28 Nov 2010

ദി ത്രില്ലര്‍

 

മാടമ്പി,പ്രമാണി,സ്മാര്‍ട്ട്‌ സിറ്റി,ഐ.ജി എന്നീ സൂപ്പര്‍ സ്റ്റാര്‍ സിനിമകള്‍ക്ക്‌ ശേഷം ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമയാണ് ദി ത്രില്ലര്‍. ആനന്ദഭൈരവിയുടെ ബാനറില്‍ സാബു ചെറിയാനാണ് ത്രില്ലര്‍ നിര്‍മ്മിച്ചിരിക്കുന്നത്. പ്രിഥ്വിരാജ്,സിദ്ദിക്ക്,ലാലു അലക്സ്‌,സമ്പത്ത്,വിജയരാഘവന്‍,ആനന്ദ്,റിയാസ് ഖാന്‍,സുബൈര്‍,പി.ശ്രീകുമാര്‍, ശ്യാം,ഗോപകുമാര്‍,ദിനേശ് പണിക്കര്‍,മല്ലിക കപൂര്‍,കാതറീന്‍ എന്നിവരാണ് പ്രാധാന അഭിനേതാക്കള്‍.കഥ,തിരക്കഥ,സംഭാഷണം,സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ തന്നെ നിര്‍വഹിച്ചിരിക്കുന്നു.ഭരണി.കെ.ധാരനാണ് ചായാഗ്രഹണം.


കേരളത്തില്‍ സമീപ കാലത്തുണ്ടായ ഒരു കുപ്രസിദ്ധ കൊലപാതകമാണ് ഈ സിനിമയുടെ കഥാ തന്തു. ഈ കൊലപാതകം അന്വേഷിക്കാനെത്തുന്ന പോലീസ് കമ്മിഷ്നെര്‍ നിരഞ്ജന്‍ എന്ന കഥാപാത്രമായിട്ടാണ് പ്രിഥ്വിരാജ് എത്തുന്നത്. പ്രിഥ്വിരാജ് ചെയ്യുന്ന ആറാമത്തെ പോലീസ് വേഷമാണെങ്കിലും, മുമ്പഭിനയിച്ച പോലീസ് വേഷങ്ങളില്‍ നിന്നും വളരെ വെത്യസ്ത രീതിയിലുള്ള അഭിനയ ശൈലിയാണ് ഈ സിനിമയില്‍ പ്രിഥ്വിരാജ് സ്വീകരിച്ചിരിക്കുന്നത്. മലയാള സിനിമയില്‍ മുമ്പിറങ്ങിയ കുറ്റാന്വേഷണ സിനിമകളില്‍ കാണാവുന്ന എല്ലാ ഘടകങ്ങളും ഈ സിനിമയിലുമുണ്ട്. ചടുലമായ ദ്രിശ്യങ്ങളും, സംഘട്ടന രംഗങ്ങളും,കുറ്റാന്വേഷണവും, നായകന്‍റെ തീ പാറുന്ന ഇംഗ്ലീഷ് സംഭാഷണങ്ങളും, സസ്പെന്‍സും ഒരേ പോലെ മുന്നോട്ട് കൊണ്ടുപോകാനും, ത്രില്ലിംഗ് ആയ രംഗങ്ങള്‍ ഒരുക്കാനും ബി. ഉണ്ണികൃഷ്ണന് സാധിച്ചിട്ടുണ്ട്.


മലയാള സിനിമയില്‍ കഴിഞ കുറെ കാലമായി ഇറങ്ങുന്ന ഒട്ടുമിക്ക എല്ലാ സിനിമകളിലും എന്തെങ്കിലും ഒരു സസ്പെന്‍സ് ഉണ്ടായിട്ടുണ്ട്. ആ പതിവ് തെറ്റിക്കാതെ...ത്രില്ലറിലും ഉണ്ട് സസ്പെന്‍സ്. സാധാരണ സുരേഷ് ഗോപി പോലീസ് സിനിമകളില്‍ വില്ലനെ ഞെട്ടിക്കുന്ന സംഭാഷണവും, അവസാനം യഥാര്‍ത്ഥ വില്ലനെ കണ്ടുപിടിക്കലുമാണ്. പക്ഷെ, ത്രില്ലറില്‍...നായകനെ കൊണ്ട് ഒരാവശ്യമില്ലാതെ ഗുണ്ടകളെയം, ചെറിയ വില്ലന്മാരെയെല്ലാം തല്ലിക്കുനുണ്ട് സംവിധായകന്‍. ഓരോ ഇടിക്കും വില്ലന്മാര്‍ കിലോമീറ്റര്‍ ദൂരത്തിലെക്കാണ് തെറിച്ചു വീഴുന്നത്. നല്ലൊരു സിനിമയെന്ന ഉറപ്പുണ്ടെങ്കില്‍ പിന്നെ എന്തിനാണ് നായകന്‍റെ ആരാധകരെ തൃപ്തി പെടുത്തുവാന്‍ വേണ്ടി അനാവശ്യമായി നായകനെ കൊണ്ട് ഇതെല്ലാം ചെയ്യിപ്പിക്കുന്നത്. ഇതു..ഈ സിനിമയുടെ മാത്രം പ്രശ്നമല്ല..ഒട്ടുമിക്ക എല്ലാ സൂപ്പര്‍ സ്റ്റാര്‍ സിനിമകളിലുമുള്ളതാണ്. ഇതിനൊക്കെ പുറമേ...കുറ്റാന്വേഷണം മുമ്പോട്ടുപോകുന്നതിനിടയില്‍ ഒരാവശ്യമില്ലാത്ത പാട്ടുകള്‍..അതും നായകന്‍റെ നഷപെട്ട പ്രണയത്തെ ഓര്‍ത്തുകൊണ്ട്‌. ഇവയെല്ലാം ഒഴിവക്കിയിരുനെങ്കില്‍ ഒരുപക്ഷെ ത്രില്ലര്‍ ഭേദമായേനെ.


ഉണ്ണികൃഷ്ണന്‍ ഒരു സസ്പെന്‍സ് സിനിമയുണ്ടാക്കിയത്തിനു ശേഷം പ്രിഥ്വിരാജിനെ നായകനാക്കാന്‍ തീരുമാനിചിരുനെങ്കില്‍ ഈ സിനിമ കുറേക്കൂടി നന്നായേനെ.ഇപ്പോള്‍ ഇതു കാണുമ്പോള്‍, പ്രിഥ്വിരാജിനെ നായകനാക്കാന്‍ തീരുമാനിച്ചതിനു ശേഷം ഒരു ആക്ഷന്‍ സസ്പെന്‍സ് പോലീസ് സിനിമയ്ക്ക് കഥയുണ്ടാക്കിയത് പോലെയായി. എങ്കിലും, സിനിമ കാണുമ്പോള്‍ ത്രില്ലിംഗ് ആയ ഒരുപാടു രംഗങ്ങള്‍ ഉള്ളതുകൊണ്ട് പ്രേക്ഷകര്‍ ബോറടിക്കാതെ അവസാനം വരെ ഇരിക്കുനുണ്ട്. ആ കാര്യത്തില്‍ ഉണ്ണികൃഷ്ണന്‍ വിജയിച്ചിരിക്കുന്നു. കുറേക്കൂടി കെട്ടുറപ്പുള്ള തിരക്കഥയും, മുന്‍പ് സൂചിപ്പിച്ചത് പോലുള്ള  അനാവശ്യ രംഗങ്ങളും ഒഴുവക്കിയിരുനെങ്കില്‍ ഈ സിനിമ പ്രേക്ഷകര്‍ സ്വീകരിച്ചേനെ.



ദി ത്രില്ലര്‍ റേറ്റിംഗ് : ആവറേജ് [2.5 / 5]


രചന, സംവിധാനം: ബി. ഉണ്ണികൃഷ്ണന്‍
നിര്‍മ്മാണം: സാബു ചെറിയാന്‍
ബാനര്‍: ആനന്ദ ഭൈരവി
ചായാഗ്രഹണം: ഭരണി.കെ.ധരന്‍
സംഗീതം: ധരന്‍
ചിത്രസന്നിവേശം: മനോജ്‌

27 Nov 2010

ബെസ്റ്റ് ഓഫ് ലക്ക്

പകല്‍, നഗരം, വൈരം എന്നീ സാമൂഹിക പ്രസക്തിയുള്ള സിനിമകള്‍ക്ക്‌ ശേഷം എം.എ.നിഷാദ് സംവിധാനം ചെയുന്ന സിനിമയാണ് ബെസ്റ്റ് ഓഫ് ലക്ക്. കൈലാഷ്, ആസിഫ് അലി, അര്‍ച്ചന കവി, റീമ കല്ലുംഗല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹ്യുമറിനു പ്രാധാന്യം നല്‍കികൊണ്ടോരുക്കിയ ബെസ്റ്റ് ഓഫ് ലക്കില്‍ പ്രഭു, ഉര്‍വശി,മുകേഷ്,ജഗതി ശ്രീകുമാര്‍,ഭീമന്‍ രഘു,‍സുരാജ് വെഞ്ഞാറമൂട്,ബൈജു എന്നിവരുമുണ്ട്. 

സൂര്യയും, മനുവും, നീതുവും,ദിയയും സുഹൃത്തുക്കളാണ്...മനുവിന്‍റെ ആഗ്രഹം മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യണം. അതിനായുള്ള പണം കിട്ടാനായി സുഹൃത്ത് സൂര്യ, അവന്‍റെ വീട് പണയം വെച്ച് കാശ് കൊടുക്കുന്നു. ആ വീട് സൂര്യയെ അനിയനെ പോലെ സ്നേഹിക്കുന്ന നായ്ക്കരുടെ സ്വന്തമാണ്. ഒരിക്കല്‍ നായ്ക്കര്‍ ആ വീട്ടില്‍ വരുന്നതോടെ എല്ലാം തകിടം മറിയുന്നു. സൂര്യയുടെ കാമുകി നീതു, മനുവിന്‍റെ കാമുകി ദിയയും കൂടെയുണ്ട് ആ വീട്ടില്‍. പക്ഷെ, ആ വീട്ടിലെ വേലക്കാരി വിചാരിക്കുന്നത് മനുവിന്‍റെ ഭാര്യ നീതുവനെന്നും, സൂര്യയുടെ ഭാര്യ ദിയയുമാനെന്നാണ്. ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കുന്നു. ഇതിനെ തുടര്‍ന്നുടാവുന്ന രസകരമായ സംഭവങ്ങളാണ് ബെസ്റ്റ് ഓഫ് ലക്ക്ന്‍റെ കഥ.
സൂര്യയായി കൈലാഷും, മനുവായി ആസിഫും, നീതുവായി അര്‍ച്ചനയും, ദിയയായി റീമയും അഭിനയിച്ചിരിക്കുന്നു. 


യുഫോറിയ സംഗീത സംവിധാനം നിര്‍വഹിച്ച ഈ സിനിമയില്‍ പാട്ടുകളുടെ നിലവാരം ശരാശരിയില്‍ താഴെയാണ്. സഞ്ജീവ് ശങ്കറാണ് ചായഗ്രഹണം. ഒരു സൂപ്പര്‍ സ്റ്റാര്‍ അതിഥി താരമായി അഭിനയിച്ചാല്‍ സിനിമയെ പ്രേക്ഷകര്‍ സ്വീകരിച്ചേക്കും എന്നുള്ള വിശ്വാസമായിരിക്കാം മമ്മൂട്ടിയെ അതിഥി താരമാക്കാന്‍ നിഷാദ് തീരുമാനിച്ചത് എന്ന് തോന്നുന്നു. പക്ഷെ...,മമ്മൂട്ടി ഇതില്‍ അഭിനയിക്കാന്‍ സമ്മതിച്ചത് ഈ സിനിമയിലെ കഥാസന്ദര്‍ഭം അത്രയ്ക്ക് മികച്ചതായത് കൊണ്ടാണോ? അറിയില്ല...

തമിഴ് സിനിമകളിലും, ഹിന്ദി സിനിമകളിലും ഇതിനുമുമ്പ് കണ്ടിട്ടുള്ള കഥാ
സന്ദര്‍ഭങ്ങള്‍.., മലയാള ഭാഷയുള്ള സംഭാഷണങ്ങളില്‍ കേള്‍ക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ബെസ്റ്റ് ഓഫ് ലക്ക് കാണാം. പകലും, നഗരവും, വൈരവും മഹത്തായ സിനിമകളല്ലെങ്കിലും...കണ്ടിരിക്കാവുന്ന രീതിയില്‍ സംവിധാനം ചെയ്യ്ത നിഷാദില്‍ നിന്നും പ്രേക്ഷകര്‍ ഒട്ടും പ്രതീക്ഷിക്കാത്തതരത്തില്‍ ഒരുക്കിയ ബെസ്റ്റ് ഓഫ് ലക്ക്... അവരെ നിരാശപെടുത്തുമെന്നുറപ്പ്.

ബെസ്റ്റ് ഓഫ് ലക്ക് റേറ്റിംഗ്
മോശം സിനിമ [1 / 5]

സംവിധാനം: എം.എ.നിഷാദ്
നിര്‍മ്മാണം: എ ആന്‍ഡ്‌
എം എന്‍റര്‍ടെയിനേര്‍സ്
ചായാഗ്രഹണം: സഞ്ജീവ് ശങ്കര്‍
സംഗീതം: യുഫോറിയ

26 Nov 2010

കോളേജ് ഡേയ്സ്

 

മെഡിക്കല്‍ കോളേജിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഒരു സസ്പെന്‍സ് ത്രില്ലര്‍ സിനിമയാണ് കോളേജ് ഡെയ്സ്. സിനിമയിലുടനീളം സസ്പെന്‍സ് നിറഞ്ഞ വഴികളുടെയാണ് കഥ സഞ്ചരിക്കുന്നത്. മെഡിക്കല്‍ കോളേജ് ലേഡീസ് ഹോസ്റ്റല്‍ന്‍റെ മുകളില്‍ നിന്നും ആതിര എന്ന പെണ്‍കുട്ടിയെ തള്ളി താഴെയിട്ടു കൊലപെടുതുന്നതോടെയാണ് ഈ കഥ തുടങ്ങുന്നത്. കോളേജിലെ പണച്ചാക്കുകളുടെ മക്കള്‍ സതിഷ്, ജോ, ആനന്ദ്, രാഖി, അനു എന്നിവരടങ്ങുന്ന സീനിയര്‍ കുട്ടികളാണ് ആതിരയെ കൊലപെടുതുന്നത്. പണം കൊണ്ടും, സ്വാധീനം കൊണ്ടും അവര്‍ ആ കൊലപാതകം ഒരു ആത്മഹത്യയാക്കി മാറ്റുന്നു. വീണ്ടും അവര്‍ കോളേജില്‍ ഒന്നുമറിയാത്ത പോലെ പടിക്കാനെത്തുന്നു. പക്ഷെ, അവിടെ.. അവരെ തേടി രോഹിത് മേനോന്‍ വരുന്നു. രോഹിത് മേനോനുമായി അന്ജംഗ സംഗം വഴക്കാവുന്നു...അതോടെ കടുത്ത ശത്രുതയും... ആ ശത്രുത വളര്‍ന്നു രോഹിത് മേനോന്‍റെ കൊലപാതകതിലെത്തുന്നു. പക്ഷെ, രോഹിത് മരിച്ചതായി യാതൊരു തെളുവുമില്ലതാനും. രോഹിത് മേനോന്‍ ആരാണ്?, അയാള്‍ക്ക് എന്ത് സംഭവിച്ചു? ഇതു അന്വേഷിക്കാനെത്തുന്ന പോലീസ് ഉദ്യോഗസ്ഥാനാണ് സുദീപ് ഹരിഹരന്‍. സുദീപ് ഹരിഹരന്‍ രോഹിത് മേനോന് എന്ത് സംഭവിച്ചു എന്നും, അന്ജംഗ സംഗത്തിനെ പിടികൂടുമോ എന്നതുമാണ്‌ കോളേജ് ഡെയ്സ് സിനിമയുടെ സസ്പെന്‍സ്.

രോഹിത് മേനോനായി ഇന്ദ്രജിത്തും, സുദീപ് ഹരിഹരനായി ബിജുമേനോനും, അന്ജംഗ സംഗം സതീഷായി റയാന്‍, ആനന്ദ് ആയി സജിത്ത് രാജ്, ജോ ആയി ഗോവിന്ദ് പദ്മസുരിയ, അനുവായി സന്ധ്യ, രാഖിയായി ധന്യ മേരി എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ഇവരെ കൂടാതെ ജഗതി ശ്രീകുമാര്‍, സായി കുമാര്‍, സുരാജ് വെഞ്ഞാറമൂട്, അപ്പഹാജ, അബു സലിം, ദിനേശ് പണിക്കര്‍, ജോസ്, ഭാമ, ഗീത വിജയന്‍, റോസ്‌ലിന്‍ എന്നിവയും അഭിനയിച്ചിട്ടുണ്ട്.

ചന്ദ്രകാന്തം സിനിമയുടെ ബാനറില്‍ സീന സാദത് നിര്‍മിച്ചു നവാഗതനായ ജി.എന്‍. കൃഷ്ണ കുമാറാണ് കോളേജ് ഡെയ്സ് സംവിധാനം ചെയ്തത്. കൃഷ്ണകുമാര്‍ തന്നെയാണ് ഇതിന്‍റെ കഥയും, തിരക്കഥയും എഴുതിയിരിക്കുന്നത്. ഒരു പുതുമുഖ സംവിധായകനെന്ന് ഒരിക്കലും തോന്നാത്ത വിധത്തിലാണ് കൃഷ്ണകുമാര്‍ സിനിമയെ സമീപിച്ചിരിക്കുന്നത്. സുജിത് വാസുദേവിന്‍റെ ചായാഗ്രഹണം, ബാബു രത്നത്തിന്‍റെ ചിത്രസന്നിവേശം, റോണി റാഫേല്‍ സംഗീത സംവിധാനം ചെയ്ത "വെണ്ണിലാവിന്‍" എന്ന് തുടങ്ങുന്ന ഗാനം, പശ്ചാത്തല സംഗീതം എന്നിവയെല്ലാം കോളേജ് ഡെയ്സ് എന്ന സിനിമയ്ക്ക് ഗുണകരമായിട്ടുണ്ട്. ഈ സിനിമയില്‍ അഭിനയിച്ച ഓരോരുത്തരും മികച്ച പ്രകടനമാണ് കാഴ്ച്ചവെചിരിക്കുന്നത്. അതില്‍ പ്രശംസ അര്‍ഹിക്കുന്ന രീതിയിലാണ് റയാന്‍, ഇന്ദ്രജിത്ത്, ബിജു മേനോന്‍, സന്ധ്യ എന്നിവരുടെ അഭിനയം.

കഥയിലും തിരക്കഥ രചനയിലും കുറേക്കൂടി ശ്രദ്ധ കാണിചിരുന്നുവെങ്കില്‍, ഈ സിനിമ മികച്ചതാക്കാമായിരുന്നു. മലയാളത്തില്‍ ഇതിനുമുമ്പ് പല പ്രാവശ്യം വന്ന കഥ തന്നെയാണ് ഈ സിനിമയ്ക്കുമുള്ളത്. എങ്കിലും, നല്ല സംവിധാന ശൈലിയുണ്ടായിരുനെങ്കില്‍ പുതിയ ഒരവതരണ രീതികൊണ്ട് ഈ സിനിമയെ നന്നാക്കാമായിരുന്നു. പക്ഷെ, അതിലും വിജയിക്കാന്‍ കഴിഞ്ഞില്ല കൃഷ്ണകുമാര്‍ എന്ന സംവിധായകന്. എങ്ങനെയെക്കയോ മുമ്പോട്ടു പോകുന്ന കഥ, മെഡിക്കല്‍ കോളേജ് ആണെന്ന് തോന്നാത്ത വിധമാണ് കോളേജ് പശ്ചാത്തലം, ആര്‍ക്കും ആരെയും കൊല്ലാം, വകവരുതാം..ആരും ചോദിക്കാനില്ല...ഇതെല്ലാം ഒരു 10 കൊല്ലം മുംബായിരുന്നുവെങ്കില്‍ സമ്മതിക്കാം..പക്ഷെ, എന്നെത്തെ കാലത്ത് എങ്ങനെയൊക്കെ സംഭവിക്കുമോ എന്നതിന് ഉത്തരമില്ല. സിനിമ കാണുമ്പോള്‍ തന്നെ പ്രേക്ഷകര്‍ക്ക്‌ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്ന രീതിയിലുള്ള തിരക്കഥയാണ് ഈ സിനിമയുടെ പ്രശ്നം. സസ്പെന്‍സ് ത്രില്ലര്‍ എന്ന അവകാശവാധതോടെ ഇറങ്ങിയ കോളേജ് ഡെയ്സില്‍ ത്രില്ലിംഗ് രംഗങ്ങള്‍ ഉണ്ടെങ്കിലും...സസ്പെന്‍സ് കഥയുടെ പകുതിയാകുമ്പോള്‍ തന്നെ ഊഹിക്കാവുന്നതെയുള്ളു.

കുറെക്കൂടെ പക്വത ഉള്ള കഥയും തിരക്കഥയും ഉണ്ടായിരുന്നുവെങ്കില്‍ പ്രേക്ഷകര്‍ക്ക്‌ ഈ സിനിമ ഇഷ്ടമായേനെ. നല്ല ടെക്ക്‌നിഷിയന്‍സ് ഉണ്ടായിട്ടും, നല്ല അഭിനയതക്കാളുണ്ടായിട്ടും, അതൊന്നും പൂര്‍ണ്ണമായി ഉപയോഗപെടുത്തന്‍ സാധിച്ചില്ല. പ്രത്യേകിച്ചു കഥയും തിരക്കഥയും ഒന്നും വേണ്ടാത്തവര്‍ക്ക്...വെറുതെ 2 1/2 മണിക്കൂര്‍ ത്രില്ലിംഗ് രംഗങ്ങള്‍ മാത്രം കാണണമെങ്കില്‍ കോളേജ് ഡെയ്സ് കാണാം. അല്ലാത്തവര്‍...ഒഴിവാക്കുന്നതായിരിക്കും ഭേദം. 

കോളേജ് ഡെയ്സ് റേറ്റിംഗ്: ബിലോ ആവറേജ് [ 2 / 5]

കഥ, തിരക്കഥ, സംവിധാനം: ജി. എന്‍. കൃഷ്ണകുമാര്‍
നിര്‍മ്മാണം: സീന സാദത്
ചായാഗ്രഹണം: സുജിത് വാസുദേവ്
ചിത്രസന്നിവേശം: ബാബു രത്നം
സംഗീതം: റോണി റാഫേല്‍

25 Nov 2010

കന്യാകുമാരി എക്സ്പ്രെസ്സ്


ഡെന്നിസ് ജോസഫ്‌ന്‍റെ രചനയില്‍ ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്ത പുതിയ സിനിമയാണ് കന്യാകുമാരി എക്സ്പ്രെസ്സ്. കുറെ നാളുകള്‍ക്കു ശേഷം സുരേഷ് ഗോപി ചെയ്യുന്ന പോലീസ് വേഷം, സസ്പെന്‍സ് ത്രില്ലര്‍ എന്നി അവകാശവാദങ്ങളോടെയാണ് ഈ സിനിമ ഇറങ്ങിയത്‌. മോഹന്‍ ശങ്കര്‍ ആചാരി എന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ റോളിലാണ് സുരേഷ് ഗോപി എത്തുന്നത്. നഗരത്തിലെ ഒരു ഡയമണ്ട് വ്യാപാരിയുടെ മകളെ കാണാതായ കേസ് അന്വേഷിക്കാനെത്തുന്ന പോലീസ് ഉദ്യോഗസ്ഥനാണ് മോഹന്‍ ശങ്കര്‍. 


മലയാള സിനിമയില്‍ ഒരുപാടു പ്രാവശ്യം കണ്ടിട്ടുള്ള കൊലപാത കുറ്റാന്വേഷണ സിനിമകളെ ഓര്‍മ്മപെടുത്തുന്ന വിധത്തിലാണ് ഡെന്നിസ് ജോസഫ്‌ തിരക്കഥയോരിക്കിയിരിക്കുന്നത്. 10 സിനിമകളില്‍ കൂടുതല്‍ സംവിധാനം ചെയ്ത ഒരു സംവിധായകനില്‍ നിന്നും കുറേക്കൂടി പ്രതീക്ഷിക്കുന്നു പാവം പ്രേക്ഷകര്‍. ഒരു പുതുമുഖ സംവിധായകന്‍ പോലും ഇതിനെക്കാള്‍ ഭേദമായി സിനിമയെടുക്കും എന്നതില്‍ ഒരു സംശയവും വേണ്ട. 


സുരേഷ് ഗോപിയുടെ തന്നെ പല പോലീസ് വേഷങ്ങളെയും ഓര്‍മ്മപെടുത്തുന്ന രീതിയിലുള്ള അഭിനയവും,കണ്ടുമടുത്ത രംഗങ്ങളുള്ള തിരക്കഥ രചനയും,സംവിധാനവും കൊണ്ട് ഈ സിനിമയെ നിലവാരമില്ലാത്ത സിനിമയാക്കി മാറ്റിയിരിക്കുന്നു.സുരേഷ് ഗോപിയെ കൂടാതെ ബാബു ആന്‍റണി, ജഗതി ശ്രീകുമാര്‍,ഭീമന്‍ രഘു, ഷാനവാസ്, കിരണ്‍ രാജ്,രാജ്മോഹന്‍ ഉണ്ണിത്താന്‍, കോട്ടയം നസീര്‍,ബൈജു സരയൂ,ലെന,ഊര്‍മിള ഉണ്ണി എന്നിവരും അഭിനയിച്ചിരിക്കുന്നു. സെന്തില്‍ കുമാറാണ് ചായാഗ്രഹണം.



കന്യാകുമാരി എക്സ്പ്രെസ്സ് കാണുന്നവര്‍ക്ക് തോന്നിപോകും...ന്യൂ ഡല്‍ഹി എന്ന സൂപ്പര്‍ സിനിമയുടെ തിരക്കഥാകൃത്ത്‌ ഡെന്നിസ് ജോസഫാണോ ഈ സിനിമയെഴുതിയത്? കോട്ടയം കുഞ്ഞച്ചന്‍ എന്ന സിനിമയുടെ സംവിധായകന്‍ ടി.എസ്. സുരേഷ് ബാബുവാണോ അവരോട് ഈ ചതി ചെയ്തത്? മലയാളി പ്രേക്ഷകര്‍ ഇതിലും മികച്ചത് അര്‍ഹിക്കുന്നു!

കന്യാകുമാരി എക്സ്പ്രെസ്സ് റേറ്റിംഗ്മോശം സിനിമ [1 / 5]


സംവിധാനം: ടി.എസ്.സുരേഷ് ബാബു
കഥ,തിരക്കഥ,സംഭാഷണം: ഡെന്നിസ് ജോസഫ്‌
ചായാഗ്രഹണം: സെന്തില്‍ കുമാര്‍
സംഗീതം: ശരത്
നിര്‍മ്മാണം: ജി.എസ്.മുരളി
ബാനര്‍: പിരമിഡ് ഫിലംസ്

10 Nov 2010

കാര്യസ്ഥന്‍


ആന്‍ മെഗാ മീഡിയയുടെ ബാനറില്‍ നീറ്റ ആന്‍റോ നിര്‍മിച്ചു, നവാഗതനായ തോംസണ്‍ സംവിധാനം ചെയ്ത പുതിയ ദിലീപ് സിനിമയാണ് കാര്യസ്ഥന്‍പോക്കിരിരാജയുടെ വിജയത്തിന് ശേഷം തിരക്കഥകൃത്തുക്കള്‍ ഉദയകൃഷ്ണ-സിബി.കെ.തോമസ്‌ എഴുതുന്ന കാര്യസ്ഥന്‍, ദിലീപിന്‍റെ നൂറാമത് സിനിമയാണ് എന്ന  പ്രിത്യേകതയുമുണ്ട്. ഇത്തവണ ജനപ്രിയ നായകന്‍ പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തുന്നത് കാര്യസ്ഥന്‍റെ വേഷത്തിലാണ്.

ഏഷ്യാനെറ്റ്‌ ചാനലിലെ മഞ്ച് സ്റ്റാര്‍ സിങ്ങര്‍ പരിപാടിയുടെ അവതാരകയായിരുന്ന പുതുമുഖം അഖിലയാണ് കാര്യസ്ഥനിലെ ദിലീപിന്‍റെ നായികയാകുന്നത്. ദിലീപിനൊപ്പം, സലിം കുമാര്‍, ഹരിശ്രീ അശോകന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരുമുണ്ട് തമാശയ്ക്ക് മാറ്റുകൂട്ടാന്‍.

രണ്ടു പേരുകേട്ട തറവാട്ടിലെ കാരണവര്‍മാരാണ് കൃഷ്ണ വാരിയരും[കിഴക്കേടത്ത് തറവാട്], ശങ്കരന്‍ നായരും[പുത്തേഴത് തറവാട്]. ഇവര്‍ തമ്മില്‍ വലിയ ശത്രുതയിലാണ്. ഈ രണ്ടു തറവാട്ടിലെ ശത്രുതയ്ക്ക് കാരണം വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ഒരു വിവാഹവും അതിനെ സംബന്ധിച്ചുണ്ടായ കുറെ പ്രശ്നങ്ങളുമാണ്. കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം...രണ്ടു തറവാട്ടുകാരും തമ്മിലുള്ള ശത്രുത തീര്‍ക്കാന്‍ ‍പുത്തേഴത് തറവാട്ടിലെ കാര്യസ്ഥന്‍ കൃഷ്ണനുണ്ണി ശ്രമിക്കുന്നതാണ് ഈ സിനിമയുടെ കഥ.


ദിലീപ് സിനിമകളിലുള്ള സ്ഥിരം വിഭവങ്ങളായ ദിലീപിന്‍റെ സ്ഥിരം  മാനറിസങ്ങളും,സുരാജ്- സലിം കുമാര്‍ ടീമിന്‍റെ കോമഡി നമ്പരുകളും കാര്യസ്ഥനിലുമുണ്ട്. കാര്യസ്ഥനിലെ പാട്ടുകള്‍ എഴുതിയിരിക്കുന്നത് കൈതപ്രവും, സംഗീതം നല്ക്കിയിരിക്കുന്നത് ബേര്‍ണി-ഇഗ്നേഷ്യസ് എന്നിവര്‍ ചേര്‍ന്നാണ്. "മലയാളി പെണ്ണെ" എന്ന് തുടങ്ങുന്ന പാട്ടും, ടീവി സീരിയല്‍ താരങ്ങള്‍ക്കൊപ്പം ദിലീപ് ഡാന്‍സ് ചെയ്യുന്ന പാട്ടും ഹിറ്റാണ്.


മുന്‍കാല മലയാള സിനിമകളില്‍ പ്രേക്ഷകര്‍ കണ്ടുമടുത്ത കുറെ രംഗങ്ങളുണ്ട് ഈ സിനിമയില്‍. ഇതിലെ പാട്ടുകളുടെ ചിത്രീകരണമടക്കം കുറെ ഹിന്ദി സിനിമകളില്‍ കണ്ടിട്ടുള്ളതാണ്. പുതുമയില്ലാത്ത കഥയും, മുന്‍കാല സിനിമകളെ ഓര്‍മ്മപെടുത്തുന്ന കുറെ ദ്രിശ്യങ്ങളും ഒരുപാടുണ്ട് കാര്യസ്ഥനില്‍‍. സുരാജിന്‍റെയോ സലിം കുമാറിന്റെയോ കോമടി നമ്പരുകള്‍ പോലും പഴയ ദിലീപ് സിനിമകളെ തന്നെ ഓര്‍മ്മപെടുത്തുന്നു.ദിലീപ് സിനിമകളുടെ ഹിറ്റ്‌ ക്യാമറമാന്‍ പി.സുകുമാറാണ് കാര്യസ്ഥന്‍റെ ചായാഗ്രഹണം. 


ദിലീപിന്‍റെ നൂറാമത് സിനിമയില്‍ ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നു. കൃഷ്ണനുണ്ണിയായി  ദിലീപും, കൃഷ്ണ വരിയരായി മധുവും, ശങ്കരന്‍ നായരായി ജി.കെ.പിള്ളയും വേഷമിടുന്നു. ഇവരെ കൂടാതെ... അഖില, ഹരിശ്രീ അശോകന്‍, സലിം കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ജനാര്‍ദ്ദനന്‍, ബിജു മേനോന്‍, സിദ്ദിക്ക്, സുരേഷ് കൃഷ്ണ,സന്തോഷ്‌,സാദ്ദിക്ക്, ഗണേഷ് കുമാര്‍,നിഷാന്ത് സാഗര്‍, വന്ദന, എന്നിവരോടൊപ്പം സീരിയല്‍ താരങ്ങളും,പിന്നണി ഗായകരും അഭിനയിച്ചിരിക്കുന്നു.


കഥയെപറ്റി ചിന്തിക്കാതെ..എല്ലാം മറന്നു ചിരിക്കാന്‍ ഇഷ്ടമുള്ളവര്‍ക്കും, ഇതിനു മുമ്പ് കേട്ട തമാശകളും...,കണ്ടുമടുത്ത രംഗങ്ങളും...ഒരിക്കല്‍ കൂടി കേള്‍ക്കാനും, കാണാനും കുഴപ്പമില്ലാത്തവര്‍ക്കും "കാര്യസ്ഥന്‍" തീര്‍ച്ചയായി ഇഷ്ടമാകും.


കാര്യസ്ഥന്‍ റേറ്റിംഗ് : ബിലോ ആവറേജ് [2 / 5]

സംവിധാനം: തോംസണ്‍
നിര്‍മ്മാണം: നീറ്റ ആന്‍റോ
കഥ, തിരക്കഥ,സംഭാഷണം: ഉദയകൃഷ്ണ-സിബി.കെ.തോമസ്‌
ചായാഗ്രഹണം: പി.സുകുമാര്‍
ചിത്രസംയോജനം: സാലൂ.കെ.ജോര്‍ജ്
ഗാനങ്ങള്‍: കൈതപ്രം
സംഗീതം: ബേര്‍ണി-ഇഗ്നേഷ്യസ്
വിതരണം: വൈശാഘ റിലീസ്