30 Dec 2010

മേരിക്കുണ്ടൊരു കുഞ്ഞാട്

കല്യാണരാമന്‍ എന്ന മെഗാഹിറ്റ്‌ സിനിമയ്ക്ക് ശേഷം ദിലീപ്-ഷാഫി-ബെന്നി.പി.നായരമ്പലം ടീം ഒന്നിക്കുന്ന സിനിമയാണ് മേരിക്കുണ്ടൊരു കുഞ്ഞാട്. വൈശാഖ മുവീസിന്റെ ബാനറില്‍ രാജന്‍ നിര്‍മിച്ച ഈ സിനിമയില്‍ ദിലീപാണ് സോളോമന്‍ അഥവാ കുഞ്ഞാട് എന്ന കഥാപാത്രമായി അഭിനയിക്കുന്നത്.ദിലീപ്, ബിജു മേനോന്‍, വിജയരാഘവന്‍, ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, സലിം കുമാര്‍, ആനന്ദ്, അപ്പഹാജ, ഭാവന, വിനയപ്രസാദ് എന്നിവാരന് പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

കുഞ്ഞാട് സോളമന്‍ ജന്മം കൊണ്ട് ഒരു ഭീരുവാണ്. ഒരു പണിയും ചെയ്യാതെ എല്ലാ ദിവസവും...എന്തെങ്കിലും മണ്ടത്തരം കാണിച്ചു നാട്ടുകാരുടെ തല്ലുംകൊണ്ട് ജീവിക്കുന്ന ഒരു സാധരനക്കരനാണ്. ഭീരുവാനെങ്കിലും, സോളമന് ഒരു പ്രണയമുണ്ട്.അതെ നാട്ടിലെ, പ്രമാണിയായ ഇട്ടിച്ചന്റെ മകള്‍ മേരിയെയാണ് സോളമന്‍ പ്രണയിക്കുന്നത്‌. ഇതേ കാരണത്താല്‍...മേരിയുടെ സഹോദരങ്ങള്‍...സ്ഥിരമായി സോളമനെ തല്ലാറുണ്ട്. അങ്ങനെ, വീട്ടുകാര്‍ക്കും, നാട്ടുകാര്‍ക്കും നടുവല്‍ പേടിച്ചു ജീവിക്കുന്ന സോളമന്റെ ജീവിതത്തില്‍...ജോസ് എന്ന ഒരു ഗുണ്ട കടന്നുവരുന്നു...ഇതോടെ...സോളമന്‍ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് ചെന്ന് ചാടുന്നു...ഇതാണ് ഈ സിനിമയുടെ കഥയും..കഥപശ്ചാത്തലവും. വളരെ രസകരമായ രീതിയിലാണ് എവിടെ നിന്ന് കഥ മുന്നോട്ടു പോകുന്നത്. ആരാണ് ജോസ്?,അയാള്‍ എന്തിനാണ് ആ നാട്ടിലേക്ക് വന്നത്?, സോളമന്, മേരിയെ വിവാഹം ചെയ്യാന്‍ പറ്റുമോ? ഇതെല്ലാമാണ്.. മേര്യ്ക്കുണ്ടൊരു കുഞ്ഞാടിന്റെ അവസാന രംഗങ്ങളില്‍ കാണിക്കുന്നത്. 


ബെന്നി.പി.നായരമ്പലമാണ് ഈ സിനിമയുടെ തിരക്കഥ രചന നിര്‍വഹിച്ചിരിക്കുന്നത് . വലിയ കുഴപ്പങ്ങലോന്നുമില്ലാതെ കഥ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിച്ചിട്ടുണ്ട് ബെന്നിക്കും ഷാഫിക്കും. അതേപോലെ തന്നെ..ഷാഫിയുടെ സംവിധാനവും, തൊടുപുഴയുടെ മനോഹരമായ ലോക്കെഷനുകളും ഈ സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. എങ്കിലും, ഈ സിനിമയ്ക്ക് എന്തൊക്കയോ പോരായ്മകളുണ്ട്. അതില്‍ എടുത്തു പറയേണ്ടത്....ദിലീപിന്റെ ചില രംഗങ്ങളിലുള്ള അഭിനയമാണ്...,പഴയ സിനിമകളായ ചാന്തുപൊട്ടിനെയും, ചക്കരമുത്തിനെയുമൊക്കെ ഓര്‍മിപ്പിക്കുന്നു.ഒരാവശ്യവുമില്ലാത്ത എന്തക്കയോ പൊട്ടത്തരങ്ങള്‍ ദിലീപിനെ കൊണ്ട് പറയിപ്പിച്ചിട്ടുണ്ട്. ഇങ്ങനത്തെ തമാശ മലയാളി പ്രേക്ഷകര്‍ സ്വീകരിക്കില്ല എന്ന നല്ല ഭോദ്യമുള്ള കൂട്ടുകെട്ടാണ് ബെന്നി-ഷാഫി[ലോലിപോപ്പ്]. എന്നിട്ടും..കുറെ വളിപ്പ് തമാശകള്‍ കുത്തികെട്ടിയിട്ടുണ്ട് ഈ സിനിമയില്‍. 
                                                                 
കല്യാണരാമന്‍ സിനിമയിലുള്ള പോലെ...നല്ല വിഭവങ്ങളൊന്നും പ്രതീക്ഷിക്കാതെ പോകുന്ന പ്രേക്ഷകര്‍ക്കും, ദിലീപ് ആരാധകര്‍ക്കും ഇഷ്ടമാകും ഈ സിനിമ. നല്ല സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ക്ക്‌..ചിലപ്പോള്‍ മോശമായി തോന്നിയേക്കാം. 

മേരിക്കുണ്ടൊരു കുഞ്ഞാട് റേറ്റിംഗ് ആവറേജ് [2.5 / 5]


സംവിധാനം: ഷാഫി
രചന: ബെന്നി.പി.നായരമ്പലം 

നിര്‍മ്മാണം: വൈശാഖ മുവീസ്
ചായാഗ്രഹണം: ശാം ദത്ത്
സംഗീതം: ബേര്‍ണി-ഇഗ്നേഷ്യസ്
വരികള്‍: അനില്‍ പനച്ചൂരാന്‍

27 Dec 2010

ടൂര്‍ണമെന്റ്

ലാല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ നടനും സംവിധായകനുമായ ലാല്‍ നിര്‍മിച്ച സിനിമയാണ് ടൂര്‍ണമെന്റ്.ഈ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിചിരിക്കുനത് ലാല്‍ തന്നെയാണ്. എപ്പോഴും പുതുമകളുമായി എത്തുന്ന ലാല്‍... ഇത്തവണെയും പതിവ് തെറ്റിക്കാതെ കുറെ പുതുമകളും, പുതുമുഖങ്ങളുമായാണ് ടൂര്‍ണമെന്റ് ഒരുക്കിയിരിക്കുന്നത്. വേണുവാണ് ചായാഗ്രഹണം. വയലാര്‍ ശരത്ചന്ദ്ര വര്‍മയുടെ വരികള്‍ക്ക് സംഗീതം നല്ക്കിയിരിക്കുന്നത് ദീപക് ദേവാണ്. ടൂര്‍ണമെന്റില്‍ സംവിധായകന്‍ ഫാസിലിന്റെ മകന്‍ ഫഹദ് ഫാസില്‍, മനു, പ്രവീണ്‍, ജോണ്‍, ആര്യന്‍, പ്രജന്‍, രൂപ മഞ്ജരി, സിദ്ദിക്ക്, സലിം കുമാര്‍, കൊച്ചു പ്രേമന്‍, ഇന്ദ്രന്‍സ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

ബാംഗ്ലൂരില്‍ നടക്കുന്ന ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ പങ്കെടുക്കുവാനായി കേരളത്തില്‍ നിന്നും ഒരുകൂട്ടം ചെറുപ്പക്കാര്‍ പുറപ്പെടുന്നു.കൊച്ചിയില്‍ നിന്നും മൂന്ന് പേരും, തൃശൂരില്‍ നിന്നും ഒരാളും, പിന്നെ ഇവരുടെ കൂടെ ഒരു പെണ്‍കുട്ടിയും ഉണ്ട് ബാംഗ്ലൂര്‍ യാത്രയ്ക്ക്. ഇവരെ കൂടാതെ, മൈസൂരില്‍ നിന്നും ഒരാള്‍ യാത്രയില്‍ കൂടെയുണ്ടാകും എന്ന പ്രതീക്ഷയും...ഇവരില്‍ ആര്‍ക്ക് ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും? ഇവരുടെ യാത്രയ്ക്കിടയില്‍ കുറെ സംഭവങ്ങളുണ്ടാകുന്നു...ആ സംഭവങ്ങളാണ് ടൂര്‍ണമെന്റ് എന്ന സിനിമയുടെ കഥ.

നല്ല ഒരു കഥയോ, അതിനു പറ്റിയ  കെട്ടുറപ്പുള്ള തിരക്കഥയോ ഇല്ലാതെയാണ് ലാല്‍ ഈ സിനിമ ഒരുക്കിയത്. സിനിമയുടെ ആദ്യ പകുതിയില്‍ നാലംഗ സംഗത്തിന്റെ സൗഹൃദവും..അവര്‍ ബാംഗളൂരിലേക്ക് പോകുന്നതിനടിയില്‍ സംഭവിക്കുന്ന കാര്യങ്ങളുമാണ് കാണിക്കുന്നത്. എന്നാല്‍..സിനിമയുടെ രണ്ടാം പകുതിയില്‍...ആദ്യം നടന്ന സംഭാവങ്ങളുടെയെല്ലാം ഒരു മറുവശം എന്ന രീതിയില്‍..അതെ രംഗങ്ങള്‍ വീണ്ടും കാണിക്കുന്നു. അതിലൂടെ...ചില സസ്പെന്‍സും, വഴിത്തിരുവുകളും വെളിവാകുന്നു. തികച്ചും പരീക്ഷണാര്‍ത്ഥത്തില്‍ തന്നെയാണ് ലാല്‍ ഈ സിനിമയെ സമീപിച്ചിരിക്കുന്നത്. പക്ഷെ, അതില്‍ വിജയം കൈവരിക്കാനായില്ല ലാലിന്.

ഈ സിനിമയിലെ നില...നില..എന്ന ഗാനവും, മയിലെ...കുയിലേ.. എന്ന ഗാനവും മനോഹരമായാണ് ചിട്ടപെടുത്തിയിരിക്കുന്നത്. നില..നിലാ...ഗാനം ചിത്രവല്‍കരിചിരിക്കുന്നത് സംവിധായകന്‍ അമല്‍ നീരദ് ആണ്. സാജന്റെ ചിത്രസംയോജനവും, അലക്സ്‌ പോളിന്റെ പശ്ചാത്തല സംഗീതവും സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. ഇതില്‍ എടുത്തു പറയേണ്ടത് ദീപക് ദേവിന്റെ സംഗീതം തന്നെയാണ്.

വലിയ പ്രതീക്ഷകളൊന്നും വെയ്ക്കാതെ സിനിമ കാണാന്‍ പോക്കുന്നവര്‍ക്കും, ലാല്‍ എന്ന സംവിധായകന്റെ മുന്‍കാല സിനിമകളിലുള്ള  വിഭവങ്ങളൊന്നും പ്രതീക്ഷിക്കാതെ പോകുന്നവര്‍ക്കും ടൂര്‍ണമെന്റ് ഇഷ്ടമായേക്കാം.

ടൂര്‍ണമെന്റ് റേറ്റിംഗ്: ബിലോ ആവറേജ് [2 / 5 ]


രചന,നിര്‍മ്മാണം,സംവിധാനം: ലാല്‍
ചായാഗ്രഹണം: വേണു
ചിത്രസംയോജനം: സാജന്‍
വരികള്‍: വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ
സംഗീതം: ദീപക് ദേവ്
പശ്ചാത്തല സംഗീതം: അലക്സ്‌ പോള്‍

21 Dec 2010

കാണ്ഡഹാര്‍

അമിതാബ് ബച്ചന്‍ - മോഹന്‍ലാല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മേജര്‍ രവി ഒരുക്കിയ ഏറ്റവും പുതിയ മലയാള സിനിമയാണ് കാണ്ഡഹാര്‍. മോഹന്‍ലാലിന്‍റെ നിര്‍മ്മാണ കമ്പനിയായ പ്രണവം ആര്‍ട്സ്, സിയോ ഇന്റര്‍നാഷണല്‍ സുനില്‍ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് കാണ്ഡഹാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. കീര്‍ത്തിചക്ര, കുരുക്ഷേത്ര എന്നി സിനിമകള്‍ക്ക്‌ ശേഷം വീണ്ടു മോഹന്‍ലാല്‍ മേജര്‍ മഹാദേവനായി എത്തുന്നു. 1999-ല്‍ അഫ്ഗാനിസ്ഥാനില്‍ വെച്ചുണ്ടായ ഇന്ത്യന്‍ വിമാന രാഞ്ചലിനെ ആസ്പദമാക്കിയാണ് കാണ്ഡഹാര്‍ ഒരുക്കിയിരിക്കുന്നത്. അമിതാബ് ബച്ചന്‍ സിനിമയില്‍ ലോകനാഥ് ശര്‍മ്മ എന്ന അധ്യാപകന്റെ വേഷത്തിലാന്നെത്തുന്നത്. അദ്ധേഹത്തിന്റെ മകനായി ഗണേഷ് വെങ്കിട്ടരാമന്‍ സൂര്യ എന്ന പട്ടാളക്കാരനായി വേഷമിടുന്നു. ഇവരെ കൂടാതെ, സംവിധായകന്‍ മേജര്‍ രവി, കെ.പി.എ.സി.ലളിത, സുമലത, അനന്യ എന്നിവരുമുണ്ട് ഈ സിനിമയില്‍.


സിനിമയിലുടനീളം വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കാണ് സംവിധായകന്‍ പ്രാധാന്യം നല്ക്കിയത്.  മോഹന്‍ലാലും, അമിതാബ് ബച്ചനും നല്ല അഭിനയ ശൈലികൊണ്ട് ആ രംഗങ്ങള്‍ ഭംഗിയാക്കിയിടുണ്ട്. പക്ഷെ അതല്ലാതെ... യുദ്ധങ്ങളോ, നല്ല ആക്ഷന്‍ രംഗങ്ങളോ ഇല്ല ഈ സിനിമയില്‍. വളരെ പരിതാപകരമായ തിരക്കഥ രചനയാണ് ഈ സിനിമയില്‍ മേജര്‍ രവിയുടെത് എന്ന തുറന്നു പറയുന്നതില്‍ ഖേദിക്കുന്നു. അമിതാബ് ബച്ചനെയും, മോഹന്‍ലാലിനെയും ഒരുമിച്ചു കിട്ടിയിട്ട് അത് പൂര്‍ണമായി ഉപയോഗപെടുത്താന്‍ കഴിഞ്ഞില്ല എന്നത് ഒരു സംവിധായകനെന്ന രീതിയില്‍ മേജര്‍ രവിയുടെ പരാജയമാണ്. വളരെ നല്ല കഥ തന്തു എത്ര മോശമാക്കി തിരക്കഥയക്കാമോ എന്നതിന്റെ ഉദാഹരണമാണ് കാണ്ഡഹാര്‍. സിനിമയുടെ അവസാനം വിമാനം റാഞ്ചുന്ന സീനുകളെല്ലാം പക്വതയും പാകതയും ഇല്ലാത്ത സംവിധായകനെ പോലെയാണ് മേജര്‍ രവി ദ്രിശ്യവല്‍ക്കരിചിരിക്കുന്നത്.

നമ്മുടെ രാജ്യത്തിന്റെ തന്നെ അഭിമാനങ്ങളായ അമിതാബ് ബച്ചനും, മോഹന്‍ലാലും ഒരുമിച്ചഭിനയിക്കുന്നു എന്നതല്ലാതെ മറ്റൊരു സവിശേഷതയും ഇല്ലാതെ സിനിമയാണ് കാണ്ഡഹാര്‍. കുറെ നേരം ഇവരെ സിനിമ തിയറ്ററിലെ വലിയ സ്ക്രീനില്‍ കാണാന്‍ ആഗ്രഹമുള്ളവര്‍ക്ക് കാണ്ഡഹാര്‍ കാണാം. അല്ലാത്തവര്‍, മറ്റൊരു കീര്‍ത്തിചക്രയ്ക്ക് വേണ്ടി കാത്തിരിക്കുക.



കാണ്ഡഹാര്‍ റേറ്റിംഗ് : മോശം സിനിമ [1.5 / 5 ]


രചന, സംവിധാനം: മേജര്‍ രവി
നിര്‍മ്മാണം: മോഹന്‍ലാല്‍, സുനില്‍ നായര്‍
ചായാഗ്രഹണം: രവി വര്‍മന്‍
സംഗീതം: സമീര്‍ ടണ്ടോന്‍

15 Dec 2010

ബെസ്റ്റ് ആക്ടര്‍

ബിഗ്‌ സ്ക്രീന്‍ സിനിമയ്ക്ക് വേണ്ടി സിനിമകളുടെയും പരസ്യ ചിത്രങ്ങളുടെയും ഫോട്ടോഗ്രാഫര്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ബെസ്റ്റ് ആക്ടര്‍. സിനിമ നടനാകണമെന്ന ആഗ്രഹത്തോടെ ജീവിക്കുന്ന മോഹന്‍ എന്ന സ്കൂള്‍ അധ്യാപകന്റെ വേഷത്തിലാണ് മെഗാ സ്റ്റാര്‍ മമ്മൂട്ടി അഭിനയിക്കുന്നത്. നാട്ടിന്‍പുറത്തെ സ്കൂളില്‍ ഹിന്ദി മാഷായ മോഹന്‍ ഒരു സിനിമ ഭ്രാന്തനാണ്. അയാളുടെ ജീവിതത്തിലെ ഒരേയൊരു ലക്‌ഷ്യം സിനിമ നടനാകുക എന്നതാണ്. അതിനുവേണ്ടി ജോലിയും, വീടും ഉപേക്ഷിച്ചു സിനിമ സംവിധയകരെയെല്ലാം കണ്ടു അഭിനയിക്കാന്‍ ഒരു അവസരം ചോദിച്ചു നടക്കലാണ് മോഹന്‍ മാഷിന്റെ ജോലി. പക്ഷെ, അതെല്ലാം പരാജയങ്ങളാകുന്നു. അങ്ങനെ അപമാനിതനാക്കുന്ന മോഹന്‍ അയാളുടെ സുഹൃത്തിനെ തേടി കൊച്ചിയിലെത്തുന്നു. അവിടെ വെച്ച് ഒരുക്കൂട്ടം സിനിമാക്കാരെ പരിച്ചയപെടുന്നു. അവര്‍ സിനിമ നടനാകാന്‍ വേണ്ടി ചിലകാര്യങ്ങള്‍ മോഹനെ ഉപദേശിച്ചു കൊടുക്കുന്നു. അതിനു വേണ്ടി മോഹന്‍ നടത്തുന്ന പരിശ്രമങ്ങളാണ് വളരെ രസകരമായ മുഹൂര്‍ത്തങ്ങളിലൂടെ സംവിധായകന്‍ ബെസ്റ്റ് ആക്ടര്‍ സിനിമയിലൂടെ ആവിഷ്കരിക്കാന്‍ ശ്രമിക്കുന്നത്.

ബെസ്റ്റ് ആക്ടര്‍ സിനിമയിലുടനീളം നല്ല കളര്‍ഫുള്‍ സീനുകളും, രസകരങ്ങളായ മുഹൂര്‍ത്തങ്ങളും ധാരാളമുണ്ട്. താമശക്ക് മാറ്റുകൂട്ടാന്‍ ലാലും, സലിം കുമാറും, നെടുമുടി വേണുവും മമ്മൂട്ടിയോടോപ്പമുണ്ട് സിനിമയിലുടനീളം. ഒരു പുതുമുഖ സംവിധയകനനെന്ന തോന്നല്‍ ഒരിക്കലും ഉണ്ടാക്കാത്ത രീതിയാലാണ് മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സംവിധാനം. അതിനു സംവിധായകനെ സഹായിച്ച ചായാഗ്രാഹകന്‍ അജയന്‍ വിന്‍സെനറ്റ്‌ തീര്‍ച്ചയായും അംഗീകാരം അര്‍ഹിക്കുന്നു. അതോടപ്പം തന്നെ ചിത്രസംയോജനം ചെയ്ത ഡോണ്‍ മാക്സും നല്ലരീതിയില്‍ സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. "സ്വപനം ഒരുചാക്ക്... " എന്ന ഗാനം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റികഴിഞ്ഞു. ബിജിബലാണ് സംഗീത സംവിധായകന്‍. ബെസ്റ്റ് ആക്ടര്‍ സിനിമയ്ക്ക് വേണ്ടി തിരക്കഥ ഒരിക്കിയിരിക്കുന്നത് സംവിധായകന്‍ മാര്‍ട്ടിനും ബിപിന്‍ ചന്ദ്രനും ചേര്‍ന്നാണ്. സിനിമയുടെ ആദ്യപകുതിയില്‍ മോഹന്‍ എന്ന മാഷിന്റെ വീടും,നാടും, നടനാകാന്‍ നടത്തുന്ന ശ്രമങ്ങളും നന്നായി തിരക്കഥയില്‍ ഉള്ള്കൊള്ളിക്കാന്‍ സാധിച്ചു. പക്ഷെ, മോഹന്‍ കൊച്ചിയിലെത്തുകയും അവിടെ വെച്ച് സംഭവിക്കുന്ന കാര്യങ്ങളും എഴുതിയപ്പോള്‍ അത്ര നന്നായില്ല. സിനിമയുടെ രണ്ടാം പകുതിയില്‍ കുറെ തല്ലിപൊളി തമാശകളും, നായകന്റെ സ്‌ലോമോഷന്‍ നടതത്തിനുമോക്കെയായി പ്രാധാന്യം. എങ്കിലും, സിനിമയുടെ ക്ലൈമാക്സ്‌ പുതുമയുള്ളത് കൊണ്ട്  പ്രേക്ഷര്‍ക്കരില്‍ ഭൂരിഭാഗം പേര്‍ക്കും ഇഷ്ടപെടുന്നുണ്ട് ബെസ്റ്റ് ആക്ടര്‍ സിനിമ. തിരക്കഥ രചനയില്‍ കുറെക്കൂടി ശ്രദ്ധ കാണിച്ചിരുന്നെങ്കില്‍ ബെസ്റ്റ് ആക്ടര്‍ സിനിമ മികച്ച സിനിമകളില്‍ ഒന്നാകുമായിരുന്നു. 

മമ്മൂട്ടിയെ കൂടാതെ പുതുമുഖം ശ്രുതി രാമകൃഷ്ണന്‍, നെടുമുടി വേണു, ശ്രീനിവാസന്‍, ലാല്‍, സലിം കുമാര്‍, സുകുമാരി, ബിജുക്കുട്ടന്‍, കെ.പി.എ.സി ലളിത, ശ്രീജിത്ത്‌ രവി, സംവിധായകര്‍ ലാല്‍ ജോസ്, രഞ്ജിത്ത്, ബ്ലെസി എന്നിവരും അഭിനയിച്ചിരിക്കുന്നു ഈ സിനിമയില്‍. ബിഗ്‌ സ്ക്രീന്‍ സിനിമയ്ക്ക് വേണ്ടി നൌഷാദ് ആണ്  ബെസ്റ്റ് ആക്ടര്‍ നിര്‍മ്മിച്ചിരിക്കുന്നത്. കഥയിലുള്ള പുതുമയും നല്ല ടെക്ക്നിക്കല്‍ സപ്പോര്‍ട്ടും ഉള്ളതുകൊണ്ട് ബെസ്റ്റ് ആക്ടര്‍ സിനിമ കണ്ടിരിക്കാവുന്ന ഒന്നാണ്. വലിയ പ്രതീക്ഷകളൊന്നും വെയ്ക്കാതെ സിനിമയ്ക്ക് പോകുന്നവര്‍ക്കും, മമ്മൂട്ടിയെ സ്നേഹിക്കുന്നവര്‍ക്കും ഇഷ്ടമാകും ബെസ്റ്റ് ആക്ടര്‍.


ബെസ്റ്റ് ആക്ടര്‍ റേറ്റിംഗ് : ആവറേജ് [ 2.5  / 5 ]  

തിരക്കഥ: മാര്‍ട്ടിന്‍ പ്രക്കാട്ട് , ബിപിന്‍ ചന്ദ്രന്‍
സംവിധാനം: മാര്‍ട്ടിന്‍ പ്രക്കാട്ട്
നിര്‍മ്മാണം: നൌഷാദ്
ചായാഗ്രഹണം: അജയന്‍ വിന്‍സെനറ്റ്‌
ചിത്രസന്നിവേശം: ഡോണ്‍മാക്സ്
സംഗീതം: ബിജിബാല്‍
 

28 Nov 2010

ദി ത്രില്ലര്‍

 

മാടമ്പി,പ്രമാണി,സ്മാര്‍ട്ട്‌ സിറ്റി,ഐ.ജി എന്നീ സൂപ്പര്‍ സ്റ്റാര്‍ സിനിമകള്‍ക്ക്‌ ശേഷം ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമയാണ് ദി ത്രില്ലര്‍. ആനന്ദഭൈരവിയുടെ ബാനറില്‍ സാബു ചെറിയാനാണ് ത്രില്ലര്‍ നിര്‍മ്മിച്ചിരിക്കുന്നത്. പ്രിഥ്വിരാജ്,സിദ്ദിക്ക്,ലാലു അലക്സ്‌,സമ്പത്ത്,വിജയരാഘവന്‍,ആനന്ദ്,റിയാസ് ഖാന്‍,സുബൈര്‍,പി.ശ്രീകുമാര്‍, ശ്യാം,ഗോപകുമാര്‍,ദിനേശ് പണിക്കര്‍,മല്ലിക കപൂര്‍,കാതറീന്‍ എന്നിവരാണ് പ്രാധാന അഭിനേതാക്കള്‍.കഥ,തിരക്കഥ,സംഭാഷണം,സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ തന്നെ നിര്‍വഹിച്ചിരിക്കുന്നു.ഭരണി.കെ.ധാരനാണ് ചായാഗ്രഹണം.


കേരളത്തില്‍ സമീപ കാലത്തുണ്ടായ ഒരു കുപ്രസിദ്ധ കൊലപാതകമാണ് ഈ സിനിമയുടെ കഥാ തന്തു. ഈ കൊലപാതകം അന്വേഷിക്കാനെത്തുന്ന പോലീസ് കമ്മിഷ്നെര്‍ നിരഞ്ജന്‍ എന്ന കഥാപാത്രമായിട്ടാണ് പ്രിഥ്വിരാജ് എത്തുന്നത്. പ്രിഥ്വിരാജ് ചെയ്യുന്ന ആറാമത്തെ പോലീസ് വേഷമാണെങ്കിലും, മുമ്പഭിനയിച്ച പോലീസ് വേഷങ്ങളില്‍ നിന്നും വളരെ വെത്യസ്ത രീതിയിലുള്ള അഭിനയ ശൈലിയാണ് ഈ സിനിമയില്‍ പ്രിഥ്വിരാജ് സ്വീകരിച്ചിരിക്കുന്നത്. മലയാള സിനിമയില്‍ മുമ്പിറങ്ങിയ കുറ്റാന്വേഷണ സിനിമകളില്‍ കാണാവുന്ന എല്ലാ ഘടകങ്ങളും ഈ സിനിമയിലുമുണ്ട്. ചടുലമായ ദ്രിശ്യങ്ങളും, സംഘട്ടന രംഗങ്ങളും,കുറ്റാന്വേഷണവും, നായകന്‍റെ തീ പാറുന്ന ഇംഗ്ലീഷ് സംഭാഷണങ്ങളും, സസ്പെന്‍സും ഒരേ പോലെ മുന്നോട്ട് കൊണ്ടുപോകാനും, ത്രില്ലിംഗ് ആയ രംഗങ്ങള്‍ ഒരുക്കാനും ബി. ഉണ്ണികൃഷ്ണന് സാധിച്ചിട്ടുണ്ട്.


മലയാള സിനിമയില്‍ കഴിഞ കുറെ കാലമായി ഇറങ്ങുന്ന ഒട്ടുമിക്ക എല്ലാ സിനിമകളിലും എന്തെങ്കിലും ഒരു സസ്പെന്‍സ് ഉണ്ടായിട്ടുണ്ട്. ആ പതിവ് തെറ്റിക്കാതെ...ത്രില്ലറിലും ഉണ്ട് സസ്പെന്‍സ്. സാധാരണ സുരേഷ് ഗോപി പോലീസ് സിനിമകളില്‍ വില്ലനെ ഞെട്ടിക്കുന്ന സംഭാഷണവും, അവസാനം യഥാര്‍ത്ഥ വില്ലനെ കണ്ടുപിടിക്കലുമാണ്. പക്ഷെ, ത്രില്ലറില്‍...നായകനെ കൊണ്ട് ഒരാവശ്യമില്ലാതെ ഗുണ്ടകളെയം, ചെറിയ വില്ലന്മാരെയെല്ലാം തല്ലിക്കുനുണ്ട് സംവിധായകന്‍. ഓരോ ഇടിക്കും വില്ലന്മാര്‍ കിലോമീറ്റര്‍ ദൂരത്തിലെക്കാണ് തെറിച്ചു വീഴുന്നത്. നല്ലൊരു സിനിമയെന്ന ഉറപ്പുണ്ടെങ്കില്‍ പിന്നെ എന്തിനാണ് നായകന്‍റെ ആരാധകരെ തൃപ്തി പെടുത്തുവാന്‍ വേണ്ടി അനാവശ്യമായി നായകനെ കൊണ്ട് ഇതെല്ലാം ചെയ്യിപ്പിക്കുന്നത്. ഇതു..ഈ സിനിമയുടെ മാത്രം പ്രശ്നമല്ല..ഒട്ടുമിക്ക എല്ലാ സൂപ്പര്‍ സ്റ്റാര്‍ സിനിമകളിലുമുള്ളതാണ്. ഇതിനൊക്കെ പുറമേ...കുറ്റാന്വേഷണം മുമ്പോട്ടുപോകുന്നതിനിടയില്‍ ഒരാവശ്യമില്ലാത്ത പാട്ടുകള്‍..അതും നായകന്‍റെ നഷപെട്ട പ്രണയത്തെ ഓര്‍ത്തുകൊണ്ട്‌. ഇവയെല്ലാം ഒഴിവക്കിയിരുനെങ്കില്‍ ഒരുപക്ഷെ ത്രില്ലര്‍ ഭേദമായേനെ.


ഉണ്ണികൃഷ്ണന്‍ ഒരു സസ്പെന്‍സ് സിനിമയുണ്ടാക്കിയത്തിനു ശേഷം പ്രിഥ്വിരാജിനെ നായകനാക്കാന്‍ തീരുമാനിചിരുനെങ്കില്‍ ഈ സിനിമ കുറേക്കൂടി നന്നായേനെ.ഇപ്പോള്‍ ഇതു കാണുമ്പോള്‍, പ്രിഥ്വിരാജിനെ നായകനാക്കാന്‍ തീരുമാനിച്ചതിനു ശേഷം ഒരു ആക്ഷന്‍ സസ്പെന്‍സ് പോലീസ് സിനിമയ്ക്ക് കഥയുണ്ടാക്കിയത് പോലെയായി. എങ്കിലും, സിനിമ കാണുമ്പോള്‍ ത്രില്ലിംഗ് ആയ ഒരുപാടു രംഗങ്ങള്‍ ഉള്ളതുകൊണ്ട് പ്രേക്ഷകര്‍ ബോറടിക്കാതെ അവസാനം വരെ ഇരിക്കുനുണ്ട്. ആ കാര്യത്തില്‍ ഉണ്ണികൃഷ്ണന്‍ വിജയിച്ചിരിക്കുന്നു. കുറേക്കൂടി കെട്ടുറപ്പുള്ള തിരക്കഥയും, മുന്‍പ് സൂചിപ്പിച്ചത് പോലുള്ള  അനാവശ്യ രംഗങ്ങളും ഒഴുവക്കിയിരുനെങ്കില്‍ ഈ സിനിമ പ്രേക്ഷകര്‍ സ്വീകരിച്ചേനെ.



ദി ത്രില്ലര്‍ റേറ്റിംഗ് : ആവറേജ് [2.5 / 5]


രചന, സംവിധാനം: ബി. ഉണ്ണികൃഷ്ണന്‍
നിര്‍മ്മാണം: സാബു ചെറിയാന്‍
ബാനര്‍: ആനന്ദ ഭൈരവി
ചായാഗ്രഹണം: ഭരണി.കെ.ധരന്‍
സംഗീതം: ധരന്‍
ചിത്രസന്നിവേശം: മനോജ്‌

27 Nov 2010

ബെസ്റ്റ് ഓഫ് ലക്ക്

പകല്‍, നഗരം, വൈരം എന്നീ സാമൂഹിക പ്രസക്തിയുള്ള സിനിമകള്‍ക്ക്‌ ശേഷം എം.എ.നിഷാദ് സംവിധാനം ചെയുന്ന സിനിമയാണ് ബെസ്റ്റ് ഓഫ് ലക്ക്. കൈലാഷ്, ആസിഫ് അലി, അര്‍ച്ചന കവി, റീമ കല്ലുംഗല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹ്യുമറിനു പ്രാധാന്യം നല്‍കികൊണ്ടോരുക്കിയ ബെസ്റ്റ് ഓഫ് ലക്കില്‍ പ്രഭു, ഉര്‍വശി,മുകേഷ്,ജഗതി ശ്രീകുമാര്‍,ഭീമന്‍ രഘു,‍സുരാജ് വെഞ്ഞാറമൂട്,ബൈജു എന്നിവരുമുണ്ട്. 

സൂര്യയും, മനുവും, നീതുവും,ദിയയും സുഹൃത്തുക്കളാണ്...മനുവിന്‍റെ ആഗ്രഹം മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യണം. അതിനായുള്ള പണം കിട്ടാനായി സുഹൃത്ത് സൂര്യ, അവന്‍റെ വീട് പണയം വെച്ച് കാശ് കൊടുക്കുന്നു. ആ വീട് സൂര്യയെ അനിയനെ പോലെ സ്നേഹിക്കുന്ന നായ്ക്കരുടെ സ്വന്തമാണ്. ഒരിക്കല്‍ നായ്ക്കര്‍ ആ വീട്ടില്‍ വരുന്നതോടെ എല്ലാം തകിടം മറിയുന്നു. സൂര്യയുടെ കാമുകി നീതു, മനുവിന്‍റെ കാമുകി ദിയയും കൂടെയുണ്ട് ആ വീട്ടില്‍. പക്ഷെ, ആ വീട്ടിലെ വേലക്കാരി വിചാരിക്കുന്നത് മനുവിന്‍റെ ഭാര്യ നീതുവനെന്നും, സൂര്യയുടെ ഭാര്യ ദിയയുമാനെന്നാണ്. ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കുന്നു. ഇതിനെ തുടര്‍ന്നുടാവുന്ന രസകരമായ സംഭവങ്ങളാണ് ബെസ്റ്റ് ഓഫ് ലക്ക്ന്‍റെ കഥ.
സൂര്യയായി കൈലാഷും, മനുവായി ആസിഫും, നീതുവായി അര്‍ച്ചനയും, ദിയയായി റീമയും അഭിനയിച്ചിരിക്കുന്നു. 


യുഫോറിയ സംഗീത സംവിധാനം നിര്‍വഹിച്ച ഈ സിനിമയില്‍ പാട്ടുകളുടെ നിലവാരം ശരാശരിയില്‍ താഴെയാണ്. സഞ്ജീവ് ശങ്കറാണ് ചായഗ്രഹണം. ഒരു സൂപ്പര്‍ സ്റ്റാര്‍ അതിഥി താരമായി അഭിനയിച്ചാല്‍ സിനിമയെ പ്രേക്ഷകര്‍ സ്വീകരിച്ചേക്കും എന്നുള്ള വിശ്വാസമായിരിക്കാം മമ്മൂട്ടിയെ അതിഥി താരമാക്കാന്‍ നിഷാദ് തീരുമാനിച്ചത് എന്ന് തോന്നുന്നു. പക്ഷെ...,മമ്മൂട്ടി ഇതില്‍ അഭിനയിക്കാന്‍ സമ്മതിച്ചത് ഈ സിനിമയിലെ കഥാസന്ദര്‍ഭം അത്രയ്ക്ക് മികച്ചതായത് കൊണ്ടാണോ? അറിയില്ല...

തമിഴ് സിനിമകളിലും, ഹിന്ദി സിനിമകളിലും ഇതിനുമുമ്പ് കണ്ടിട്ടുള്ള കഥാ
സന്ദര്‍ഭങ്ങള്‍.., മലയാള ഭാഷയുള്ള സംഭാഷണങ്ങളില്‍ കേള്‍ക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ബെസ്റ്റ് ഓഫ് ലക്ക് കാണാം. പകലും, നഗരവും, വൈരവും മഹത്തായ സിനിമകളല്ലെങ്കിലും...കണ്ടിരിക്കാവുന്ന രീതിയില്‍ സംവിധാനം ചെയ്യ്ത നിഷാദില്‍ നിന്നും പ്രേക്ഷകര്‍ ഒട്ടും പ്രതീക്ഷിക്കാത്തതരത്തില്‍ ഒരുക്കിയ ബെസ്റ്റ് ഓഫ് ലക്ക്... അവരെ നിരാശപെടുത്തുമെന്നുറപ്പ്.

ബെസ്റ്റ് ഓഫ് ലക്ക് റേറ്റിംഗ്
മോശം സിനിമ [1 / 5]

സംവിധാനം: എം.എ.നിഷാദ്
നിര്‍മ്മാണം: എ ആന്‍ഡ്‌
എം എന്‍റര്‍ടെയിനേര്‍സ്
ചായാഗ്രഹണം: സഞ്ജീവ് ശങ്കര്‍
സംഗീതം: യുഫോറിയ

26 Nov 2010

കോളേജ് ഡേയ്സ്

 

മെഡിക്കല്‍ കോളേജിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഒരു സസ്പെന്‍സ് ത്രില്ലര്‍ സിനിമയാണ് കോളേജ് ഡെയ്സ്. സിനിമയിലുടനീളം സസ്പെന്‍സ് നിറഞ്ഞ വഴികളുടെയാണ് കഥ സഞ്ചരിക്കുന്നത്. മെഡിക്കല്‍ കോളേജ് ലേഡീസ് ഹോസ്റ്റല്‍ന്‍റെ മുകളില്‍ നിന്നും ആതിര എന്ന പെണ്‍കുട്ടിയെ തള്ളി താഴെയിട്ടു കൊലപെടുതുന്നതോടെയാണ് ഈ കഥ തുടങ്ങുന്നത്. കോളേജിലെ പണച്ചാക്കുകളുടെ മക്കള്‍ സതിഷ്, ജോ, ആനന്ദ്, രാഖി, അനു എന്നിവരടങ്ങുന്ന സീനിയര്‍ കുട്ടികളാണ് ആതിരയെ കൊലപെടുതുന്നത്. പണം കൊണ്ടും, സ്വാധീനം കൊണ്ടും അവര്‍ ആ കൊലപാതകം ഒരു ആത്മഹത്യയാക്കി മാറ്റുന്നു. വീണ്ടും അവര്‍ കോളേജില്‍ ഒന്നുമറിയാത്ത പോലെ പടിക്കാനെത്തുന്നു. പക്ഷെ, അവിടെ.. അവരെ തേടി രോഹിത് മേനോന്‍ വരുന്നു. രോഹിത് മേനോനുമായി അന്ജംഗ സംഗം വഴക്കാവുന്നു...അതോടെ കടുത്ത ശത്രുതയും... ആ ശത്രുത വളര്‍ന്നു രോഹിത് മേനോന്‍റെ കൊലപാതകതിലെത്തുന്നു. പക്ഷെ, രോഹിത് മരിച്ചതായി യാതൊരു തെളുവുമില്ലതാനും. രോഹിത് മേനോന്‍ ആരാണ്?, അയാള്‍ക്ക് എന്ത് സംഭവിച്ചു? ഇതു അന്വേഷിക്കാനെത്തുന്ന പോലീസ് ഉദ്യോഗസ്ഥാനാണ് സുദീപ് ഹരിഹരന്‍. സുദീപ് ഹരിഹരന്‍ രോഹിത് മേനോന് എന്ത് സംഭവിച്ചു എന്നും, അന്ജംഗ സംഗത്തിനെ പിടികൂടുമോ എന്നതുമാണ്‌ കോളേജ് ഡെയ്സ് സിനിമയുടെ സസ്പെന്‍സ്.

രോഹിത് മേനോനായി ഇന്ദ്രജിത്തും, സുദീപ് ഹരിഹരനായി ബിജുമേനോനും, അന്ജംഗ സംഗം സതീഷായി റയാന്‍, ആനന്ദ് ആയി സജിത്ത് രാജ്, ജോ ആയി ഗോവിന്ദ് പദ്മസുരിയ, അനുവായി സന്ധ്യ, രാഖിയായി ധന്യ മേരി എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ഇവരെ കൂടാതെ ജഗതി ശ്രീകുമാര്‍, സായി കുമാര്‍, സുരാജ് വെഞ്ഞാറമൂട്, അപ്പഹാജ, അബു സലിം, ദിനേശ് പണിക്കര്‍, ജോസ്, ഭാമ, ഗീത വിജയന്‍, റോസ്‌ലിന്‍ എന്നിവയും അഭിനയിച്ചിട്ടുണ്ട്.

ചന്ദ്രകാന്തം സിനിമയുടെ ബാനറില്‍ സീന സാദത് നിര്‍മിച്ചു നവാഗതനായ ജി.എന്‍. കൃഷ്ണ കുമാറാണ് കോളേജ് ഡെയ്സ് സംവിധാനം ചെയ്തത്. കൃഷ്ണകുമാര്‍ തന്നെയാണ് ഇതിന്‍റെ കഥയും, തിരക്കഥയും എഴുതിയിരിക്കുന്നത്. ഒരു പുതുമുഖ സംവിധായകനെന്ന് ഒരിക്കലും തോന്നാത്ത വിധത്തിലാണ് കൃഷ്ണകുമാര്‍ സിനിമയെ സമീപിച്ചിരിക്കുന്നത്. സുജിത് വാസുദേവിന്‍റെ ചായാഗ്രഹണം, ബാബു രത്നത്തിന്‍റെ ചിത്രസന്നിവേശം, റോണി റാഫേല്‍ സംഗീത സംവിധാനം ചെയ്ത "വെണ്ണിലാവിന്‍" എന്ന് തുടങ്ങുന്ന ഗാനം, പശ്ചാത്തല സംഗീതം എന്നിവയെല്ലാം കോളേജ് ഡെയ്സ് എന്ന സിനിമയ്ക്ക് ഗുണകരമായിട്ടുണ്ട്. ഈ സിനിമയില്‍ അഭിനയിച്ച ഓരോരുത്തരും മികച്ച പ്രകടനമാണ് കാഴ്ച്ചവെചിരിക്കുന്നത്. അതില്‍ പ്രശംസ അര്‍ഹിക്കുന്ന രീതിയിലാണ് റയാന്‍, ഇന്ദ്രജിത്ത്, ബിജു മേനോന്‍, സന്ധ്യ എന്നിവരുടെ അഭിനയം.

കഥയിലും തിരക്കഥ രചനയിലും കുറേക്കൂടി ശ്രദ്ധ കാണിചിരുന്നുവെങ്കില്‍, ഈ സിനിമ മികച്ചതാക്കാമായിരുന്നു. മലയാളത്തില്‍ ഇതിനുമുമ്പ് പല പ്രാവശ്യം വന്ന കഥ തന്നെയാണ് ഈ സിനിമയ്ക്കുമുള്ളത്. എങ്കിലും, നല്ല സംവിധാന ശൈലിയുണ്ടായിരുനെങ്കില്‍ പുതിയ ഒരവതരണ രീതികൊണ്ട് ഈ സിനിമയെ നന്നാക്കാമായിരുന്നു. പക്ഷെ, അതിലും വിജയിക്കാന്‍ കഴിഞ്ഞില്ല കൃഷ്ണകുമാര്‍ എന്ന സംവിധായകന്. എങ്ങനെയെക്കയോ മുമ്പോട്ടു പോകുന്ന കഥ, മെഡിക്കല്‍ കോളേജ് ആണെന്ന് തോന്നാത്ത വിധമാണ് കോളേജ് പശ്ചാത്തലം, ആര്‍ക്കും ആരെയും കൊല്ലാം, വകവരുതാം..ആരും ചോദിക്കാനില്ല...ഇതെല്ലാം ഒരു 10 കൊല്ലം മുംബായിരുന്നുവെങ്കില്‍ സമ്മതിക്കാം..പക്ഷെ, എന്നെത്തെ കാലത്ത് എങ്ങനെയൊക്കെ സംഭവിക്കുമോ എന്നതിന് ഉത്തരമില്ല. സിനിമ കാണുമ്പോള്‍ തന്നെ പ്രേക്ഷകര്‍ക്ക്‌ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്ന രീതിയിലുള്ള തിരക്കഥയാണ് ഈ സിനിമയുടെ പ്രശ്നം. സസ്പെന്‍സ് ത്രില്ലര്‍ എന്ന അവകാശവാധതോടെ ഇറങ്ങിയ കോളേജ് ഡെയ്സില്‍ ത്രില്ലിംഗ് രംഗങ്ങള്‍ ഉണ്ടെങ്കിലും...സസ്പെന്‍സ് കഥയുടെ പകുതിയാകുമ്പോള്‍ തന്നെ ഊഹിക്കാവുന്നതെയുള്ളു.

കുറെക്കൂടെ പക്വത ഉള്ള കഥയും തിരക്കഥയും ഉണ്ടായിരുന്നുവെങ്കില്‍ പ്രേക്ഷകര്‍ക്ക്‌ ഈ സിനിമ ഇഷ്ടമായേനെ. നല്ല ടെക്ക്‌നിഷിയന്‍സ് ഉണ്ടായിട്ടും, നല്ല അഭിനയതക്കാളുണ്ടായിട്ടും, അതൊന്നും പൂര്‍ണ്ണമായി ഉപയോഗപെടുത്തന്‍ സാധിച്ചില്ല. പ്രത്യേകിച്ചു കഥയും തിരക്കഥയും ഒന്നും വേണ്ടാത്തവര്‍ക്ക്...വെറുതെ 2 1/2 മണിക്കൂര്‍ ത്രില്ലിംഗ് രംഗങ്ങള്‍ മാത്രം കാണണമെങ്കില്‍ കോളേജ് ഡെയ്സ് കാണാം. അല്ലാത്തവര്‍...ഒഴിവാക്കുന്നതായിരിക്കും ഭേദം. 

കോളേജ് ഡെയ്സ് റേറ്റിംഗ്: ബിലോ ആവറേജ് [ 2 / 5]

കഥ, തിരക്കഥ, സംവിധാനം: ജി. എന്‍. കൃഷ്ണകുമാര്‍
നിര്‍മ്മാണം: സീന സാദത്
ചായാഗ്രഹണം: സുജിത് വാസുദേവ്
ചിത്രസന്നിവേശം: ബാബു രത്നം
സംഗീതം: റോണി റാഫേല്‍

25 Nov 2010

കന്യാകുമാരി എക്സ്പ്രെസ്സ്


ഡെന്നിസ് ജോസഫ്‌ന്‍റെ രചനയില്‍ ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്ത പുതിയ സിനിമയാണ് കന്യാകുമാരി എക്സ്പ്രെസ്സ്. കുറെ നാളുകള്‍ക്കു ശേഷം സുരേഷ് ഗോപി ചെയ്യുന്ന പോലീസ് വേഷം, സസ്പെന്‍സ് ത്രില്ലര്‍ എന്നി അവകാശവാദങ്ങളോടെയാണ് ഈ സിനിമ ഇറങ്ങിയത്‌. മോഹന്‍ ശങ്കര്‍ ആചാരി എന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ റോളിലാണ് സുരേഷ് ഗോപി എത്തുന്നത്. നഗരത്തിലെ ഒരു ഡയമണ്ട് വ്യാപാരിയുടെ മകളെ കാണാതായ കേസ് അന്വേഷിക്കാനെത്തുന്ന പോലീസ് ഉദ്യോഗസ്ഥനാണ് മോഹന്‍ ശങ്കര്‍. 


മലയാള സിനിമയില്‍ ഒരുപാടു പ്രാവശ്യം കണ്ടിട്ടുള്ള കൊലപാത കുറ്റാന്വേഷണ സിനിമകളെ ഓര്‍മ്മപെടുത്തുന്ന വിധത്തിലാണ് ഡെന്നിസ് ജോസഫ്‌ തിരക്കഥയോരിക്കിയിരിക്കുന്നത്. 10 സിനിമകളില്‍ കൂടുതല്‍ സംവിധാനം ചെയ്ത ഒരു സംവിധായകനില്‍ നിന്നും കുറേക്കൂടി പ്രതീക്ഷിക്കുന്നു പാവം പ്രേക്ഷകര്‍. ഒരു പുതുമുഖ സംവിധായകന്‍ പോലും ഇതിനെക്കാള്‍ ഭേദമായി സിനിമയെടുക്കും എന്നതില്‍ ഒരു സംശയവും വേണ്ട. 


സുരേഷ് ഗോപിയുടെ തന്നെ പല പോലീസ് വേഷങ്ങളെയും ഓര്‍മ്മപെടുത്തുന്ന രീതിയിലുള്ള അഭിനയവും,കണ്ടുമടുത്ത രംഗങ്ങളുള്ള തിരക്കഥ രചനയും,സംവിധാനവും കൊണ്ട് ഈ സിനിമയെ നിലവാരമില്ലാത്ത സിനിമയാക്കി മാറ്റിയിരിക്കുന്നു.സുരേഷ് ഗോപിയെ കൂടാതെ ബാബു ആന്‍റണി, ജഗതി ശ്രീകുമാര്‍,ഭീമന്‍ രഘു, ഷാനവാസ്, കിരണ്‍ രാജ്,രാജ്മോഹന്‍ ഉണ്ണിത്താന്‍, കോട്ടയം നസീര്‍,ബൈജു സരയൂ,ലെന,ഊര്‍മിള ഉണ്ണി എന്നിവരും അഭിനയിച്ചിരിക്കുന്നു. സെന്തില്‍ കുമാറാണ് ചായാഗ്രഹണം.



കന്യാകുമാരി എക്സ്പ്രെസ്സ് കാണുന്നവര്‍ക്ക് തോന്നിപോകും...ന്യൂ ഡല്‍ഹി എന്ന സൂപ്പര്‍ സിനിമയുടെ തിരക്കഥാകൃത്ത്‌ ഡെന്നിസ് ജോസഫാണോ ഈ സിനിമയെഴുതിയത്? കോട്ടയം കുഞ്ഞച്ചന്‍ എന്ന സിനിമയുടെ സംവിധായകന്‍ ടി.എസ്. സുരേഷ് ബാബുവാണോ അവരോട് ഈ ചതി ചെയ്തത്? മലയാളി പ്രേക്ഷകര്‍ ഇതിലും മികച്ചത് അര്‍ഹിക്കുന്നു!

കന്യാകുമാരി എക്സ്പ്രെസ്സ് റേറ്റിംഗ്മോശം സിനിമ [1 / 5]


സംവിധാനം: ടി.എസ്.സുരേഷ് ബാബു
കഥ,തിരക്കഥ,സംഭാഷണം: ഡെന്നിസ് ജോസഫ്‌
ചായാഗ്രഹണം: സെന്തില്‍ കുമാര്‍
സംഗീതം: ശരത്
നിര്‍മ്മാണം: ജി.എസ്.മുരളി
ബാനര്‍: പിരമിഡ് ഫിലംസ്

10 Nov 2010

കാര്യസ്ഥന്‍


ആന്‍ മെഗാ മീഡിയയുടെ ബാനറില്‍ നീറ്റ ആന്‍റോ നിര്‍മിച്ചു, നവാഗതനായ തോംസണ്‍ സംവിധാനം ചെയ്ത പുതിയ ദിലീപ് സിനിമയാണ് കാര്യസ്ഥന്‍പോക്കിരിരാജയുടെ വിജയത്തിന് ശേഷം തിരക്കഥകൃത്തുക്കള്‍ ഉദയകൃഷ്ണ-സിബി.കെ.തോമസ്‌ എഴുതുന്ന കാര്യസ്ഥന്‍, ദിലീപിന്‍റെ നൂറാമത് സിനിമയാണ് എന്ന  പ്രിത്യേകതയുമുണ്ട്. ഇത്തവണ ജനപ്രിയ നായകന്‍ പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തുന്നത് കാര്യസ്ഥന്‍റെ വേഷത്തിലാണ്.

ഏഷ്യാനെറ്റ്‌ ചാനലിലെ മഞ്ച് സ്റ്റാര്‍ സിങ്ങര്‍ പരിപാടിയുടെ അവതാരകയായിരുന്ന പുതുമുഖം അഖിലയാണ് കാര്യസ്ഥനിലെ ദിലീപിന്‍റെ നായികയാകുന്നത്. ദിലീപിനൊപ്പം, സലിം കുമാര്‍, ഹരിശ്രീ അശോകന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരുമുണ്ട് തമാശയ്ക്ക് മാറ്റുകൂട്ടാന്‍.

രണ്ടു പേരുകേട്ട തറവാട്ടിലെ കാരണവര്‍മാരാണ് കൃഷ്ണ വാരിയരും[കിഴക്കേടത്ത് തറവാട്], ശങ്കരന്‍ നായരും[പുത്തേഴത് തറവാട്]. ഇവര്‍ തമ്മില്‍ വലിയ ശത്രുതയിലാണ്. ഈ രണ്ടു തറവാട്ടിലെ ശത്രുതയ്ക്ക് കാരണം വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ഒരു വിവാഹവും അതിനെ സംബന്ധിച്ചുണ്ടായ കുറെ പ്രശ്നങ്ങളുമാണ്. കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം...രണ്ടു തറവാട്ടുകാരും തമ്മിലുള്ള ശത്രുത തീര്‍ക്കാന്‍ ‍പുത്തേഴത് തറവാട്ടിലെ കാര്യസ്ഥന്‍ കൃഷ്ണനുണ്ണി ശ്രമിക്കുന്നതാണ് ഈ സിനിമയുടെ കഥ.


ദിലീപ് സിനിമകളിലുള്ള സ്ഥിരം വിഭവങ്ങളായ ദിലീപിന്‍റെ സ്ഥിരം  മാനറിസങ്ങളും,സുരാജ്- സലിം കുമാര്‍ ടീമിന്‍റെ കോമഡി നമ്പരുകളും കാര്യസ്ഥനിലുമുണ്ട്. കാര്യസ്ഥനിലെ പാട്ടുകള്‍ എഴുതിയിരിക്കുന്നത് കൈതപ്രവും, സംഗീതം നല്ക്കിയിരിക്കുന്നത് ബേര്‍ണി-ഇഗ്നേഷ്യസ് എന്നിവര്‍ ചേര്‍ന്നാണ്. "മലയാളി പെണ്ണെ" എന്ന് തുടങ്ങുന്ന പാട്ടും, ടീവി സീരിയല്‍ താരങ്ങള്‍ക്കൊപ്പം ദിലീപ് ഡാന്‍സ് ചെയ്യുന്ന പാട്ടും ഹിറ്റാണ്.


മുന്‍കാല മലയാള സിനിമകളില്‍ പ്രേക്ഷകര്‍ കണ്ടുമടുത്ത കുറെ രംഗങ്ങളുണ്ട് ഈ സിനിമയില്‍. ഇതിലെ പാട്ടുകളുടെ ചിത്രീകരണമടക്കം കുറെ ഹിന്ദി സിനിമകളില്‍ കണ്ടിട്ടുള്ളതാണ്. പുതുമയില്ലാത്ത കഥയും, മുന്‍കാല സിനിമകളെ ഓര്‍മ്മപെടുത്തുന്ന കുറെ ദ്രിശ്യങ്ങളും ഒരുപാടുണ്ട് കാര്യസ്ഥനില്‍‍. സുരാജിന്‍റെയോ സലിം കുമാറിന്റെയോ കോമടി നമ്പരുകള്‍ പോലും പഴയ ദിലീപ് സിനിമകളെ തന്നെ ഓര്‍മ്മപെടുത്തുന്നു.ദിലീപ് സിനിമകളുടെ ഹിറ്റ്‌ ക്യാമറമാന്‍ പി.സുകുമാറാണ് കാര്യസ്ഥന്‍റെ ചായാഗ്രഹണം. 


ദിലീപിന്‍റെ നൂറാമത് സിനിമയില്‍ ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നു. കൃഷ്ണനുണ്ണിയായി  ദിലീപും, കൃഷ്ണ വരിയരായി മധുവും, ശങ്കരന്‍ നായരായി ജി.കെ.പിള്ളയും വേഷമിടുന്നു. ഇവരെ കൂടാതെ... അഖില, ഹരിശ്രീ അശോകന്‍, സലിം കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ജനാര്‍ദ്ദനന്‍, ബിജു മേനോന്‍, സിദ്ദിക്ക്, സുരേഷ് കൃഷ്ണ,സന്തോഷ്‌,സാദ്ദിക്ക്, ഗണേഷ് കുമാര്‍,നിഷാന്ത് സാഗര്‍, വന്ദന, എന്നിവരോടൊപ്പം സീരിയല്‍ താരങ്ങളും,പിന്നണി ഗായകരും അഭിനയിച്ചിരിക്കുന്നു.


കഥയെപറ്റി ചിന്തിക്കാതെ..എല്ലാം മറന്നു ചിരിക്കാന്‍ ഇഷ്ടമുള്ളവര്‍ക്കും, ഇതിനു മുമ്പ് കേട്ട തമാശകളും...,കണ്ടുമടുത്ത രംഗങ്ങളും...ഒരിക്കല്‍ കൂടി കേള്‍ക്കാനും, കാണാനും കുഴപ്പമില്ലാത്തവര്‍ക്കും "കാര്യസ്ഥന്‍" തീര്‍ച്ചയായി ഇഷ്ടമാകും.


കാര്യസ്ഥന്‍ റേറ്റിംഗ് : ബിലോ ആവറേജ് [2 / 5]

സംവിധാനം: തോംസണ്‍
നിര്‍മ്മാണം: നീറ്റ ആന്‍റോ
കഥ, തിരക്കഥ,സംഭാഷണം: ഉദയകൃഷ്ണ-സിബി.കെ.തോമസ്‌
ചായാഗ്രഹണം: പി.സുകുമാര്‍
ചിത്രസംയോജനം: സാലൂ.കെ.ജോര്‍ജ്
ഗാനങ്ങള്‍: കൈതപ്രം
സംഗീതം: ബേര്‍ണി-ഇഗ്നേഷ്യസ്
വിതരണം: വൈശാഘ റിലീസ്


31 Oct 2010

ഫോര്‍ ഫ്രെണ്ട്സ്

  
നാല് സുഹൃത്തുക്കള്‍...വ്യതസ്ത സാഹചര്യങ്ങളില്‍ ജീവിക്കുന്ന റോയ് മാത്യു,സൂര്യ,ആമിര്‍,ഗൗരി എന്നിവര്‍ ഹോസ്പിറ്റലില്‍ വെച്ച് കണ്ടുമുട്ടുന്നു...സുഹൃത്തുക്കളാകുന്നു...ഇവര്‍ നാല്പേര്‍ക്കുമുള്ള ഒരേയൊരു സാമ്യം "കാന്‍സര്‍" എന്ന മഹാരോഗം. ഇതാണ് ഫോര്‍ ഫ്രെണ്ട്സ് എന്ന സിനിമയുടെ ഇതിവൃത്തം.


റോയ് മാത്യു എന്ന കോടീശ്വരന്‍, ഗിറ്റാറിസ്റ്റ് സുര്യ, ഗുണ്ട ആമിര്‍, മെഡിക്കല്‍ വിദ്യാര്‍ഥി ഗൗരി എന്ന നാല് സുഹൃത്തുക്കളും മരിക്കുന്നതിനു മുമ്പുള്ള അവരവരുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കാനും, ജീവിതം ഒരാഘോഷമാക്കാനും വേണ്ടി ഒത്തുചേരുന്നു. ഗിറ്റാറിസ്റ്റ് സുര്യയുടെ ആഗ്രഹം അയാളുടെ കാമുകിയെ മലേഷ്യയില്‍ പോയി കണ്ടെത്തുക, ആമിറിന്റെ ആഗ്രഹം സിനിമ നടന്‍ കമല്‍ഹാസനെ നേരിട്ട് കാണുക എന്നവിയാണ്. ഈ ആഗ്രഹങ്ങള്‍ സുഹൃത്തുക്കള്‍ക്ക് വേണ്ടി സാധിച്ചു കൊടുക്കുവാനായി റോയ് മാത്യുവും, ഗൗരിയും ഒരുമിച്ചു ശ്രമിക്കുന്നു. ഇതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ.  


സിനിമയുടെ ഇടവേളയ്ക്കു ശേഷം വിമാനതാവളത്തില്‍ വെച്ച് നടന്‍ കമല്‍ഹാസനെ നേരിട്ട് കാണുന്നു...സംസാരിക്കുന്നു...രണ്ടേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഗ്യമുള്ള ഈ സിനിമയില്‍ കണ്ടിരിക്കാവുന്ന അഞ്ചു മിനിറ്റ്..കമല്‍ഹാസനുള്ള രംഗവും, അദ്ദേഹം കാന്‍സര്‍ എന്ന രോഗത്തെപറ്റി പറയുന്ന കാര്യങ്ങളുമാണ്. ശേഷിക്കുന്ന രംഗങ്ങള്‍ കണ്ടിരിക്കാന്‍ പോലും പ്രയാസമാണ് എന്ന് പറയുന്നതില്‍ വിഷമമുണ്ട്.

കാന്‍സര്‍ പിടിപെട്ടിട്ടും ഡോക്ടറും,ബന്ധുക്കളും ലോകം ചുറ്റാന്‍ സമ്മതിച്ചു എന്നതും,ചികില്‍ത്സയുടെ ഭാഗമായി ഉണ്ടാകുന്ന മുടി കൊഴിചിലോന്നും ഇവര്‍ക്കില്ല എന്നതും അവിശ്വസനീയം തന്നെ.കണ്ണീര്‍ സീരിയലുകളെ ഓര്‍മപെടുത്തുന്ന വിധമാണ് ഇതിന്‍റെ തിരക്കഥ രചന.


ഇവര്‍ വിവാഹിതരായാല്‍, ഹാപ്പി ഹസ്ബന്‍ഡ്സ് എന്നി സിനിമകള്‍ക്ക്‌ ശേഷം കൃഷ്ണ പൂജപ്പുര - സജി സുരേന്ദ്രന്‍ ടീമിന്‍റെ കൂട്ടുകെട്ടില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മിച്ച ഫോര്‍ ഫ്രെണ്ട്സ് എന്ന സിനിമയില്‍ ജയറാം, കുഞ്ചാക്കോ ബോബന്‍, ജയസുര്യ, മീര ജാസ്മിന്‍ എന്നിവരാണ് യഥാക്രമം റോയ് മാത്യു, സൂര്യ, ആമിര്‍, ഗൗരി എന്നി കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നത്. ഇവരെ കൂടാതെ ഗണേഷ് കുമാര്‍, സലിം കുമാര്‍, ലാലു അലക്സ്‌, സുരാജ് വെഞ്ഞാറമൂട്, സിദ്ദിക്ക്, മണികുട്ടന്‍ , പ്രേം പ്രകാശ്‌, സീമ , സുകുമാരി, സരയൂ എന്നിവരുമുണ്ട്.  യേ-ദോസ്തി എന്ന ഷോലേ സിനിമയിലെ ഗാനം റീമേയ്ക്ക് ചെയ്തിരിക്കുന്നു എന്നത് ഒരു പ്രത്യേകതയാണ്. ഈ പാട്ട് കൂടാതെ മറ്റു മൂന്ന് പാട്ടുകളുണ്ട് ഈ സിനിമയില്‍. എം. ജയചന്ദ്രന്‍ - വയലാര്‍ ശരത്തിന്‍റെതാണ് ഗാനങ്ങള്‍, അനില്‍ നായരുടെതാണ് ചായാഗ്രഹണം, മനോജിന്‍റെതാണ് എഡിറ്റിംഗ്.

കണ്ണീര്‍ സീരിയലുകള്‍ ഇഷ്ടപെടുന്നവര്‍ക്ക് ഈ സിനിമ തീര്‍ച്ചയായും ഇഷ്ടപെടും.അല്ലാത്തവര്‍, ഫോര്‍ ഫ്രെന്‍ഡ്സ് ഒഴിവാക്കുന്നതായിരിക്കും ഭേദം


ഫോര്‍ ഫ്രെണ്ട്സ് റേറ്റിംഗ് : ബിലോ ആവറേജ് [2 / 5]

സംവിധാനം : സജി സുരേന്ദ്രന്‍
കഥ,തിരക്കഥ, സംഭാഷണം : കൃഷ്ണ പൂജപ്പുര
നിര്‍മ്മാണം : ടോമിച്ചന്‍ മുളകുപാടം
ബാനര്‍ : മുളകുപാടം ഫിലിംസ്
ചായാഗ്രഹണം : അനില്‍ നായര്‍
ചിത്രസംയോജനം : മനോജ്‌
ഗാനങ്ങള്‍ : വയലാര്‍ ശരത്
സംഗീതം : എം.ജയചന്ദ്രന്‍

25 Oct 2010

കോക്ക് ടെയ്ല്‍

പ്രിയദര്‍ശന്‍ സിനിമകളുടെ ചിത്രസംയോജകന്‍ അരുണ്‍ കുമാര്‍ ആദ്യമായി സംവിധാനം ചെയ്ത കോക്ക് ടെയ്ല്‍ , കഥയിലുള്ള പുതുമ കൊണ്ടും, സസ്പെന്‍സ് അവസാനം വരെ നന്നായി നിലനിര്‍ത്തി കൊണ്ടും പ്രേക്ഷകരെ ത്രെസിപ്പിക്കുന്നു.

കൊച്ചി നഗരത്തിലെ വലിയൊരു കമ്പനിയിലെ ഉദ്യോഗസ്ഥനാണ് രവി എബ്രഹാം. വളരെ തിരക്കേറിയ ജീവിതത്തില്‍ രവിക്ക് ഭാര്യക്കും മകള്‍ക്കും വേണ്ടി സമയം കണ്ടെത്താന്‍ പോലും പറ്റുന്നില്ല. രവി അബ്രഹാമിന്‍റെ ഭാര്യ പാര്‍വതിയായി വേഷമിടുന്നത് സംവൃത സുനിലാണ്. ഒരിക്കല്‍, ഇവരുടെ ജീവിതത്തിലേക്ക് ഒരു അപരിചിതന്‍ കടന്നു വരുന്നു...വെങ്കിടേഷ് എന്നാ വെങ്കി. അതോടെ, സമാധാനപരമായ ഇവരുടെ ജീവിതത്തില്‍ പ്രശ്നങ്ങലുണ്ടാകുന്നു. രവി അബ്രഹമായി അനൂപ്‌ മേനോനും, വെങ്കിയായി ജയസുര്യയും അഭ്നയിചിരിക്കുന്നു.


ഗാലക്സീ സിനിമയുടെ ബാനറില്‍ മിലന്‍ ജലീല്‍ നിര്‍മിച്ച കോക്ക് ടെയിലില്‍, അനൂപ്‌ മേനോന്‍, ജയസുര്യ,സംവൃത സുനില്‍,ഇന്നസെന്റ്റ്, ഷാനു ഫാസില്‍, മാമുക്കോയ എന്നിവരാണ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഈ സിനിമയിലെ പാട്ടുകള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് അല്‍ഫോന്‍സ്‌ - രതീഷ്‌ വേഗ എന്നിവര്‍ ചേര്‍ന്നാണ്.

ജയസൂര്യയുടെ അഭിനയം, അരുണ്‍ കുമാറിന്‍റെ ചടുലമായ സംവിധാന ശൈലീ,  സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതി  എന്നിവ വളരെ മികച്ചതാണ്. പക്ഷെ...സിനിമയുടെ അവസാനം, ഉത്തരം കിട്ടാത്ത ഒരുപാടു ചോദ്യങ്ങള്‍ മനസ്സില്‍ ചോദിച്ചു കൊണ്ടായിരിക്കും പ്രേക്ഷകര്‍ മടങ്ങുക. തിരക്കഥ രചനയിലുള്ള അശ്രദ്ധകള്‍ തന്നെ ഇതിനു കാരണം. ഈ പോരായ്മകള്‍ കൊണ്ട് പ്രേക്ഷകര്‍ സിനിമയെ സ്വീകരിക്കുമോ എന്നു വരും നാളുകളില്‍ കണ്ടറിയാം.  


കോക്ക് ടെയ്ല്‍ റേറ്റിംഗ് : എബവ് ആവറേജ് [3 / 5]

സംവിധാനം : അരുണ്‍ കുമാര്‍
കഥ: ശ്യാം മേനോന്‍
തിരക്കഥ,സംഭാഷണം : അനൂപ്‌ മേനോന്‍
നിര്‍മ്മാണം : മിലന്‍ ജലീല്‍
ബാനര്‍ : ഗാലക്സീ ഫിലിംസ്
ചായാഗ്രഹണം : പ്രദീപ്‌ നായര്‍
ചിത്ര സംയോജനം : അരുണ്‍ കുമാര്‍ 
ഗാനങ്ങള്‍ : സന്തോഷ്‌ വര്‍മ്മ , അനില്‍ പനച്ചൂരാന്‍
സംഗീതം : അല്‍ഫോന്‍സ് , രതീഷ്‌ വേഗ 

19 Oct 2010

അന്‍വര്‍


മമ്മൂട്ടി യുടെ ബിഗ്ബി, മോഹന്‍ലാല്‍ നായകനായ സാഗര്‍ ഏലിയസ് ജാക്കി എന്നീ സിനിമകള്‍കു ശേഷം അമല്‍ നിരദ് സംവിധാനം ചെയ്ത്, പ്രിഥ്വിരാജ്, പ്രകാശ് രാജ്‌, ലാല്‍, മമ്ത എന്നിവര്‍ അഭിനയിച്ച അന്‍വര്‍ സമീപ കാലതിറങ്ങിയ മലയാള സിനിമകളില്‍ വെച്ചു പ്രേക്ഷകരെ തൃപ്തി പെടുത്തുന്നതാണ്.


കോയമ്പത്തൂര്‍ ബോംബ്‌ സ്പോടനതോടനുബന്ധിച്ചു ബാബു സേട്ടുനെ... പോലിസ് ഉദ്യോഗസ്ഥന്‍ സ്റ്റാലിന്‍ മണിമാരന്‍ അറസ്റ്റ് ചെയ്യുന്നു. കുറച്ചു നാളുകള്‍ക്കു ശേഷം... അതെ ജയിലില്‍, കള്ളപണവുമായി പിടിയിലായ അന്‍വര്‍ എന്ന ചെറുപ്പകാരനുമെത്തുന്നു. അനവറും ബാബു സേട്ടും തമ്മില്‍ പരിച്ചയപെടുന്നു...പിന്നീട്, ബാബു സെട്ടിന്‍ടെ വിശ്വസ്തനായ പടയാളിയകുന്നു അന്‍വര്‍.ജയിലില്‍ നിന്നും പുറത്തിറങ്ങിയ രണ്ടുപേരും ഒരുമിച്ചു പ്രവര്‍ത്തിക്കുന്നു.ബാബു സെട്ടിനു വേണ്ടി പലയിടങ്ങളിലും അന്‍വര്‍ ബോംബുകള്‍ വെക്കുന്നു...അങ്ങനെ സേട്ടിന്റെ പ്രിയപെട്ടവനാകുന്നു. ഇവരെ പിടികൂടാനായി സ്റ്റാലിന്‍ മണിമാരനും. അനവരിന്റെ കാമുകിയായ ആയിഷയായി എത്തുന്നത് മമ്തയാണ്.

അനവറായി  പ്രിഥ്വിരാജും, ബാബു സെട്ടുവായി ലാലും, സ്റ്റാലിന്‍ മണിമാരനായി പ്രകാശ്‌ രാജും അഭിനയിച്ചിരിക്കുന്നു. പ്രിഥ്വിരാജ്, ലാല്‍, പ്രകാശ്‌ രാജ്, മമ്ത എന്നിവരെ കൂടാതെ സലിം കുമാര്‍, സായി കുമാര്‍, ഗീത, നിത്യ മേനോന്‍, കുക്കു പരമേശ്വരന്‍ എന്നിവരുമുണ്ട്.

റെഡ് കാര്‍പെറ്റ് മൂവീസ് എന്ന ബാനറില്‍ രാജ് സക്കറിയാസ് നിര്‍മിച്ച അന്‍വര്‍, സാങ്കേതിക മികവുകൊണ്ടും, അഭിനയം മുഹൂര്‍ത്തങ്ങള്‍ കൊണ്ടും പ്രേക്ഷകരെ രസിപിക്കുന്നു.സതീഷ്‌ കുറുപ്പിന്‍റെ ചായാഗ്രഹണം ,വിവേക് ഹര്‍ഷന്‍റെ എഡിറ്റിംഗ്, ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം എന്നിവ വളരെ മികച്ചതാണ്. 


തിരക്കഥയില്‍ ഒരുപാടു പോരായ്മകളുണ്ടയിട്ടും സാങ്കേതിക മികവുകൊണ്ട് പ്രേക്ഷകര്‍ക്ക്‌ മുഷിയാത്ത വിധത്തില്‍ സിനിമയെ മുന്നോട്ടു കൊണ്ടുപോകാന്‍ ഇതിന്‍റെ സംവിധായകന് കഴിഞ്ഞിട്ടുണ്ട്‌. അന്‍വറിലെ പാട്ടുകള്‍ മനോഹരമായി ചിട്ടപെടുത്തുകയും, ദ്രിശ്യവല്‍കരിക്കുകയും ചെയ്തിടുണ്ട്‌. മലയാള സിനിമയില്‍ ഇതാദ്യമായി നായകനും[പ്രിഥ്വി രാജ്] നായികയും [മമ്ത]  ചേര്‍ന്ന് ഒരു പാട്ട് അവരുടെ തന്നെ ശബ്ദത്തില്‍ പാടി അഭിനയിക്കുന്നു എന്ന പ്രിത്യേകതയും ഈ സിനിമയക്കുണ്ട്.  


അന്‍വര്‍ റേറ്റിംഗ് : എബവ് ആവറേജ് [3 / 5]


രചന, സംവിധാനം : അമല്‍ നീരദ് 
നിര്‍മ്മാണം : രാജ് സക്കറിയാസ്
ബാനര്‍ : റെഡ് കാര്‍പെറ്റ് മൂവീസ്
ചായാഗ്രഹണം : സതീഷ്‌ കുറുപ്പ്
ചിത്ര സംയോജനം : വിവേക് ഹര്‍ഷന്‍
ഗാനങ്ങള്‍ : റഫീക്ക് അഹമ്മദ്‌
സംഗീതം : ഗോപി സുന്ദര്‍ , മദര്‍ ജെയ്ന്‍ 

25 Sept 2010

എല്‍സമ്മ എന്ന ആണ്‍കുട്ടി

രജപുത്രയുടെ ബാനറില്‍ എം.രഞ്ജിത് നിര്‍മിച്ചു, ലാല്‍ ജോസ് സംവിധാനം ചെയ്ത പുതിയ സിനിമയാണ് എല്‍സമ്മ എന്ന ആണ്‍കുട്ടി. നടന്‍ അഗസ്റിന്‍്‍റെ മകള്‍ ആന്‍ അഗസ്റ്റിനാണ് ഈ സിനിമയിലെ എല്‍സമ്മയെ അവതരിപിചിരിക്കുന്നത്. എം. സിന്ധുരാജ്ന്‍റെ തിരക്കഥയില്‍ ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണിത്. തൊടുപുഴയുടെ മനോഹാരിത മുഴുവന്‍ ഒപ്പിയെടുത് കൊണ്ടാണ് ലാല്‍ ജോസ് ഈ സിനിമയോരിക്കിയിരിക്കുന്നത്.

ബാലന്‍ പിള്ള സിറ്റി എന്ന വിളിപെരില്‍ അറിയപെടുന്ന ഒരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിലെ ന്യൂസ്‌ പേപ്പര്‍ വിതരണവും, പ്രാദേശിക വാര്‍ത്ത പ്രചരണവും ചെയ്യുന്നത് എല്‍സമ്മയാണ്. എല്‍സമ്മയുടെ വീട്ടില്‍ സുഖമില്ലാത്ത അമ്മയും, മൂന്നു അനുജത്തിമാരുമാനുള്ളത്.  അവരുടെയെല്ലാം താങ്ങും തണലുമാണ് എല്‍സമ്മ. ആ ഗ്രാമത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാണ് പാലുണ്ണി എന്ന ഉണ്ണികൃഷ്ണന്‍. പാലുണ്ണിയും എല്‍സമ്മയും നല്ല സുഹൃത്തുക്കളാണ്. എവിടെ അനീതി കണ്ടാലും പ്രതികരിക്കുന്ന ഒരു സ്വഭാവക്കരിയാണ് എല്‍സമ്മ. എല്‍സമ്മയുടെ വീടിനു എതിര്‍വശമുള്ള വീട്ടിലാണ് അവളുടെ അച്ഛന്‍റെ സുഹൃത്ത്‌ താമസിക്കുന്നത്. ഒരിക്കല്‍, ആ വീട്ടിലെ പേരക്കുട്ടികളും അവരുടെ സുഹൃത്തുക്കളും അവിടെ അവധിക്കു എത്തുന്നതോടെ കഥയില്‍ പുതിയ വഴിതിരുവുകലുണ്ടാകുന്നു.


എല്‍സമ്മയായി ആന്‍, പാലുണ്ണിയായി കുഞ്ചാക്കോ ബോബനും അഭിനയിച്ചിരിക്കുന്നു. ഇവരെ കൂടാതെ ജഗതി ശ്രീകുമാര്‍, ഇന്ദ്രജിത്ത്, നെടുമുടി വേണു, കെ.പി.എ.സി. ലളിത, വിജയരാഘവന്‍, മണിയന്‍പിള്ള രാജു, ജനാര്‍ദ്ദനന്‍, സുരാജ് വെഞ്ഞാറമൂട്, മണികുട്ടന്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപിചിരിക്കുന്നത്.


നര്‍മ്മത്തില്‍ പൊതിഞ്ഞു വളരെ രസകരമായാണ്  ലാല്‍ ജോസ് ഈ സിനിമയെടുതിരിക്കുന്നത്. കഥയില്‍ പ്രത്യേകിച്ച് പുതുമകളൊന്നും അവകാശപെടാനില്ലെങ്കിലും, പ്രേക്ഷകര്‍ക്ക്‌ മുഷിയാത്തവിധം കഥ മുന്നോട്ടു കൊണ്ടുപോകാന്‍ ലാല്‍ ജോസിനു കഴിഞ്ഞിട്ടുണ്ട്. ലാല്‍ ജോസിന്‍റെ ലാളിത്യമാര്‍ന്ന സംവിധാന ശൈലി, വിജയ്‌ ഉലകനാഥ്ന്‍റെ ചായാഗ്രഹണം , രാജാമണിയുടെ പാട്ടുകള്‍,  മനോഹരമായ ലൊക്കേഷനുകള്‍ എന്നിവയെല്ലാം കൊണ്ട് സമ്പന്നമാണ് "എല്‍സമ്മ" എന്ന ലാല്‍ ജോസ് സിനിമ. ഈ സിനിമയിലെ "ഇതിലെ... തോഴി..." എന്ന ഗാനവും, "കണ്ണാടി ചിറകുള്ള" എന്ന ഗാനവും ഇതിനോടകം തന്നെ ഹിറ്റായികഴിഞ്ഞിരിക്കുന്നു.


ലളിതമായ കഥാപശ്ചാത്തലവും, ഒരു കൊച്ചു ഗ്രാമത്തിലെ നര്‍മ്മം കലര്‍ന്ന ജീവിത ശൈലിയുമൊക്കെ കാണനിഷ്ടമുള്ളവര്‍ക്ക് "എല്‍സമ്മ എന്ന ആണ്കുട്ടി" എന്ന സിനിമ തീര്‍ച്ചയായും ഇഷ്ടമാകും.


എല്‍സമ്മ എന്ന ആണ്‍കുട്ടി റേറ്റിംഗ് : നല്ല സിനിമ [3.5 / 5]

സംവിധാനം : ലാല്‍ ജോസ്
നിര്‍മ്മാണം : രജപുത്ര രഞ്ജിത്ത്
കഥ, തിരക്കഥ, സംഭാഷണം : എം. സിന്ധുരാജ്
ചായാഗ്രഹണം : വിജയ്‌ ഉലകനാഥ്
ചിത്രസംയോജനം: രഞ്ജന്‍ എബ്രഹാം
ഗാനങ്ങള്‍ : റഫീക്ക് അഹമ്മദ്‌
സംഗീതം : രാജാമണി
 

18 Sept 2010

ശിക്കാര്‍


എം.പത്മകുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ സിനിമയാണ് ശിക്കാര്‍. ബലരാമന്‍ എന്ന ലോറി ഡ്രൈവറിന്റെ റോളിലാണ് മോഹന്‍ലാല്‍ ശിക്കാറില്‍ അഭിനയിക്കുന്നത്. പൂയംകുട്ടി, കോതമംഗലം, കോയമ്പത്തൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ വെച്ചാണ് ശിക്കാര്‍ ചിത്രീകരിച്ചിരിക്കുന്നത്. സ്നേഹയാണ് മോഹന്‍ലാലിന്‍റെ ഭാര്യയായി അഭിനയിക്കുന്നത്.

ഭ്രമരത്തിലെ ശിവന്‍കുട്ടിക്ക് ശേഷം, മോഹന്‍ലാലിനു കിട്ടിയ നല്ല കഥാപാത്രമാണ് ശിക്കാറിലെ ലോറി ഡ്രൈവര്‍ ബലരാമന്‍. ഒരുപാട് മാനസിക സങ്കര്‍ഷം അനുഭവികേണ്ടി വരുന്ന ബലരാമന്‍ എന്ന കഥാപാത്രത്തെ കൃത്യതയാര്‍ന്ന അഭിനയംകൊണ്ടു മനോഹരമാക്കിയിടുണ്ട് മോഹന്‍ലാല്‍. എടുത്തു പറയേണ്ട മറ്റൊരു പ്രകടനം തമിഴ് സംവിധായകന്‍ സമുദ്രകനിയുടെതാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു അപകടത്തില്‍ ഭാര്യയെ നഷ്ട്ടപെട്ട ബലരാമന്‍,തന്‍റെ ജേഷ്ഠന്റെ മകളുമായി കേരളത്തിലെ പൂയംകുട്ടി വനത്തില്‍ താമസിച്ചു ഈറ്റ കച്ചവടം ചെയ്തു ജീവിക്കുന്നു.

ഒരിക്കല്‍ ബലരാമനെ തേടി അയാളുടെ സുഹൃത്ത്‌ തമിഴ് നാട്ടില്‍ നിന്ന് വരുന്നതോടെ അയാളുടെ മനസ്സ് അസ്വസ്ഥമാകുന്നു...പിന്നീട് എന്തിനെയോ ഭയപെടുന്നു... അങ്ങനെയിരിക്കുമ്പോഴാണ് പട്ടണത്തില്‍ ജോലിയുള്ള ഒരാളുമായി ബലരാമന്‍റെ ജേഷ്ഠന്റെ മകള്‍ പ്രണയത്തിലാകുന്നത്. ഇതോടെ ബലരാമന്‍റെ മനസമാധാനം പൂര്‍ണമായി  നഷ്ടപെടുന്നു. ബലരാമന്‍ ആരെ, എന്തിനു ഭയക്കുന്നു? എങ്ങനെ ബലരാമന്‍ അതിനെ അതിജീവിക്കുന്നു എന്നതാണ് ഈ സിനിമയുടെ കഥ. എസ്.സുരേഷ് ബാബുവാണ് തിരക്കഥ.

മനോഹരമായ ലൊക്കേഷനുകള്‍,അഭിനയ മുഹൂര്‍ത്തങ്ങള്‍ ഒക്കെയുണ്ടായിട്ടും ശിക്കാര്‍ പൂര്‍ണതയുള്ള സിനിമയകാത്തത് ഇതിന്‍റെ തിരക്കഥയിലുള്ള അപാകതകള്‍ തന്നെയാണ്.തമാശകളില്ലാതെ ഒരു മലയാള സിനിമ വിജയിക്കില്ല എന്ന് കരുതിയിട്ടായിരിക്കും സുരാജിനെ കൊണ്ട് വളിപ്പ് പറയിപ്പിച്ചത് എന്ന് തോന്നുന്നു. സസ്പെന്‍സ് കഥാവസാനം വരെ നിലനിര്‍ത്താനായി തിരക്കഥയെ വളചൊടിചിരിക്കുകയാണ് തിരക്കഥകൃത്തും സംവിധായകനും.എം.പത്മകുമാര്‍ എന്ന സംവിധായകന്‍റെ മുന്‍കാല സിനിമകളെക്കാള്‍ ഭേദമാണ് ശിക്കാര്‍.ഈ കുറവോക്കെയുണ്ടയിട്ടും ശിക്കാര്‍ പ്രേക്ഷകര്‍ക്ക്‌ ഇഷ്ടമാകുന്നത് ഇതിന്‍റെ ക്ലൈമാക്സ്‌ രംഗങ്ങളും, ലോക്കെഷനുകളും കൊണ്ടുതന്നെ.ശിക്കാറിലെ "എന്തടിഎന്തടി...",
യേശുദാസ് പാടിയ "പിന്നെ എന്നോടൊന്നും..." എന്നി പാട്ടുകള്‍ ഇതിനോടകം തന്നെ ഹിറ്റായികഴിഞ്ഞു

ശ്രീരാജ് സിനമയുടെ ബാനറില്‍ കെ.കെ.രാജഗോപാല്‍ നിര്‍മിച്ച ശിക്കാറില്‍, മോഹന്‍ലാലിനെ കൂടാതെ സമുദ്രക്കനി, കലാഭവന്‍ മണി, ജഗതി ശ്രീകുമാര്‍, ലാല്‍, സുരാജ് വെഞ്ഞാറമൂട്, ലാലു അലക്സ്‌, തലൈവാസല്‍ വിജയ്‌, കൈലെഷ്, സാദിക്ക്, സ്നേഹ, മൈഥിലി, അനന്യ, ലക്ഷ്മി ഗോപാലസ്വാമി എന്നിവരും അഭിനയിച്ചിരിക്കുന്നു. മോഹന്‍ലാല്‍, സമുദ്രകനി എന്നിവരുടെ അഭിനയം, ത്രസിപ്പിക്കുന്ന ക്ലൈമാക്സ്‌ രംഗങ്ങള്‍, മനോജ്‌ പിള്ളയുടെ  മനോഹരമായ ചായാഗ്രഹണം,ഷൂട്ടിംഗ് ലോക്കെഷന്‍സ്, ജയചന്ദ്രന്‍ ഈണമിട്ട ഗാനങ്ങള്‍ എന്നിവയെല്ലാമാണ് ശിക്കാറിനെ പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമയാക്കുന്നത്.

ശിക്കാര്‍ റേറ്റിംഗ് : എബവ് ആവറേജ് [3 / 5]

സംവിധാനം : എം.പതമകുമാര്‍
കഥ, തിരക്കഥ, സംഭാഷണം : എസ്.സുരേഷ് ബാബു
നിര്‍മ്മാണം : കെ. കെ. രാജഗോപാല്‍
വിതരണം: ആശിര്‍വാദ് സിനിമാസ് - മാക്സ് ലാബ്
ചായാഗ്രഹണം: മനോജ്‌ പിള്ള
ചിത്രസംയോജനം : രഞ്ജന്‍ എബ്രഹാം
ഗാനങ്ങള്‍: ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം : എം. ജയചന്ദ്രന്‍

12 Sept 2010

പ്രാഞ്ചിയെട്ടന്‍ ആന്‍ഡ്‌ ദി സെയ്ന്‍റ്

മമ്മൂട്ടി- രഞ്ജിത്ത് ടീമിന്‍റെ  നാലാമത്തെ സിനിമയാണ് പ്രാഞ്ചിയെട്ടന്‍ ആന്‍ഡ്‌ ദി സെയ്ന്‍റ്. കഥയിലുള്ള പുതുമ കൊണ്ടും അവതരണ മികവു കൊണ്ടും പ്രാഞ്ചിയെട്ടന്‍ പ്രേക്ഷകരുടെ ഇഷ്ട സിനിമകളില്‍ ഒന്നായി മാറി കഴിഞ്ഞിരിക്കുന്നു. തിരക്കഥ തന്നെയാണ് ഏതൊരു സിനിമയുടെയും നട്ടെല്ല് എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് രഞ്ജിത്ത്. അദ്ദേഹത്തിന്റ മുന്‍കാല സിനിമകളായ നന്ദനം,തിരക്കഥ,ചന്ദ്രോത്സവം,പലേരി മാണിക്യം എന്നിവയില്‍‍ നിന്നും വേറിട്ടൊരു തിരക്കഥ രചനയാണ് പ്രാഞ്ചിയെട്ടനില്‍ സ്വീകരിച്ചിരിക്കുന്നത്.

പ്രാഞ്ചിയുടെ ഒരേയൊരു ലക്‌ഷ്യം തൃശൂര്‍ നാട്ടില്‍ നാലുപെരറിയപെടുന്ന ഒരാളാകണം എന്നതാണ്. ഇതിനു വേണ്ടി ക്ലബ്‌ ഇലക്ഷനില്‍ മത്സരിക്കുന്നു, പദ്മശ്രി അവാര്‍ഡ്‌ കിട്ടാനായി ധാരാളം പണം ചിലവാക്കുന്നു. എന്നിട്ടും, പ്രാഞ്ചി പരാജയപെടുന്നു. പക്ഷെ, പ്രാഞ്ചി ജീവിതത്തില്‍ മറ്റുള്ള പല പകല് ‍മാന്യന്മാരെ പോലെ കള്ളനല്ല, ഒരു കൊച്ചു പുണ്യാളന്‍ തന്നെയാണെന്ന സത്യം പ്രാഞ്ചി പോലുമറിയുന്നില്ല. പേരെടുക്കാന്‍ വേണ്ടി പ്രഞ്ചിയെട്ടന്‍ നടത്തുന്ന വിക്രിയകള്‍ നര്‍മത്തിന്റെ മേമ്പൊടിയോടെ രഞ്ജിത്ത് അവതരിപ്പിച്ചിരിക്കുന്നു. മമ്മൂട്ടിയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍  ഒന്നായിരിക്കും അരി പ്രാഞ്ചി എന്ന പ്രാഞ്ചിയെട്ടന്‍. തൃശൂര്‍ ഭാഷ കഥയില്‍ ഉടനീളം ഏറ്റവും നന്നായി തന്നെ ഉപയോഗിച്ച ഒരു സിനിമ മലയാളത്തില്‍ വേറെ ഉണ്ടായിട്ടില്ല.

കാപിടോള്‍ തിയറ്റര്‍ നിര്‍മിച്ചു രഞ്ജിത്ത് തന്നെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിര്‍വഹിച്ച പ്രാഞ്ചിയെട്ടന്‍, മലയാളത്തില്‍ അടുത്ത കാലത്തിറങ്ങിയ സിനിമകളെ അപേക്ഷിച്ച് പ്രേക്ഷകര്‍ക്ക്‌ ചിരിക്കാനും ചിന്തിക്കാനും ഏറെയുള്ള  സിനിമ തന്നെയാണ്. മമ്മൂട്ടിയെ കൂടാതെ, ഇന്നസെന്റ്, ജഗതി, സിദ്ദിക്ക്, ഖുശബൂ, പ്രിയാമണി, ടിനി ടോം, മാസ്റ്റര്‍ ഗണപതി, രാമു, ബാലചന്ദ്രന്‍ ചുള്ളികാട്‌, ശ്രീരാമന്‍ എന്നിവരും അഭിനയിച്ചിരിക്കുന്നു.

പ്രാഞ്ചിയെട്ടന്‍ : നല്ല സിനിമ [3.5 / 5]

രചന, നിര്‍മ്മാണം, സംവിധാനം : രഞ്ജിത്ത്
വിതരണം : പ്ലേ ഹൗസ്
ചായാഗ്രഹണം : വേണു
ചിത്ര സംയോജനം : വിജയ്‌ ശങ്കര്‍
ഗാനങ്ങള്‍ : ഷിബു ചക്രവര്‍ത്തി
സംഗീതം : ഔസേപ്പച്ചന്‍