30 Apr 2012

22 ഫീമെയില്‍ കോട്ടയം

അന്യഭാഷാ സിനിമകള്‍ക്ക്‌ മുമ്പില്‍ മലയാള സിനിമയുടെ യശസ്സ് ഉയര്‍ത്തിയ സിനിമകളായ ആദാമിന്റെ മകന്‍ അബു, ട്രാഫിക്‌ എന്നീ സിനിമകള്‍ക്ക്‌ ശേഷം, മറ്റൊരു ശക്തമായ പ്രമേയം 22 ഫീമെയില്‍ കോട്ടയം എന്ന മലയാള സിനിമയിലൂടെ രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടുവാന്‍ പോകുന്നു. കുറെ വര്‍ഷങ്ങളായി സ്ത്രീകള്‍ക്കെതിരെ നടന്നുവരുന്ന ക്രൂരതകളോട്, സ്ത്രീകള്‍ തന്നെ പ്രതികരിച്ചാല്‍ എന്ത് സംഭവിക്കും എന്നതാണ് 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയിലൂടെ ചര്ച്ചചെയ്യപെടുന്ന പ്രധാന വിഷയം. ബംഗാലൂരു പോലുള്ള വന്‍കിട നഗരങ്ങളില്‍ യഥാര്‍ഥത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന വിഷയമാണ് ആഷിക് അബുവും ശ്യാം പുഷ്കരനും അഭിലാഷ് കുമാറും ഈ സിനിമയ്ക്ക് കഥയായി തിരഞ്ഞെടുത്തിരിക്കുന്നത്. ആ വിഷയത്തോടും കഥയോടും നീതിപുലര്‍ത്തുന്ന രീതിയില്‍ വിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളിലൂടെ വികസിക്കുന്ന സിനിമയാണ് 22 ഫീമെയില്‍ കോട്ടയം. ഇത്രയും ശക്തമായ ഒരു പ്രമേയം സിനിമയക്കുവാന്‍ തീരുമാനിച്ച കഥാക്രുത്തുക്കള്‍ക്കും, സംവിധായകനും, നിര്‍മ്മാതാവിനും അഭിനന്ദനങ്ങള്‍!

കോട്ടയം ജില്ലയില്‍ ജനിച്ചു വളര്‍ന്ന, ഇപ്പോള്‍ ബംഗാലൂരില്‍ നേഴ്സായി ജോലി ചെയുന്ന, 22 വയസ്സ് പ്രായമുള്ള ടെസ്സ കെ. എബ്രഹാമാണ് ഈ സിനിമയിലെ നായിക. കാനഡയില്‍ നേഴ്സിംഗ് ജോലി ലഭിക്കുവാനായി ശ്രമിക്കുന്ന ടെസ്സ, വിസ എജന്റ് സിറില്‍ മാത്യുവിനെ പരിച്ചയപെടുന്നു. ആ ബന്ധം വളര്‍ന്നു സൌഹൃദത്തിലും, തുടര്‍ന്ന് അവര്‍ തമ്മില്‍ പ്രണയത്തിലുമാകുന്നു. അങ്ങനെയിരിക്കെ, ടെസ്സയുടെ ജീവിതത്തില്‍ അവിചാരിതമായി കുറെ സംഭവങ്ങളുണ്ടാകുന്നു. ആ ദുരന്തങ്ങളെല്ലാം സഹിച്ചു, അവള്‍ അവളെ ദ്രോഹിച്ചവര്‍ക്കെതിരെ നടത്തുന്ന പ്രതികാരമാണ് ഈ സിനിമയുടെ കഥ. ടെസ്സയായി റീമ കല്ലിങ്ങലും, സിറില്‍ മാത്യുവായി ഫഹദ് ഫാസിലും അഭിനയിച്ചിരിക്കുന്നു.

കഥ, തിരക്കഥ: ഗുഡ്
സോള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ എന്ന സിനിമയുടെ തിരക്കഥ രചയ്താക്കളില്‍ ഒരാളായ ശ്യാം പുഷ്കരനും, സിനിമ നടി ലെനയുടെ ഭര്‍ത്താവ് അഭിലാഷ് കുമാറും ചേര്‍ന്നാണ് 22 ഫീമെയില്‍ കോട്ടയം സിനിമയുടെ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയത്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു യഥാര്‍ത്ഥ വിഷയം, സിനിമയ്ക്കവശ്യമുള്ള എല്ലാ ഘടഗങ്ങളും ചേര്‍ത്ത് അവതരിപ്പിച്ചത് കൊണ്ട്, എല്ലാതരം പ്രേക്ഷകര്‍ക്കും കണ്ടിരിക്കുവാനും മനസിലാക്കുവാനും, അതിലുപരി സിനിമയിലൂടെ നല്‍കുന്ന സന്ദേശം ഉള്‍കൊള്ളുവാനും സാധിച്ചു. സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെ നടന്നുവരുന്ന ക്രൂരതകള്‍ക്കെതിരെ അവര്‍ തന്നെ പ്രതികരിക്കണം എന്നതാണ് ടെസ്സയുടെ ജീവിതത്തിലൂടെ തിരക്കഥ രചയ്താക്കളും സംവിധായകനും പ്രേക്ഷകര്‍ക്ക്‌ നല്‍ക്കുന്ന സന്ദേശം. ഈ സിനിമയില്‍ ടെസ്സ പ്രതികാരത്തിനായി സ്വീകരിക്കുന്ന വഴികള്‍ തന്നെ സ്വീകരിക്കണം എന്ന അര്‍ത്ഥമില്ല. സിനിമ എന്ന രീതിയില്‍ ഒരല്പം അതിശയോക്തി ടെസ്സയുടെ പ്രതികാര രീതിയില്‍ ഉണ്ടെങ്കിലും, ആ രംഗങ്ങളെല്ലാം വിശ്വസനീയമായി പ്രേക്ഷകര്‍ക്ക്‌ അനുഭവപെട്ടു എന്നിടത്താണ് തിരക്കഥകൃത്തുകള്‍ വിജയിച്ചത്.
 


സംവിധാനം: വെരി ഗുഡ്
സംവിധായകന്റെ കലയാണ്‌ സിനിമ എന്ന വിശേഷണം അര്‍ത്ഥമാകുന്ന രീതിയിലാണ് ആഷിക് അബു 22 ഫീമെയില്‍ കോട്ടയം സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യ സിനിമയില്‍ നിന്നും സോള്‍ട്ട് ആന്‍ഡ്‌ പെപ്പറില്‍ എത്തിയപ്പോള്‍ സംവിധായകന്‍ എന്ന നിലയില്‍ ഒരുപാട് വളര്‍ന്നിരുന്ന ആഷിക് അബു, താന്‍ മലയാള സിനിമയുടെ അഭിവാജ്യ ഘടകമായ സംവിധായകരില്‍ ഒരാളാണ് എന്ന് ഈ സിനിമയിലൂടെ തെളിയിച്ചിരിക്കുകയാണ്. സമാന്തര സിനിമയില്‍ കാണുന്നത് പോലെ, സാധാരണ പ്രേക്ഷര്‍ക്കൊന്നും മനസിലാക്കാതെ രംഗങ്ങളിലൂടെ കഥ പറഞ്ഞിരുന്നുവെങ്കില്‍, അംഗീകാരങ്ങള്‍ ലഭിക്കുവാന്‍ സാധ്യത കൂടുമായിരുന്നു. അംഗീകാരങ്ങള്‍ ലക്ഷ്യമാക്കാതെ, എല്ലാ സിനിമകളും ഇഷ്ടപെടുന്ന പ്രേക്ഷകര്‍ക്ക്‌ മനസിലാകും വിധത്തില്‍ ഈ സിനിമയെ സമീപിച്ച ആഷിക് അബുവിന് നന്ദി! അതുപോലെ തന്നെ, നായികയെ ഒരു തെറ്റും ചെയ്യാത്ത പതിവ്രതയായി ചിത്രീകരിക്കാതെ, എല്ലാ മനുഷ്യരെയും പോലെ ഒരല്പം തെറ്റുകുറ്റങ്ങളും കുറവുകളും ഒക്കെയുള്ള ഒരു സാധാരണ പെണ്ണായി ചിത്രീകരിച്ചതും വിശ്വസനീയമായി അനുഭവപെട്ടു. ഇതെല്ലാം സംവിധായകന്റെ കഴിവ് തന്നെ എന്നതില്‍ യാതൊരു സംശയവുമില്ല. മികവുറ്റ സാങ്കേതിക പ്രവര്‍ത്തകരെ ഈ സിനിമയില്‍ ഉപയോഗിച്ചതും സിനിമയ്ക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്. ആഷിക് അബുവിന്റെ അടുത്ത സിനിമ സംരംഭമായ 'ഇടുക്കി ഗോള്‍ഡ്‌' നായി
എല്ലാ സിനിമ പ്രേമികളെയും പോലെ നിരൂപണവും കാത്തിരിക്കുന്നു. 
 
സാങ്കേതികം: വെരി ഗുഡ്
ട്രാഫിക്‌, സോള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ എന്നീ സിനിമകളിലൂടെ ദ്രിശ്യവിസ്മയങ്ങള്‍ പ്രേക്ഷകര്‍ക്ക്‌ നല്‍ക്കിയ ഷൈജു ഖാലിദ്‌ എന്ന ചായഗ്രാഹകന്റെ അത്യുജ്വല വിഷ്വല്‍സ് ആണ് ഈ സിനിമയില്‍ പ്രേക്ഷകര്‍ കാണുവാന്‍ സാധിക്കുന്നത്. ഒരു സിനിമയിലെ ഓരോ രംഗങ്ങളും ഓര്‍ത്തിരിക്കുവാന്‍ പ്രേക്ഷകര്‍ക്ക്‌ സാധിക്കുന്നു എങ്കില്‍, അത് ചായഗ്രഹകാന്‍ എന്ന നിലയില്‍ ഷൈജു ഖാലിദിന്റെ വിജയം തന്നെയാണ്. ഷൈജു ക്യാമറയില്‍ പകര്‍ത്തിയ വിഷ്വല്‍സ് വിവേക് ഹര്‍ഷനാണ് സന്നിവേശം ചെയ്തിരിക്കുന്നത്. അതുപോലെ തന്നെ, റെക്സ് വിജയന്‍ നല്‍ക്കിയ പശ്ചാത്തല സംഗീതം ആ രംഗങ്ങളെ മികവുറ്റതാക്കുന്നു. ഭാവയുടെ കല സംവിധാനവും, സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും സിനിമയ്ക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്. ആര്‍. വേണുഗോപാല്‍, റഫീക്ക് അഹമ്മദ്‌ എഴുതിയ വരികള്‍ക്ക് ബിജിബാലാണ് സംഗീത സംവിധാനം നല്ക്കിയിരിക്കുന്നത്. ടൈറ്റില്‍ ഗാനം ഉള്‍പ്പടെ മൂന്ന് ഗാനങ്ങളാണ് ഈ സിനിമയില്‍ ഉള്ളത്. 


അഭിനയം: വെരി ഗുഡ്
സ്ത്രീകള്‍ക്ക് പ്രാധാന്യമുള്ള കഥകള്‍ മലയാള സിനിമയില്‍ ഉണ്ടാകുക എന്നത് വളരെ വിരളമാണ്. അങ്ങനെയുള്ള സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങളെല്ലാം ദുഖപുത്രികളാണ്. അതില്‍ നിന്നും വ്യതസ്തമായ കഥാപാത്രമാണ് ടെസ്സ. ടെസ്സയായി അതിമനോഹരമായ പ്രകടനമാണ് റീമ കല്ലിങ്ങല്‍ ഈ സിനിമയില്‍ കാഴ്ച്ചവെചിരിക്കുന്നത്. റീമയോടൊപ്പം തുല്യ പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിച്ച ഫഹദ് ഫാസിലും മികച്ച അഭിനയമാണ്
കാഴ്ച്ചവെചിരിക്കുന്നത്. ഇവരെ കൂടാതെ, പ്രതാപ്‌ പോത്തനും, ടീ.ജി.രവിയും, സത്താറും, കുറെ പുതുമുഖങ്ങളും അവരവരുടെ കഥാപാത്രങ്ങളെ മികവുറ്റതാക്കി. 

   
സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. പ്രമേയം,കഥ
2. ആഷിക് അബുവിന്റെ സംവിധാനം
3. സംഭാഷണങ്ങള്‍
4. ചായാഗ്രഹണം, ചിത്രസന്നിവേശം, പശ്ചാത്തല സംഗീതം
5. ഫഹദ്, റീമ, പ്രതാപ് പോത്തന്‍, ടീ.ജി.രവീ എന്നിവരുടെ അഭിനയം

 
22 ഫീമെയില്‍ കോട്ടയം റിവ്യൂ: സ്ത്രീകളോട് മോശമായി പെരുമാറുന്നവര്‍ക്കെതിരെ പ്രതികരിക്കുന്ന ടെസ്സയെ പോലെയുള്ള സ്ത്രീകളാണ് നമ്മുടെ സമൂഹത്തില്‍ ഉണ്ടാകേണ്ടത് എന്ന ശക്തമായ പ്രമേയം, പൂര്‍ണ വിശ്വസനീയതയോടെ അവതരിപ്പിച്ച സംവിധായകന്‍ ആഷിക് അബുവിനും, സംവിധായകനെ സഹായിച്ച നിര്‍മ്മാതാവ് ഓ.ജി സുനിലിനും, സാങ്കേതിക വശങ്ങള്‍ കൈകാര്യം ചെയ്ത ഷൈജു ഖാലിദ്‌, വിവേക് ഹര്‍ഷന്‍, ബിജിബാല്‍, റെക്സ് വിജയന്‍, സമീറ സനീഷ് തുടങ്ങിയവര്‍ക്കും, നടീനടന്മാരായ റീമ കല്ലിങ്ങല്‍, ഫഹദ് ഫാസില്‍, പ്രതാപ് പോത്തന്‍, സത്താര്‍, ടീ.ജി.രവീ എന്നിവര്‍ക്കും ഒരായിരം അഭിനന്ദനങ്ങള്‍!  
 

22 ഫീമെയില്‍ കോട്ടയം റേറ്റിംഗ്: 7.70 / 10
കഥ,തിരക്കഥ: 7 / 10 [ഗുഡ്]
സംവിധാനം: 8 / 10 [വെരി ഗുഡ്]
സാങ്കേതികം: 4 / 5 [വെരി ഗുഡ്]
അഭിനയം: 4 / 5 [വെരി ഗുഡ്]
ടോട്ടല്‍: 23 / 30 [7.7 / 10]

 
സംവിധാനം: ആഷിക് അബു
നിര്‍മ്മാണം: ഓ.ജി.സുനില്‍
ബാനര്‍: ഫിലിം ബ്രൂവരി
കഥ,തിരക്കഥ,സംഭാഷണം: ശ്യാം പുഷ്ക്കരന്‍, അഭിലാഷ് കുമാര്‍
ചായാഗ്രഹണം: ഷൈജു ഖാലിദ്‌
ചിത്രസന്നിവേശം:വിവേക് ഹര്‍ഷന്‍
വരികള്‍: വേണുഗോപാല്‍ ആര്‍., റഫീക്ക് അഹമ്മദ്‌
സംഗീതം: ബിജിബാല്‍
പശ്ചാത്തല സംഗീതം: റെക്സ് വിജയന്‍
വസ്ത്രാലങ്കാരം: സമീറ സനീഷ്
മേയിക്കപ്: റഹീം കൊടുങ്ങല്ലൂര്‍
വിതരണം: ഷേണായിസ് സിനിമാസ്

26 Apr 2012

ജോസേട്ടന്റെ ഹീറോ

മലയാള സിനിമയിലെ പുതിയ താരോദയം അനൂപ്‌ മേനോനെ നായകനാക്കി കെ.കെ.ഹരിദാസ് സംവിധാനം ചെയ്ത സിനിമയാണ് ജോസേട്ടന്റെ ഹീറോ. സാമ്പത്തിക പ്രതിസന്ധിയും സൂപ്പര്‍ സ്റ്റാര്‍ നായകന്റെ അനാവശ്യ ഇടപെടലുകളും മൂലം സിനിമയുടെ ചിത്രീകരണം മുടങ്ങിപോയ ഘട്ടത്തില്‍ ജോസേട്ടന്‍ എന്ന സിനിമ നിര്‍മ്മാതാവ് കണ്ടെത്തുന്ന പകരക്കാരനായ നായകനാണ് സാജന്‍. സിനിമയുടെ സ്റ്റില്‍ പടങ്ങള്‍ എടുക്കുന്ന സാജന് അപ്രതീക്ഷമായി ലഭിക്കുന്ന അവസരമാണ് ഈ നായക കഥാപാത്രം. സാജനെ നായകനാക്കാന്‍ ജോസേട്ടന്‍ ശ്രമിക്കുന്നതോടെ സൂപ്പര്‍ സ്റ്റാര്‍ നായകന് ജോസേട്ടനോട് ശത്രുത തോന്നുകയും, ജോസേട്ടന്റെ സിനിമ മുടക്കുവാന്‍ ശ്രമിക്കുന്നതും, സാജന്റെ ബുദ്ധിപരമായ ഇടപെടലുകള്‍ കൊണ്ട് ജോസേട്ടന്‍ സിനിമ പൂര്‍ത്തീകരിക്കുകയും സിനിമ വന്‍വിജയമാവുകയും ചെയ്യുന്നതാണ് ജോസേട്ടന്റെ ഹീറോ എന്ന സിനിമയുടെ കഥ. സാജനായി അനൂപ്‌ മേനോനും, ജോസെട്ടനായി വിജയരാഘവനും അഭിനയിച്ചിരിക്കുന്നു. 

നിരവധി ഹ്യൂമര്‍ സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള സംവിധായകനാണ് കെ.കെ.ഹരിദാസ്. ഹരിദാസ് സംവിധാനം ചെയ്തതില്‍ ഏറ്റവും മോശം എന്ന് പറയാവുന്ന ഒരു സിനിമയായിരിക്കും ജോസേട്ടന്റെ ഹീറോ. അനൂപ്‌ മേനോനെ പോലുള്ള നടന്മാര്‍ ജോസേട്ടന്റെ ഹീറോ പോലെയുള്ള സിനിമകളില്‍ അഭിനയിച്ചാല്‍ അത് പ്രേക്ഷകരോട് ചെയ്യുന്ന വഞ്ചന എന്നല്ലാതെ മറ്റൊന്നും പറയുവാനകില്ല. 

കഥ, തിരക്കഥ: മോശം
മിമിക്രി സിനിമകള്‍ക്ക്‌ തിരക്കഥകള്‍ എഴുതിയിട്ടുള്ള കലാഭവന്‍ അന്‍സാറും, നവാഗതനായ സത്യന്‍ കൊലങ്ങാടും ചേര്‍ന്ന് കഥയും തിരക്കഥയും സംഭാഷണങ്ങളും രചിച്ച ജോസേട്ടന്റെ ഹീറോ, മലയാള സിനിമ പ്രേക്ഷകരോട് ഇരുവരും ചേര്‍ന്ന് ചെയ്ത വഞ്ചന എന്ന് പറയുന്നതില്‍ ഖേദമുണ്ട്. സിനിമയ്ക്കുള്ളിലെ സിനിമ എന്ന കഥാതന്തു മികവുറ്റ രീതിയില്‍ അവതരിപ്പിച്ച സിനിമയാണ് ഉദയനാണ് താരം. ഇതേ കഥ ചര്‍ച്ച ചെയ്ത പത്തോളം സിനിമകളെങ്കിലും ഉദയനാണ് താരത്തിനു ശേഷം മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. മലയാള സിനിമയില്‍ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ സിനിമയ്ക്കുള്ളിലെ സിനിമ എന്ന കഥ വീണ്ടും സിനിമയാക്കുവാന്‍ ധൈര്യം കാണിച്ച തിരക്കഥ രചയ്തക്കള്‍ക്കും സംവിധായകനും നിര്‍മ്മാതാക്കള്‍ക്കും മനോനില തെറ്റിയിട്ടുണ്ടോ എന്ന് സംശയിച്ചു പോകുന്നു. എന്നെക്കാള്‍ ചവറു സിനിമ എടുക്കുന്നവര്‍ ഇവിടെയില്ലേ? എന്ന "സന്തോഷ്‌ പണ്ഡിറ്റ്‌ ചോദ്യം" ഓര്‍ത്തുപോകുന്നു. 


സംവിധാനം: മോശം
രഞ്ജിത്തിന്റെ തിരക്കഥ എഴുതിയ ജയറാം സിനിമ ജോര്‍ജ്കുട്ടി / ജോര്‍ജ്കുട്ടി, പ്രിയദര്‍ശന്‍ കഥയെഴുതിയ ശ്രീനിവാസന്‍ നായകനായ കിന്നരിപുഴയോരം എന്നീ സിനിമകള്‍ സംവിധാനം ചെയ്തുകൊണ്ട് സിനിമയിലെത്തിയ സംവിധായകനാണ് കെ.കെ.ഹരിദാസ്. കണ്ടുമടുത്ത ഒരു പ്രമേയം തിരഞ്ഞെടുത്ത് സിനിമയാക്കിയത്കൊണ്ട് ഹരിദാസ് എന്ന സംവിധായകന് എന്താണാവോ ഉദേശിച്ചത്‌ എന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണം. സിനിമയുടെ അവസാനം ജോസേട്ടന്‍ നിര്‍മ്മിച്ച സിനിമ വിജയിച്ചു എന്ന് ചിത്രീകരിച്ച രംഗങ്ങളാണ് ഈ സിനിമയിലെ ഏറ്റവും മോശം.കഥാഗതിയില്‍ യാതൊരു പ്രയോജനവുമില്ലാത്ത തട്ടിക്കൂട്ട് തമാശകളും
കുറെ രംഗങ്ങളും കുത്തിനിറച്ച ഈ സിനിമ, പ്രേക്ഷകരെ ബോറടിയുടെ കൊടുമുടിയില്‍ എത്തിച്ചു. ഈ സിനിമ കണ്ട പ്രേക്ഷകര്‍ ഇനിയൊരു കെ.കെ.ഹരിദാസ് സിനിമ കാണുവാന്‍ തയ്യാറാവുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സാങ്കേതികം: ബിലോ ആവറേജ്
സംവിധായകന്‍ കെ.കെ ഹരിദാസ് പറഞ്ഞുകൊടുത്ത രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി എന്നതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല ചായഗ്രഹകാന്‍ സെന്തില്‍രാജ്. പ്രേക്ഷകരെ കൂടുതല്‍ വെറുപ്പിക്കാതെ രണ്ടു മണിക്കൂറിനുള്ളില്‍ സിനിമ അവസാനിപ്പിച്ചതിന് വിവേക് ഹര്‍ഷന് നന്ദി! സാജന്‍ കെ. റാം സംഗീതം നല്‍ക്കിയ രണ്ടു പാട്ടുകളുണ്ട് ഈ സിനിമയില്‍. എന്തക്കയോ ശബ്ദകോലാഹലങ്ങള്‍ വന്നുപോയീ എന്നല്ലാതെ പാട്ടുകളൊന്നും ശരാശരി നിലവാരം പോലുമില്ലത്തവയാണ്. 

അഭിനയം: ബിലോ ആവറേജ്  
ഉദയനാണ് താരത്തിലെ മോഹന്‍ലാലിന്‍റെ മാനറിസങ്ങളും പ്രാഞ്ചിയേട്ടനിലെ മമ്മൂട്ടിയുടെ സംഭാഷണ രീതിയും അഭിനയത്തില്‍ അറിഞ്ഞോ അറിയാതയോ പകര്‍ത്തിയ അനൂപ്‌ മേനോനും, സിനിമയെ സ്നേഹിക്കുന്ന നല്ലവനായ നിര്‍മ്മാതാവിന്റെ വേഷത്തില്‍ അഭിനയിച്ച വിജയരാഘവനും അവരവരുടെ രംഗങ്ങള്‍ മോശമാക്കിയില്ല. വില്ലന്‍ റോളില്‍ എത്തിയ അശോകനും പ്രേക്ഷകരെ നിരാശപെടുത്തിയില്ല. എന്നാല്‍ നായികയായി അഭിനയിച്ച കിര്‍ത്തിയുടെ മലയാള ഉച്ചാരണവും അഭിനയവും പരിതാപകരമായിരുന്നു. ഇവരെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, ഭീമന്‍ രഘു, കൊച്ചുപ്രേമന്‍, ജനാര്‍ദനന്‍, നന്ദു, കലാഭവന്‍ റഹ്മാന്‍, കലാഭവന്‍ ഷാജോണ്‍, സുദീഷ്, ടോണി, സീനത് എന്നിവരും ഈ സിനിമയിലെ അഭിനേതാക്കളാണ്.  
 
സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. അനൂപ്‌ മേനോന്‍, വിജയരാഘവന്‍ എന്നിവരുടെ സാന്നിധ്യം  
 


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. കഥ, തിരക്കഥ
2. സംവിധാനം
3. പാട്ടുകള്‍
4. ക്ലൈമാക്സ് 


ജോസേട്ടന്റെ ഹീറോ റിവ്യൂ: പരിതാപകരമായ കഥാസന്ദര്‍ഭങ്ങളും പഴഞ്ജന്‍ സംവിധാന രീതിയും വേണ്ടുവോളമുള്ള സിനിമയാണ് ജോസേട്ടന്റെ ഹീറോ. പ്രേക്ഷകരോട് എന്തിനീ കൊലവെറി? 

ജോസേട്ടന്റെ ഹീറോ റേറ്റിംഗ്: 2.00 / 10
കഥ, തിരക്കഥ: 1/10[മോശം]
സംവിധാനം: 1/10[മോശം]

സാങ്കേതികം: 2/5[ബിലോ ആവറേജ്]
അഭിനയം: 2/5[ബിലോ ആവറേജ്]
ടോട്ടല്‍: 6 / 30 [2/10]


സംവിധാനം: കെ.കെ.ഹരിദാസ്
കഥ, തിരക്കഥ.സംഭാഷണം: അന്‍സാര്‍ കലാഭവന്‍, സത്യന്‍ കൊലങ്ങാട്
നിര്‍മ്മാണം: സല്‍മാര മുഹമ്മദ്‌, ഷെരീഫ് 
ചായാഗ്രഹണം: സെന്തില്‍ രാജ്
ചിത്രസന്നിവേശം: വിവേക് ഹര്‍ഷന്‍
വരികള്‍: റഫീക്ക് അഹമ്മദ്
സംഗീതം: സാജന്‍ കെ. റാം
വിതരണം: എം.ആര്‍.എസ്

25 Apr 2012

എം എല്‍ എ മണി പത്താം ക്ലാസും ഗുസ്തിയും

മലയാള സിനിമയുടെ കറുത്തമുത്ത്‌ ചാലക്കുടി മണി എന്ന കലാഭവന്‍ മണി ആദ്യമായി കഥയെഴുതുകയും പാട്ടുകള്‍ക്ക് സംഗീതം നല്‍ക്കുകയും, അതിനോടൊപ്പം പാട്ടുകള്‍ പാടുകയും, നായകനായി അഭിനയിക്കുകയും ചെയ്ത സിനിമയാണ് എം എല്‍.. എ മണി പത്താം ഗ്ലാസും ഗുസ്തിയും. ആന്‍ മരിയ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ജോയ് മുളവനാല്‍ നിര്‍മ്മിച്ച ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ശ്രീജിത്ത്‌ പലേരിയാണ്. ബെന്‍ ജോണ്‍സണ് ശേഷം കലാഭവന്‍ മണിയ്ക്ക് വേണ്ടി ടി.എ.ഷാഹിദ് തിരക്കഥയും സംഭാഷണങ്ങളും രചിച്ച ഈ സിനിമയില്‍ ലെനയാണ് നായിക. ശക്തമായ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് വിജയരാഘവനും ഷമ്മി തിലകനും അഭിനയിക്കുനുണ്ട് ഈ സിനിമയില്‍..മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ സിദ്ദിക്കാണ്. ഇവരെ കൂടാതെ ബാബു നമ്പൂതിരി, ഹരിശ്രീ അശോകന്‍, അരുണ്‍, അബു സലിം, ചെമ്പില്‍ അശോകന്‍, മജീദ്‌, കലാഭവന്‍ ഷാജോണ്‍, ഗീത സലാം, കിരണ്‍ രാജ്, വിദ്യ, സാധിക, അംബിക മോഹന്‍ എന്നിവരുമുണ്ട്. 

രാഷ്ട്രീയ ഗുണ്ടയായിരുന്ന മണി എന്നയാളെ രാഷ്ട്രീയത്തിലെ അയാളുടെ സംരക്ഷകര്‍ തന്നെ ചതിക്കുകയും, ചെയ്യാത്ത കുറ്റത്തിന് ജയില്‍ ശിക്ഷ ഏറ്റെടെക്കുവാന്‍ പ്രേരിപ്പിച്ചു വഞ്ചിക്കുകയും ചെയ്യുന്നു. ജയില്‍ ശിക്ഷ കഴിഞ്ഞു ശിഷ്ടകാലം പെങ്ങള്മൊത്തു നാട്ടില്‍ കൃഷി ചെയ്തു ജീവിക്കാനും തയ്യാറാവുന്ന മണിയെ വില്ലന്മാര്‍ വീണ്ടും വേട്ടയാടുന്നു. ഇതെനെതിരെ ബുദ്ധിപരമായി പ്രതികാരം വീട്ടുന്ന മണി ആദ്യപടി എന്ന നിലയില്‍ അവര്‍ക്കെതിരെ തിരഞ്ഞെടുപ്പിന് മത്സരിക്കുകയും അതില്‍ വിജയിക്കുകയും, അങ്ങനെ മണി എം.എല്‍..എ.മണിയാവുകയും, തുടര്‍ന്ന് വില്ലന്മാര്‍ക്കെതിരെ പ്രതികാരം വീട്ടുന്നതുമാണ് ഈ സിനിമയുടെ കഥ. സുധിയാണ് ഈ സിനിമയുടെ ചായാഗ്രഹണം. മേന്റോസ് ചിത്രസന്നിവേശവും നിര്‍വഹിക്കുന്നു. മുരുകന്‍ കാട്ടക്കടയാണ് പാട്ടുകള്‍ എഴുതിയിരിക്കുന്നത്. 

കഥ, തിരക്കഥ: ബിലോ ആവറേജ്
നടന്‍ കലാഭവന്‍ മണി ആദ്യമായി കഥയെഴുതിയ ഈ സിനിമയ്ക്ക് വേണ്ടി ടി.എ.ഷാഹിദാണ് തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത്. കലാഭവന്‍ മണിയുടെ സിനിമകളില്‍ നിന്ന് എന്താണോ മണിയുടെ സിനിമകള്‍ കാണുന്ന പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് അതെല്ലാം ഈ സിനിമയിലുണ്ട്. ബെന്‍ ജോണ്‍സണ്‍ എന്ന സിനിമയുടെ ചേരുവകളെല്ലാം വ്യതസ്ത സാഹചര്യങ്ങളിലൂടെ കഥാപാത്രങ്ങളിലൂടെ പറഞ്ഞുപോകുന്ന സിനിമയാണ് എം എല്‍ എ മണി പത്താം ക്ലാസും ഗുസ്തിയും. ഒരു താരത്തിന്റെ ആരാധകരില്‍ നിന്നും മാത്രം മികച്ച അഭിപ്രായം കേള്‍ക്കുവാന്‍ വേണ്ടി സിനിമയുണ്ടാക്കുക എന്നതാണ് ടി.എ.ഷഹിദ് ഉദ്ദേശിച്ചത് എങ്കില്‍, അതില്‍ അദ്ദേഹം വിജയിച്ചു എന്നത് സത്യമാണ്. പക്ഷെ, ഒരു നല്ല സിനിമയുണ്ടാക്കുന്നതിലും പുതുമയുള്ള കഥസന്ദര്‍ഭങ്ങള്‍ രചിക്കുന്നതിലും ഷാഹിദ് പരാജയപെട്ടു. പ്രവചിക്കനവുന്ന കഥാഗതിയും സംഭാഷണങ്ങളും പ്രേക്ഷകരെ ബോറടിപ്പിച്ചു. കലാഭവന്‍ മണിയുടെ ആരാധകരെ ത്രിപ്പ്തിപെടുത്തുകയും എല്ലാത്തരം നല്ല സിനിമകളും ഇഷ്ടപെടുന്ന പ്രേക്ഷകരെ നിരാശരാക്കതിരിക്കുകയും ചെയ്തിരുന്നുവെങ്കില്‍ മണിയുടെ തന്നെ മികച്ച സിനിമകളില്‍ ഒന്നാകുമായിരുന്നു ഈ സിനിമ.

സംവിധാനം: ബിലോ ആവറേജ്
നവാഗത സംവിധായകന്‍ എന്ന നിലയില്‍ ശ്രീജിത്ത്‌ പലേരിയ്ക്ക് ലഭിച്ച മികച്ച അവസരമാണ് ഈ സിനിമ. തീര്‍ത്തും നിരശപെടുത്തുന്ന സംവിധാന രീതിയാണ് ഈ സിനിമയിലെത്. മറ്റേതു സംവിധായകരെയും പോലെ ഒരു മണി സിനിമ സംവിധാനം ചെയ്തു എന്നതല്ലാതെ മികച്ച അഭിനേതാക്കളെ ലഭിച്ചിട്ടും അവരെ പ്രയോജനപെടുത്തത്ത അവസ്ഥയാണ് പ്രേക്ഷകര്‍ കണ്ടത്. സിദ്ദിക്ക്, ഷമ്മി തിലകന്‍, വിജയരാഘവന്‍ തുടങ്ങിയ നടന്മാരെ നല്ല രീതിയില്‍ ഉപയോഗിച്ചില്ല ശ്രീജിത്ത്‌.... മുന്‍കാല കലാഭവന്‍ മണി സിനിമകളെ അപേക്ഷിച്ച് ഈ സിനിമ ഭേദമാണെങ്കിലും, നല്ലൊരു സിനിമയില്‍ നിന്നും ഏറെ അകലം പാലിക്കുന്ന സിനിമയാണിതും.മറ്റൊരു അവസരം ശ്രീജിത് ലഭിക്കട്ടെ! 

സാങ്കേതികം: ആവറേജ്
കലാഭവന്‍ മണി സംഗീതം നല്‍ക്കിയ രണ്ടു ഗാനങ്ങളും കേള്‍ക്കാന്‍ ഇമ്പമുള്ളതാണ്. മുരുകന്‍ കാട്ടക്കടയാണ് വരികള്‍ എഴുതിയിരിക്കുന്നത്. സുധി നിര്‍വഹിച്ച ചായഗ്രഹണവും മേന്റോസ് കൂട്ടിയോജിപിച്ച ദ്രിശ്യങ്ങളും ശരാശരി നിലവാരം പുലര്‍ത്തുന്നവയാണ്. 

അഭിനയം: ആവറേജ്
കലാഭവന്‍ മണിയുടെ സ്ഥിരം മാനറിസങ്ങളെല്ലാം ഈ സിനിമയില്‍ ആരാധകര്‍ക്ക് കാണുവാന്‍ സാധിക്കുമെങ്കിലും, മികച്ച സംഭാഷണങ്ങളോ, ത്രില്ലടിപ്പിക്കുന്ന രംഗങ്ങളോ ഇല്ലാത്തതിനാല്‍ അതൊന്നും പ്രേക്ഷകരിലേക്ക് എത്തുന്നില്ല. വില്ലന്‍ വേഷത്തിലെത്തിയ വിജയരാഘവനും ഷമ്മി തിലകനും, നായക തുല്യമായ റോളില്‍ എത്തിയ സിദ്ദിക്കും മികച്ച അഭിനയം കാഴ്ചവെച്ചു. ഇവരോടൊപ്പം ബാബു നമ്പൂതിരിയും ലെനയും അവരവരുടെ റോളുകള്‍ മോശമക്കാതെ അവതരിപ്പിച്ചു. ഹരിശ്രീ അശോകന്‍ തന്റെ സ്ഥിരം കോമഡി നമ്പറുകള്‍ ഇറക്കിയെങ്കിലും അതൊന്നും പ്രേക്ഷകര്‍ക്ക്‌ ദഹിച്ചില്ല. 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. കലാഭവന്‍ മണി
2. പാട്ടുകള്‍

സിനിമയുടെ മൈനസ് പോയിന്റ്സ്:
1. കഥ, തിരക്കഥ
2. സംവിധാനം

എം എല്‍ എ മണി പത്താം ക്ലാസും ഗുസ്തിയും റിവ്യൂ: കലാഭവന്‍ മണി എന്ന നടന്റെ ആരാധര്‍ക്ക് ഇഷ്ടമാവുന്ന എല്ലാ ചേരുവകളും ചേര്‍ത്ത സാധാരണ ഒരു മണി പടം! 

എം എല്‍ എ മണി പത്താം ക്ലാസും ഗുസ്തിയും റേറ്റിംഗ്: 3.60 / 10
കഥ, തിരക്കഥ: 3 / 10[ബിലോ ആവറേജ്]
സംവിധാനം: 3 / 10[ബിലോ ആവറേജ്]
സാങ്കേതികം: 2.5 / 5[ആവറേജ്]
അഭിനയം: 2.5 / 5[ആവറേജ്] 
ടോട്ടല്‍ 11 / 30 [3.6 /10]

സംവിധാനം: ശ്രീജിത്ത്‌ പലേരി
കഥ, സംഗീതം: കലാഭവന്‍ മണി 
തിരക്കഥ, സംഭാഷണങ്ങള്‍::ടി.എ. ഷാഹിദ്
നിര്‍മ്മാണം: ജോയ് മുളവനാല്‍
ചായാഗ്രഹണം: സുധി
ചിത്രസന്നിവേശം:മേന്റോസ്
വരികള്‍: മുരുകന്‍ കാട്ടാക്കട

15 Apr 2012

കോബ്ര

ദി കിംഗ്‌ ആന്‍ഡ്‌ ദി കമ്മീഷണര്‍ എന്ന സിനിമയ്ക്ക് ശേഷം എംപറര്‍ സിനിമയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മ്മിച്ച്‌ മെഗാസ്റ്റാര്‍ ഭരത് മമ്മൂട്ടിയും സംവിധായകനും നടനുമായ ലാലും ഒന്നിച്ച സിനിമയാണ് കോബ്ര. തൊമ്മനും മക്കളും, ബ്ലാക്ക്‌, ബെസ്റ്റ് ആക്ടര്‍ എന്നീ സിനിമകള്‍ക്ക്‌ ശേഷമാണ് മമ്മൂട്ടിയും ലാലും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഒരു മുഴുനീള ഹാസ്യചിത്രം ഒരുങ്ങുന്നത്. സംവിധായകന്‍ ലാല്‍ തന്നെ കഥയും തിരക്കഥയും സംഭാഷണങ്ങളും സംവിധാനവും നിര്‍വഹിച്ച കോബ്ര, മമ്മൂട്ടിയുടെ വിഷു റിലീസ് സിനിമയയാണ് തിയറ്ററുകളില്‍ എത്തിയത്. കോബ്ര എന്നത് നായകന്മാരായ മമ്മൂട്ടിയുടെയും ലാലിന്റെയും വെളിപേരാണ്. വെളുത്ത നിറമുള്ള രാജവെമ്പാല അഥവാ രാജയായി മമ്മൂട്ടിയും, കറുത്ത നിറമുള്ള കരിമൂര്‍ഖന്‍ അഥവാ കരിയായി ലാലും അഭിനയിക്കുന്ന ഈ സിനിമയില്‍, നായക കഥാപാത്രങ്ങളെ കോബ്ര എന്ന വെളിപെരില്‍ അറിയപെടാനുള്ള കാരണങ്ങള്‍ ഏറെയാണ്‌. മലേഷ്യയിലെ 'കോ'ലാലംപൂരില്‍ ഇരട്ടകുട്ടികളായി ജനിച്ച ഇവര്‍ വളര്‍ന്നത്‌ 'കോ'യമ്പത്തൂരിലും, പിന്നീട് ബിസിനസ് ആവശ്യങ്ങള്‍ക്കായി ഡല്‍ഹിയിലെ 'കോ'ണാട്ട് പ്ലെയിസില്‍ പോയത് കൊണ്ടും, കല്യാണം കഴിക്കുവാനായി 'കോ'ട്ടയത് എത്തിയത് കൊണ്ടും, ഒടുവില്‍ സഹോദരിമാരെ വിവാഹം ചെയ്യുവാന്‍ തീരുമാനിച്ചതോടെ 'കോ'ബ്രദേഴ്സും ആകുകയും ചെയ്യുന്നു രാജയും കരിയും. സഹോദരങ്ങളായ ഇവര്‍ തമ്മിലുള്ള സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും കഥപറയുന്ന ഈ ലാല്‍ ചിത്രത്തിന് വേണ്ടി ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് വേണുവാണ്. ലാലിന്‍റെ സഹോദരന്‍ അലക്സ് പോളാണ് പാട്ടുകള്‍ക്ക് വേണ്ടി സംഗീതം പകര്‍ന്നിരിക്കുന്നത്. വി.സാജനാണ് ചിത്രസന്നിവേശം. 

ഇരട്ടകുട്ടികളായി ജനിച്ച രാജയും കരിയും ഒരു ബിസിനസ് ആവശ്യത്തിനായി ജോണ് സാമുവലിനെ പരിച്ചയപെടുന്നു. ആ പരിചയം വളര്‍ന്നു സൌഹൃത്തിലെത്തുകയും ജോണ് സാമുവലിന്റെ വീട് കോബ്രകള്‍ വിലയ്ക്ക് വാങ്ങുകയും ചെയുന്നു.അങ്ങനെയിരിക്കെ ഒരു പ്രത്യേക സാഹചര്യത്തില്‍ കോബ്രകള്‍ ആ വീട്ടില്‍ താമസം തുടങ്ങുന്നു. ജോണ് സാമുവലിന്റെ പെണ്‍മക്കളെ ഇഷ്ടമാകുന്ന രാജയും കരിയും പിന്നീട് ആ വീട് വിട്ടു പോകാതെ ആകുന്നു. മിടുക്കന്മാരായ കോബ്രകളെ ഇഷ്ടമാകുന്ന ജോണ് സാമുവല്‍, അയാളുടെ പെണ്‍മക്കളെ കോബ്രകള്‍ക്ക് വിവാഹം ചെയ്തു കൊടുക്കുവാന്‍ തീരുമാനിക്കുന്നു. എല്ലാം ശുഭകരമായി പോക്കുന്നതിനിടയില്‍ ചില ശത്രുക്കള്‍ ചേര്‍ന്ന് രാജയും കരിയും തമ്മില്‍ വേര്‍പെടുത്തുവാനായി ശ്രമിക്കുന്നു. തുടര്‍ന്ന് രാജയുടെയും കരിയുടെയും ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. ജോണ് സാമുവലായി ലാല് അലക്സും, പെണ്‍ മക്കളുടെ വേഷത്തില്‍ പത്മപ്രിയയും കനിഹയുമാണ് അഭിനയിക്കുന്നത്.  

കഥ, തിരക്കഥ: ബിലോ ആവറേജ്
ടൂര്‍ണമെന്റ് എന്ന പരീക്ഷണ സിനിമയ്ക്ക് ശേഷം ലാല്‍ സംവിധാനം ചെയ്ത കോബ്രയെ ഹാസ്യത്തിന് പ്രാധാന്യം നല്ല്കിയെടുത്ത ഒരു മമ്മൂട്ടി സിനിമ എന്ന് വിശേഷിപ്പിക്കാം. അവിവാഹിതരായ ഇരട്ട സഹോദരങ്ങള്‍ കല്യാണം കഴിക്കുവാനായി ശ്രമിക്കുന്നതും അതിനെ തുടര്‍ന്ന് ഉണ്ടാകുന്ന ചില പ്രശ്നങ്ങളുമാണ് സിനിമയുടെ കഥ. ലാല്‍ എന്ന തിരക്കഥകൃത്ത് ഈ സിനിമയുടെ തിരക്കഥ എഴുതുന്നതിനു തൊട്ടുമുമ്പ് തെങ്കാശിപട്ടണം എന്ന സിനിമയും തൊമ്മനും മക്കളും എന്ന സിനിമയും ഒരു പ്രാവശ്യമെങ്കിലും കണ്ടിട്ടുണ്ടാവും എന്നുറപ്പ്. കാരണം മേല്പറഞ്ഞ രണ്ടു സിനിമകളിലും പ്രേക്ഷകര്‍ കണ്ടിട്ടുള്ള കഥാസന്ദര്‍ഭങ്ങളും തമാശകളുമാണ് കോബ്രയിലുമുള്ളത്. ലാല്‍
ഇന്നുവരെ എഴുതിയ സിനിമകളുമായി താരതമ്യം ചെയ്താല്‍, കോബ്രയുടെ തിരക്കഥയിലാവും കൂടുതല്‍ പോരായ്മകള്‍. ഈ സിനിമ കണ്ടുകൊണ്ടിരിക്കുന്ന സാമാന്യ ബുദ്ധിയുള്ള ഏതൊരു പ്രേക്ഷകനും പ്രവചിക്കനാകുന്നതാണ് ഈ സിനിമയുടെ കഥ. സിനിമയുടെ അവസാനമുള്ള സംഘട്ടന രംഗങ്ങള്‍ ഒഴികെ, വേറൊരു പുതുമയും ഈ സിനിമയ്ക്കില്ല. ഇതുപോലുള്ള തട്ടിക്കൂട്ട് തമാശ സിനിമകള്‍ 10 വര്‍ഷം മുമ്പാണെങ്കില്‍ ഒരു പക്ഷെ വിജയിക്കുമായിരുന്നു. ഒരു ലാല്‍ സിനിമ എന്ന രീതിയില്‍ കോബ്ര പ്രേക്ഷകരെ നിരാശപെടുത്തി.  
 

സംവിധാനം: ബിലോ ആവറേജ്
ശരാശരി നിലവാരം പോലുമില്ലാത്ത കുറെ ഹാസ്യ രംഗങ്ങളും, രണ്ട് അര്‍ത്ഥങ്ങളുള്ള തമാശകളും, കണ്ടുമടുത്ത രംഗങ്ങളുള്ള കോബ്ര എന്ന സിനിമ പ്രേക്ഷകര്‍ കണ്ടിരിക്കുവാനുള്ള പ്രധാന കാരണം ലാല്‍ എന്ന സംവിധായകന്റെ കഴിവ് തന്നെ എന്നതില്‍ യാതൊരു സംശയവുമില്ല. ഈ സിനിമയിലെ ഭൂരിഭാഗം രംഗങ്ങളും തെങ്കാശിപട്ടണം, തൊമ്മനും മക്കളും എന്ന സിനിമകളില്‍ പ്രേക്ഷകര്‍ കണ്ടിട്ടുള്ളതാണെങ്കിലും, ലാലിന്‍റെ സംവിധാന മികവു കൊണ്ട് അവയൊന്നും മോശമായില്ല. ക്ലൈമാക്സ് രംഗങ്ങളിലെ അള്‍ട്ര സ്ലോ മോഷന്‍ ഉപയോഗിച്ചുള്ള സംഘട്ടന രംഗങ്ങള്‍ പ്രേക്ഷകര്‍ ഏറെ കൌതുകത്തോടെയാണ് കണ്ടിരുന്നത്‌. 
 

 
സാങ്കേതികം: എബവ് ആവറേജ്
വേണു, ദീപക് ദേവ്, വി,സാജന്‍ എന്നിവരുടെ മികവുറ്റ സാങ്കേതിക സഹായമാണ് ലാല്‍ എന്ന
സംവിധായകന് ഏറ്റവും ഗുണം ചെയ്തിരിക്കുന്നത്. മികച്ച വിഷ്വല്‍സ് ചിത്രീകരിച്ച വേണും, ഓരോ രംഗങ്ങള്‍ക്കും അനിയോജ്യമായ പശ്ചാത്തല സംഗീതം നല്‍ക്കിയ ദീപക് ദേവും, കൃത്യതയാര്‍ന്ന ചിത്രസന്നിവേശം ചെയ്ത വി. സാജനും അവകാശപെട്ടതാണ് ഈ സിനിമയുടെ ചെറിയ വിജയം. സന്തോഷ്‌ വര്‍മ രചിച്ചു ലാലിന്‍റെ സഹോദരന്‍ അലക്സ് പോള്‍ ഈണം നല്‍ക്കിയ രണ്ടു പാട്ടുകളും ശരാശരി നിലവാരം പുലര്‍ത്തുന്നവയാണ്.

അഭിനയം: ആവറേജ്
മമ്മൂട്ടി, ലാല്‍, ലാലു അലക്സ്, സലിം കുമാര്‍, മണിയന്‍പിള്ള രാജു, ജഗതി ശ്രീകുമാര്‍, ബാബു ആന്റണി, അഹമ്മദ്‌ ഹമൂദ, പത്മപ്രിയ, കനിഹ എന്നിവരാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രാജമാണിക്യം, തൊമ്മനും മക്കളും, മായാവി എന്നീ സിനിമകളില്‍ മമ്മൂട്ടി പറയുന്ന സംഭാഷണങ്ങളിലെ തമാശകള്‍ പ്രേക്ഷകരെ ഏറെ രസിപ്പിച്ചതാണ്. എന്നാല്‍, കോബ്രയില്‍ മമ്മൂട്ടി പറയുന്ന തമാശകള്‍ ഒന്നുംതന്നെ പ്രേക്ഷകരെ രസിപ്പിക്കുന്നില്ല. ഏറെകുറെ ഇത് തന്നെയാണ് ലാലിന്റെയും അവസ്ഥ. സിനിമയുടെ രണ്ടാം പകുതിയിലെ ഒന്നുരണ്ടു തമാശകള്‍ ഒഴികെ ഓര്‍ത്തിരുന്നു ചിരിക്കുവാനുള്ള തമാശകള്‍ സലിം കുമാറിന് പോലും പറയുവാനില്ല. ഈ സിനിമയില്‍ ഏറ്റവും മികച്ച അഭിനയം കാഴ്ചവെച്ചത് ലാലു അലക്സാണ്. ലാലു അല്സ്കിന്റെ തനതായ ശൈലിയിലുള്ള സംഭാഷണങ്ങള്‍ പ്രേക്ഷകര്‍ കയ്യടിയോടുകൂടിയാണ് സ്വീകരിച്ചത്.
 


സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. ലാലിന്‍റെ സംവിധാനം
2. വേണുവിന്റെ ചായാഗ്രഹണം
3. ക്ലൈമാക്സ് സംഘട്ടന രംഗങ്ങള്‍
4. പശ്ചാത്തല സംഗീതം 


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. കഥ, തിരക്കഥ
2. നിലവാരമില്ലാത്ത ഹാസ്യ രംഗങ്ങള്‍
3. കണ്ടുമടുത്ത കഥാസന്ദര്‍ഭങ്ങള്‍
4. പ്രവചിക്കനവുന്ന കഥയും കഥാപാത്രങ്ങളും


കോബ്ര റിവ്യൂ: ഒരു 'ലാല്‍ സിനിമ' എന്ന രീതിയില്‍ കോബ്ര പ്രേക്ഷകരെ നിരാശപെടുത്തുമെങ്കിലും, മമ്മൂട്ടിയുടെ ആരാധകരെ ത്രിപ്തിപെടുത്തുന്ന രീതിയില്‍ ആസ്വാദനത്തിനുള്ള എല്ലാ ചേരുവകളും ചേര്‍ത്ത് ലാല്‍ ഒരുക്കിയ ഒരു 'മമ്മൂട്ടി സിനിമ'യാണ് കോബ്ര.

കോബ്ര റേറ്റിംഗ്: 3.80 / 10
കഥ, തിരക്കഥ: 3 / 10[ബിലോ ആവറേജ്]
സംവിധാനം: 3 / 10 [
ബിലോ ആവറേജ്]
സാങ്കേതികം: 3 / 5 [എബവ് ആവറേജ്]
അഭിനയം: 2.5 / 5[ആവറേജ്]
ടോട്ടല്‍: 11.5 / 30 [3.8 / 10]
    

രചന, സംവിധാനം: ലാല്‍
നിര്‍മ്മാണം: ആന്റോ ജോസഫ്
ബാനര്‍: എംപറര്‍ സിനിമ
ചായാഗ്രഹണം: വേണു
ചിത്രസന്നിവേശം: വി.സാജന്‍
വരികള്‍: സന്തോഷ്‌ വര്‍മ
സംഗീതം: അലക്സ് പോള്‍
പശ്ചാത്തല സംഗീതം: ദീപക് ദേവ്

13 Apr 2012

മായാമോഹിനി

മഞ്ജു വാര്യരുടെ സഹോദരന്‍ മധു വാര്യരും ക്യാമറമാന്‍ പി.സുകുമാറും ചേര്‍ന്ന് കളര്‍ ഫാക്ടറിയുടെ ബാനറില്‍ നിര്‍മ്മിച്ച്‌, ഉദയകൃഷ്ണ-സിബി.കെ.തോമസ്‌ ടീമിന്റെ രചനയില്‍ ജോസ് തോമസ്‌ സംവിധാനം ചെയ്ത്, ജനപ്രിയനായകന്‍ ദിലീപ് പെണ്‍വേഷത്തില്‍ അഭിനയിക്കുന്ന സിനിമയാണ് മായാമോഹിനി. ചാന്തുപൊട്ട്, കുഞ്ഞിക്കൂനന്‍ എന്നീ സിനിമകള്‍ക്ക്‌ ശേഷം ദിലീപിന് ലഭിക്കുന്ന ഏറ്റവും വ്യതസ്തവും വെല്ലുവെളി ഉയര്‍ത്തുന്നതുമായ വേഷമാണ് മായാമോഹിനി എന്ന സിനിമയിലെ മോഹിനി എന്ന പെണ്‍വേഷം. ഈ സിനിമയില്‍ ബിജു മേനോന്‍ അവതരിപ്പിക്കുന്ന ബാലകൃഷ്ണന്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യയായ മോഹിനിയായാണ് ദിലീപ് അഭിനയിക്കുന്നത്.ഒരേസമയം ബാലകൃഷ്ണന്റെ ഭാര്യയായും ലക്ഷ്മിനാരായണന്‍ വക്കീലിന്റെ കാമുകിയായും അഭിനയിക്കുന്ന മായാമോഹിനിയെ കാണുവാന്‍ പ്രേക്ഷകര്‍ ഏറെ നാളായി കാത്തിരിക്കുകയായിരുന്നു. സ്വന്തം ലേഖകന്‍ [സ്വ.ലേ] എന്ന സിനിമയ്ക്ക് ശേഷം കളര്‍ ഫാക്ടറി നിര്‍മ്മിക്കുന്ന മായാമോഹിനി വിതരണം ചെയ്തിരിക്കുന്നത് ദിലീപിന്റെ വിതരണ കമ്പനിയായ മഞ്ജുനാഥയാണ്. അനില്‍ നായര്‍ ചായഗ്രഹണവും ജോണ്‍ കുട്ടി ചിത്രസന്നിവേശവും ബേണി-ഇഗ്നെഷിയസ് പാട്ടുകള്‍ക്ക് സംഗീതവും നല്ക്കിയിരിക്കുന്നു. 

ചെറുപ്പത്തിലെ അച്ഛനമ്മമാരെ നഷ്ടപെട്ട ബാലകൃഷ്ണനെ വളര്‍ത്തി വലുതാക്കിയതെല്ലാം അയാളുടെ രണ്ടു അമ്മാവന്മാരും ചേര്‍ന്നാണ്. അമ്മാവന്മാരുടെ സ്വത്തുക്കളെല്ലാം ബാലകൃഷ്ണന് അവകാശപെട്ടതാണ്. ആ സ്വത്തുക്കളെല്ലാം കിട്ടുവാന്‍ കാത്തിരിക്കുകയാണ് ബാലകൃഷ്ണനും അയാളുടെ സുഹൃത്ത് ലക്ഷ്മിനാരായണനും. ബാലകൃഷ്ണനും ലക്ഷ്മിനാരായണന്‍ വക്കീലും ആത്മാര്‍ത്ഥ സുഹൃത്തുക്കളും ഒരുമിച്ചു ബിസിനസ്‌ ചെയ്യുവാന്‍ താല്പര്യമുള്ളവരുമാണ്. ഒരു ബിസിനസ് ആവശ്യത്തിനായി ഇവര്‍ ബോംബയില്‍ എത്തുകയും ഒരു മാര്‍വാടിയുമായി കച്ചവടം ചെയ്യുവാന്‍ വേണ്ടി പണം മുടക്കുകയും ചെയ്യുന്നു. അവിടെ വെച്ച് മായ എന്ന മാര്‍വാടി പെണ്‍കുട്ടിയുമായി ബാലകൃഷ്ണന്‍ പ്രണയിത്തിലാകുന്നു. 

കുറച്ചു നാളുകള്‍ക്കു ശേഷം ഇവര്‍ രണ്ടുപേരും ഒളിച്ചോടി നാട്ടില്‍ വരുകയും, ഒരു പ്രത്യേക സാഹചര്യത്തില്‍ അവള്‍ ബാലകൃഷ്ണനെ ഉപേക്ഷിച്ചു ബോംബയിലേക്ക് തിരിച്ചുപോകുന്നു. ബാലകൃഷ്ണന്‍ ഒരു പെണ്ണുമായി നാട്ടില്‍ തിരിച്ചെത്തി എന്നറിയുന്ന അമ്മാവന്മാര്‍ സ്വത്തുക്കളെല്ലാം ബാലകൃഷ്ണന് നല്‍ക്കുവാന്‍ തീരുമാനിക്കുന്നു. അങ്ങനെ അവര്‍ ബാലകൃഷ്ണനെയും ബാലകൃഷ്ണന്‍ കൊണ്ടുവന്ന പെണ്‍കുട്ടിയേയും കാണുവാന്‍ വരുന്നു. ഈ വാര്‍ത്തയറിയുന്ന ബാലകൃഷ്ണനും ലക്ഷ്മിനാരയണനും ഭാര്യയായി അഭിനയിക്കുവാന്‍ ഒരു പെണ്‍കുട്ടിയെ അന്വേഷിക്കുമ്പോഴാണ് മോഹിനിയെ പരിച്ചയപെടുന്നത്. അങ്ങനെ കുറച്ചു നാളുകള്‍ക്കായി ബാലകൃഷ്ണന്റെ ഭാര്യയായ മായയായി മോഹിനി അഭിനയിക്കുന്നത്. തുടര്‍ന്ന് മായാമോഹിനിയുടെയും ബാലകൃഷ്ണന്റെയും ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. 
  
കഥ, തിരക്കഥ: ബിലോ ആവറേജ്
ദിലീപ് അഭിനയിച്ച നിരവധി ഹിറ്റ്‌ സിനിമകളുടെ തിരക്കഥകൃത്തുക്കളായ ഉദയകൃഷ്ണ സിബി കെ.തോമസ്‌ ടീം കാര്യസ്ഥനു ശേഷം ദിലീപുമായി ഒന്നിക്കുന്ന സിനിമയാണ് മായാമോഹിനി. ദിലീപ് ഇതുവരെ അവതരിപ്പിക്കാത്ത ഒരു വേഷം എന്നരീതിയില്‍ മായാമോഹിനി പ്രേക്ഷകര്‍ക്ക്‌ പുതിയ ഒരു അനുഭവമായിരിക്കും എന്ന കരുതിയാകണം ഉദയകൃഷ്ണയും സിബിയും ഈ സിനിമയുടെ കഥയും തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയത്. സിനിമയുടെ ആദ്യപകുതിയില്‍ പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന രീതിയില്‍ കഥ മുമ്പോട്ടു കൊണ്ടുപോകാന്‍ തിരക്കഥകൃത്തുക്കള്‍ക്കും സംവിധായകനും സാധിച്ചു. കുടുംബത്തോടൊപ്പം സിനിമ കാണുവാന്‍ വരുന്ന പ്രേക്ഷകര്‍ക്ക്‌ ദഹിക്കാന്‍ ഒരല്പം പ്രയാസമുള്ള സംഭാഷണങ്ങള്‍ അടങ്ങുന്ന രംഗങ്ങളാണ് സിനിമയുടെ തമാശ രംഗങ്ങള്‍. ദിലീപും, ബിജു മേനോനും, ബാബുരാജും മികച്ച രീതിയില്‍ തന്നെ അവരവരുടെ കഥാപാത്രങ്ങളെ ഭംഗിയാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അവരുടെ അഭിനയിത്തിലുള്ള തമാശകള്‍ ഒഴികെ മറ്റൊന്നും പുതിയതായി ഈ സിനിമയിലില്ല. മലയാള സിനിമയിലും ദിലീപ് അഭിനയിച്ച സിനിമയിലും നിരവധി പ്രാവശ്യം കണ്ടിട്ടുള്ള കഥയും കഥാഗതിയുമാണ് സിനിമയുടെ രണ്ടാം പകുതിയില്‍. സമീപകാലതിറങ്ങിയ ദിലീപ് സിനിമകളുമായി താരതമ്യം ചെയ്‌താല്‍, ഈ സിനിമയുടെ ക്ലൈമാക്സ് ആയിരിക്കും ഏറ്റവും മോശം. പോക്കിരിരാജയും, ക്രിസ്ത്യന്‍ ബ്രദേഴ്സും, കാര്യസ്ഥനും ഒക്കെ വിജയചിത്രങ്ങളാണെങ്കിലും, കലാപരമായി ശരാശരി നിലവാരം പോലുമില്ലാത്ത സിനിമകളായിരുന്നു. അതെപട്ടികയില്‍ സ്ഥാനം നേടാന്‍ മായാമോഹിനിയും...

സംവിധാനം: ബിലോ ആവറേജ്
ഒരു നീണ്ട ഇടവേളയക്ക്‌ ശേഷമാണ് മാട്ടുപെട്ടി മച്ചാന്‍, ഉദയപുരം സുല്‍ത്താന്‍, സുന്ദരപുരുഷന്‍ എന്നീ സിനിമകളുടെ സംവിധായകന്‍ ജോസ് തോമസ്‌ ഒരു സിനിമ സംവിധാനം ചെയ്യുന്നത്. പ്രേക്ഷകരെ ചിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സിനിമകള്‍ സംവിധാനം ചെയുന്ന സംവിധായകനാണ് ജോസ് തോമസ്‌ എന്ന്
അദേഹത്തിന്റെ മുന്‍കാല സിനിമകള്‍ കണ്ടാല്‍ അറിയാം. മായാമോഹിനിയില്‍ ദിലീപിന്റെ പെണ്‍വേഷവും ബിജുമേനോന്‍-ബബരാജ് ടീമിന്റെ തമാശകളുമാണ് പ്രേക്ഷകരില്‍ ചിരിയുണര്‍ത്തുന്നത്. ഹാസ്യ രംഗങ്ങള്‍ക്കൊന്നും ശരാശരി നിലവാരം ഇല്ലെങ്കില്‍ പോലും, പ്രേക്ഷകരെ രസിപ്പിക്കുവാന്‍ ഈ സിനിമയുടെ ആദ്യപകുതിയ്ക്കാവുന്നുണ്ട്. പക്ഷെ, രണ്ടംപകുതിയും ക്ലൈമാക്സ് രംഗങ്ങളും കണ്ടാല്‍, സംവിധായകന്‍ ജോസ് തോമസും ചായഗ്രാഹകാനും ഉറക്കത്തിലായിരുന്നോ സിനിമ ചിത്രീകരിച്ചത് എന്ന് തോന്നിപോകും. ആദ്യപകുതിയിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച മായാമോഹിനി, രണ്ടാം പകുതിയിലെ രംഗങ്ങളിലൂടെ പ്രേക്ഷകരെ വെറുപ്പിക്കുകയും നിരാശപെടുത്തുകയും ചെയ്തു. 

സാങ്കേതികം: ആവറേജ്
ദിലീപിനെ സുന്ദരിയായ മോഹിനിയാക്കി മാറ്റിയത് മേയിക്കപ്മാന്മാരായ റോഷന്‍ എന്‍.ജി യും സജി കാട്ടാക്കടയും വസ്ത്രാലങ്കാരം നിര്‍വഹിച്ച സമീറ സനീഷും ചേര്‍ന്നാണ്. മികച്ച രീതിയില്‍ ദിലീപിനെ മായമോഹിനിയാക്കി മാറ്റുവാന്‍ സാധിച്ച മൂവരും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. അനില്‍ നായരുടെ ചായഗ്രഹണവും ജോണ്‍ കുട്ടിയുടെ സന്നിവേശവും ശരാശരി നിലവാരം പുലര്‍ത്തുന്നു. വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയും സന്തോഷ്‌ വര്‍മയും എഴുതിയ വരികള്‍ക്ക് ബേണി ഇഗ്നെഷിയസ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. കാര്യസ്ഥനിലും മേരിയ്ക്കുണ്ടൊരു കുഞ്ഞാടിലും ഭേദപെട്ട പാട്ടുകള്‍ ഉണ്ടാക്കാന്‍ സാധിച്ച സംഗീത സംവിധായകര്‍ക്കും പിഴച്ചു. ഈ സിനിമയിലെ പാട്ടുകള്‍ക്കും ശരാശരിയില്‍ താഴെയേയുള്ളൂ നിലവാരം
.  


അഭിനയം: എബവ് ആവറേജ്
വ്യതസ്ത വേഷങ്ങള്‍ എന്നും ധൈര്യത്തോടെ സ്വീകരിച്ചു വിജയിപ്പിക്കുക എന്നതു എല്ലാ നടന്മാര്‍ക്കും സാധിക്കുന്ന ഒരു കാര്യമല്ല. കുഞ്ഞിക്കൂനനും ചാന്തുപൊട്ടിലെ രാധാകൃഷ്ണനും പച്ചക്കുതിരയിലെ ആകാശ് മേനോനും പ്രേക്ഷകര്‍ സ്വീകരിച്ചതു പോലെ, ദിലീപിന്റെ
മായാമോഹിനി വേഷം പ്രേക്ഷകര്‍ക്ക് ഇഷ്ടപെട്ടിരിക്കുന്നു. മലയാള സിനിമയില്‍ നിലവിലുള്ള നടന്മാരില്‍ മറ്റാര്‍ക്കും ചെയ്യുവാനോ, മറ്റാരെങ്കിലും ചെയ്‌താല്‍, പ്രേക്ഷകര്‍ നിരസിക്കുവാനും സാധ്യതയുള്ളതാണ് പെണ്‍വേഷം. മായാമോഹിനിയുടെ ചലനങ്ങളും ഭാവങ്ങളും മനോഹരമായി അവതരിപ്പിച്ച ദിലീപിന്റെ സിനിമ ജീവിതത്തിലെ മികച്ച വേഷങ്ങളില്‍ ഒന്നായിരിക്കും മായാമോഹിനി. ദിലീപിനൊപ്പം ബിജു മേനോനും ബാബു രാജും മികച്ച രീതിയില്‍ തന്നെ അവരരുടെ വേഷങ്ങള്‍ അവതരിപ്പിച്ചു. അഭിനയത്തിന്റെ കാര്യത്തില്‍ മോശമായത് സ്പകിടം ജോര്‍ജ് മാത്രമാണ്. അദേഹത്തിന് പറ്റാത്ത വേഷമാണ് ഈ സിനിമയിലെ മണ്ടനായ പോലീസ് ഉദ്യോഗസ്ഥന്‍. ഇവരെ കൂടാതെ, വിജയരാഘവന്‍, മധു വാര്യര്‍, നെടുമുടി വേണു, മോഹന്‍ ശര്‍മ, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, കൊച്ചുപ്രേമന്‍, കലാഭവന്‍ ഷാജോണ്‍, അബു സലിം, സാദിക്ക്, കസാന്‍ ഖാന്‍, മൈഥിലി, ലക്ഷ്മി റായ്, സജിത ബേട്ടി എന്നിവാരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കള്‍.     


സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. ദിലീപിന്റെ പെണ്‍വേഷവും അഭിനയവും
2. ബിജു മേനോന്‍-ബാബു രാജ് കൂട്ടുകെട്ട്
3. ആദ്യപകുതിയിലെ ഒന്ന്-രണ്ടു തമാശകള്‍ 
 


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. ലോജിക് ഇല്ലാത്ത കഥയും കഥാസന്ദര്‍ഭങ്ങളും
2. ജോസ് തോമസിന്റെ സംവിധാനം
3. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദഹിക്കാത്ത രണ്ടു അര്‍ത്ഥങ്ങളുള്ള സംഭാഷണങ്ങള്‍
4. രണ്ടാം പകുതിയിലെ രംഗങ്ങളും, സംവിധാനവും
5. ശരാശരി പോലും നിലവാരമില്ലാത്ത പാട്ടുകള്‍
6. ക്ലൈമാക്സ് രംഗങ്ങള്‍ 


മായാമോഹിനി റിവ്യൂ: സിനിമകളിലും ടീ.വി പരിപാടികളിലും കേട്ടു മടുത്ത തമാശകള്‍ വീണ്ടും കേട്ടാല്‍ ചിരി വരുന്ന പ്രേക്ഷകര്‍ക്കും, കണ്ടുമടുത്ത കഥയും കഥാസന്ദര്‍ഭങ്ങളും വീണ്ടും കാണുവാന്‍ പ്രയാസം ഇല്ലാത്തവര്‍ക്കും, സിനിമയുടെ നിലവാരം എന്തുതന്നെയായാലും തികഞ്ഞ ആത്മാര്‍ഥതയോടെ മായമോഹിനിയെ അവതരിപ്പിച്ച ദിലീപിനെ കാണുവാന്‍ ആഗ്രഹമുള്ളവര്‍ക്കും ഒരു പ്രാവശ്യം കണ്ടിരിക്കാം ഈ സിനിമ.

മായാമോഹിനി റേറ്റിംഗ്: 3.80 / 10
കഥ, തിരക്കഥ: 3 / 10 [ബിലോ ആവറേജ്]
സംവിധാനം:
3 / 10 [ബിലോ ആവറേജ്]
സാങ്കേതികം: 2.5 / 5 [ആവറേജ്]
അഭിനയം: 3 / 5 [എബവ് ആവറേജ്]
ടോട്ടല്‍: 11.5 / 30 [3.8 / 10]

സംവിധാനം: ജോസ് തോമസ്‌
കഥ, തിരക്കഥ, സംഭാഷണം: ഉദയ്കൃഷ്ണ-സിബി കെ.തോമസ്‌
നിര്‍മ്മാണം: പി.സുകുമാര്‍, മധു വാര്യര്‍
ബാനര്‍: കളര്‍ ഫാക്ടറി
ചായാഗ്രഹണം: അനില്‍ നായര്‍
ചിത്രസന്നിവേശം: ജോണ് കുട്ടി
വരികള്‍: വയലാര്‍ ശരത്ചന്ദ്ര വര്‍മ, സന്തോഷ്‌ വര്‍മ
സംഗീതം: ബേണി-ഇഗ്നെഷിയ്സ്
മേയിക്കപ്: റോഷന്‍ എന്‍.ജി., സജി കാട്ടാക്കട
വസ്ത്രാലങ്കാരം: സമീറ സനീഷ്