9 Aug 2013

പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും - ഒരുവട്ടം കണ്ടിരിക്കാം പുള്ളിപ്പുലികളെയും ആട്ടിന്‍കുട്ടിയേയും 5.00/10

കുട്ടനാട്ടിലെ കൈനകരി ഗ്രാമപഞ്ചായത്തില്‍ പുള്ളിപ്പുലികള്‍ എന്ന അപരനാമത്തില്‍ അറിയപെടുന്ന പോക്കിരികളായ മൂന്ന് സഹോദരങ്ങളുടെയും, അവരുടെ അനിയന്‍ ആടു ഗോപന്‍ എന്ന് വിളിപ്പേരുള്ള ചക്കാട്ട് ഗോപന്റെയും രസകരമായ കഥയാണ് പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും. ദിലീപ് നായകനായ മുല്ലയ്ക്കും, കുഞ്ചാക്കോ ബോബന്റെ എല്‍സമ്മ എന്ന ആണ്‍കുട്ടിക്കും ശേഷം, എം.സിന്ധുരാജിന്റെ തിരക്കഥയില്‍ ലാല്‍ ജോസ് സംവിധാനം ചെയുന്ന മൂന്നാമത്തെ സിനിമയാണിത്. ബാല്‍ക്കണി 6ന്റെ ബാനറില്‍ നവാഗതരായ ഷെബിന്‍ ബേക്കര്‍, സുല്‍ഫിക്കര്‍ അസീസ്‌ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ഈ സിനിമയില്‍, കുഞ്ചാക്കോ ബോബനാണ് നായക കഥാപാത്രമായ ആടു ഗോപനെ അവതരിപ്പിച്ചിരിക്കുന്നത്. ട്രാഫിക്‌ എന്ന സിനിമയിലൂടെ വന്ന്, പിന്നീട് പുതിയ തീരങ്ങള്‍, സൗണ്ട് തോമ എന്നീ സിനിമകളില്‍ നായികയായ നമിത പ്രമോദാണ് ഈ സിനിമയിലെ നായിക.

കൈനകരിയിലെ ചക്കാട്ട് തറവാട്ടിലെ ചക്ക മണിയന്‍, ചക്ക സുകു, ചക്ക വിജയന്‍ എന്നിവരാണ് ആ ഗ്രാമത്തിലെ പോക്കിരികള്‍. ഇവര്‍ മൂവരും ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ക്ക് അടികിട്ടുന്നതും, അവര്‍ക്ക് വേണ്ടി പണം ചിലവാക്കുന്നതും അവരുടെ അനിയനായ ചക്ക ഗോപനാണ്‌. ബാങ്ക് ലോണില്‍ വാങ്ങിയ ഹൗസ് ബോട്ട് ഉപജീവനമാര്‍ഗമായി ഉപയോഗിക്കുന്ന ഗോപന്‍, വിദേശികളെ ആകര്‍ഷിക്കുന്നതിനു വേണ്ടി ബോട്ടില്‍ നൃത്ത പരിപാടികള്‍ ആരംഭിക്കുന്നു. അതിനു വേണ്ടി കൈനകരി ജയശ്രീ എന്ന നര്‍ത്തകിയുടെ സഹായം തേടുന്നു. അതോടെ ഗോപന്റെ ബോട്ടില്‍ വിദേശികളായ വിനോദ സഞ്ചാരികള്‍ കയറുന്നു. ഈ അവസരത്തില്‍ കുര്യച്ചന്‍ നടത്തുന്ന ബോട്ട് നഷ്ടത്തിലാകുകയും, അയാള്‍ക്ക് ഗോപനോട് പക തോന്നുകയും ചെയ്യുന്നത്. ഈ പ്രശനങ്ങള്‍ക്കിടയിലാണ്, ഗോപന്റെ ജീവിതത്തില്‍ ഒരാശ്വാസമായി വരുന്ന ജയശ്രീയോടു ഗോപന് പ്രേമം തുടങ്ങുന്നത്. അങ്ങനെ, ഒരുവശത്ത് ചേട്ടന്മാരെ കൊണ്ടുള്ള ഉപദ്രവങ്ങളും, മറുവശത്ത്‌ ജയശ്രീയോടുള്ള പ്രണയവും, ഇതിനിടയില്‍ കുര്യച്ചന്റെ പകവീട്ടലും ഗോപനെ വലയ്ക്കുന്നു. തുടര്‍ന്ന് ഗോപന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് ഈ സിനിമയുടെ കഥ. ഗോപനായി കുഞ്ചാക്കോ ബോബനും, ജയശ്രീയായി നമിത പ്രമോദും, കുര്യച്ചനായി ഷമ്മി തിലകനും, ഗോപന്റെ ചേട്ടന്മാരായി ഇര്‍ഷാദും, ഷിജുവും, ജോജുവും അഭിനയിച്ചിരിക്കുന്നു. 

കഥ, തിരക്കഥ: ബിലോ ആവറേജ്
മമ്മൂട്ടി-ജോണി ആന്റണി ടീമിന്റെ താപ്പാനയ്ക്ക് ശേഷം എം.സിന്ധുരാജിന്റെ രചനയില്‍ പുറത്തിറങ്ങുന്ന സിനിമയാണ് പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും. ലാല്‍ ജോസ് എന്ന സംവിധായകന്റെ സിനിമ ജീവിതത്തില്‍ അദ്ദേഹം കൂടുതല്‍ വിജയിച്ചിട്ടുള്ളത് ഗ്രാമീണ പശ്ചാത്തലത്തിലുള്ള സിനിമകള്‍ സംവിധാനം ചെയ്തപ്പോഴാണ് എന്ന കാരണത്താലാണ് എം.സിന്ധുരാജ് ലാല്‍ ജോസിനു വേണ്ടി മറ്റൊരു ഗ്രാമീണ കഥ എഴുതിയത്. പുതുമ നിറഞ്ഞ സിനിമകള്‍ കാണുവാന്‍ ആഗ്രഹിക്കുന്ന ഇന്നത്തെ തലമുറയിലെ പ്രേക്ഷകര്‍, പല പ്രാവശ്യം പറഞ്ഞിട്ടുള്ള കഥ വീണ്ടും പറഞ്ഞാല്‍ സ്വീകരിക്കുമോ എന്നെങ്കിലും സിന്ധുരാജ് ചിന്തിക്കേണ്ടതായിരുന്നു. പുതുമകള്‍ ഒന്നും തന്നെ അവകാശപെടാനില്ലാത്ത ഒരു കഥയെ, പ്രവചിക്കാനവുന്നതാണെങ്കിലും വിശ്വസനീയമായ രംഗങ്ങളിലൂടെ നര്‍മ്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുവാനാണ് ശ്രമിച്ചത്. സിനിമയുടെ ആദ്യപകുതിയിലെ രംഗങ്ങള്‍ കണ്ടപ്പോള്‍ സിന്ധുരാജിന്റെ തീരുമാനം തെറ്റിയില്ല എന്നാണ് തോന്നിയത്. പക്ഷെ, രണ്ടാം പകുതി കണ്ടപ്പോള്‍ പ്രേക്ഷകര്‍ തീര്‍ത്തും നിരാശരായി. പുതുമകളൊന്നും ഇല്ലാതെ പ്രേക്ഷകരെ ത്രസിപ്പിക്കാതെ സിനിമ എങ്ങനയോ അവസാനിച്ചു. അതിനിടയില്‍ കഥയ്ക്ക്‌ അനിവാര്യമാല്ലാത്ത കുറെ കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും കല്ലുകടിയായി അനുഭവപെട്ടു. അശ്ലീല തമാശകള്‍ ഒന്നുമില്ലാതെ പ്രേക്ഷകരെ കുറെയൊക്കെ ചിരിപ്പിക്കുവാന്‍ സിന്ധുരാജിനു സാധിച്ചു. പക്ഷെ, നല്ലൊരു തിരക്കഥ രചിക്കുന്നതില്‍ അദ്ദേഹം പരാജയപെട്ടു.

സംവിധാനം: ആവറേജ്
ഡയമണ്ട് നെക്ലെയ്സ്, അയാളും ഞാനും തമ്മില്‍, ഇമ്മാനുവല്‍ എന്നീ മികച്ച സിനിമകള്‍ ഒരുക്കി ഹാട്രിക് വിജയം കൈവരിച്ചു നില്‍ക്കുന്ന ലാല്‍ ജോസ് എന്ന സംവിധായകന്റെ 19 സിനിമയാണ് പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും. ശരാശരി നിലവാരം പോലുമില്ലാത്ത ഒരു തിരക്കഥയെ, സംവിധാന മികവു കൊണ്ട് ശരാശരി നിലവാരത്തിലേക്ക് ഉയര്‍ത്തുവാന്‍ കഴിവുള്ള വിരളം സംവിധായകരില്‍ ഒരാളാണ് ലാല്‍ ജോസ്. മേല്‍പ്പറഞ്ഞ സന്ദര്‍ഭത്തിനു ഉത്തമ ഉദാഹരണമാണ് ഈ ലാല്‍ ജോസ് സിനിമ. കണ്ടുമടുത്തതും പ്രവചിക്കാനവുന്നതുമായ കഥാസന്ദര്‍ഭങ്ങള്‍ ഉള്ള തിരക്കഥയെ, മികച്ച രീതിയിലുള്ള ദ്രിശ്യങ്ങള്‍ ഒരുക്കി കഥാപാത്രങ്ങള്‍ക്ക് അനിയോജ്യരായ നടീനടന്മാരെ അഭിനയിപ്പിച്ചു സാങ്കേതികത്തികവോടെ പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തിച്ചതും ലാല്‍ ജോസിന്റെ കഴിവ് തന്നെ. പക്ഷെ, മീശമാധവനും ചാന്തുപൊട്ടും എല്‍സമ്മ എന്ന ആണ്‍കുട്ടിയും പോലെയുള്ളൊരു ലാല്‍ ജോസ് സിനിമ കാണാന്‍ കൊതിച്ചിരുന്ന പ്രേക്ഷകര്‍ നിരാശരായി മടങ്ങുന്നത്തില്‍ തെറ്റില്ല. പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന ഈ സിനിമ കണ്ട ഒരൊറ്റ പ്രേക്ഷകനും ഇതൊരു ലാല്‍ ജോസ് സിനിമയാണെന്ന് വിശ്വസിക്കാന്‍ പ്രയാസമായ രീതിയിലാണ് ഈ സിനിമ അദ്ദേഹം സംവിധാനം ചെയ്തിരിക്കുന്നത്. എസ്.കുമാറിന്റെ ചായാഗ്രഹണവും വിദ്യാസാഗറിന്റെ പാട്ടുകളും കുട്ടനാടിന്റെ പച്ചപ്പും പ്രധാന നടീനടന്മാരുടെ അഭിനയവും ലാല്‍ ജോസിനെ ഏറെക്കുറെ സഹായിച്ചിട്ടുണ്ട്. 

സാങ്കേതികം: ഗുഡ് 
സാങ്കേതിക പ്രവര്‍ത്തകരുടെ സംഭാവന ഒരു സിനിമയുടെ പ്രധാന സവിശേഷതകളായി മാറുക എന്നത് ഒരു പുതുമയല്ല. ഒട്ടുമിക്ക ലാല്‍ ജോസ് സിനിമകളെയും പോലെ ഈ സിനിമയുടെ സാങ്കേതിക വശങ്ങള്‍ മികവു പുലര്‍ത്തുന്നവയാണ്. കുട്ടനാടിന്റെ ദ്രിശ്യഭംഗി മുഴുവന്‍ ക്യാമറയില്‍ ഒപ്പിയെടുത്ത എസ്.കുമാര്‍, മികച്ച ചായാഗ്രഹണത്തിലൂടെ സിനിമയ്ക്ക് പുത്തനുണര്‍വ്വ് നല്ക്കിയിരിക്കുന്നു. ഓരോ രംഗങ്ങളിലും കായലിന്റെ ഭംഗിയും കരയിലെ പച്ചപ്പും ദ്രിശ്യങ്ങള്‍ക്ക് മിഴിവേകി. ഈ സിനിമയുടെ മറ്റൊരു സവിശേഷതയായി അനുഭവപെട്ടത്‌ വയലാര്‍ ശരത്-വിദ്യാസാഗര്‍ ടീമിന്റെ പാട്ടുകളും, വിദ്യാസാഗറിന്റെ പശ്ചാത്തല സംഗീതവുമാണ്. ശങ്കര്‍ മഹാദേവനും ചിത്രയും ചേര്‍ന്നാലപിച്ച "ഒറ്റ തുമ്പി",നജിം അര്‍ഷാദ് പാടിയ "കൂട്ടിമുട്ടിയ", അഫ്സല്‍ യുസഫ് പാടിയ "ചെറു ചെറു ഞാറു നട്ട" എന്നീ പാട്ടുകള്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റും എന്നുറപ്പ്. മോഹന്‍ദാസ്‌-ഗോകുല്‍ദാസ് എന്നിവരുടെ കലാസംവിധാനവും മികവു പുലര്‍ത്തി. രഞ്ജന്‍ എബ്രഹാമിന്റെ ചിത്രസന്നിവേശം മികവു പുലര്‍ത്താത്തതിനാലാണ് സിനിമയുടെ ദൈര്‍ഘ്യം രണ്ടര മണിക്കൂറിനു മുകളില്‍ എത്തിയത്. എന്നാലും ഇടയ്ക്കിടെ രംഗങ്ങള്‍ കോര്‍ത്തിണക്കിയത് മോശമായതുമില്ല. ഏവര്‍ക്കും അഭിനന്ദനങ്ങള്‍!

അഭിനയം: ഗുഡ്
ഈ സിനിമയിലെ ആട്ടിന്‍കുട്ടി അഥവാ ആടു ഗോപന്‍ എന്ന കഥാപാത്രമായി മികച്ച അഭിനയം കാഴ്ച്ചവെക്കുവാന്‍ ചാക്കോച്ചനു സാധിച്ചു. ഹ്യൂമര്‍ കൈകാര്യം ചെയ്യുവാന്‍ ചാക്കോച്ചനും സാധിക്കും എന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു. ചാക്കോച്ചനു മികച്ച പിന്തുണ നല്‍ക്കികൊണ്ട്, മാമച്ചന്‍ എന്ന കഥാപാത്രമായി സുരാജും സുശീലന്‍ എന്ന കഥാപാത്രമായി ഹരിശ്രീ അശോകനും മികച്ച പ്രകടനം കാഴ്ച്ചവെചിട്ടുണ്ട്. വില്ലന്‍ വേഷത്തിലെത്തിയ ഷമ്മി തിലകനും, പുള്ളിപ്പുലികളായി ഇര്‍ഷാദും ഷിജുവും ജോജുവും അവരവരുടെ രംഗങ്ങള്‍ മികവു പുലര്‍ത്തി. ആടു ഗോപന്റെ നായികയായി കൈനകരി ജയശ്രീ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നമിത പ്രമോദും മികവു പുലര്‍ത്തി. കൈനകരി രേവമ്മയായി ബിന്ദു പണിക്കരും, ചക്കാട്ട് വീട്ടിലെ മാധവിയമ്മമയായി കെ.പി.എ.സി.ലളിതയും നന്നായി അഭിനയിച്ചു. ഇവരെ കൂടാതെ, ശിവജി ഗുരുവായൂര്‍, ചെമ്പില്‍ അശോകന്‍, ദിനേശ് നായര്‍, ചാലി പാല, സുബീഷ്, കൃഷ്ണപ്രസാദ്, അനുശ്രീ നായര്‍, പൊന്നമ്മ ബാബു, തെസ്നി ഖാന്‍, അഞ്ജന, റീന ബഷീര്‍, സീമ ജി.നായര്‍, കോട്ടയം ശാന്ത എന്നിവരും ഈ സിനിമയിലുണ്ട്. 

സിനിമയില്‍ ഇഷ്ടപെട്ടവ:
1.ആദ്യപകുതിയിലെ തമാശകള്‍
2.കുട്ടനാടിന്റെ ദ്രിശ്യ ഭംഗി
3.എസ്.കുമാറിന്റെ ചായാഗ്രഹണം
4.വിദ്യാസാഗര്‍ ഈണമിട്ട പാട്ടുകള്‍
5.ചാക്കോച്ചന്‍-സുരാജ്-ഹരിശ്രീ അശോകന്‍ ടീം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1.പ്രവചിക്കാനാകുന്ന കഥാസന്ദര്‍ഭങ്ങള്‍
2.ഇഴഞ്ഞു നീങ്ങുന്ന കഥാഗതി
3.സിനിമയുടെ രണ്ടാം പകുതി
4.രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യം
5.ചിത്രസന്നിവേശം


പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും റിവ്യൂ: ആദ്യ പകുതിയിലെ തമാശകള്‍, എസ്.കുമാറിന്റെ ചായാഗ്രഹണം, കുട്ടനാടിന്റെ ദ്രിശ്യ ഭംഗി, വിദ്യാസാഗറിന്റെ പാട്ടുകള്‍ എന്നിവ ചില പ്രേക്ഷകരെ ആസ്വദിപ്പിക്കുന്നുണ്ടെങ്കിലും, ഇഴഞ്ഞു നീങ്ങുന്ന കഥാസന്ദര്‍ഭങ്ങളും രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യവും മറ്റുചില പ്രേക്ഷകരെ നിരാശപെടുത്തുന്നുമുണ്ട്.

പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും റേറ്റിംഗ്: 5.00/10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 5/10 [ആവറേജ്]
സാങ്കേതികം: 3.5/5[ഗുഡ്]
അഭിനയം: 3.5/5[ഗുഡ്]
ടോട്ടല്‍ 15/30 [5/10]

സംവിധാനം: ലാല്‍ ജോസ്
കഥ, തിരക്കഥ, സംഭാഷണങ്ങള്‍: എം.സിന്ദുരാജ്
നിര്‍മ്മാണം: ഷെബിന്‍ ബെക്കെര്‍, സുല്‍ഫിക്കര്‍ അസീസ്‌
ബാനര്‍: ബാല്‍ക്കണി 6
ചായാഗ്രഹണം: എസ്.കുമാര്‍
ചിത്രസന്നിവേശം: രഞ്ജന്‍ എബ്രഹാം
ഗാനരചന:വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ
സംഗീതം: വിദ്യാസാഗര്‍ 
കലാസംവിധാനം: മോഹന്‍ദാസ്‌-ഗോകുല്‍ദാസ്
മേക്കപ്പ്: ശ്രീജിത്ത്‌ ഗുരുവായൂര്‍
വസ്ത്രാലങ്കാരം: ഷീബ മോഹന്‍
ശബ്ദമിശ്രണം: രാജകൃഷ്ണന്‍
വിതരണം:എല്‍. ജെ.ഫിലിംസ്

No comments:

Post a Comment