24 Nov 2013

വിശുദ്ധന്‍ - വൈശാഖ്-കുഞ്ചാക്കോ ബോബന്‍ ടീമിന്റെ വിശുദ്ധന്‍ പുത്തനുണര്‍വ്വ് പകരുന്നു...5.80/10

മനുഷ്യമനസ്സിലെ ദൈവം, മനുഷ്യന്‍, പിശാച് എന്നീ തലങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു വികാരിയുടെ കഥയാണ് വിശുദ്ധന്‍. മനുഷ്യസ്നേഹിയായ സണ്ണി എന്ന വികാരിയും, സണ്ണിയുടെ ഇടവകയിലെ കന്യാസ്ത്രീയായ സോഫിയും സാഹചര്യങ്ങള്‍ മൂലം തിരുവസ്ത്രം ഉപേക്ഷിക്കുകയും തുടര്‍ന്ന് വിവാഹിതരാകുകയും ചെയുന്നു. ഇരുവരും ജോലി ചെയ്തിരുന്ന പള്ളി സ്ഥിതി ചെയ്യുന്ന നാട്ടിലെ പൗരപ്രമാണിയായ വാവച്ചന്റെ കൊള്ളരുതായ്മകള്‍ വെളിച്ചത്തുകൊണ്ടുവാരാന്‍ ശ്രമിച്ചതിന്റെ അനന്തര ഫലമായിട്ടാണ് ഇരുവര്‍ക്കും തിരുവസ്ത്രം നഷ്ടമാകുന്നത്. വാവച്ചനെതിരായുള്ള തെളിവുകള്‍ കൈവശമുള്ള സോഫിയും സണ്ണിയും, അയാളുടെ പൊയ്മുഖം വെളിച്ചത്തുകൊണ്ടുവരാന്‍ വീണ്ടും ശ്രമിക്കുന്നു. ഇതുമൂലം, സമാധാനാപരമായ കുടുംബജീവിതം സ്വപ്നം കണ്ടു തുടങ്ങിയ സണ്ണിയും സോഫിയയും വീണ്ടും മാനസിക സംഘര്‍ഷങ്ങള്‍ നേരിടേണ്ടി വരുന്നു. തുടര്‍ന്ന് ഇരുവരുടെയും ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ് വിശുദ്ധന്റെ കഥ.

പോക്കിരി രാജ, സീനിയേഴ്സ്, മല്ലു സിംഗ്, സൗണ്ട് തോമ എന്നീ സിനിമകള്‍ക്ക്‌ ശേഷം വൈശാഖ് സംവിധാനം ചെയ്ത സിനിമയായ വിശുദ്ധനില്‍ സണ്ണിയായി കുഞ്ചാക്കോ ബോബനും, സോഫിയായി മിയ ജോര്‍ജും, വാവച്ചനായി ഹരീഷ് പരേടിയും അഭിനയിച്ചിരിക്കുന്നു. സംവിധായകന്‍ വൈശാഖ് ആദ്യമായിട്ടാണ് കഥയും തിരക്കഥയും സംഭാഷണങ്ങളും സ്വന്തന്ത്രമായി നിര്‍വഹിക്കുന്നത്. ആന്റോ ജോസഫ്‌ ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ്‌ നിര്‍മ്മിച്ചിരിക്കുന്ന വിശുദ്ധന്റെ ചായാഗ്രഹണം നിര്‍വഹിച്ചത് ഷെഹ്നാദ് ജലാലും, ചിത്രസന്നിവേശം നിര്‍വഹിച്ചത് മഹേഷ്‌ നാരായണനും, സംഗീതം നല്ക്കിയത് ഗോപി സുന്ദറുമാണ്.

കഥ, തിരക്കഥ: ആവറേജ്
ഏതൊരു സിനിമയുടെയും നട്ടെല്ല് എന്നത് ആ സിനിമയുടെ തിരക്കഥയാണെന്ന് ഒരിക്കല്‍കൂടി തെളിയിക്കപെട്ടിരിക്കുകയാണ് ഈ സിനിമയിലൂടെ. വിശുദ്ധന്റെ ആദ്യ പകുതിയില്‍ രംഗങ്ങളെല്ലാം പ്രേക്ഷകരെ ത്രസിപ്പിക്കുന്നുണ്ട്. വിവാദമായെക്കാവുന്ന ഒരു വിഷയമാണ് ഈ സിനിമയുടെ കഥ. പക്ഷെ, ആരെയും വേദനിപ്പിക്കാതെ വിശ്വസനീയതയോടെ ആദ്യപകുതിയിലെ രംഗങ്ങള്‍ കടന്നപോയീ. ആദ്യ പകുതിയിലെ കഥാസന്ദര്‍ഭങ്ങളെല്ലാം മികച്ച രീതിയില്‍ തന്നെ വൈശാഖ് എഴുതിയിരിക്കുന്നു. വികാരിയായ സണ്ണിയും കന്യസ്ത്രീയായ സോഫിയും വിവാഹം ചെയ്യുവാനുള്ള കാരണങ്ങളും അതിനുള്ള സാഹചര്യങ്ങളും മികച്ച രീതിയില്‍ കഥാസന്ദര്‍ഭങ്ങളായി സിനിമയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. എന്നാല്‍, രണ്ടാം പകുതിയിലേക്ക് എത്തിയപ്പോഴേക്കും പ്രവചിക്കാനവുന്നതും കണ്ടുമടുത്തതുമായ കഥാസന്ദര്‍ഭങ്ങള്‍ മാത്രമായി. രണ്ടാം പകുതിയും ക്ലൈമാക്സും പ്രേക്ഷകര്‍ നിഷ്പ്രയാസം പ്രവചിക്കാനവുന്നതുമായത്തോടെ വിശുദ്ധന്‍ വെറുമൊരു ബോറന്‍ അനുഭവമായി മാറി.

സംവിധാനം: എബവ് ആവറേജ്
പ്രേക്ഷകരെ ചിരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ മാത്രമാണ് വൈശാഖ് തന്റെ മുന്‍കാല സിനിമകളെല്ലാം സംവിധാനം ചെയ്തത്. അതിനാല്‍ പൂര്‍ണതയില്ലാത്ത രീതിയിലാണ് വൈശാഖ് കഴിഞ്ഞ നാല് സിനിമകളെയും സമീപിച്ചത്. അതില്‍ നിന്നെല്ലാം വ്യതസ്തമായ കഥാപശ്ചാത്തലവും സമീപനവുമാണ് വിശുദ്ധന്‍ എന്ന സിനിമയില്‍ കണ്ടത്. സിനിമയുടെ ഓരോ രംഗവും വിശ്വസനീയതയോടെ സംവിധാനം ചെയ്യുവാന്‍ വൈശാഖിനു സാധിച്ചു. രണ്ടാം പകുതിയിലെ കഥാസന്ദര്‍ഭങ്ങള്‍ പ്രവചിക്കാനാവുന്ന രീതിയില്‍ ആണെങ്കിലും, യുക്തിയെ ചോദ്യം ചെയ്യാത്ത രീതിയില്‍ അവയെല്ലാം സംവിധാനം ചെയ്യുവാന് വൈശാഖിനു കഴിഞ്ഞിട്ടുണ്ട്. ഓരോ കഥാപാത്രങ്ങള്‍ക്ക് അനിയോജ്യരായ നടീനടന്മാരെ കണ്ടെത്തുന്നതിലും, ഓരോ രംഗങ്ങള്‍ക്കും അനിയോജ്യമായ ലൊക്കേഷനുകള്‍ കണ്ടെത്തുകയും, പ്രേക്ഷകര്‍ക്ക് ദഹിക്കുവാനും ഗ്രഹിക്കുവാനും സാധിക്കുന്ന രീതിയില്‍ രംഗങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്. വിവാദങ്ങള്‍ക്കിടയിലേക്ക് വലിച്ചിഴക്കാന്‍ സാധ്യതയുള്ള ഒരു വിഷയത്തെ സൂക്ഷ്മതയോടെ അവതരിപ്പിക്കുവാന്‍ വൈശാഖിനു സാധിച്ചു എന്നതാണ് ഈ സിനിമയുടെ വിജയം. ഒരു തിരക്കഥകൃത്തെന്ന നിലയില്‍ കുറേക്കൂടി പക്വതയോടെ സിനിമയുടെ ക്ലൈമാക്സ് രംഗങ്ങളും രണ്ടാം പകുതിയും എഴുതിയിരുന്നുവെങ്കില്‍, വൈശാഖിന്റെയും കുഞ്ചാക്കോ ബോബന്റെയും സിനിമാ ജീവിതത്തിലെ ഒരു നാഴികകല്ലായി മാറുമായിരുന്നു വിശുദ്ധന്‍.

സാങ്കേതികം: എബവ് ആവറേജ്
ഓരോ രംഗങ്ങളും പൂര്‍ണമായ തീവ്രതയോടെ ചിത്രീകരിക്കുവാനും പ്രേക്ഷകരെ വികാരം കൊള്ളിക്കുവാനും ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതത്തിന് സാധിച്ചിട്ടുണ്ട്. സമീപ കാലത്ത് കേട്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച സംഗീതമാണ് ഓരോ രംഗങ്ങള്‍ക്കും ഗോപി സുന്ദര്‍ നല്‍കിയത്. മറ്റൊരു എടുത്തു പറയേണ്ടതാണ് ഈ സിനിമയുടെ ലോക്കെഷനുകളും ചായാഗ്രഹണവും. ഷെഹ്നാദ് ജലാലാണ് ദ്രിശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. മഹേഷ്‌ നാരായണന്റെ ചിത്രസന്നിവേശവും മികച്ച നിന്ന് ഈ സിനിമയില്‍. രണ്ടാം പകുതിയില്‍ ഒരല്പം ഇഴച്ചില്‍ അനുഭവപെട്ടെങ്കിലും, സിനിമയിലുടനീളം രംഗങ്ങള്‍ മികച്ച രീതിയില്‍ കോര്‍ത്തിണക്കുവാന്‍ മഹേഷിനു സാധിച്ചു. റഫീക്ക് അഹമ്മദ്, മുരുകന്‍ കാട്ടാക്കട എന്നിവരാണ് ഈ സിനിമയിലെ പാട്ടുകളുടെ വരികള്‍ എഴുതിയിരിക്കുന്നത്. ഗോപി സുന്ദറാണ് ഈണം പകര്‍ന്നത്. ഒരു മെഴുതിരിയുടെ...എന്ന തുടങ്ങുന്ന പാട്ട് സമീപകാലത്ത് കേട്ടതില്‍ ഏറ്റവും മികച്ച പ്രണയ ഗാനങ്ങളില്‍ ഒന്നാണ്. ജോസഫ്‌ നെല്ലിക്കലിന്റെ കലാസംവിധാനവും എടുത്ത പറയേണ്ട സവിശേഷതകളില്‍ ഒന്നാണ്. അഫ്സലിന്റെ വസ്ത്രാലങ്കാരവും രതീഷ്‌ അമ്പാടിയുടെ മേക്കപ്പും സിനിമയ്ക്കിണങ്ങുന്നവയാണ്.

അഭിനയം: ഗുഡ്
ഏറെ നാളുകള്‍ക്കു ശേഷം കുഞ്ചാക്കോ ബോബന് ലഭിച്ച അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെ പ്രശംസനീയമായ അഭിനയം കാഴ്ചവെച്ചുക്കൊണ്ട് ഏവരെയും ഞെട്ടിച്ചിരിക്കുന്നു. സോഫി എന്ന കഥാപാത്രത്തെ മനോഹരമായി അവതരിപ്പിക്കുവാന്‍ മിയയ്ക്കും സാധിച്ചു. വാവച്ചന്‍ എന്ന വില്ലന്‍ വേഷത്തെ അവിസ്മരണീയമാക്കിയത് ഹരീഷ് പരേടിയാണ്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ കൈതേരി സഹദേവന് ശേഷം ഹരീഷിനു ലഭിച്ച മികച്ച കഥാപാത്രമാണ് ഈ സിനിമയിലെത്. പ്രശംസനീയമായ അഭിനയം കാഴ്ചവെച്ച നന്ദുവും, ശാലിന്‍ സോയയും അഭിനന്ദനം അര്‍ഹിക്കുന്നു. ലാല്‍, ശശികുമാര്‍, സുരാജ് വെഞ്ഞാറമൂട്, കൃഷ്ണകുമാര്‍, അനില്‍ മുരളി, ഷിജു, ജോജു, ദിനേശ് പണിക്കര്‍, വിനോദ് കോവൂര്‍, മുന്‍ഷി വേണു, ജയശങ്കര്‍, ജെയിംസ് പറമ്മേല്‍, വിനോദ്, മധു പെരുന്ന, ശ്രീലത, വനിതാ, രമ്യശ്രീ, ഇന്ദുലേഖ എന്നിവരും ഈ സിനിമയിലെ അഭിനേതാക്കളാണ്.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. വൈശാഖിന്റെ സംവിധാനം
2. നടീനടന്മാരുടെ അഭിനയം
3. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം
4. ഷെഹ്നാദ് ജലാലിന്റെ ചായാഗ്രഹണം
5. സിനിമയുടെ ആദ്യപകുതി

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. സിനിമയുടെ രണ്ടാം പകുതി
2. പ്രവചിക്കാനവുന്ന കഥാസന്ദര്‍ഭങ്ങള്‍
3. ക്ലൈമാക്സ്

വിശുദ്ധന്‍ റിവ്യൂ: പുതുമയുള്ള കഥാസന്ദര്‍ഭങ്ങളും, വൈശാഖിന്റെ സംവിധാനവും, നടീനടന്മാരുടെ അഭിനയവും ആദ്യപകുതിയെ മികച്ചതാക്കിയപ്പോള്‍, പ്രവചിക്കനാവുന്ന കഥാസന്ദര്‍ഭങ്ങളുള്ള രണ്ടാം പകുതിയും ക്ലൈമാക്സും വിശുദ്ധനെ നിരാശപെടുത്തുന്ന അനുഭവമാക്കിമാറ്റി.

വിശുദ്ധന്‍ റേറ്റിംഗ്: 5.80/10
കഥ, തിരക്കഥ: 5/10[ആവറേജ്]
സംവിധാനം: 6/10[എബവ് ആവറേജ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3.5/5[ഗുഡ്]
ടോട്ടല്‍ 17.5/30 [5.8/10]

രചന, സംവിധാനം: വൈശാഖ്
നിര്‍മ്മാണം: ആന്റോ ജോസഫ്‌
ബാനര്‍: ആന്റോ ജോസഫ്‌ ഫിലിം കമ്പനി
ചായാഗ്രഹണം: ഷെഹ്നാദ് ജലാല്‍
ചിത്രസന്നിവേശം: മഹേഷ്‌ നാരായണന്‍
ഗാനരചന: റഫീക്ക് അഹമ്മദ്, മുരുകന്‍ കാട്ടാക്കട
സംഗീതം, പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍
കലാസംവിധാനം: ജോസഫ്‌ നെല്ലിക്കല്‍
മേക്കപ്പ്: രതീഷ്‌ അമ്പാടി
വസ്ത്രാലങ്കാരം: അഫ്സല്‍
വിതരണം: ആന്‍ മെഗാ മീഡിയ റിലീസ്

No comments:

Post a Comment