19 Nov 2012

തീവ്രം - പ്രേക്ഷകര്‍ പ്രതീക്ഷിച്ച തീവ്രതയും ഗുണനിലാവരാവും സിനിമയ്ക്കില്ല! 4.70/10

സെക്കന്റ്‌ ഷോ, ഉസ്താദ് ഹോട്ടല്‍ എന്നീ സിനിമകള്‍ക്ക്‌ ശേഷം താരപുത്രന്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന സിനിമയാണ് തീവ്രം. സ്പടികത്തിലെ ആടു തോമയുടെ ചെറുപ്പകാലം അവതരിപ്പിച്ചുകൊണ്ട് സിനിമയിലെത്തിയ രൂപേഷ് പീതംബരനാണ് തീവ്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. വി.സി.ഐ.ഫിലിംസിന് വേണ്ടി വി.സി.ഇസ്മെയിലാണ് തീവ്രം നിര്‍മ്മിച്ചിരിക്കുന്നത്. ലാല്‍ ജോസിന്റെ നിര്‍മ്മാണ കമ്പനി എല്‍. ജെ.ഫിലിംസാണ് തീവ്രം തിയറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്. കൊച്ചി നഗരത്തെ ഞെട്ടിച്ചുകൊണ്ട് ഒരു വ്യക്തിയുടെ കൊലപാതകം നടക്കുന്നു. ആ കൊലപാതകത്തിന്റെ പ്രതിയെ കണ്ടുപിടിക്കേണ്ട ചുമതല ലഭിക്കുന്നത് സി.ഐ.അലക്സ്‌ കുര്യനും, എസ്.ഐ.രാമചന്ദ്രന്‍ നായര്‍ക്കുമാണ്. ഇവരുടെ കേസ് അന്വേഷണത്തിനടയില്‍ അതെ നഗരത്തിലെ ഒരു ഓട്ടോ റിക്ഷ ഡ്രൈവര്‍ രാഘവിന്റെ തിരോദ്ധനം നടക്കുന്നു. രാഘവന്റെ ഭാര്യയുടെ അപേക്ഷ പ്രകാരം അലക്സും രാമചന്ദ്രനും ഈ കേസും അന്വേഷിക്കുന്നു. രാഘവന്റെ തിരോദ്ധനമായി ബന്ധപെട്ടു അവര്‍ ഹര്‍ഷവര്‍ദ്ധന്‍ എന്ന സംഗീത സംവിധായകനെ കണ്ടുമുട്ടുന്നു. ഹര്‍ഷവര്‍ദ്ധനും അലക്സും തമ്മില്‍ മറ്റൊരു കേസുമായി ബന്ധപെട്ടു മുമ്പേ പരിചയമുണ്ടായിരുന്നു. ഒരു പ്രത്യേക ലക്ഷ്യത്തോടെയാണ് അലക്സ് ഹര്ഷവര്‍ദ്ധനെ കാണുവാന്‍ വന്നിരിക്കുന്നത്. ആരാണ് ഹര്‍ഷവര്‍ദ്ധന്‍? എന്തിനാണ് അലക്സ് അയാളെ അന്വേഷിച്ചു വന്നത്? ആരാണ് രാഘവന്റെ തിരോദ്ധനത്തിനു പിന്നില്‍? എന്നെല്ലാമാണ് ഈ സിനിമയുടെ കഥയിലൂടെ ചുരുലഴിയുന്നത്. ഹര്‍ഷവര്‍ദ്ധനായി ദുല്‍ഖറും, അലക്സായി ശ്രീനിവാസനും, രാമചന്ദ്രന്‍ നായരായി വിനയ് ഫോര്‍ട്ടും, രാഘവനായി വിനു മോഹന്റെ അനുജന്‍ അനു മോഹനും അഭിനയിച്ചിരിക്കുന്നു. 

കഥ, തിരക്കഥ: ബിലോ ആവറേജ് 
പ്രമേയപരമായോ കഥാപരമായോ പ്രത്യേകിച്ച് പുതുമകളൊന്നും ഇല്ല എന്നതുതന്നെയാണ് തീവ്രത്തിനുള്ള അടിസ്ഥാനമായ പോരായ്മകളില്‍ ഒന്ന്. സിനിമയുടെ തുടക്കത്തില്‍ കാണിക്കുന്ന ഒരു കൊലപാതകം ഈ സിനിമയുടെ പ്രധാന കഥയുമായി യാതൊരു ബന്ധവുമില്ല എന്നാണു പ്രേക്ഷകര്‍ക്ക്‌ തോന്നുന്നത്. യഥാര്‍ത്തത്തില്‍ പോലീസ് ഉദ്യോഗസ്ഥരായ അലസ്കിന്റെയും രാമചന്ദ്രന്‍ നായരുടെയും കഴിവ് തെളയിക്കുവാന്‍ വേണ്ടിയാണ് ആ കൊലപാതകത്തിന്റെ പ്രതിയെ പിടികൂടുന്ന രംഗങ്ങള്‍ ഈ സിനിമയില്‍ രൂപേഷ് ഉള്‍പെടുത്തിയത്‌ എന്ന് തോന്നുന്നു. പക്ഷെ, സിനിമ കാണുന്ന പ്രേക്ഷകര്‍ക്ക്‌ അത് മനസ്സിലാകാതെ പോകുന്നു എന്നിടത്താണ് തിരക്കഥ രചയ്താവ് കൂടിയായ സംവിധായകന്‍ പരാജയപെട്ടത്‌..... അതുപോലെ, ആദ്യപകുതിയില്‍ തന്നെ സസ്പെന്‍സ് ഒന്നും ഇല്ല എന്ന് പ്രേക്ഷകര്‍ തിരിച്ചറിയുന്നതോടെ തീവ്രത്തിന്റെ തീവ്രത നശിക്കുന്നു. മേല്പറഞ്ഞ പ്രശ്നങ്ങള്‍ക്ക് പുറമേ സിനിമയുടെ രണ്ടാം പകുതിയിലെ കഥാ സന്ദര്‍ഭങ്ങള്‍ ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയിലാണ് രൂപേഷ് തിരക്കഥ എഴുതിയിരിക്കുന്നത്. ഈ കുറവുകളൊക്കെ ഉണ്ടെങ്കിലും, ശ്രീനിവാസനും വിനയ് ഫോര്‍ട്ടും തമ്മിലുള്ള നര്‍മ്മം കലര്‍ന്ന സംഭാഷണങ്ങളും, ദുല്‍ഖറും നായിക ശിഖയും വിഷ്ണു രാഘവും റിയ സാറയും തമ്മിലുള്ള സൗഹൃദവും കാണികള്‍ക്ക് രസിക്കുന്ന രീതിയില്‍ വന്നിട്ടുണ്ട്. അവതരണത്തിലെന്ന പോലെ കഥയിലും പുതുമ ഉണ്ടായിരുന്നുവെങ്കില്‍ ഉസ്താദ് ഹോട്ടല്‍, സെക്കന്റ്‌ ഷോ എന്നീ സിനിമകള്‍ പോലെ തീവ്രവും പ്രേക്ഷകര്‍ സ്വീകരിക്കുമായിരുന്നു.

സംവിധാനം: ആവറേജ് 
കഥയിലില്ലത്ത പുതുമ അവതരണത്തില്‍ കൊണ്ടുവരാന്‍ രൂപേഷ് ശ്രമിച്ചതാണ് ഈ സിനിമയ്ക്ക് തുണയായത്. ആദ്യ പകുതില്‍ ശ്രീനിവാസനും വിനയ് ഫോര്‍ട്ടും ചേര്‍ന്നുള്ള രംഗങ്ങളും, രണ്ടാം പകുതിയില്‍ നാല്‍വര്‍ സംഘത്തിന്റെ സൌഹൃദം ചിത്രീകരിച്ചിരിക്കുന്ന രംഗങ്ങളുമാണ് ഏറ്റവും മികച്ച രീതിയില്‍ രൂപേഷ് സംവിധാനം ചെയ്തിരിക്കുന്നത്. അതുപോലെ തന്നെ ശ്രീനിവാസന്‍ ദുല്‍ഖറിന്റെ വീട്ടില്‍ കേസ് അന്വേഷണവുമായി ചെല്ലുന്ന രംഗങ്ങളും മികച്ചതായി അനുഭവപെട്ടു. രണ്ടാം പകുതിയിലെ സ്ലോ മോഷന്‍ സംഘട്ടന രംഗങ്ങള്‍ പ്രേക്ഷകരെ ബോറടിപ്പിച്ചു. ഈ സിനിമയിലെ ചില രംഗങ്ങള്‍ മികച്ചു നിന്നപ്പോള്‍, മറ്റുചിലത് അനാവശ്യമായി അനുഭവപെട്ടു. സിനിമയില്‍ യാതൊരു പ്രയോജനവുമില്ലാതെ മോഹന്‍ലാല്‍ അഭിനയിച്ച ഒരു പരസ്യം കാണിച്ചിട്ടുണ്ട്. അതുപോലെ ഉണ്ണി മുകുന്ദന്‍ എന്ന നടനെ കൊണ്ട് എന്തൊക്കയോ പറയിപ്പിക്കുനുണ്ട്. ഇതെല്ലാം ഈ സിനിമയെ ദോഷകരമായി ബാധിച്ച ഘടഗങ്ങളല്ല എങ്കിലും ഒഴിവാക്കാമായിരുന്ന രംഗങ്ങളായിരുന്നു. 


സാങ്കേതികം: എബവ് ആവറേജ് 
ഒരു പ്രതികാര കഥയായതു കൊണ്ടാവും ചായഗ്രഹകാന്‍ ഹരി നായര്‍ സിനിമയിലുടനീളം കുറവ് വെളിച്ചം ഉപയോഗിച്ചത്. പകല്‍ നടക്കുന്ന രംഗങ്ങള്‍ക്ക് പോലും ഒരു ഇരുട്ടുമയം തോന്നിപ്പിച്ചിരുന്നു. ഈ കുറവൊഴികെ മികച്ച വിഷ്വല്‍സ് ഒരുക്കുവാന്‍ ഹരിയ്ക്കു സാധിച്ചു. ഹരിയ്ക്കു പൂര്‍ണ പിന്തുണ നല്‍ക്കികൊണ്ട് കപില്‍ ഗോപാലകൃഷ്ണന്‍ മികച്ച രീതിയില്‍ രംഗങ്ങള്‍ കോര്‍ത്തിണക്കി. അതുപോലെ തന്നെ സിറില്‍ കുരുവിളയുടെ കലാസംവിധാനവും സിനിമയ്ക്ക് മാറ്റുകൂട്ടുന്നു. റഫീക്ക് അഹമ്മദ്, അരുണ്‍ നാരായണന്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് റോബി എബ്രഹാം ഈണമിട്ട മൂന്ന് പാട്ടുകളുണ്ട് ഈ സിനിമയില്‍... സാങ്കേതിക വശങ്ങള്‍ കൈകാര്യം ചെയ്തവരെല്ലാം സംവിധായകനെ മികച്ച രീതിയില്‍ സഹായിച്ചവരാണ്. 

അഭിനയം: എബവ് ആവറേജ് 
ഹര്‍ഷവര്‍ദ്ധന്‍ എന്ന പ്രതികാരദാഹിയായ ചെറുപ്പകാരനെയും, സംഗീതത്തെ ഇഷ്ടപെടുന്ന ഇന്നത്തെ തലമുറയിലെ പ്രധിനിധിയായും മികച്ച രീതിയില്‍ അഭിനയിക്കുവാന്‍ ദുല്‍ഖറിനു സാധിച്ചു. ഈ സിനിമയിലെ എടുത്തു പറയേണ്ട പ്രകടനം കാഴ്ചവെച്ച നാല് വ്യക്തികളാണ് ശ്രീനിവാസന്‍, വിനയ് ഫോര്‍ട്ട്‌, വിഷ്ണു രാഘവ്, അനു മോഹന്‍..പേടിയുള്ള പോലീസ് ഉദ്യോഗസ്ഥനെ പലതവണ ശ്രീനിവാസന്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, ഈ സിനിമയിലെ ബുദ്ധിമാനായതും അതെ സമയം പേടിയുമുള്ള പോലീസിനെ അച്ചടക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. ഇവരെ കൂടാതെ ജനാര്‍ദനന്‍, പി.ശ്രീകുമാര്‍, ശിഖ നായര്‍, റിയാ സാറ എന്നിവരും, സംവിധായകരായ ആഷിക് അബു, മാര്‍ടിന്‍ പ്രകാട്ട്, നടന്‍ ഉണ്ണി മുകുന്ദന്‍ എന്നിവരും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. 

സിനിമയുടെ പ്ലസ് പോയിന്റ്സ്:
1. സംഭാഷണങ്ങള്‍ 
2. കഥയോടുള്ള റിയലസ്റ്റിക്ക് സമീപനം 
3. ദുല്‍ഖര്‍ സല്‍മാന്‍, ശ്രീനിവാസന്‍, വിനയ് ഫോര്‍ട്ട്‌ എന്നിവരുടെ അഭിനയം 
4. ചായാഗ്രഹണം, ചിത്രസന്നിവേശം

സിനിമയുടെ മൈനസ് പോയിന്റ്സ്:
1. കണ്ടുമടുത്ത കഥ 
2. പുതുമകളില്ലാത്ത തിരക്കഥയും കഥാപാത്രങ്ങളും 
3. ക്ലൈമാക്സ് [സ്ലോ മോഷന്‍ സംഘട്ടനം]
4. ശിഖ നായരുടെ അഭിനയം 

തീവ്രം റിവ്യൂ: ത്രസിപ്പിക്കുന്ന രംഗങ്ങളോ കഥാഗതിയില്‍ സസ്പെന്‍സ് നിറഞ്ഞ മുഹൂര്‍തങ്ങളോ ഇല്ലാത്ത തീവ്രം, ദുല്‍ഖറിന്റെ തീവ്ര ആരാധകര്‍ക്കും ഒരല്‍പം വയലന്‍സ് സിനിമകള്‍ ഇഷ്ടപെടുന്നവര്‍ക്കും മാത്രം വേണ്ടിയുള്ളതാണ്.  

തീവ്രം റേറ്റിംഗ്: 4.70/10
കഥ, തിരക്കഥ: 3/10[ബിലോ ആവറേജ്]
സംവിധാനം: 5/10[ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3/5[എബവ് ആവറേജ്]
ടോട്ടല്‍ 14/30 [4.7/10]


രചന, സംവിധാനം: രൂപേഷ് പീതാംബരന്‍ 
നിര്‍മ്മാണം: വി.സി.ഇസ്മെയില്‍ 
ചായാഗ്രഹണം: ഹരി നായര്‍ 
ചിത്രസന്നിവേശം: കപില്‍ ഗോപാലകൃഷ്ണന്‍ 
സംഗീതം: റോബി എബ്രഹാം 
വരികള്‍: റഫീക്ക് അഹമ്മദ്‌, അരുണ്‍ കെ നാരായണന്‍ 
കലാസംവിധാനം: സിറില്‍ കുരുവിള്ള 
വിതരണം: എല്‍.. ജെ. ഫിലിംസ് 

No comments:

Post a Comment