9 Nov 2012

നയന്‍ വണ്‍ സിക്സ് - പ്രമേയത്തിലുള്ള പരിശുദ്ധി കഥയിലും തിരക്കഥയിലും സംവിധാനത്തിലും ഇല്ല! 4.20/10

ലളിതമായൊരു ജീവിതം നയിക്കുവാന്‍ ആഗ്രഹിക്കുന്ന,സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലിചെയ്യുവാന്‍ ഇഷ്ടപെടുന്ന, ഭാര്യയുമായി പിണങ്ങി ഒരേയൊരു മകളായ മീരയുമൊത്ത് ജീവിക്കുന്ന വ്യക്തിയാണ് ഡോക്ടര്‍ ഹരികൃഷ്ണന്‍...ഹരികൃഷ്ണനെ ഏറെ ഇഷ്ടമാണ് മകള്‍ മീരയ്ക്കും. ഇവര്‍ക്കൊപ്പം ഹരിയുടെ സഹായിയായ അയ്യപ്പ ഭക്തനായ അയ്യപ്പനും താമസിക്കുന്നു. ഹരിയുടെ സുഹൃത്തായ ഡോക്ടര്‍ രമേഷും ഭാര്യ ചന്ദ്രയും ഇടയ്ക്കിടെ അവരുടെ വീട്ടില്‍ സന്ദര്‍ശിക്കാറുണ്ട്. അച്ഛന്‍ പറയുന്നതനുസരിച്ച് ജീവിക്കുന്ന ഉത്തമയായ മകളാണ് മീര. ചീത്ത കൂട്ടുകെട്ടുകളില്‍ ചേരാതെ, മൊബൈല്‍ ഫോണ്‍ ഉപയോഗികാതെ, മിടുക്കിയായി പഠിക്കുകയും, കൃത്യം സമയത്ത് വീട്ടില്‍ വരുകയും ചെയ്യുന്ന, ചിട്ടയോടെ വളര്‍ന്ന കുട്ടിയാണ് മീര. മകള്‍ മീരയുടെ ഓരോ ചലനങ്ങളും ശ്രദ്ധിക്കുന്ന വ്യക്തിയാണ് ഹരികൃഷ്ണന്‍... സന്തോഷകരമായ ഇവരുടെ ജീവിതത്തില്‍ പ്രശാന്ത്കുമാര്‍ എന്ന ചെറുപ്പക്കാരന്‍ വരുന്നു. പ്രശാന്തും മീരയും തമ്മിലുള്ള സൌഹൃദം ഹരിയെ അസ്വസ്ഥനാക്കുന്നു. തുടര്‍ന്ന് ഹരിയുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. ഹരിയായി അനൂപ്‌ മേനോനും, മീരയായി പുതുമുഖം മാളവിക മേനോനും, അയ്യപ്പനായി നന്ദുവും, ഡോക്ടര്‍ രമേഷായി മുകേഷും, പ്രശന്തായി ആസിഫ് അലിയും, ചന്ദ്രയായി മീര വാസുദേവും അഭിനയിച്ചിരിക്കുന്നു. 

ആദിത്-ഐശ്വര്യാ-സ്നേഹ മൂവീസിന്റെ ബാനറില്‍ വിജയകുമാര്‍ പാലേക്കുന്നു നിര്‍മ്മിച നയന്‍ വണ്‍ സിക്സ് സിനിമയുടെ നിര്‍മ്മാണ പങ്കാളിയാണ് ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ ഉടമ ബോബി ചെമ്മണ്ണൂര്‍.എം.മോഹനന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഈ സിനിമയുടെ ചായാഗ്രഹണം ഫൈസല്‍ അലിയും, ചിത്രസന്നിവേശം രഞ്ജന്‍ അബ്രഹാമുമാണ്. റഫീക്ക് അഹമ്മദ്, അനില്‍ പനച്ചൂരാന്‍, രാജീവ്‌ നായര്‍ എന്നിവര്‍ രചിച്ച വരികള്‍ക്ക് സംഗീതം നല്ക്കിയിരിക്കുന്നത് എം.ജയചന്ദ്രനാണ്. 

കഥ, തിരക്കഥ: ബിലോ ആവറേജ്
പരിശുദ്ധ സൗഹൃദത്തിന്റെ കഥപറഞ്ഞ കഥപറയുമ്പോള്‍, പരിശുദ്ധമായ ഗുരു-ശിഷ്യ ബന്ധത്തിന്റെ കഥപറഞ്ഞ മാണിക്യക്കല്ല് എന്നീ സിനിമകള്‍ക്ക്‌ ശേഷം, എം.മോഹനന്‍ എന്ന രചയ്താവിന്റെ മൂന്നാമത് സിനിമയാണ് കുടുംബ ബന്ധങ്ങളുടെ പരിശുദ്ധിയുടെ കഥപറയുന്ന നയന്‍ വണ്‍ സിക്സ്. പ്രേമയപരമായി ഈ സിനിമയ്ക്കുള്ളിലെ പരിശുദ്ധി, എം.മോഹനന്‍ എഴുതിയ കഥയ്ക്കോ, കഥാസന്ദര്‍ഭങ്ങള്‍ക്കോ ഇല്ല എന്ന് തന്നെ പറയേണ്ടി വരും. പ്രായമായ പെണ്‍മക്കളുള്ള അച്ചന്മാരുടെ വേവലാതിയും, അമ്മയില്ലാതെ വളരുന്ന പെണ്‍കുട്ടികള്‍ തെറ്റായ വഴികളിലൂടെ സഞ്ചരിക്കുവാനുള്ള സാധ്യതകളും,ദാമ്പത്യ ജീവിതത്തിലെ തെറ്റുധാരണകളും, കൌമാര പ്രായത്തിലുള്ള പെണ്‍കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങളും ചര്‍ച്ച ചെയ്യുന്ന ഈ സിനിമയുടെ പ്രമേയം മികച്ചതാണെങ്കിലും, ഈ സന്ദേശങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുവാന്‍ എം.മോഹനന്‍ തിരഞ്ഞെടുത്ത കഥയും കഥാസന്ദര്‍ഭങ്ങളും കണ്ടുമടുത്തതും പ്രവചിക്കാനാവുന്നതുമാണ്. ഇത് തന്നെയാണ് ഈ സിനിമയുടെ പ്രധാന പോരായ്മകള്‍... മേല്പറഞ്ഞ ഒരുപാട് കാര്യങ്ങള്‍ ഈ സിനിമയിലൂടെ പറയുന്നുണ്ടെങ്കിലും, ഒരു കാര്യത്തിലും കെട്ടുറപ്പില്ലാത്ത രീതിയിലാണ് കഥ മുന്നോട്ടു നീങ്ങുന്നത്‌... കഥയില്‍ പ്രാധാന്യമില്ലാത്ത നിരവധി കഥാസന്ദര്‍ഭങ്ങളും, കഥാപാത്രങ്ങളും ഈ സിനിമയുടെ പ്രധാന ന്യൂനതയായി പ്രേക്ഷകര്‍ക്ക്‌ അനുഭവപെടുന്നുണ്ട്.എന്നിരുന്നാലും കുടുംബ സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകരെ ത്രിപ്തിപെടുത്തുന്ന,അവരെ പലതും ഓര്‍മ്മപെടുത്തുന്ന പ്രമേയമായതിനാല്‍ നയന്‍ വണ്‍ സിക്സ് കണ്ടിരിക്കാവുന്ന സിനിമയായി മാറുന്നു. 

സംവിധാനം: ബിലോ ആവറേജ് 
കഥ പറയുമ്പോള്‍, മാണിക്യക്കല്ല് എന്നീ സിനിമകള്‍ സംവിധാനം ചെയ്തപ്പോള്‍ ഉണ്ടായ ഒരു അച്ചടക്കം ഈ സിനിമയുടെ സംവിധാനത്തില്‍ കണ്ടില്ല. ആവശ്യമില്ലാത്ത സന്ദര്‍ഭങ്ങളില്‍ പാട്ടുകള്‍ കുത്തിനിറച്ചു സിനിമയുടെ കഥ വലിച്ചുനീട്ടി. കേള്‍ക്കാന്‍ ഇമ്പമുള്ള പാട്ടുകളാണ് ഈ സിനിമയിലെത് എങ്കിലും, അനവസരത്തിലായതിനാല്‍ പ്രേക്ഷകര്‍ ശ്രദ്ധിക്കാതെ പോയി. സിനിമയുടെ ആദ്യ പകുതിയിലെ ചില രംഗങ്ങള്‍ തമ്മില്‍ യാതൊരു ബന്ധവുമില്ലാതെ അനുഭവപെട്ടു. അച്ഛനില്‍ നിന്നും ഒരു രഹസ്യവും മറച്ചുവെയ്ക്കാത്ത മകള്‍ അമ്മയാണ് തന്നെ വിളിക്കുന്നത്‌ എന്ന സത്യം പറയാതിരുന്നത് എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല. അതുപോലെ കഥയില്‍ യാതൊരു പ്രസക്തിയുമില്ലാത്ത കുറെ രംഗങ്ങളും കോട്ടയം നസീര്‍ ഉളപ്പടെ പലവരും പറയുന്ന തമാശകളും എന്തിനാണെന്നും മനസ്സിലായില്ല. ഗൌരവം ഉള്ളൊരു വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍, അതിനിടയില്‍ എന്തിനാണ് തമാശ എന്ന് പാവം പ്രേക്ഷകര്‍ക്ക്‌ മനസ്സിലാകുന്നില്ല. 

സാങ്കേതികം: എബവ് ആവറേജ്  
ഓര്‍ഡിനറി എന്ന സിനിമയുടെ ചായഗ്രഹകാന്‍ ഫൈസല്‍ അലിയാണ് ഈ സിനിമയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചത്. പുതുമകളൊന്നും അവകാശപെടനില്ലത്ത കഥയെ കണ്ടിരിക്കുവാന്‍ പറ്റുന്ന തരത്തിലെത്തിച്ചത് ഫൈസല്‍ അലി പകര്‍ത്തിയ ദ്രിശ്യങ്ങളാണ്. "ചെന്താമര..." എന്ന് തുടങ്ങുന്ന പാട്ടിന്റെ ചിത്രീകരണം തന്നെ ഉദാഹരണം. രഞ്ജന്‍ അബ്രഹാമിന്റെ ചിത്രസന്നിവേശവും സിനിമയോട് യോജിച്ചു പോകുന്നു. റഫീക്ക് അഹമ്മദ്, അനില്‍ പനച്ചൂരാന്‍, രാജിവ് നായര്‍ എന്നിവരുടെ എം. ജയചന്ദ്രന്‍ ഈണമിട്ട നാല് പാട്ടുകളുണ്ട് ഈ സിനിമയില്‍.. അവയില്‍ "ചെന്താമര തേനോ", "നാട്ടുമാവിലൊരു മൈന", "പിസ്സ പിസ്സ" എന്നീ പാട്ടുകള്‍ കേള്‍ക്കാന്‍ ഇമ്പമുള്ളതാണെങ്കിലും അനവസരത്തിലായതിനാല്‍ പ്രേക്ഷക ശ്രദ്ധ നേടുന്നില്ല. അജയന്‍ മങ്ങടാണ്‌ കലാസംവിധാനം.

അഭിനയം: ഗുഡ് 
അനൂപ്‌ മേനോന്‍ എന്ന നടന്റെ മറ്റൊരു മികച്ച അഭിനയ പ്രകടനമാണ് ഈ സിനിമയിലെത്. ഒരച്ഛന്റെ സ്നേഹവും വേദനയും വേവലാതിയും മികച്ച ഭാവാഭിനയത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുവാന്‍ അനൂപിനു സാധിച്ചു. അതുപോലെ മീരയായി അഭിനയിച്ച പുതുമുഖം മാളവിക മേനോനും അഭിനയം മികവുറ്റതാക്കി. ഇവരെ കൂടാതെ ആസിഫ് അലി, മുകേഷ്, നന്ദു, ദേവന്‍, തലൈവാസല്‍ വിജയ്‌, ഉണ്ണി മേനോന്‍, മോണിക, കെ.പി.എ.സി ലളിത, മീര വാസുദേവ് എന്നിവരും അഭിനയിച്ചിരിക്കുന്നു ഈ സിനിമയില്‍..

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. പ്രമേയം 
2. അനൂപ്‌ മേനോന്‍, മാളവിക എന്നിവരുടെ അഭിനയം 

സിനിമയുടെ മൈനസ് പോയിന്റ്സ്:
1. പ്രവചിക്കാനവുന്ന കഥ
2. പുതുമയില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍
3. എം.മോഹനന്റെ സംവിധാനം 
4. കഥയില്‍ ആവശ്യമില്ലാത്ത സന്ദര്‍ഭങ്ങളിലുള്ള പാട്ടുകള്‍ 

നയന്‍ വണ്‍ സിക്സ് റിവ്യൂ: കഥയിലും അവതരണത്തിലും സംവിധാനത്തിലും പുതുമ പുലര്‍ത്തുന്നില്ലയെങ്കിലും, കുടുംബബന്ധങ്ങളുടെ പരിശുദ്ധി ചര്‍ച്ചാവിഷയമാകുന്ന നയന്‍ വണ്‍ സിക്സ് കുടുംബപ്രേക്ഷകരെ ത്രിപ്തിപെടുത്തും.

നയന്‍ വണ്‍ സിക്സ് റേറ്റിംഗ്: 4.20/10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 3/5 [എബവ് ആവറേജ്]
അഭിനയം: 3.5/5 [ഗുഡ് ]
ടോട്ടല്‍: 12.5/30 [4.2/10]

രചന, സംവിധാനം: എം.മോഹനന്‍ 
നിര്‍മ്മാണം: വിജയകുമാര്‍ പാലേക്കുന്നു 
ചായാഗ്രഹണം: ഫൈസല്‍ അലി 
ചിത്രസന്നിവേശം: രഞ്ജന്‍ എബ്രഹാം 
വരികള്‍:റഫീക്ക് അഹമ്മദ്‌, അനില്‍ പനച്ചൂരാന്‍, രാജിവ് നായര്‍ 
സംഗീതം: എം. ജയചന്ദ്രന്‍ 
കല സംവിധാനം: അജയ് മങ്ങാട് 
വിതരണം: സെന്‍ട്രല്‍ പിക്ചേഴ്സ് 

No comments:

Post a Comment