14 Apr 2013

ലേഡീസ് ആന്‍ഡ്‌ ജെന്റില്‍മാന്‍ - ഒരുവട്ടം കണ്ടു മറക്കാം അഭിനയത്തികവിന്റെ ജെന്റില്‍മാനെ! 4.00/10

വിയറ്റ്നാം കോളനി എന്ന സൂപ്പര്‍ മെഗാ ഹിറ്റ് സിനിമയ്ക്ക് ശേഷം 20 വര്‍ഷങ്ങള്‍ കഴിഞ്ഞു മലയാള സിനിമയിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളായ സിദ്ധിക്കും, മലയാള സിനിമയുടെ അഭിനയ ചക്രവര്‍ത്തി മോഹന്‍ലാലും ഒന്നിച്ച സിനിമയാണ് ലേഡീസ് ആന്‍ഡ്‌ ജെന്റില്‍മാന്‍. കാസനോവയ്ക്ക് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും, കോണ്‍ഫിഡെന്‍റ്റ് ഗ്രൂപിന്റെ ബാനറില്‍ സി.ജെ.റോയിയും സംയുക്തമായി നിര്‍മ്മിച്ചിരിക്കുന്ന ലേഡീസ് ആന്‍ഡ്‌ ജെന്റില്‍മാനില്‍ മുഴുനീള കുടിയനായ ചന്ദ്രബോസ് എന്ന കഥാപാത്രത്തെയാണ്‌ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്‌. മുഴുനീള കുടിയനാണെങ്കിലും, താനൊരു ജെന്റില്‍മാനാണെന്ന് ചന്ദ്രബോസ് ഇടയ്ക്കിടെ പറയുന്നുണ്ട്. ഒരിക്കല്‍, ജെന്റില്‍മാനായ ബോസ് ശരത്, ജോതി, അനു മേനോന്‍, ചിന്നു എന്നിവരെ പരിച്ചയപെടുന്നു. തുടര്‍ന്ന് ഈ നാല് വ്യക്തികളുടെയും ചിന്തകളിലും ദിനച്ചര്യകളിലും ബോസ് വരുത്തുന്ന മാറ്റങ്ങളാണ് ഈ സിനിമയുടെ കഥ. 

ദിലീപ് നായകനായ ബോഡി ഗാര്‍ഡ് എന്ന സിനിമയ്ക്ക് ശേഷം സിദ്ധിക്ക് കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതി സംവിധാനം ചെയ്ത ഈ സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സതീഷ്‌ കുറുപ്പാണ്. ഗൗരി ശങ്കറാണ് ഈ സിനിമയുടെ ചിത്രസന്നിവേശം. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് രതീഷ്‌ വേഗയാണ് സംഗീതം നല്കിയിരിക്കുന്നത്. ദീപക് ദേവാണ് പശ്ചാത്തല സംഗീതം. മോഹന്‍ലാലിനൊപ്പം മീര ജാസ്മിന്‍, മമ്ത മോഹന്‍ദാസ്, പത്മപ്രിയ, മിത്ര കുര്യന്‍, കലാഭവന്‍ ഷാജോണ്‍, മനോജ്‌ കെ. ജയന്‍, ഗണേഷ് കുമാര്‍, ജയഭാരതിയുടെയും സത്തറിന്റെയും മകന്‍ കൃഷ്‌ ജെ. സത്താര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. 
 
കഥ, തിരക്കഥ: ബിലോ ആവറേജ് 
അടിസ്ഥാനപരമായി നല്ലൊരു കഥയും, രസകരമായ മുഹൂര്‍ത്തങ്ങളിലൂടെ വികസിക്കുന്ന തിരക്കഥയുമാണ്‌ മലയാള സിനിമ പ്രേമികള്‍ക്ക് ഇഷ്ടമാകുക എന്ന് മറ്റുള്ള തിരക്കഥക്രുത്തുകള്‍ക്ക് മനസ്സിലാക്കികൊടുത്ത തിരക്കഥകൃത്താണ് സിദ്ധിക്ക്. കാലത്തിനനുസരിച്ച് പ്രേക്ഷകരിലൂടെ സഞ്ചരിക്കാത്ത സിദ്ധിക്കിനു ഇന്നത്തെ സിനിമ പ്രേമികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ അറിയാതെ പോയതാണ് ഈ സിനിമയുടെ തിരക്കഥ മോശമാകാനുള്ള കാരണങ്ങളില്‍ ഒന്ന്. ഏതു വേഷവും അനായാസേനെ അവതരിപ്പിക്കുവാന്‍ കഴിവുള്ള മഹാനടനെ കൊണ്ട് ആവര്‍ത്തനവിരസത തോന്നിപ്പിക്കും വിധം ഈ സിനിമയിലും കള്ളു കുടിയനക്കിയതും പ്രേക്ഷകര്‍ക്ക്‌ ദഹിച്ചില്ല. ഒരു അന്തവും കുന്തവും ഇല്ലാതെ മുമ്പോട്ടു നീങ്ങുന്ന കഥാഗതിയും, മോഹന്‍ലാലിന്റെ തന്നെ ചില സിനിമകളിലെ കഥാസന്ദര്‍ഭങ്ങളുമായി സാമ്യമുണ്ടായതും സിദ്ധികിനു പറ്റിയ വലിയ തെറ്റുകളാണ്. ചില രംഗങ്ങളിലെ തമാശകള്‍ പ്രേക്ഷകരെ ചിരിപ്പിക്കുനുണ്ടെങ്കിലും, ഇഴഞ്ഞു നീങ്ങുന്നതും പ്രവചിക്കാനവുന്നതുമായ കഥാസന്ദര്‍ഭങ്ങള്‍ അവരെ വെറുപ്പിച്ചു. ഒരു അപരിചിതന്‍ ഒരാവശ്യവുമില്ലാതെ നാല് വ്യക്തികളുടെ ജീവിതം മാറ്റിമറയ്ക്കുന്നതൊക്കെ ഇന്നത്തെ കാലഘട്ടത്തില്‍ അവിശ്വസനീയമായെ അനുഭവപെടുകയുള്ളൂ. ഒരു കഥയുമില്ലാതെ വെറുതെ സഞ്ചരിക്കുന്നു കഥാസന്ദര്‍ഭങ്ങള്‍ ആദ്യമായാണ്‌ ഒരു സിദ്ധിക്ക് സിനിമയില്‍ കാണുന്നത്. മലയാളികളെ ഒരുപാട് ചിരിപ്പിച്ച സംവിധായകനും നടനും വേണ്ടി, മറ്റൊരു വിയറ്റ്നാം കോളനിയ്ക്കായി പ്രേക്ഷകര്‍ ഇനിയും കാത്തിരിക്കും. 

സംവിധാനം: ബിലോ ആവറേജ് 
മലയാള സിനിമയില്‍ അന്നും ഇന്നും മുഴക്കത്തോടെ കേട്ടിരുന്ന പേരുകളാണ്‌ സിദ്ധിക്കും ലാലും. ഇരുവരും വേര്‍പിരിഞ്ഞതിനു ശേഷം സ്വതന്ത്ര സംവിധായകനായി മാറിയ സിദ്ധിക്ക് മലയാളത്തിലും തമിഴിലും ഹിന്ദിയിലും ഒരുപാടു സിനിമകള്‍ സംവിധാനം ചെയ്തു. ഓരോ കാലഘട്ടത്തത്തിനനുസരിച്ചു സിനിമ സംവിധാനം ചെയ്യുവാന്‍ സാധിക്കാത്ത സംവിധായകരുടെ കൂട്ടത്തില്‍ സിദ്ധിക്ക്-ലാലുമാരുടെ പേരുകള്‍ കേള്‍ക്കുമെന്ന് ഒരു മലയാളി പ്രേക്ഷകനും ചിന്തിച്ചിട്ടുണ്ടാവില്ല. കോബ്ര എന്ന സിനിമയില്‍ ലാലിന് പറ്റിയ അതെ അമിളിയാണ് ഈ സിനിമയിലൂടെ സിദ്ധിക്കിനും പറ്റിയത്. പത്തു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ലേഡീസ് ആന്‍ഡ്‌ ജെന്റില്‍മാന്‍ എന്ന ഈ സിനിമ സംഭവിചിരുന്നെങ്കില്‍, മറ്റൊരു വിയറ്റ്നാം കോളനിയാകുമായിരുന്നു. കാലം തെറ്റി എഴുതിയ തിരക്കഥയ്ക്ക് പുറമേ, പഴയ രീതിയിലുള്ള സംവിധാനം കൂടിയായപ്പോള്‍, രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വെറുമൊരു ബോറന്‍ അനുഭവമായി ഈ വിഷു ചിത്രം. മുന്‍കാല എല്ലാ സിദ്ധിക്ക് സിനിമകളിലും മികച്ച പാട്ടുകള്‍ ഉണ്ടായിരുന്നെങ്കില്‍, ഈ സിനിമയില്‍ അത് പോലുമില്ല. മോഹന്‍ലാലിന്റെ അഭിനയവും, സതീഷ്‌ കുറുപ്പിന്റെ ചായാഗ്രഹണവും, ദീപക് ദേവിന്റെ പശ്ചാത്തല സംഗീതവുമാണ് സിദ്ധികിനെ രക്ഷിച്ചത്‌. 10 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ഈ സിനിമയ്ക്ക് റിലീസിന് മുമ്പ് തന്നെ 11.5 കോടി രൂപ ലഭിച്ചു എന്നത് കൊണ്ട് നിര്‍മ്മാതാക്കള്‍ക്ക് ലാഭം കിട്ടി എന്നതല്ലാതെ പാവം പ്രേക്ഷകര്‍ക്ക്‌ എന്ത് ലാഭം. വാനോളം പ്രതീക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍-സിദ്ധിക്ക് സിനിമ ഒരു വട്ടം കണ്ടു മറക്കാനുള്ള ഭാഗ്യമേ മലയാളികള്‍ക്ക് ലഭിച്ചുള്ളൂ എന്നത് നിരാശാജനകമാണ്. 

സാങ്കേതികം: എബവ് ആവറേജ്  
സതീഷ്‌ കുറുപ്പിന്റെ ദ്രിശ്യങ്ങള്‍ സിനിമയ്ക്ക് ജീവന്‍ പകര്‍ന്ന ഘടകങ്ങളില്‍ ഒന്നാണ്. അവിശ്വസനീയ തിരക്കഥയ്ക്ക് ഒരല്പമെങ്കിലും മികവു തോന്നിയത് സതീഷ്‌ നിര്‍വഹിച്ച ചായാഗ്രഹണം കാരണമാണ്. ഗൗരി ശങ്കറിന്റെ ചിത്രസന്നിവേശം സിനിമയോട് ചേര്‍ന്ന് പോകുന്നു. റഫീക്ക് അഹമ്മദ് എഴുതിയ വരികള്‍ക്ക് രതീഷ്‌ വേഗ സംഗീതം നല്കിയ പാട്ടുകളൊന്നും തന്നെ നന്നായില്ല. ദീപക് ദേവിന്റെ പശ്ചാത്തല സംഗീതം സിനിമയോട് ചേര്‍ന്ന് പോകുന്നുണ്ട്. ഏറെ നാളുകള്‍ക്കു മോഹന്‍ലാലിനെ സുന്ദരനായി കണ്ടത് ഈ സിനിമയിലാണ്. സമീറ സനീഷിന്റെ വസ്ത്രാലങ്കാരമാണ് അതിനു കാരണം. പി.എന്‍.മണിയുടെ മേക്കപ്പ് ഒരല്പം മോശമായി. മണി സുചിത്രയുടെ കലാസംവിധാനവും, പളനിയുടെ സംഘട്ടന രംഗങ്ങളും, ബ്രിന്ദയുടെ നൃത്ത സംവിധാനവും മികവു പുലര്‍ത്തി.
 
അഭിനയം: എബവ് ആവറേജ്  
ഭ്രമരം, ഹലോ, സ്പിരിറ്റ്‌ എന്നീ സിനിമകളില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കള്ളുകുടിയനില്‍ നിന്നും ഏറെ വ്യതസ്തനാണ് ചന്ദ്രബോസ്. മോഹന്‍ലാലിന് മാത്രം അഭിനയിക്കാന്‍ കഴിയുന്ന കഥാപാത്രമാണ് ഈ സിനിമയിലെ ചന്ദ്രബോസ്. മലയാളികള്‍ ഇഷ്ടപെടുന്ന പഴയ കുസൃതിയുള്ള ചിരിയും കളിയും ചീത്തവിളിയും പരിഹാസവും ഒരല്പം ഗൗരവവും അങ്ങനെ എല്ലാവിധ ഭാവപ്രകടനങ്ങളും മഹാനടന് ഈ സിനിമയില്‍ കാഴ്ച്ചവെചിട്ടുണ്ട്. ലാലിനൊപ്പം കലാഭവന്‍ ഷാജോണും മികവു പുലര്‍ത്തുന്ന അഭിനയം കാഴ്ചവെച്ചു. നായികമാരില്‍ മമ്ത മോഹന്‍ദാസ് മികച്ചു നിന്നപ്പോള്‍, ഒരല്പം അമിതാഭിനയത്തിലൂടെ മീര ജാസ്മിനും മോശമാകാതെ പിടിച്ചു നിന്നു. പുതുമുഖം കൃഷ്‌ ജെ. സത്താര്‍ നിരാശപെടുത്താതെ തനിക്കു ലഭിച്ച കഥാപാത്രം അഭിനയിച്ചു. പത്മപ്രിയയും മിത്ര കുര്യനും മനോജ്‌ കെ. ജയനും കൃഷ്ണകുമാറും ഗണേഷും ശിവജി ഗുരുവായൂരും മോശമാകാതെ അവരവരുടെ രംഗങ്ങളില്‍ അഭിനയിച്ചു. ഇവരെയൊക്കെ കൂടാതെ അബു സലീമും, നന്ദു പൊതുവാളും, പൂജപ്പുര രാധാകൃഷ്ണനും, ശ്രീലത നമ്പൂതിരിയും, സുബി സുരേഷും ഈ സിനിമയിലുണ്ട്. 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.മോഹന്‍ലാലിന്റെ അഭിനയം
2.സതീഷ്‌ കുറുപ്പിന്റെ ചായാഗ്രഹണം
3.ദീപക് ദേവിന്റെ പശ്ചാത്തല സംഗീതം 


സിനിമയുടെ മൈനസ് പോയിന്റ്സ്:
1.കഥ, തിരക്കഥ
2.സംവിധാനം
3.ഇഴഞ്ഞു നീങ്ങുന്ന കഥാസന്ദ
ര്‍ഭങ്ങള്‍
4.ക്ലൈമാക്സ് 


ലേഡീസ് ആന്‍ഡ്‌ ജെന്റില്‍മാന്‍ റിവ്യൂ: സിദ്ധിക്ക് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച സിനിമകളില്‍ ഏറ്റവും മോശം എന്ന് പറയാവുന്ന ലേഡീസ് ആന്‍ഡ്‌ ജെന്റില്‍മാന്‍, മോഹന്‍ലാലിന്റെ ആരാധകരെ മാത്രം തൃപ്തിപെടുത്തുന്നു.

ലേഡീസ് ആന്‍ഡ്‌ ജെന്റില്‍മാന്‍ റേറ്റിംഗ്: 4.00/10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം:
3/5 [എബവ് ആവറേജ്]  
അഭിനയം: 3/5 [എബവ് ആവറേജ്] 
ടോട്ട
ല്‍: 12/30 [4/10] 

രചന,സംവിധാനം: സിദ്ധിക്ക്
നി
ര്‍മ്മാണം: ആന്റണി പെരുമ്പാവൂര്‍, സി.ജെ.റോയ്
ബാന
ര്‍: ആശിര്‍വാദ് സിനിമാസ്, കോണ്‍ഫിഡെന്‍റ്റ് ഗ്രൂപ്പ്
ചായാഗ്രഹണം: സതീഷ്‌ കുറുപ്പ്
ചിത്രസന്നിവേശം: ഗൗരി ശങ്ക
ര്‍
ഗാനരചന: റഫീക്ക് അഹമ്മദ്
സംഗീതം: രതീഷ് വേഗ
പശ്ചാത്തല സംഗീതം: ദീപക് ദേവ്
കലാസംവിധാനം: മണി സുചിത്ര
മേക്കപ്പ്: പി. എ
ന്‍. മണി
വസ്ത്രാലങ്കാരം: സമീറ സനീഷ്
സംഘട്ടനം: പളനി
നൃത്ത സംവിധാനം: ബ്രിന്ദ
വിതരണം: മാക്സ് ലാബ് റിലീസ്

7 Apr 2013

സൗണ്ട് തോമ - ജനപ്രിയ നായകന്റെ ആരാധകരെ തൃപ്തിപെടുത്തിയേക്കാവുന്ന ജനപ്രിയമല്ലാത്തൊരു സിനിമ 4.00/10

കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും അവധികാലം ആഘോഷമാക്കാന്‍ വേണ്ടി ജനപ്രിയ നായകന്‍ വീണ്ടുമൊരു ജനപ്രിയ സിനിമയുമായിയെത്തി - സൗണ്ട് തോമ. ഇതുവരെ മലയാള സിനിമയില്‍ ആരും പരീക്ഷിക്കാത്ത കഥാപാത്രമാണ് ഈ സിനിമയില്‍ ദിലീപ് അവതരിപ്പിച്ചിരിക്കുന്നത്. ശബ്ദത്തിന് വൈകല്യമുള്ള മുറിചുണ്ടുള്ള തോമ എന്ന നായക കഥാപാത്രത്തെയാണ് ദിലീപിന് വേണ്ടി ബെന്നി പി. നായരമ്പലം എഴുതിയത്. സംവിധാനം ചെയ്തിട്ടുള്ള മൂന്ന് സിനിമകളും സാമ്പത്തിക വിജയം നേടി വിജയവീഥിയില്‍ നില്‍ക്കുന്ന വൈശാഖാണ് സൗണ്ട് തോമ സംവിധാനം ചെയ്തിരിക്കുന്നത്. ദിലീപിന്റെ സഹോദരന്‍ അനൂപാണ് പ്രിയാഞ്ചലിയുടെ ബാനറില്‍ സൗണ്ട് തോമ നിര്‍മ്മിച്ചിരിക്കുന്നത്. ഷാജിയാണ് ഈ സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. മഹേഷ്‌ നാരായണനാണ് ചിത്രസന്നിവേശം. രാജീവ്‌ ആലുങ്കല്‍, മുരുകന്‍ കാട്ടാക്കട, നാദിര്‍ഷ എന്നിവരുടെ വരികള്‍ക്ക് ഗോപി സുന്ദറാണ് സംഗീതം നല്കിയിരിക്കുന്നത്. പശ്ചാത്തല സംഗീതം നിര്‍വഹിച്ചതും ഗോപി സുന്ദറാണ്. 

പിശുക്കനും കണിശക്കാരനുമായ പ്ലപറമ്പില്‍ പൗലോയ്ക്ക് മൂന്ന് മക്കളാനുള്ളത്. ആദ്യത്തെ മകന്‍ ഒരു മുസ്ലീം പെണ്‍കുട്ടിയെയും, രണ്ടാമത്തെ മകന്‍ ഒരു അനാഥ പെണ്‍കുട്ടിയെയും വിവാഹം ചെയ്തത്കൊണ്ട് മൂത്ത രണ്ടു മക്കളുമായും പൗലോ പിണക്കത്തിലാണ്. പൗലോയ്ക്കുള്ള ഏക പ്രതീക്ഷ ഇളയമകന്‍ തോമയിലാണെങ്കിലും, തോമയ്ക്ക് ശ്രീലക്ഷ്മി എന്ന ഹിന്ദു പെണ്‍കുട്ടിയെ പ്രേമിക്കുന്നതിലുള്ള തത്രപാടിലാണ്. പതിനെട്ടടവുകളും പുറത്തെടുത്തിട്ടും തോമയെ ശ്രീലക്ഷ്മിക്ക് ഇഷ്ടമാകുന്നില്ല. ശ്രീലക്ഷ്മിയുടെ ഇഷ്ടം പിടിച്ചുപറ്റാന്‍ തോമ ശ്രമിക്കുന്നതും, അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഈ സിനിമയുടെ കഥ.
 
കഥ,തിരക്കഥ: ബിലോ ആവറേജ്
സ്പാനിഷ്‌ മസാലയ്ക്ക് ശേഷം ദിലീപിന് വേണ്ടി ബെന്നി പി. നായരമ്പലം എഴുതുന്ന തിരക്കഥയാണ് ഈ സിനിമയുടെത്. ദിലീപിന്റെ വ്യതസ്ത വേഷങ്ങളെല്ലാം തന്നെ സ്വീകരിച്ച പ്രേക്ഷകര്‍, മുറിച്ചുണ്ടുകാരനെയും സ്വീകരിക്കും എന്ന തോന്നല്‍ തെറ്റിയില്ല. തോമയുടെ കഥാപാത്രരൂപികരണവും സിനിമയുടെ മൂലകഥയും ഇഴുകിചേര്‍ന്നിരിക്കുന്നത്  സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. ശബ്ദ വൈകല്യമുള്ള സമ്പന്ന കുടുംബത്തില്‍ ജനിച്ച തോമ, പാവപെട്ട കുടുംബത്തില്‍ ജനിച്ച ശ്രീലക്ഷ്മിയെ പ്രേമിക്കുന്നതും, അതിനെ തുടര്‍ന്നുണ്ടാകുന്ന ചില തമാശകളും ആസ്വദ്യകരമാണ്. പക്ഷെ, ഈ സിനിമയുടെ കഥാസന്ദര്‍ഭങ്ങളില്‍ ഒരെണ്ണം പോലും ലോജിക്കില്ലാത്ത രീതിയില്‍ എഴുതിയിരിക്കുന്നത് എന്തുകൊണ്ടെന്നറിയില്ല. കുട്ടികളെയും കുടുംബിനികളെയും ചിരിപ്പിക്കുക എന്ന ലക്ഷ്യം മാത്രം മനസ്സില്‍ കണ്ടെഴുതിയത് കൊണ്ട്, അതിനൊന്നും ലോജിക്കിലെങ്കിലും കുഴപ്പമില്ല എന്ന തോന്നലായിരിക്കാം ബെന്നി പി. നായരമ്പലം ഇത്തരത്തിലുള്ള നിലവാരമില്ലാത്ത തിരക്കഥ എഴുതുവാനുള്ള കാരണം.  തോമയുടെ ചേട്ടന്റെ കല്യാണം നാട്ടുകാര്‍ നിര്‍ബന്ധിച്ചു നടത്തുന്ന രംഗങ്ങള്‍ തന്നെ മോശം തിരക്കഥയുടെ ഉദാഹരണമാണ്. കണ്ടുമടുത്തതും എളുപ്പത്തില്‍ പ്രവചിക്കാനായതുമായ രംഗങ്ങള്‍ സിനിമയുടെ ആസ്വാദനത്തെ മോശം രീതിയില്‍ ബാധിചു. കുഞ്ഞിക്കൂനനും ചാന്തുപൊട്ടും ഒക്കെ എഴുതിയ ബെന്നിയുടെ നിലവാരം ഇത്രയ്ക്ക് മോശമായി എന്ന് പ്രേക്ഷകര്‍ കരുതിയിട്ടുണ്ടാവില്ല.  

സംവിധാനം: ബിലോ ആവറേജ്
സംവിധായകന്റെ ആദ്യ സിനിമയല്ലേ, മെഗാ സ്റ്റാറും യുവ സൂപ്പര്‍ സ്റ്റാറും അഭിനയിച്ച സിനിമയല്ലേ എന്ന പ്രേക്ഷകരുടെ തോന്നലാണ് പോക്കിരി രാജ എന്ന സിനിമയെ രക്ഷിച്ചത്‌. ഒരിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ 4 സുഹൃത്തുക്കള്‍ വീണ്ടും പഠിക്കനെത്തുക, അതിലൊരു കൗതുകവും സസ്പെന്‍സും ഉള്ളതുകൊണ്ട് സീനിയേഴ്സ് പ്രേക്ഷകര്‍ സ്വീകരിച്ചു. യുവ താരനിരയെ സംഘടിപ്പിച്ചു, മലയാളികള്‍ ഇന്നുവരെ കാണാത്ത പഞ്ചാബില്‍ പോയി പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയ മല്ലു സിംഗും സംവിധായകന്റെയും നിര്‍മ്മതിവിന്റെയും ഭാഗ്യം കൊണ്ട് പ്രേക്ഷകര്‍ സ്വീകരിച്ചു. മേല്പറഞ്ഞ മൂന്ന് സിനിമകളും സാമ്പത്തികമായി വിജയിച്ചപ്പോള്‍, ജനപ്രിയ നായകന്റെ സമ്മതവും വാങ്ങി, വീണ്ടുമൊരു തട്ടിക്കൂട്ട് സിനിമയുണ്ടാക്കി സംവിധയകന്‍. പക്ഷെ ഇത്തവണേ സംവിധായകന്‍ വൈശാഖിനു പിഴച്ചു എന്നതില്‍ സംശയമില്ല. തോമ എന്ന കഥാപാത്രവും സിനിമയിലെ പാട്ടുകളും പ്രേക്ഷകര്‍ സ്വീകരിക്കുമെങ്കിലും, ആവര്‍ത്തന വിരസതയുള്ള ഈ സിനിമയിലെ രംഗങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിക്കാന്‍ സാധ്യതയില്ല. നിലവാരമില്ലാത്ത സിനിമയാണെങ്കിലും സൗണ്ട് തോമ വിജയിക്കുമെന്ന സംവിധായകന്റെ തോന്നലിനു ഉത്തരവാദികള്‍ നമ്മള്‍ പ്രേക്ഷകരാണ്. തട്ടിക്കൂട്ട് സിനിമകള്‍ വിജയിക്കുമ്പോള്‍ സംവിധായകനും നിര്‍മ്മാതാവും വീണ്ടുമൊരു തട്ടിക്കൂട്ട് സിനിമയെടുക്കാന്‍ നിര്‍ബന്ധിതരാകുന്നതില്‍ അവരെ കുറ്റം പറയാനാകില്ല. ഈ സിനിമ കണ്ടിരിക്കാന്‍ പറ്റുന്ന പരുവത്തിലായത് ദിലീപ് എന്ന നടന്റെ അഭിനയവും, ഗോപി സുന്ദറിന്റെ പാട്ടുകളും കൊണ്ടാണ്. 

സാങ്കേതികം: എബവ് ആവറേജ്  
കുറെ നാളുകള്‍ക്കു ശേഷമാണ് ഒരു ദിലീപ് സിനിമയ്ക്ക് വേണ്ടി ക്യാമറമാന്‍ ഷാജി പ്രവര്‍ത്തിക്കുന്നത്. കുട്ടനാടിന്റെ സൗന്ദര്യം മുഴുവന്‍ ഒപ്പിയെടുക്കുവാന്‍ ഷാജിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഈ സിനിമയിലെ പാട്ടുകളുടെ ചിത്രീകരണം പ്രശംസനീയമാണ്. നല്ല കളര്‍ഫുള്‍ രീതിയില്‍ ചിത്രീകരിച്ച പാട്ടുകളും, എല്ലാ പ്രായക്കാരെയും ആകര്‍ഷിക്കുന്ന വിഷ്വല്‍സും ഒട്ടേറെ പുതുമ നല്കി. മഹേഷ്‌ നാരായണന്റെ ചിത്രസന്നിവേശവും സിനിമയോട് ചേര്‍ന്ന് നില്‍ക്കുന്നു. രാജീവ്‌ ആലുങ്കല്‍, മുരുകന്‍ കാട്ടാക്കട, നാദിര്‍ഷ എന്നിവരുടെ ഗാനരചനയില്‍ ഗോപി സുന്ദര്‍ ഈണമിട്ട മൂന്ന് പാട്ടുകളില്‍ രണ്ടെണ്ണം മാത്രമാണ് സിനിമയില്‍ള്‍പ്പെടുത്തിയത്. കണ്ടാല്‍ ഞാനൊരു സുന്ദരനാ...തോമ സ്റ്റൈല്‍ എന്ന പാട്ട് ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു. ജോസഫ്‌ നെല്ലിക്കലാണ് കലാംസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ദിലീപിനെ മുറിച്ചുണ്ടനാക്കിയത് മേക്കപ്പ്മാന്‍ റോഷനാണ്. വസ്ത്രാലങ്കാരം നിര്‍വഹിച്ചത് സായിയാണ്. നൃത്ത സംവിധാനം ഷോബി പോള്‍രാജും, സംഘട്ടനം മാഫിയ ശശിയും നിര്‍വഹിച്ചു. കുറെ നാളുകള്‍ക്കു ശേഷം ദിലീപിനെ മികച്ച രീതിയില്‍ ഡാന്‍സ് ചെയ്യിപ്പിച്ചതിന്റെ മുഴുവന്‍ പ്രശസകളും ഷോബി പോള്‍രാജിനുള്ളതാണ്.  

അഭിനയം: എബവ് ആവറേജ്   
ശബ്ദ വൈകല്യമുള്ള സൗണ്ട് തോമയെ അവതരിപ്പിക്കാന്‍ ഇന്ന് മലയാള സിനിമയിലെ നായകന്മാരില്‍ ദിലീപിന് മാത്രം സാധിക്കുന്ന കാര്യമാണ്. നൂറു ശതമാനം അത്മാര്‍ഥയോടെ ദിലീപ് തോമയെ അവതരിപ്പിച്ചതാണ് ഈ സിനിമ കണ്ടിരിക്കാന്‍ പറ്റുന്ന തരത്തിലെത്താനുള്ള കാരണങ്ങളില്‍ ഒന്ന്. ദിലീപിനൊപ്പം സായികുമാറും മികച്ച അഭിനയം കാഴ്ച്ചവെചിട്ടുണ്ട് ഈ സിനിമയില്‍. ട്രാഫിക്‌, പുതിയ തീരങ്ങള്‍ എന്നീ സിനിമകളില്‍ അഭിനയിച്ച നമിത പ്രമോദാണ് ഈ സിനിമയിലെ നായിക. ദിലീപ്, മുകേഷ്, സായികുമാര്‍, വിജയരാഘവന്‍, സുരാജ് വെഞ്ഞാറമൂട്, നെടുമുടി വേണു, ഷിജു, ഷാജു, ധര്‍മജന്‍, ബോള്‍ഗാട്ടി, കലാഭവന്‍ ഷാജോണ്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, കൊച്ചുപ്രേമന്‍, കലാശാല ബാബു, കലാഭവന്‍ ഹനീഫ്, ജോജു, മജീദ്‌, ചാലി പാല, നമിത പ്രമോദ്, രശ്മി ബോബന്‍ എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.ദിലീപിന്റെ അഭിനയം
2.ഗോപി സുന്ദര്‍ ഈണമിട്ട പാട്ടുകള്‍
3.പാട്ടുകളുടെ ചിത്രീകരണം

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.പ്രവചിക്കനാവുന്ന കഥ
2.ബോറടിപ്പിക്കുന്ന തിരക്കഥ 
3.ഇഴഞ്ഞുനീങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍
4.വൈശാഖിന്റെ സംവിധാനം  
5.ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍

സൗണ്ട് തോമ റിവ്യൂ: ദിലീപിന്റെ ആരാധകരായ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും അവധികാലത്ത് കണ്ടാസ്വദിക്കുവാന്‍ വേണ്ടിയുള്ള സിനിമയാണ് സൗണ്ട് തോമ. 

സൗണ്ട് തോമ റേറ്റിംഗ്: 4.00/10
കഥ,തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 3/5 [എബവ് ആവറേജ്] 
അഭിനയം: 3/5 [എബവ് ആവറേജ്]
ടോട്ടല്‍
: 12/30 [4/10]

സംവിധാനം: വൈശാഖ്
രചന: ബെന്നി പി.നായരമ്പലം
നിര്‍മ്മാണം: അനൂപ്‌
ബാനര്‍: പ്രിയാഞ്ജലി
ചായാഗ്രഹണം: ഷാജി
ചിത്രസന്നിവേശം: മഹേഷ്‌ നാരായണന്‍
ഗാനരചന: രാജീവ്‌ ആലുങ്കല്‍, മുരുകന്‍ കാട്ടാക്കട, നാദിര്‍ഷ 
സംഗീതം, പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍
കലാംസംവിധാനം: ജോസഫ്‌ നെല്ലിക്കല്‍
മേക്കപ്പ്: റോഷന്‍
വസ്ത്രാലങ്കാരം: സായി
നൃത്ത സംവിധാനം: ഷോബി പോള്‍രാജ്  
സംഘട്ടനം: മാഫിയ ശശി
വിതരണം: മഞ്ജുനാഥ

6 Apr 2013

ഇമ്മാനുവല്‍ - ലാല്‍ ജോസ് അന്നും ഇന്നും എന്നും പ്രേക്ഷകരുടെ കൂടെ...6.80/10

  
തൊട്ടതെല്ലാം ഹിറ്റുകളാകുന്ന മലയാളികളുടെ പ്രിയപ്പെട്ട സംവിധയകന്‍ ലാല്‍ ജോസ്, മലയാള സിനിമയുടെ മെഗാ സ്റ്റാര്‍ പത്മശ്രീ ഭരത് മമ്മൂട്ടി, യുവാക്കളുടെ ഹരവും മലയാള സിനിമയിലെ പുതിയ താരോദയവുമായ ഫഹദ് ഫാസില്‍ എന്നിവര്‍ ഒന്നിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ഇമ്മാനുവല്‍. മമ്മൂട്ടിയുടെ മാനേജറായ എസ്.ജോര്‍ജ് ആദ്യമായി നിര്‍മ്മിക്കുന്ന ഇമ്മാനുവലില്‍ പുതുമുഖം റീന മാത്യൂസാണ് മമ്മൂട്ടിയുടെ നായികയാവുന്നത്. നവാഗതനായ വിജീഷാണ് ഇമ്മാനുവലിന്റെ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. പ്രദീപ്‌ നായര്‍ ചായാഗ്രഹണവും, രഞ്ജന്‍ എബ്രഹാം ചിത്രസന്നിവേശവും അഫ്സല്‍ യുസഫ് സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. സിന്‍-സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ നിര്‍മ്മിച്ച ഈ സിനിമ വിതരണം ചെയ്തത് പ്ലേ ഹൗസാണ്.

ഒരു സ്വകാര്യ പ്രസിദ്ധീകരണ കമ്പനിയില്‍ ജോലി ചെയ്തുവരുന്ന സാധാരണക്കാരനായ വ്യക്തിയാണ് ഇമ്മാനുവല്‍. ഭാര്യയും മകനുമായി വാടക വീട്ടില്‍ കഴിയുന്ന ഇമ്മനുവലിന്റെ സ്വപ്നങ്ങളില്‍ ഒന്നാണ് സ്വന്തമായൊരു വീട്. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്തുകൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന ഇമ്മനുവലിനു പെട്ടന്ന് അയാളുടെ ജോലി നഷ്ടമാകുന്നു. നഷ്ടത്തില്‍ നടത്തിവരുന്ന പ്രസിദ്ധീകരണ കമ്പനിയുടെ മുതലാളി എന്നേക്കുമായി നാടുവിടുന്നതോടെ ഇമ്മാനുവലും പ്രതിസന്ധിയിലാകുന്നു. മറ്റൊരു ജോലിക്കായി ശ്രമിക്കുന്ന ഇമ്മാനുവലിന്, അയാള്‍ക്ക് പരിചിതമല്ലാത്ത മേഖലയിലുള്ള ഇന്‍ഷൊറന്‍സ് കമ്പനിയില്‍ ജോലി ലഭിക്കുന്നു. പാവങ്ങളുടെ ചോരയൂറ്റി കുടിക്കുന്ന ലാഘവത്തോടെ അവരെ പറ്റിച്ചു പണം സംബാധിക്കുന്ന ന്യൂ ജനറേഷന്‍ ഇന്‍ഷൊറന്‍സ് കമ്പനിയിലാണ് ഇമ്മാനുവലിന് ജോലി ലഭിക്കുന്നത്. നന്മ ഒരല്പം കൂടുതലുള്ള ചിന്താഗതിക്കാരനായ ഇമ്മനുവലിനു പുതിയ സ്ഥാപനത്തില്‍ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളും, ആ പ്രശ്നങ്ങള്‍ ഇമ്മാനുവല്‍ എങ്ങനെ തരണം ചെയ്യുന്നു എന്നതുമാണ്‌ ഈ സിനിമ.

കഥ,തിരക്കഥ: ഗുഡ്
എ.സി.വിജീഷ് ആദ്യമായി എഴുതുന്ന തിരക്കഥയാണ് ഈ സിനിമയുടെതെന്നു തോന്നിപ്പിക്കാത്ത വിധത്തില്‍, ഓരോ രംഗങ്ങള്‍ക്കും അതിനു അനിയോജ്യമായ സംഭാഷണങ്ങള്‍ രചിച്ചുകൊണ്ട് നല്ലൊരു തിരക്കഥ സംവിധായകന് നല്കി. പ്രാഞ്ചിയേട്ടനും ബാവൂട്ടിക്കും ശേഷം മമ്മൂട്ടിക്ക് ലഭിച്ച ഉജ്ജ്വല വേഷങ്ങളില്‍ ഒന്നാണ് ഇമ്മാനുവല്‍. ഏറെ നന്മകള്‍ മനസ്സില്‍ സൂക്ഷിക്കുന്ന ഇമ്മാനുവലിനു ഇന്നത്തെ സമൂഹത്തിലുള്ള കാപട്യങ്ങളോടും കള്ളത്തരങ്ങളോടും പൊരുത്തപെടാന്‍ സാധിക്കുന്നില്ല. അയാള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നേരും നെറിയുമില്ലാതെ ജോലി ചെയ്യുന്നവരെ ഉപദേശിച്ചും ശാസിച്ചും നന്നാക്കുന്നതിനു പകരം, സ്വന്തം ജീവിതവും പ്രവര്‍ത്തികളും മാതൃകയാക്കി മറ്റുള്ളവരെ നേര്‍വഴിക്കു നടത്തുന്നു. ചില വിദേശ-സ്വദേശ സിനിമകളുടെ കഥയുമായി വിദൂര സാദിര്‍ശ്യങ്ങളൊക്കെ ഈ സിനിമയ്ക്കുണ്ടെങ്കിലും, എല്ലാത്തരം പ്രേക്ഷകരെയും ത്രിപ്ത്തിപെടുത്തുന്ന റിയാലസ്റ്റിക്കായ കഥാസന്ദര്‍ഭങ്ങള്‍ പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്. അതിശയോക്തിയില്ലാത്ത കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും സംഭാഷണങ്ങളും രചിച്ചുകൊണ്ട് മലയാള സിനിമയിലെത്തിയ വിജീഷിനു ഇനിയും നല്ല തിരക്കഥകള്‍ എഴുതുവാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. 

സംവിധാനം: ഗുഡ് 
ഒരു മറവത്തൂര്‍ കനവ്, പട്ടാളം, പുറം കാഴ്ചകള്‍ (കേരള കഫേ) സിനിമകള്‍ക്ക്‌ ശേഷം ലാല്‍ ജോസിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനാകുന്ന സിനിമയാണ് ഇമ്മാനുവല്‍. സാധാരണക്കാരന്റെ ജീവിതം ദ്രിശ്യവല്‍ക്കരിക്കുന്നതിനുള്ള ലാല്‍ ജോസിന്റെ കഴിവ് നമ്മള്‍ അദ്ദേഹത്തിന്റെ മുന്‍കാല സിനിമകളിളെല്ലാം തന്നെ കണ്ടിട്ടുണ്ട്. ഏറെ നാളായി മമ്മൂട്ടിയെ ഒരു സാധാരണക്കാരന്റെ വേഷത്തില്‍ പ്രേക്ഷകരും കാണുവാന്‍ ആഗ്രഹിക്കുന്നു. ഈ രണ്ടു കാര്യങ്ങളും ഒത്തുവന്നപ്പോള്‍, ഇമ്മാനുവല്‍ എന്ന സിനിമയുണ്ടാകുകയും, അത് പ്രേക്ഷകര്‍ക്കെല്ലാം ഇഷ്ടമാകുന്ന രീതിയില്‍ രൂപപെടുകയും ചെയ്തു. ഏതു തരത്തിലുള്ള കഥയായാലും, അതിലൊരു ലാല്‍ ജോസ്‌ കയ്യൊപ്പ് ചാര്‍ത്തി സിനിമയെടുക്കാന്‍ ലാല്‍ ജോസിനുള്ള കഴിവ് എത്രയോ സിനിമകളില്‍ പ്രേക്ഷകര്‍ കണ്ടിട്ടുണ്ട്. സാധാരണക്കാരന്റെ ജീവിത കഥ എച്ചുകെട്ടലുകളില്ലാതെ റിയലസ്റ്റിക്ക് കഥാസന്ദര്‍ഭങ്ങളിലൂടെ പറഞ്ഞുപോകുവാന്‍ സംവിധായകന് സാധിച്ചു. സാങ്കേതിക പ്രവര്‍ത്തകരെയും നടീനടന്മാരെയും ഉപയോഗിക്കേണ്ട രീതിയില്‍ ഈ സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ചപ്പോള്‍, നല്ലൊരു കുടുംബചിത്രം പ്രേക്ഷകര്‍ക്ക്‌ സമ്മാനിക്കുവാന്‍ ലാല്‍ ജോസിനു സാധിച്ചു. നന്മയുള്ളവരുടെ കൂടെ ദൈവം എപ്പോഴും കൂടെയുണ്ടാകും എന്ന സന്ദേശം പ്രേക്ഷകര്‍ക്കെല്ലാം മനസിലാകുന്ന രീതിയില്‍ പറയുവാനും സംവിധായകന് സാധിച്ചു. നന്മനിറഞ്ഞ ഇമ്മനുവലിനെ ശരിയായ ചിന്തകളും സല്‍പ്രവര്‍ത്തികളും മറ്റുള്ളവരില്‍ വരുത്തുന്ന മാറ്റങ്ങള്‍ ലളിതമായി അവതരിപ്പിച്ചതാണ് ലാല്‍ ജോസ് വിജയിക്കുവാനുള്ള കാരണം. അഭിനന്ദനങ്ങള്‍!

സാങ്കേതികം: എബവ് ആവറേജ്
സിനിമയുടെ ആദ്യപകുതിയിലുള്ള ഇമ്മനുവലിന്റെ കഷ്ടപാടുകള്‍ നിറഞ്ഞ ചുറ്റുപാടുകളും, രണ്ടംപകുതിയിലുള്ള സമ്പന്നമായ ഓഫീസ് ചുറ്റുപാടുകളും വ്യതസ്ത രീതിയില്‍ എന്നാല്‍ വിശ്വസനീയത കൈവിടാതെ ക്യാമറയില്‍ പകര്‍ത്തിയത് പ്രദീപ്‌ നായരാണ്. ലാല്‍ ജോസ് സിനിമകളുടെ സ്ഥിരം ചിത്രസന്നിവേശകന്‍ രഞ്ജന്‍ എബ്രഹാമാണ് തന്റെ നൂറാം സിനിമയായ ഇമ്മനുവലിന്റെ ദ്രിശ്യങ്ങള്‍ കൂട്ടിയോജിപ്പിച്ചത്. റഫീക്ക് അഹമ്മദ് എഴുതിയ വരികള്‍ക്ക് സംഗീതം നല്കിയത് അഫ്സല്‍ യുസഫാണ്. രണ്ടു പാട്ടുകളുള്ള ഈ സിനിമയിലെ രണ്ടും സിനിമയുടെ കഥയോട് ചേര്‍ന്ന്പോകുന്നതാണ്. അനില്‍ അങ്കമാലിയാണ് കലാസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും ശ്രീജിത്തിന്റെ മേക്കപും സിനിമയോട് ചേര്‍ന്ന്പോകുന്നു.  

അഭിനയം: ഗുഡ്
ഇമ്മാനുവല്‍ എന്ന വ്യക്തിയായി അക്ഷരാര്‍ത്ഥത്തില്‍ മമ്മൂട്ടി ജീവിക്കുകയായിരുന്നു എന്ന് പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. തനിക്കു ലഭിച്ച ഏറെ പ്രയാസകരമായ ജോലി നഷ്ടപെടാതിരിക്കാന്‍ ഇമ്മാനുവല്‍ അനുഭവിക്കുന്ന തത്രപാടുകള്‍ മികച്ച ഭാവിഭിനയത്തോടെ അവതരിപ്പിക്കുവാന്‍ മമ്മൂട്ടിയ്ക്ക് സാധിച്ചു. മമ്മൂട്ടിയോടൊപ്പം തന്നെ മികച്ച അഭിനയം കാഴ്ച്ചവെച്ചുകൊണ്ട് ഫഹദ് ഫാസിലും പ്രേക്ഷകരുടെ കയ്യടി നേടി. ജീവന്‍രാജ് എന്ന ലാഭകൊതിയനായ മുതലാളിയുടെ വേഷത്തില്‍ ഫഹദും മികവുറ്റ അഭിനയം കാഴ്ചവെച്ചു. പുതുമുഖം റീന മത്യൂസാണ് മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചത്. ഇവരെ കൂടാതെ മുകേഷ്, സലിംകുമാര്‍, നെടുമുടി വേണു, പി.ബാലചന്ദ്രന്‍, രമേശ്‌ പിഷാരടി, സുനില്‍ സുഖദ, ദേവന്‍, അനില്‍ മുരളി, അബു സലിം, നന്ദു, ഗിന്നസ് പക്രു, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ബിജുകുട്ടന്‍, സുകുമാരി, മുക്ത, ദേവി അജിത്‌ എന്നിവരും മറ്റു വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 

 
സിനിമയുടെ പ്ലസ് പോയിന്റ്സ്:
1.തിരക്കഥ, സംഭാഷണങ്ങ
ള്‍
2.ലാ
ല്‍ ജോസിന്റെ സംവിധാനം  

3.എച്ചുകെട്ടലുകളില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍
4.മമ്മൂട്ടി, ഫഹദ് ഫാസില്‍ എന്നിവരുടെ അഭിനയം
5.ചായാഗ്രഹണം, ചിത്രസന്നിവേശം 

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.പ്രവചിക്കാനാവുന്ന കഥ  

ഇമ്മാനുവല്‍ റിവ്യൂ: ഇടത്തരക്കാരന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും നര്‍മ്മവും നൊമ്പരവും ഒരല്പം കുടുംബകാര്യങ്ങളും ചര്‍ച്ചചെയുന്ന ഇമ്മാനുവല്‍ എന്ന സിനിമ, സംവിധായകന്‍ ലാല്‍ ജോസിന്റെ കയൊപ്പു ചാര്‍ത്തിയ കുടുംബചിത്രമാണ്.  

ഇമ്മാനുവല്‍ റേറ്റിംഗ്: 6.80/10
കഥ,തിരക്കഥ: 7/10[ഗുഡ്] 
സംവിധാനം: 7/10[ഗുഡ്]
സാങ്കേതികം: 3/5[എബവ് ആവറേജ്]
അഭിനയം: 3.5/5[ഗുഡ്]
ടോട്ട
ല്‍
: 20.5/30 [6.8/10]

സംവിധാനം: ലാല്‍ ജോസ്
കഥ,തിരക്കഥ,സംഭാഷണം: വിജിഷ് എ.സി.
നിര്‍മ്മാണം: ജോര്‍ജ്
ബാന
ര്‍: സിന്‍-സില്‍ സെല്ലുലോയ്ഡ്
ചായാഗ്രഹണം: പ്രദീപ്‌ നായര്‍
ചിത്രസന്നിവേശം: 
രഞ്ജന്‍ എബ്രഹാം  
ഗാനരചന: റഫീക്ക് അഹമ്മദ്
സംഗീതം: അഫ്സല്‍ യുസഫ്
കലാസംവിധാനം:അനില്‍ അങ്കമാലി
വസ്ത്രാലങ്കാരം: സമീറ സനീഷ്
മേക്കപ്പ്: ശ്രീജിത്ത്‌ ഗുരുവായൂര്‍
ശബ്ദമിശ്രണം: രാജകൃഷ്ണന്‍
വിതരണം: പ്ലേ ഹൗസ് റിലീസ്