3 Aug 2014

അവതാരം - ഇത് അവതാരമല്ല, അപരാധമാണ്! 3.00/10

ലോക്പാല്‍ ദുരന്തത്തിനും, സലാം കാശ്മീര്‍ സ്പോടനത്തിനും ശേഷം ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ അപരാധമാണ് ജനപ്രിയനായകന്റെ അവതാരം. നസീര്‍-ജയന്‍ കാലഘട്ടത്തില്‍ തന്നെ പ്രേക്ഷകര്‍ കണ്ടുമടുത്തതും കേട്ടുപഴകിയതുമായ കഥയാണ് ചേട്ടനെ കൊല്ലുന്നവരോടുള്ള അനിയന്റെ പ്രതികാരം. ഈ പഴകിയ വീഞ്ഞ് യാതൊരു മടിയും കൂടാതെ അവതാരമെന്ന പുതിയ കുപ്പിയിലാക്കി പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തിച്ച സംവിധായകന്‍ ജോഷിയുടെയും നടന്‍ ദിലീപിന്റെയും നിര്‍മ്മാതാക്കളായ ദിലീപ് കുന്നത്തിന്റെയും, തിരക്കഥരചയ്താവ് വ്യാസന്‍ ഇടവനക്കാടിന്റെയും ധൈര്യം അപാരം തന്നെ. 

ഈ ലോകത്തിലെ തന്നെ ഏറ്റവും സല്‍സ്വഭാവിയും അതീവ ബുദ്ധിമാനും സര്‍വോപരി സ്നേഹസമ്പന്നനുമായ അനിയന്‍ മാധവന്‍ ചേട്ടന്റെ മരണത്തിനു ഉത്തരവാദികളായവരെ അന്വേഷിച്ചു ഒരു തെളിവും കൂടാതെ വധിക്കുന്ന പ്രതികാരകഥയാണ് അവതാരം. വ്യാസന്‍ എഴുതിയ ഈ ദുരന്ത തിരനാടകത്തെ എത്രത്തോളം യുക്തിയില്ലാതെ സംവിധാനം ചെയ്യാമോ അത്രയും ഭംഗിയായി തന്നെ ജോഷി സംവിധാനം ചെയ്തിട്ടുമുണ്ട്. 

കഥ, തിരക്കഥ: മോശം
ഇന്ദ്രിയം, മെട്രോ എന്നീ സിനിമകള്‍ക്ക്‌ ശേഷം വ്യാസന്‍ എടവനക്കാട് തിരക്കഥ എഴുതിയ സിനിമയാണിത്. ഓരോ രംഗങ്ങളും സിനിമയില്‍ കാണുമ്പോള്‍ തൊട്ടടുത്ത രംഗങ്ങളില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത്, കഥാപാത്രങ്ങള്‍ എന്ത് സംഭാഷണമാണ് പറയാന്‍ പോകുന്നത് എന്നുവരെ കൃത്യമായി പ്രവചിക്കാന്‍ സാധിക്കുന്ന രീതിയില്‍ ഒരു സിനിമയുടെ തിരക്കഥ എഴുതുക എന്നത് ഒരു കഴിവ് തന്നെ. മാധവന്‍ എന്ന കഥാപാത്രം വില്ലന്മാരെ തമ്മില്‍ തല്ലിപ്പിച്ചുകൊണ്ട് പ്രതികാരം ചെയ്യുന്നതൊക്കെ പരിതാപകരമായ കഥാസന്ദര്‍ഭങ്ങളിലൂടെയാണ് തിരക്കഥയില്‍ ഉള്പെടുത്തിയിരിക്കുന്നത്. 1994ല്‍ പുറത്തിറങ്ങിയ ഷാജി കൈലാസ്- രഞ്ജിത്ത്- സുരേഷ് ഗോപി ടീമിന്റെ രുദ്രാക്ഷം എന്ന സിനിമയുടെ ക്ലൈമാക്സും, അവതാരത്തിന്റെ ക്ലൈമാക്സും ഒരെപോലെയായത് തികച്ചും യാദിര്‍ശ്ചികം മാത്രം എന്നത് പ്രേക്ഷകര്‍ ഓര്‍ക്കുക. ദിലീപും ജോഷിയും ക്ഷമിച്ചാലും, ദിലീപിന്റെ നല്ല സിനിമകളെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ ഒരുകാലത്തും വ്യാസനോട് ക്ഷമിക്കുമെന്ന് തോന്നുന്നില്ല.

സംവിധാനം: ബിലോ ആവറേജ്
മലയാള സിനിമയിലെ ഏറ്റവും മികച്ച ആക്ഷന്‍ സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള ഒരു സംവിധായകനില്‍ നിന്നും ഇതുപോലൊരു സിനിമ ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. യുക്തിയെ ചോദ്യം ചെയ്യുന്ന ഒട്ടനേകം കഥാസന്ദര്‍ഭങ്ങള്‍ ഈ സിനിമയിലുണ്ട്. മാധവന്‍ എന്ന കഥാപാത്രം ജബ്ബാര്‍ എന്ന ഗുണ്ടയെ കണ്ടിട്ടുപോലുമില്ല, ശബ്ദം കേട്ടിട്ടുപോലുമില്ല. പിന്നെ എങ്ങനെയാണ് ജോബി എന്ന കഥാപാത്രത്തെ ജബ്ബാറിന്റെ ശബ്ദത്തില്‍ മാധവന്‍ ഫോണ്‍ ചെയ്യുക? അതുകൂടാതെ, ജബ്ബാറിന്റെ കൊലപാതകം അയാളുടെ വലതു വശത്ത്‌ നിന്ന് ക്യാമറയില്‍ പകര്‍ത്തിയത്, യുട്യൂബിലും മോബൈലിലും എത്തുമ്പോള്‍ എങ്ങനെയാണ് മുമ്പില്‍ നിന്നും പകര്‍ത്തിയ ദ്രിശ്യങ്ങള്‍ ആകുന്നത്? ഇതുപോലുള്ള നിരവധി മണ്ടത്തരങ്ങലാണ് സിനിമയിലെ ഭൂരിഭാഗം രംഗങ്ങളിലും കാണുന്നത്. പാട്ടുകളുടെ ചിത്രീകരണമല്ലാതെ ഈ സിനിമയില്‍ പ്രേക്ഷകര്‍ കണ്ടിരിക്കാന്‍ പറ്റുന്ന ഒരൊറ്റ രംഗം പോലുമില്ല എന്നത് ഏറെ ദുഃഖകരമായ ഒന്നാണ്. 

സാങ്കേതികം: ആവറേജ്
ആര്‍. ഡി. രാജശേഖര്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ ഒരുപരുധിവരെ പ്രേക്ഷകരെ പ്രദര്‍ശനശാലകള്‍ വിട്ടുപോകാതിരിക്കുവാന്‍ സഹായിച്ചിട്ടുണ്ട്. പ്രത്യേകിച്ച് പാട്ടുകളുടെ ചിത്രീകരണം. ഒരു ആക്ഷന്‍ സിനിമയ്ക്ക് വേണ്ടിയിട്ടുള്ള പശ്ചാത്തലമൊക്കെ ഈ സിനിമയ്ക്ക് നല്‍ക്കുവാന്‍ രാജശേഖറിന് സാധിച്ചിട്ടുണ്ട്. ശ്യാം ശശിധരന്‍ രംഗങ്ങള്‍ കൂട്ടിയോജിപ്പിക്കുന്നത്തിനിടയില്‍ ഉറക്കത്തില്‍ പെട്ടതായതുകൊണ്ടാവണം ഈ സിനിമയുടെ ദൈര്‍ഘ്യം രണ്ടു മണിക്കൂര്‍ 45മിനിട്ടുകള്‍ ആകുവാന്‍ കാരണമെന്നു സംശയിക്കുന്നു. കൈതപ്രവും, ഹരിനാരയണനും എഴുതിയ വരികള്‍ക്ക് ദീപക് ദേവാണ് സംഗീതം നല്‍കിയത്. കൊഞ്ചി കൊഞ്ചി ചിരിച്ചാല്‍ പുഞ്ചിരി തോട്ടം, ഞാന്‍ കാണും നേരംതോട്ടെ എന്നീ പാട്ടുകള്‍ കേള്‍ക്കാന്‍ ഇമ്പമുള്ളതാണ്. കുറെ ശബ്ദകോലാഹലങ്ങള്‍ ഉണ്ടെന്നല്ലാതെ യാതൊരു മികവും ഈ സിനിമയുടെ പശ്ചാത്തല സംഗീതത്തിനില്ല. സാബു റാമിന്റെ കലാസംവിധാനം മികവു പുലര്‍ത്തി.

അഭിനയം: ആവറേജ്
മാധവന്‍ മഹാദേവനായി ദിലീപ് തന്റെ കഥാപാത്രത്തെ മോശമാക്കാതെ അവതരിപ്പിച്ചു. തമിഴിലെ തിരക്കേറിയ നായികമാരില്‍ ഒരാളായി കൊണ്ടിരിക്കുന്ന ലക്ഷ്മി മേനോനാണ് ഈ സിനിമയിലെ മണി മേഘല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു നീണ്ട താരനിര തന്നെ അണിനിരക്കുന്ന ഈ സിനിമയില്‍ ജോയ് മാത്യു, മിഥുന്‍ രമേശ്‌, സിജോയ് വര്‍ഗീസ്‌, ബാബു നമ്പൂതിരി, സിദ്ദിക്ക്, ദേവന്‍, ജനാര്‍ദനന്‍, ഗണേഷ്, ഷമ്മി തിലകന്‍, കലാഭവന്‍ ഷാജോണ്‍, വി.കെ.ബൈജു, ശ്രീരാമന്‍, അനില്‍ മുരളി, കണ്ണന്‍ പട്ടാമ്പി, ഷിജു, പ്രശാന്ത്, നന്ദു പൊതുവാള്‍, ചാലി പാല, ശിവജി ഗുരുവായൂര്‍, പ്രേം പ്രകാശ്, ശ്രീജയ, വിനയ പ്രസാദ്, ലക്ഷ്മിപ്രിയ, വത്സല മേനോന്‍, കവിയൂര്‍ പൊന്നമ്മ, തെസ്നി ഖാന്‍, അഞ്ചു അരവിന്ദ് എന്നിവരാണ് അഭിനേതാക്കള്‍.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. പാട്ടുകളുടെ ചിത്രീകരണം

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. കഥയും കഥാസന്ദര്‍ഭങ്ങളും
2. ലോജിക്കില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍
3. ജോഷിയുടെ സംവിധാനം
4. പശ്ചാത്തല സംഗീതം 

അവതാരം റിവ്യൂ: ലോക്പാല്‍ ദുരന്തത്തിനും, സലാം കാശ്മീര്‍ സ്പോടനത്തിനും ശേഷം ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ അപരാധം!

അവതാരം റേറ്റിംഗ്: 3.00/10
കഥ, തിരക്കഥ: 1/10[മോശം]
സംവിധാനം: 3/10[ബിലോ ആവറേജ്]
സാങ്കേതികം: 2.5/5 [ആവറേജ്]
അഭിനയം: 2.5/5 [ആവറേജ്]
ടോട്ടല്‍ 9/30 [3/10]

സംവിധാനം: ജോഷി
നിര്‍മ്മാണം: ദിലീപ് കുന്നത്, സിബി-ഉദയകൃഷ്ണ 
രചന: വ്യാസന്‍ എടവനക്കാട്
ചായാഗ്രഹണം: ആര്‍.ഡി.രാജശേഖര്‍
ചിത്രസന്നിവേശം: ശ്യാം ശശിധരന്‍
സംഗീതം: ദീപക് ദേവ്
ഗാനരചന: കൈതപ്രം, ഹരിനാരായണന്‍ 
കലാസംവിധാനം: ബാബുറാം
മേക്കപ്പ്: സുദേവന്‍
വസ്ത്രാലങ്കാരം: സുനില്‍ റഹ്മാന്‍