3 Mar 2013

റോസ് ഗിറ്റാറിനാല്‍ - ഈണവും ശ്രുതിയും ചേരാതെ പാടുന്ന ത്രികോണ പ്രണയ ഗിറ്റാര്‍ 4.50/10

മലയാള സിനിമയ്ക്ക് ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച തിരക്കഥ രചയ്താവായ രഞ്ജന്‍ പ്രമോദ് ഒരു നീണ്ട ഇടവേളയ്ക്കു ശേഷം തിരക്കഥയും സംഭാഷണങ്ങളും എഴുതി സംവിധാനം നിര്‍വഹിച്ച സിനിമയാണ് റോസ് ഗിറ്റാറിനാല്‍. പുതുമുഖ നായകന്‍ റിച്ചാര്‍ഡ്‌ ജോയ്, മരംകൊത്തി പറവൈ എന്ന തമിഴ് സിനിമയിലൂടെ മലയാളത്തിലെത്തിയ ആത്മീയ, ടൂര്‍ണമെന്‍റ് ഫെയിം മനു, രജിത് മേനോന്‍, ഷട്ടര്‍ എന്ന സിനിമയുടെ സംവിധായകന്‍ ജോയ് മാത്യു, ജഗദീഷ്, താര കല്യാണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റോസ് ഗിറ്റാറിനാല്‍ നിര്‍മ്മിച്ചിരിക്കുന്നത് വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാ സുബൈറും കളര്‍ പെന്‍സിലിന്‍റെ ബാനറില്‍ പ്രജോഷ് തേവര്‍പള്ളിയും ചേര്‍ന്നാണ്. രഞ്ജന്‍ പ്രമോദ് എഴുതിയ അതിശയോക്തിയില്ലാത്ത കഥാസന്ദര്‍ഭങ്ങളും, പപ്പു നിര്‍വഹിച്ച ചായാഗ്രഹണവും ഈ സിനിമയുടെ പ്രധാന സവിശേഷതകളാണ്. ഷഹബാസ് അമ്മന്‍ എഴുതി സംഗീതം നല്‍കിയ 7 ഗാനങ്ങളുണ്ട് ഈ സിനിമയില്‍. 

രഞ്ജന്‍ പ്രമോദ് എഴുതിയ ആദ്യ ത്രികോണ പ്രണയകഥയാണ് റോസ് ഗിറ്റാറിനാല്‍. അടിസ്ഥാനപരമായി ഇതൊരു പ്രണയ കഥയാണെങ്കിലും, കുടുംബ ബന്ധങ്ങളും സൗഹൃദവും ഇന്നത്തെ തലമുറയിലെ കുട്ടികള്‍ക്ക് എത്രത്തോളം പ്രധാനമാണ് എന്ന വിഷയവും ചര്‍ച്ചചെയ്യുന്നു രഞ്ജന്‍ പ്രമോദ്. സാധാരണ കുടുംബത്തില്‍ ജനിച്ചു, അമ്മയില്ലാതെ വളര്‍ന്ന പെണ്‍കുട്ടിയാണ് താര. താരയുടെ ബാല്യകാല സുഹൃത്താണ് അലക്സ്‌ എന്ന അപ്പു. കുട്ടികാലം മുതലേ താരയെ സ്നേഹിച്ച അപ്പു ഇന്നവരെ അവന്‍റെ ഇഷ്ടം താരയോടു തുറന്നു പറഞ്ഞിട്ടില്ല. അപ്പുവിനെ ഒരു സുഹൃത്തായി മാത്രം കാണുന്ന താരയ്ക്ക്  അപ്പുവിന്‍റെ സ്നേഹം പ്രണയമാണെന്ന് മനസ്സിലാകുന്നില്ല. അങ്ങനെയിരിക്കെ, താര ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഉടമസ്ഥന്‍ ശ്യാം താരയെ പരിചയപെടുന്നതും പ്രണയിക്കാന്‍ തുടങ്ങുന്നതും. താരയുടെ മനസ്സിലും ശ്യാമിനോട് ഇഷ്ടം തോന്നുന്നു. തുടര്‍ന്ന് താരയുടെയും ശ്യാമിന്‍റെയും അപ്പുവിന്‍റെയും ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. 


കഥ,തിരക്കഥ: ആവറേജ് 
കുടുംബ ബന്ധങ്ങളും സൗഹൃദവും പ്രണയവും വിരഹവും പ്രതികാരവും ഒക്കെ മനുഷ്യരുടെ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളാണ് റോസ് ഗിറ്റാറിനാല്‍ എന്ന സിനിമയിലൂടെ രഞ്ജന്‍ പ്രമോദ് പ്രേക്ഷകര്‍ക്ക്‌ സമ്മാനിച്ചത്‌. അതിശയോക്തിയില്ലാത്ത കഥാസന്ദര്‍ഭങ്ങളും, മികച്ച കഥാപാത്രരൂപികരണവും റോസ് ഗിറ്റാറിനാല്‍ എന്ന സിനിമയെ വ്യതസ്തമാക്കുന്നു. കാമുകനായ ശ്യാം, സുഹൃത്തായ അപ്പു, ശത്രുവായ ബിനോയ്‌ എന്നിവര്‍ താരയുടെ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ ലളിതമായ രീതിയില്‍ പറഞ്ഞുപോകുവാനാണ് രഞ്ജന്‍ പ്രമോദ് ശ്രമിച്ചത്. പക്ഷെ, ഇഴഞ്ഞു നീങ്ങുന്ന കഴമ്പില്ലാത്ത കഥാഗതിയും, പഞ്ചില്ലാത്ത സംഭാഷണങ്ങളും, പ്രവചിക്കാനവുന്ന ക്ലൈമാക്സും, അനവസരത്തില്ലുള്ള പാട്ടുകളും റോസ് ഗിറ്റാറിനാല്‍ എന്ന സിനിമയെ ഈണവും ശ്രുതിയും ഇല്ലാതെ തണുപ്പന്‍ പ്രണയ കഥയാക്കി മാറ്റി. രഞ്ജന്‍ പ്രമോദില്‍ നിന്നും മികച്ചൊരു സിനിമ പ്രതീക്ഷിച്ചു സിനിമ കാണാന്‍ വരുന്നവരെല്ലാം നിരാശപെടുന്ന കാഴ്ചയാണ് കണ്ടത്.

സംവിധാനം: ബിലോ ആവറേജ് 
രഞ്ജന്‍ പ്രമോദിന്‍റെ തിരക്കഥയില്‍ പോരായ്മകള്‍ ഏറെയുണ്ടെങ്കിലും, സത്യന്‍ അന്തിക്കാടോ  ലാല്‍ജോസോ റോസ് ഗിറ്റാറിനാല്‍ സംവിധാനം ചെയ്തിരുന്നുവെങ്കില്‍, ഈ സിനിമ ഇതിലും ഭേദമാകുമായിരുന്നു.  ഫോട്ടോഗ്രാഫര്‍ എന്ന മോഹന്‍ലാല്‍ സിനിമയുടെ പരാജയത്തിനും കാരണം ഇതൊക്കെ തന്നെയായിരുന്നു. കുടുംബ പശ്ചാത്തലത്തിലുള്ള ഒരു പ്രണയ കഥ സംവിധാനം ചെയ്യുമ്പോള്‍, വ്യതസ്തമായ പാട്ടുകള്‍ക്ക് പകരം,പ്രേക്ഷകര്‍ സ്വീകരിക്കുവാന്‍ സാധ്യതയുള്ള പാട്ടുകള്‍ ചിട്ടപെടുത്താന്‍ ഷഹബാസ് അമ്മനോട് ആവശ്യപെടണമായിരുന്നു. അതുപോലെ 7 പാട്ടുകള്‍ ചിട്ടപെടുത്തി അനവസരത്തില്‍ സിനിമയില്‍ ഉള്‍പെടുത്തി കഥാഗതി ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയിലെത്തിച്ചതും സംവിധായകന്‍റെ കഴിവുകേടാണ്. പഞ്ചില്ലാത്ത സംഭാഷണങ്ങള്‍ കാരണം വിശ്വസനീയമായ കഥാസന്ദര്‍ഭങ്ങള്‍ പോലും പ്രേക്ഷകര്‍ക്ക്‌ സുഖിച്ചില്ല. പപ്പുവിന്‍റെ മികച്ച വിഷ്വല്‌സാണ് രഞ്ജന്‍ പ്രമോദിനെ രക്ഷിച്ച പ്രധാന ഘടകം. മികച്ചൊരു രഞ്ജന്‍ പ്രമോദ് തിരക്കഥയ്ക്കായി പ്രേക്ഷകര്‍ ഇനിയും കാത്തിരിക്കേണ്ടി വരും.

സാങ്കേതികം: എബവ് ആവറേജ് 
ശരാശരി നിലവാരം പുലര്‍ത്തുന്ന ഒരു തിരക്കഥയും, സംവിധാനം എന്തെന്ന് ഇനിയും പഠിക്കേണ്ടിയിരിക്കുന്ന സംവിധായകനെയും സഹായിച്ചത് പപ്പു എന്ന ചായാഗ്രഹകന്‍റെ മനോഹരമായ വിഷ്വല്‍സാണ്. ഒരു പ്രണയ കഥയ്ക്ക് അനിയോജ്യമായ കളര്‍ഫുള്‍ ദ്രിശ്യങ്ങള്‍ സിനിമയുടെ മാറ്റുകൂട്ടുന്നു. സജിത്ത് ഉണ്ണികൃഷ്ണന്റെ ചിത്രസന്നിവേശം സിനിമയുടെ ആദ്യപകുതിയെ രക്ഷിച്ചെങ്കിലും, രണ്ടാം പകുതി കൈവിട്ടു കളഞ്ഞ കാഴ്ചയാണ് കണ്ടത്. ഷഹബാസ് അമ്മന്‍ രചിച്ചു ഈണമിട്ട പാട്ടുകളൊന്നും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്നവയല്ല. കുക്കു പരമേശ്വരന്റെ വസ്ത്രാലങ്കാരം മികവു പുലര്‍ത്തി.  

അഭിനയം: ആവറേജ്
മലയാള സിനിമയ്ക്ക് പുതിയൊരു സുന്ദരനായ നായകനെ കൂടി സമ്മാനിച്ചിരിക്കുന്നു രഞ്ജന്‍ പ്രമോദ്. ശ്യാം എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ച റിച്ചാര്‍ഡ്‌ ജോയ് പെണ്‍കുട്ടികളുടെ ഹരമായി മാറുവാന്‍ സാധ്യതയുണ്ട്. ശ്യാമിനെ നല്ല രീതിയില്‍ അവതരിപ്പിക്കുവാന്‍ റിച്ചാര്‍ഡിന് സാധിച്ചു. അപ്പു എന്ന കഥാപാത്രമായി മനുവും തരക്കേടില്ലാതെ അഭിനയിച്ചു. ആത്മീയ രാജനാണ് താര എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. തനിക്കു ലഭിച്ച വേഷം തെറ്റുകളൊന്നും കൂടാതെ അഭിനയിച്ചു ഫലിപ്പിക്കാന്‍ അത്മീയക്ക്‌ സാധിച്ചു. ഏറെ നാളുകള്‍ക്കു ശേഷം ജഗദീഷിന് ലഭിച്ച നല്ലൊരു വേഷമാണ് ഈ സിനിമയിലെത്. ജോയ് മാത്യുവും താര കല്യാണും രേജിത് മേനോനും മോശമാക്കാതെ അഭിനയിച്ചു. 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.പപ്പുവിന്‍റെ ചായാഗ്രഹണം
2.അതിശയോക്തിയില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍
3.റിയലസ്റ്റിക്കായ കഥാപാത്ര രൂപികരണം 

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.കഴമ്പില്ലാത്ത കഥ
2.ഇഴഞ്ഞു നീങ്ങുന്ന രണ്ടാം പകുതി
3.രഞ്ജന്‍ പ്രമോദിന്‍റെ സംവിധാനം
4.പാട്ടുകള്‍
5.പശ്ചാത്തല സംഗീതം


റോസ് ഗിറ്റാറിനാല്‍ റിവ്യൂ: മികച്ച വിഷ്വല്‍സും റിയലസ്റ്റിക്ക് കഥാസന്ദര്‍ഭങ്ങളും ഈ സംഗീത ത്രികോണ പ്രണയകഥയെ സമ്പന്നമാക്കുമ്പോള്‍, കഴമ്പില്ലാത്ത കഥയും  രഞ്ജന്‍ പ്രമോദിന്‍റെ സംവിധാനവും ഷഹബാസ് അമ്മന്‍ ഈണമിട്ട പാട്ടുകളും റോസ് ഗിറ്റാറിനാല്‍ എന്ന സിനിമയെ ശരാശരി നിലാവരത്തില്‍ പോലുമെത്തിക്കുന്നില്ല.

റോസ് ഗിറ്റാറിനാല്‍ റേറ്റിംഗ്: 4.50/10
കഥ,തിരക്കഥ: 5/10 [ആവറേജ്]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 3/5 [എബവ് ആവറേജ്]
അഭിനയം: 2.5/5 [ആവറേജ്]
ടോട്ടല്‍ 13.5/30 [4.5/10]

രചന,സംവിധാനം: രഞ്ജന്‍ പ്രമോദ്
നിര്‍മ്മാണം: മഹാ സുബൈര്‍, പ്രജോഷ് തേവര്‍പള്ളി
ബാനര്‍: വര്‍ണചിത്ര ബിഗ്‌ സ്ക്രീന്‍, കളര്‍ പെന്‍സില്‍
ചായാഗ്രഹണം: പപ്പു
ചിത്രസന്നിവേശം: സജിത്ത് ഉണ്ണികൃഷ്ണന്‍
ഗാനരചന,സംഗീതം: ഷഹബാസ് അമ്മന്‍
കലാസംവിധാനം: വിശ്വനാഥ്
മേക്കപ്പ്:ജയമോഹന്‍
വസ്ത്രാലങ്കാരം: കുക്കു പരമേശ്വരന്‍
നൃത്ത സംവിധാനം: രേഖ മഹേഷ്‌
വിതരണം:വര്‍ണചിത്ര റിലീസ്

No comments:

Post a Comment