുപ്പിച്ചു പാട്ട് പാടിച്ചില്ല എന്നൊരു ഗുണം മാത്രമേ ഈ സിനിമയുടെ തിരക്കഥയ്ക്കുള്ളൂ. ജയറാമിനെയും രമേശ്‌ പിഷാരടിയും ഷാജോണിനെയും കൊണ്ട് വളിപ്പ് തമാശ പറയപ്പിച്ചു പ്രേക്ഷകരെ വെറുപ്പിക്കുകയും ചെയ്തു രാജന്‍ കിരിയത്ത്. പ്രേക്ഷകരുടെ ആസ്വാദന രീതി മാറിയിരിക്കുന്നു എന്ന പാഠം ഉള്‍ക്കൊള്ളാന്‍ രാജന്‍ കിരിയത്തിനു സാധിക്കട്ടെ. 

സംവിധാനം: ബിലോ ആവറേജ് 
2002ല്‍ പുറത്തിറങ്ങിയ പകല്‍ പൂരം എന്ന സിനിമയുടെ സംവിധയകന്മാരില്‍ ഒരാളായ അനിലാണ് മാന്ത്രികനും സംവിധാനം ചെയ്തിരിക്കുന്നത്. ഒരേ സംവിധായകന്റെ രണ്ടു യക്ഷി സിനിമകളുടെ കഥ ഒരേപോലെ വരുന്നത് ഇതാദ്യമായാണ് എന്ന് തോന്നുന്നു. മാന്ത്രികന്‍ എന്ന സിനിമയുടെ ആദ്യ 20 മിനിറ്റുകള്‍ക്കുള്ളില്‍ എന്താണ് ഈ സിനിമയുടെ ക്ലൈമാക്സ് എന്ന പ്രേക്ഷകര്‍ക്ക്‌ ഗ്രഹിക്കാന്‍ പറ്റും. അതുകൂടാതെ, ഓരോ രംഗങ്ങളിലും എന്തൊക്കെ സംഭവിക്കാന്‍ പോകുന്നു എന്നും, എന്തായിരിക്കും സംഭാഷണം എന്നും പ്രേക്ഷകര്‍ക്ക്‌ മനസ്സിലാക്കാന്‍ പറ്റും. അത്രയ്ക്ക് കേട്ടുപഴകിയ കണ്ടുമടുത്ത കഥയാണ് ഈ സിനിമയുടേതു. അത് എത്രത്തോളം നിലാവരമില്ലാതെ സംവിധാനം ചെയ്യുവാന്‍ സാധിക്കുമോ, അത്രത്തോളം ഭംഗിയായി ആ കര്‍മം അനില്‍ നിര്‍വഹിച്ചിട്ടുണ്ട്. പ്രേക്ഷകരോട് എന്തിനാണീ ചതി?

സാങ്കേതികം: ആവറേജ് 
വൈദി എസ് പിള്ളയുടെ ചായാഗ്രഹണം മാത്രമാണ് ഈ സിനിമയിലെ ഏക ആശ്വാസം. മനോഹരമായ ലോക്കെഷനുകളും ചടുലന്‍ രംഗങ്ങളും സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. അതുപോലെ യക്ഷിയുടെ മേക്കപ്പ് ഒരുക്കിയ പട്ടണം റഷീദും മികവു തെളിയിച്ചു. പി.സി.മോഹനന്റെ ചിത്രസന്നിവേശവും, വയലാര്‍ ശരത്-സന്തോഷ്‌ വര്‍മ-എസ്.ബാലകൃഷ്ണന്‍ ടീമിന്റെ ഗാനങ്ങളും ശരാശരി നിലവാരം പുലര്‍ത്തി. ഗോഡ് ഫാദര്‍, വിയറ്റ്നാം കോളനി, കാബൂളിവാല എന്നീ സിനിമകള്‍ക്ക്‌ ശേഷം എസ്.ബാലകൃഷ്ണന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഈ സിനിമയില്‍ മൂന്ന് ഗാനങ്ങളാണ് ഉള്ളത്.  

അഭിനയം: ആവറേജ്
ജയറാം, പൂനം ബാജ്വ, മുക്ത, റിയാസ് ഖാന്‍, ദേവന്‍, കലാഭവന്‍ ഷാജോണ്‍, രമേശ്‌ പിഷാരടി, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, ജെ.പല്ലശ്ശേരി, അനില്‍ മുരളി, മഹേഷ്‌, ജയന്‍ ചേര്‍ത്തല, കോട്ടയം നസീര്‍, വിജയകൃഷ്ണന്‍, ബിയോണ്‍, അംബിക മോഹന്‍, പ്രിയ എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍. ജയറാം തനിക്കു ലഭിച്ച കഥാപാത്രത്തോട് നീതി പുലര്‍ത്തിയിട്ടുണ്ട്. യക്ഷിയുടെ ഭാവപ്രകടനങ്ങള്‍ അഭിനയിച്ച മുക്തയും മോശമക്കാതെ രുക്മണിയെ അവതരിപ്പിച്ചു. കലാഭവന്‍ ഷാജോനും രമേശ്‌ പിഷാരടിയും സുരാജും ഇന്ദ്രന്‍സും കോട്ടയം നസീറും തമാശ രംഗങ്ങള്‍ കൊഴിപ്പികാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. റിയാസ് ഖാനും ദേവനും അനില്‍ മുരളിയും വില്ലത്തരങ്ങള്‍ കാണിച്ചുകൊണ്ട് പതിവ് ശൈലിയില്‍ അഭിനയിച്ചിരിക്കുന്നു. 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.ചായാഗ്രഹണം
2.എഫെക്ട്സ് 

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.കഥ,തിരക്കഥ
2.സംവിധാനം
3.തമാശകള്‍
4.പാട്ടുകള്‍

മാന്ത്രികന്‍ റിവ്യൂ: കേട്ടുപഴകിയ യക്ഷിക്കഥയ്ക്ക് മേമ്പോടിയായി കണ്ടുമടുത്ത കഥാസന്ദര്‍ഭങ്ങളും കേട്ടുമടുത്ത തമാശകളും വേണ്ടുവോളമുള്ള സിനിമയാണ് അനിലിന്റെ മാന്ത്രികന്‍.

മാന്ത്രികന്‍ റേറ്റിംഗ്: 3.00/10
കഥ,തിരക്കഥ: 1/10 [മോശം]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 2.5/5 [ആവറേജ്]
അഭിനയം: 2.5/5 [ആവറേജ്]
ടോട്ടല്‍ 9/30 [3/10]

സംവിധാനം: അനില്‍
കഥ,തിരക്കഥ,സംഭാഷണം: രാജന്‍ കിരിയത്ത്
നിര്‍മ്മാണം: ആനന്ദ് കുമാര്‍
ബാനര്‍: യെസ് സിനിമ
ചായാഗ്രഹണം: വൈദി എസ്.പിള്ള
ചിത്രസന്നിവേശം:പി.സി.മോഹനന്‍
ഗാനരചന:സന്തോഷ്‌ വര്‍മ്മ, വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ
സംഗീതം:എസ്.ബാലകൃഷ്ണന്‍
മേക്കപ്പ്:പട്ടണം റഷീദ് 

No comments:

Post a Comment