28 Sept 2014

വെള്ളിമൂങ്ങ - പ്രേക്ഷകപ്രീതി നേടി പറന്നുയരുന്ന സ്വര്‍ണ്ണമൂങ്ങ! 6.70/10

കേരളത്തിലെ ശാന്തിപുരം എന്ന ഗ്രാമത്തിലെ ജനപ്രതിനിധിയായ സി.പി.മാമച്ചന് നാട്ടുകള്‍ നല്‍ക്കിയ വിളിപ്പേരാണ് വെള്ളിമൂങ്ങ. 40 വയസ്സിനു മുകളില്‍ പ്രായമുള്ള മാമച്ചന്റെ രാഷ്ട്രീയ ജീവിതത്തിലും സ്വകാര്യ ജീവിതത്തിലും നടക്കുന്ന രസകരമായ സംഭവങ്ങള്‍ കോര്‍ത്തിണക്കിയതാണ് ഈ സിനിമയുടെ കഥാസന്ദര്‍ഭങ്ങള്‍. സി.പി.മാമച്ചന്‍ എന്ന വെള്ളിമൂങ്ങയുടെ വേഷത്തില്‍ ഒരു ചെറിയ ഇടവേളയ്ക്കു വേഷം ബിജു മേനോന്‍ നായകകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. അജു വര്‍ഗീസ്‌, ആസിഫ് അലി, സിദ്ദിക്ക്, ടിനി ടോം, കലാഭവന്‍ ഷാജോണ്‍, നിക്കി ഗല്‍റാണി, ലെന, കെ.പി.എ.സി. ലളിത എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

നവാഗതനായ ജോജി തോമസാണ് വെള്ളിമൂങ്ങയുടെ തിരക്കഥയും സംഭാഷണങ്ങളും എഴുതിയത്. 25ഓളം മലയാള സിനിമകള്‍ക്ക്‌ ക്യാമറ ചലിപ്പിച്ചിട്ടുള്ള ജിബു ജേക്കബ് ആണ് ഈ സിനിമയുടെ സംവിധാനം നിര്‍വഹിച്ചത്. ഭാവന മീഡിയ വിഷന് വേണ്ടി ശശിധരന്‍ ഉള്ളാട്ടില്‍ നിര്‍മ്മിച്ചിരിക്കുന്ന വെള്ളിമൂങ്ങയുടെ ചായാഗ്രഹണം നിര്‍വഹിച്ചത് വിഷ്ണു നാരായണനും, ചിത്രസന്നിവേശം നിര്‍വഹിച്ചത് സൂരജും, സംഗീതം നല്ക്കിയത് ബിജിബാലുമാണ്. 

കഥ, തിരക്കഥ: ഗുഡ് 
പുതുമുഖം ജോജി തോമസ്‌ എഴുതിയ കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും പുതുമയുള്ളതായിരുന്നു. ഓരോ രംഗങ്ങളിലും പ്രേക്ഷകരെ ചിരിപ്പിക്കുവാനുള്ള ഘടഗങ്ങള്‍ കൃത്യമായ അളവില്‍ ചേര്‍ക്കുവാന്‍ ജോജിയ്ക്ക് സാധിച്ചു. യുക്തിയെ ചോദ്യം ചെയ്യുന്ന രംഗങ്ങളോ, കഥയില്‍ പ്രധാന്യമില്ലാത്ത രംഗങ്ങളോ, തമാശയ്ക്ക് വേണ്ടി എഴുതപെട്ട തമാശകളോ ഒന്നുംതന്നെയില്ല ഈ സിനിമയില്‍. അത് തന്നെയാണ് ഈ സിനിമയുടെ വിജയവും. ജയിക്കാന്‍ വേണ്ടി മാമച്ചന്‍ ഉപയോഗിക്കുന്ന തന്ത്രങ്ങള്‍ എല്ലാം രസകരമായ കഥാസന്ദര്‍ഭങ്ങളിലൂടെ തന്നെ അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് മറ്റൊരു സവിശേഷത. ഇനിയും ഇത്തരത്തിലുള്ള കഥകള്‍ എഴുതുവാന്‍ ജോജി തോമസിന് സാധിക്കട്ടെ. അഭിനന്ദനങ്ങള്‍!

സംവിധാനം: ഗുഡ് 
വയലന്‍സ് എന്ന സിനിമയിലൂടെ ചായഗ്രഹണ രംഗത്തെത്തിയ ജിബു ജേക്കബ് സ്വതന്ത്ര സംവിധായകനായ വെള്ളിമൂങ്ങ ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയ ആക്ഷേപഹാസ്യ സിനിമയാണ്. ഇന്നത്തെ രാഷ്ട്രീയത്തിലെ പാരവെപ്പുകളും, അതിനെതിര ചെറുത്തു നില്‍ക്കുന്ന നായകകഥാപാത്രത്തിനെ തന്ത്രങ്ങളും രസകരമായി കോര്‍ത്തിണക്കിയ ഒരു സിനിമ ലളിതമായ രീതിയില്‍ സംവിധാനം ചെയ്തതാണ് ജിബു ജേക്കബിന്റെ കഴിവ്. സിനിമയുടെ കഥയ്ക്ക്‌ ദോഷമാകുന്ന രീതിയിലുള്ള ഒരൊറ്റ രംഗമോ, അനാവശ്യമായി തിരുകികേറ്റിയ തമാശ രംഗങ്ങളോ ഈ സിനിമയിലില്ല. സിനിമയുടെ കഥയ്ക്ക്‌ അനിയോജ്യമായ ലൊക്കേഷന്‍ തിരെഞ്ഞെടുത്തും, കഥാപാത്രങ്ങള്‍ക്ക് അനിയോജ്യരായ നടീനടന്മാരെ അഭിനയിപ്പിച്ചതും സിനിമയ്ക്ക് ഗുണകരമായി. ഇനിയും ഇതുപോലുള്ള ലളിതമായ കഥകള്‍ സിനിമയാക്കുവാന്‍ ജിബു ജേക്കബിന് സാധിക്കട്ടെ.

സാങ്കേതികം: എബവ് ആവറേജ്
വെള്ളിമൂങ്ങയുടെ കഥയ്ക്ക്‌ അനിയോജ്യമായ ഒരു ലൊക്കേഷനും, ആ സ്ഥലത്തെ മനോഹരമായ കാഴ്ചകള്‍ ഒപ്പിയെടുക്കുവാനും വിഷ്ണു നാരായണന് സാധിച്ചിട്ടുണ്ട്.  വിഷ്ണു നാരായണന്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ വലിച്ചുനീട്ടലുകളില്ലാതെ കൃത്യതയോടെ സന്നിവേശം ചെയ്യുവാന്‍ സൂരജിന് സാധിച്ചിട്ടുണ്ട്. ബിജിബാല്‍ ഈണമിട്ട പാട്ടുകള്‍ സിനിമയുടെ പശ്ചാത്തലത്തിന് അനിയോജ്യമാകുന്നവയാണ്. സന്തോഷ്‌ വര്‍മ്മയും രാജീവ്‌ നായരും ചേര്‍ന്നാണ് വരികള്‍ എഴുതിയിരിക്കുന്നത്. അജയന്‍ മാങ്ങാട് കലാസംവിധാനവും, സഖി എല്‍സ വസ്ത്രാലങ്കാരവും, ഹസ്സന്‍ വണ്ടൂര്‍ മേക്കപ്പും നിര്‍വഹിച്ചിരിക്കുന്നു.

അഭിനയം: എബവ് ആവറേജ് 
ബിജു മേനോന്‍, അജു വര്‍ഗീസ്‌, ആസിഫ് അലി, സിദ്ദിക്ക്, ടിനി ടോം, കലാഭവന്‍ ഷാജോണ്‍, സുനില്‍ സുഖദ, ശിവാജി ഗുരുവായൂര്‍, ശശി കലിങ്ക, ചെമ്പില്‍ അശോകന്‍, ബേസില്‍, സാജു നവോദയ, നിക്കി ഗല്‍റാണി, ലെന, കെ.പി.എ.സി.ലളിത, അനു ജോസഫ്‌ എന്നിവരാണ് ഈ സിനിമയിലെ പ്രധാന താരങ്ങള്‍. ചേട്ടായീസിനു ശേഷം ബിജു മേനോന്‍ നായകനാവുന്ന മുഴുനീള ഹാസ്യസിനിമയായ വെള്ളിമൂങ്ങയിലെ സി.പി.മാമച്ചന്‍ എന്ന രാഷ്ട്രീയക്കാരന്റെ വേഷം ബിജു മേനോന്റെ തനതായ ശൈലിയില്‍ ഭംഗിയായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. മാമച്ചന്റെ സഹായിയായ പാപ്പന്റെ വേഷത്തില്‍ അജു വര്‍ഗീസ്‌ തിളങ്ങി. ഒരല്പം വില്ലന്‍ സ്വഭാവമുള്ളതാണെങ്കിലും സിദ്ദിക്കും, ടിനി ടോമും ഹാസ്യം കൈവിടാതെ തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ആസിഫ് അലിയുടെ അതിഥി വേഷം മികച്ചതായി. ലെനയും കെ.പി.എ.സി.ലളിതയും അഭിനയ മികവു പുലര്‍ത്തി. 

സിനിമയില്‍ ഇഷ്ടപെട്ടവ:
1. കഥാസന്ദര്‍ഭങ്ങള്‍, സംഭാഷണങ്ങള്‍ 
2. നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ 
3. ലളിതമായ അവതരണ രീതി 
4. ബിജു മേനോന്‍ - അജു വര്‍ഗീസ്‌ കൂട്ടുകെട്ട് 


വെള്ളിമൂങ്ങ റിവ്യൂ: കഥയുടെ ലളിതമായ അവതരണ രീതിയും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും വിശ്വസനീയമായ കഥാസന്ദര്‍ഭങ്ങളുമുള്ള വെള്ളിമൂങ്ങയെ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നുറപ്പ്!

വെള്ളിമൂങ്ങ റേറ്റിംഗ്: 6.70/10
കഥ, തിരക്കഥ: 7/10 [ഗുഡ്]
സംവിധാനം: 7/10 [ഗുഡ്]
സാങ്കേതികം: 3/5 [എബവ് ആവറേജ്]
അഭിനയം: 3/5 [എബവ് ആവറേജ്]
ടോട്ടല്‍ 20/30 [6.70/10]

സംവിധാനം: ജിബു ജേക്കബ്
തിരക്കഥ, സംഭാഷണം: ജോജി തോമസ്‌
നിര്‍മ്മാണം: ശശിധരന്‍ ഉള്ളാട്ടില്‍ 
ബാനര്‍: ഭാവന മീഡിയ വിഷന്‍ 
ചായാഗ്രഹണം: വിഷ്ണു നാരായണന്‍ 
ചിത്രസന്നിവേശം: സൂരജ്
സംഗീതം: ബിജിബാല്‍ 
ഗാനരചന: സന്തോഷ്‌ വര്‍മ്മ, രാജിവ് നായര്‍
കലാസംവിധാനം: അജയ് മാങ്ങാട് 
മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍ 
വസ്ത്രാലങ്കാരം: സഖി എല്‍സ
വിതരണം: ഉള്ളാട്ടില്‍ വിഷ്വല്‍ മീഡിയ 

No comments:

Post a Comment