30 Nov 2012

ഫെയ്സ് ടു ഫെയ്സ് - മമ്മൂട്ടി ഫാന്‍സ്‌ ടു മമ്മൂട്ടി ഫാന്‍സ്‌ 4.00 / 10

ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.കെ.നാസര്‍ നിര്‍മ്മിച്ച്‌, നവാഗതനായ മനോജ്‌ തിരക്കഥയും സംഭാഷണങ്ങളും എഴുതി, വി.എം.വിനു സംവിധാനം നിര്‍വഹിച്ച ഏറ്റവും പുതിയ സിനിമയാണ് ഫെയ്സ് ടു ഫെയ്സ്. പത്മശ്രീ ഭരത് മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ സിനിമയില്‍ പുതുമുഖങ്ങളായ ഗൌതം, ഋഷികേശ്, രോഹിത്, ബിനോയ്‌ എന്നിവരും മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നു. ഇവരെ കൂടാതെ സിദ്ദിക്ക്, കലാഭവന്‍ മണി, വിജയരാഘവന്‍, നിഷാന്ത് സാഗര്‍, ടി.വി.അവതാരകന്‍ ഫിറോസ്‌, മാമുക്കോയ, രാജേഷ്‌ ഹെബ്ബാര്‍, വിനീത് കുമാര്‍, ശിവജി ഗുരുവായൂര്‍, മജീദ്‌, അബു സലിം, റോമ, രാഗിണി ദ്വിവേദി,റീന ബഷീര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു ഈ സിനിമയില്‍. അജയന്‍ വിന്‍സെന്റ് ചായാഗ്രഹണവും, സംജിത്ത് ചിത്രസന്നിവേശവും, അല്‍ഫോന്‍സ്‌ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

സദാസമയം മദ്യപിക്കുന്ന ഒരാളായ ബാലചന്ദ്രന്‍, എല്ലാവരുമായും ആവശ്യത്തിനും അനാവശ്യത്തിനും വഴക്കടിക്കുന്ന സ്വഭാവക്കരനായിരുന്നു. ഇതേ കാരണങ്ങളാല്‍ ബാലചന്ദ്രന് ഒരുപാട് ശത്രുക്കള്‍ ഉണ്ടായിരുന്നു. ആ കൂട്ടത്തിലുള്ള ഒരു ശത്രുവായിരുന്നു പുഞ്ചക്കാടന്‍ വര്‍ക്കി എന്ന രാഷ്ട്രീയ നേതാവ്. വര്‍ക്കിയുടെ മകനും ലോകതെമ്മാടിയുമായ തോമസ്‌ പുഞ്ചക്കാടനുമായുള്ള വഴക്ക് ചെന്നവസാനിച്ചത്‌ ബാലചന്ദ്രന്റെ സസ്പെന്‍ഷനിലായിരുന്നു. താല്‍കാലികമായാണെങ്കിലും ഉദ്യോഗം നഷ്ടപെട്ട ബാലചന്ദ്രന്‍, ഉത്തരവാദിത്വമില്ലാത്ത ഭര്‍ത്താവായി മുഴുക്കുടിയനായ അവസ്ഥയിലാണ് ഭാര്യയുമായി പിണങ്ങുന്നത്. ഈ സംഭവങ്ങള്‍ക്ക് ശേഷമാണ് ബാലചന്ദ്രന്‍ സ്ഥലകച്ചവടത്തിലേക്ക് ഇറങ്ങുന്നത്. അങ്ങനെയിരിക്കെ നാടിനെ ഞെട്ടിച്ച ഒരു കൊലപാതകം ഉണ്ടാകുന്നു. ഉദ്യോഗത്തിലില്ലാതിരുന്നിട്ടും ചില പ്രത്യേക കാരണങ്ങളാല്‍ ബാലചന്ദ്രന്‍ ആ കൊലപാതകത്തിന്റെ ചുരുളഴിക്കുവാന്‍ വേണ്ടി വീണ്ടും അന്വേഷണത്തിനിറങ്ങുന്നു. തുടര്‍ന്നുള്ള രംഗങ്ങളിലൂടെ ക്ലൈമാക്സില്‍ എത്തുന്നതോടെ ബാലചന്ദ്രന്‍ കുറ്റവാളികളെ കണ്ടുപിടിക്കുന്നു. ഇതാണ് ഈ സിനിമയുടെ കഥ. ബാലചന്ദ്രനായി മമ്മൂട്ടിയും, തോമസ്‌ പുഞ്ചക്കടനായി ഫിറോസും, ബാലചന്ദ്രന്റെ ഭാര്യ വേഷത്തില്‍ കന്നഡ നടി രാഗിണി ദ്വിവേദിയും അഭിനയിച്ചിരിക്കുന്നു.

കഥ, തിരക്കഥ: ബിലോ ആവറേജ് 
നാടിനെ ഞെട്ടിച്ച ഒരു കൊലപാതകം, കൊല്ലപെട്ടത്‌ രാഷ്ട്രീയ നേതാവിന്റെ തന്തോന്നിയായ സന്തതി, കേസ് അന്വേഷണം നായക കഥാപാത്രം ഏറ്റെടുക്കുന്നു, കൊലപാതകിയെ കണ്ടുപിടിക്കുന്നു, ഇതിനിടയില്‍ നായകന്റെ കുടുംബം, കുട്ടികള്‍, പ്രാരാബ്ദം എന്നിങ്ങനെ കുറെ കാര്യങ്ങള്‍ ചര്‍ച്ചാവിഷയമായ എത്രയോ സിനിമകള്‍ മലയാളത്തില്‍ നിര്‍മ്മിക്കപെട്ടിട്ടുണ്ട്. ഇതേ കഥയും കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും പ്രേക്ഷകര്‍ കണ്ടുമടുത്തു ഇരിക്കുമ്പോഴാണ് അതെ കഥയുമായി വീണ്ടുമൊരു താരത്തിന്റെ സിനിമ. എന്താണ് ഈ സിനിമ കൊണ്ട് മനോജ്‌ പയ്യന്നൂര്‍ എന്ന തിരക്കഥ രചയ്താവ് ഉദേശിച്ചത്‌? സിനിമയുടെ ആദ്യപകുതിയിലുള്ള കുറെ കഥാസന്ദര്‍ഭങ്ങള്‍ പ്രേക്ഷകര്‍ക്ക്‌ ഒരല്‍പം ആശ്വാസം നല്ക്കുന്നുണ്ട്. അതിനു കാരണം മമ്മൂട്ടിയുടെ അഭിനയവും, കഥയ്ക്ക്‌ ആവശ്യം എന്ന് തോന്നുന്ന രംഗങ്ങളും മാത്രമുള്ളത് കൊണ്ടാണ്. സിനിമയുടെ രണ്ടാം ഭാഗത്തിലുള്ള രണ്ടു പാട്ടുകളും, സസ്പെന്‍സ് എല്ലാം ക്ലൈമാക്സിനു മുമ്പേ പ്രേക്ഷകരോട് പറഞ്ഞതിന് ശേഷമുള്ള കുടുംബ കാര്യങ്ങളും അവരെ വെറുപ്പിച്ചു. മികച്ച ഒരു സസ്പെന്‍സ് സിനിമയുടെ കഥയെങ്കിലും മനോജിനു എഴുതാമായിരുന്നു. അതിനിടയില്‍ കുടുംബവും, ഭാര്യയുമായുള്ള വഴക്കും ചേര്‍ത്തു സിനിമയുടെ വേഗതയെ നശിപ്പിച്ചു. ശരാശരി നിലവാരം പോലുമില്ലാത്ത ഇതേപോലുള്ള തിരക്കഥയാണ് ഫെയ്സ് ടു ഫെയ്സ് പോലെയുള്ള സിനിമകളുടെ നിരാശാജനകമായ അന്ത്യത്തിന് കാരണം.

സംവിധാനം: ബിലോ ആവറേജ്
പല്ലാവൂര്‍ ദേവനാരായണന്‍, വേഷം, ബസ്‌ കണ്ടക്ടര്‍ എന്നീ സിനിമകള്‍ക്ക്‌ ശേഷം മമ്മൂട്ടിയെ നായകനാക്കി വി.എം.വിനു സംവിധാനം ചെയ്ത ഈ സിനിമയുടെ പ്രധാന പ്രശ്നം എന്നത് സംവിധായകന്റെ കഴിവുകേടാണ്. പ്രവചിക്കാനവുന്ന കഥഗതിയുള്ള ഒരു സിനിമയ്ക്ക് ഏറ്റവും ആവശ്യം മികച്ച അവതരണ രീതിയാണ്. പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിലെ പ്രശ്നങ്ങളും, കഥയില്‍ യാതൊരു ചലനവും സൃഷ്ട്ടിക്കാത്ത രണ്ടു മൂന്ന് പാട്ടുകളും സിനിമയുടെ രണ്ടാം ഭാഗത്ത് കൂട്ടി ചേര്‍ത്തു സിനിമയുടെ വേഗതയെ ഇല്ലാതാക്കി. ഓരോ മാതാപിതാക്കളും കണ്ടിരിക്കേണ്ട സിനിമ എന്ന തലവാചകം നല്‍ക്കി പുറത്തിറക്കിയ ഈ സിനിമയില്‍ എന്ത് പുതിയ കാര്യങ്ങളാണ് സംവിധായകന്‍ മാതാപിതാക്കളോട് പറയുന്നത്? സിനിമയുടെ ആദ്യ ഭാഗം കൃത്യതയോടെ സംവിധാനം ചെയ്ത വിനു, രണ്ടാം ഭാഗത്തില്‍ സിനിമയെ കൈവിട്ടു കളഞ്ഞ കാഴ്ചയാണ് കണ്ടത്. 


സാങ്കേതികം: എബവ് ആവറേജ്
മികച്ച വിഷ്വല്‍സ് ഒരുക്കിയ അജയന്‍ വിന്‍സെന്റ് എന്ന ചായഗ്രഹകനാണ് ഈ സിനിമ കണ്ടിരിക്കാവുന്ന ഒന്നാക്കി മാറ്റുന്നത്തില്‍ വി.എം.വിനുവിനെ സഹായിച്ചത്. അജയന്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ മോശമാക്കാതെ കൂട്ടിയോജിപിക്കുവാന്‍ സംജിതിന്റെ കഴിഞ്ഞിട്ടുണ്ട്. അജയന്‍ വിന്‍സെന്റിന്റെ മികവുറ്റ ചായഗ്രഹണവും സാംജിതിന്റെ ചിത്രസന്നിവേശവും സിനിമയെ രക്ഷിക്കുമ്പോള്‍, ആര്‍കും മനസ്സിലാകാത്ത രീതിയിലുള്ള പാട്ടിന്റെ വരികളും അല്‍ഫോന്‍സ്‌ ജോസഫിന്റെ സംഗീതവും സിനിമ തകര്‍ത്തുകളഞ്ഞു. ഈ പാട്ടുകള്‍ സിനിമയുടെ അനവസരത്തില്‍ വരുന്നതോടു കൂടി പാട്ടുകളെ കൂടുതല്‍ വെറുത്തുപോയി. ഗിരീഷ്‌ മേനോന്റെ കലാസംവിധാനം, പി.വി.ശങ്കറിന്റെ മേക്കപ്പ് എന്നിവ സിനിമയോട് ചേര്‍ന്ന് പോകുന്നു.
 
അഭിനയം: എബവ് ആവറേജ്

ബാലചന്ദ്രന്‍ എന്ന കഥാപാത്രത്തെ തികഞ്ഞ ആത്മാര്‍ഥതയോടെയാണ് മമ്മൂട്ടി സമീപിച്ചിരിക്കുന്നത്. പ്രേക്ഷകരെ ബോറടിപ്പിക്കുന്ന രീതിയിലാണ് കഥ മുന്നോട്ടു നീങ്ങുന്നതെങ്കിലും, ഈ സിനിമ രണ്ടേകാല്‍ മണിക്കൂര്‍ കണ്ടിരിക്കാവുന്ന രീതിയില്‍ കൊണ്ടെത്തിച്ചത് മമ്മൂട്ടിയുടെ സാന്നിധ്യമാണ്. പുതുമുഖങ്ങളായ 4 ആണ്‍കുട്ടികളും നല്ല അഭിനയം കാഴ്ച്ചവെചിട്ടുണ്ട് ഈ സിനിമയില്‍. ഒരല്പം നെഗറ്റിവ് സ്വഭാവമുള്ള കഥാപാത്രമായി സീരിയല്‍ നടന്‍ രാജേഷ്‌ ഹെബ്ബറും ഈ സിനിമയില്‍ അഭിനയ മികവുകാട്ടി. സിദ്ദിക്കും കലാഭവന്‍ മണിയും വിജയരാഘവനും നിഷാന്ത് സാഗറും മാമുക്കോയയും അവരവരുടെ രംഗങ്ങള്‍ മോശമാക്കിയില്ല. മമ്മൂട്ടിയുടെ ഭാര്യയായി അഭിനയിച്ച രാഗിണി ദ്വിവേദിയുടെ അഭിനയം പ്രതീക്ഷിച്ച നിലവാരത്തില്‍ ഉയര്‍ന്നില്ല. മറ്റെല്ലാ നടീ നടന്മാരും നിരശപെടുത്താതെ അഭിനയിച്ചിട്ടുണ്ട് ഈ സിനിമയില്‍.  

സിനിമയുട പ്ലസ്‌ പോയിന്റ്സ്:
1.സിനിമയുടെ ആദ്യ ഭാഗം
2.അജയന്‍ വിന്‍സെന്റിന്റെ ചായാഗ്രഹണം
3.സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതി


സിനിമയുടെ മൈനസ് പോയിന്റ്സ്:
1.സിനിമയുടെ രണ്ടാം ഭാഗം 
2.ത്രില്ലടിപ്പിക്കാത്ത കഥാസന്ദര്‍ഭങ്ങള്‍
3.വി.എം.വിനുവിന്റെ സംവിധാനം
4.പാട്ടുകള്‍ 


ഫെയ്സ് ടു ഫെയ്സ് റിവ്യൂ: പുതുമയില്ലാത്ത പ്രമേയം ടു പ്രവചിക്കാനവുന്ന കഥാസന്ദര്‍ഭങ്ങള്‍ ടു കണ്ടുമടുത്ത കഥാപാത്രങ്ങള്‍ ടു ത്രില്ലടിപ്പിക്കാത്ത സസ്പെന്‍സ് ടു ഇഴഞ്ഞു നീങ്ങുന്ന ക്ലൈമാക്സ്. - ഇതാണ് ഫെയ്സ് ടു ഫെയ്സ്.

ഫെയ്സ് ടു ഫെയ്സ് റേറ്റിംഗ് : 4.00 / 10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ് ]
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍: 12/30 [4.00/10] 

സംവിധാനം: വി.എം.വിനു
തിരക്കഥ, സംഭാഷണങ്ങള്‍: മനോജ്‌
ചായാഗ്രഹണം: അജയന്‍ വിന്‍സെന്റ്
ചിത്രസന്നിവേശം: സംജിത്ത്
ഗാനരചന: വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, അനില്‍ പനച്ചൂരാന്‍, ജോഫി തരകന്‍
സംഗീതം, പശ്ചാത്തല സംഗീതം: അല്‍ഫോന്‍സ്‌ ജോസഫ്
കലാസംവിധാനം:ഗിരീഷ്‌ മേനോന്‍
മേക്കപ്പ്: പി.വി.ശങ്കര്‍
വസ്ത്രാലങ്കാരം: ഷീബ റോഹന്‍
വിതരണം: ഗുഡ് ലൈന്‍ റിലീസ്

No comments:

Post a Comment