17 May 2011

മാണിക്യക്കല്ല്

ഒരു കൊച്ചു ഗ്രാമത്തില്‍ നടക്കുന്ന നന്മയുടെയും, സൗഹൃദത്തിന്റെയും കഥയുമായി പുറത്തിറങ്ങിയ കഥ പറയുമ്പോള്‍ എന്ന സിനിമയ്ക്ക് ശേഷം എം.മോഹനന്‍ സംവിധാനം ചെയ്ത സിനിമയാണ് മാണിക്യക്കല്ല്. പ്രിഥ്വിരാജ് നായകനാകുന്ന മാണിക്യക്കല്ലില്‍ സംവൃത സുനിലാണ് നായിക. ഇവരെ കൂടാതെ,നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, ജഗദീഷ്, ഭരത്  സലിം കുമാര്‍, സായി കുമാര്‍, ദേവന്‍, നാരായണന്‍കുട്ടി, കൊച്ചുപ്രേമന്‍, ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ, കോട്ടയം‍ നസീര്‍, അനില്‍ മുരളി, അനൂപ്‌ ചന്ദ്രന്‍, പി.ശ്രീകുമാര്‍, അനില്‍ പനച്ചൂരാന്‍, എം. ജയചന്ദ്രന്‍, മനുരാജ്, കെ.പി.എ.സി.ലളിത, ബിന്ദു പണിക്കര്‍ എന്നിവരുമുണ്ട്.

ഗൌരി മീനാക്ഷി മൂവീസിന് വേണ്ടി എസ്. ഗിരീഷ്‌ ലാലാണ് മാണിക്യക്കല്ല് നിര്‍മിച്ചിരിക്കുന്നത്. സംവിധായകന്‍ എം. മോഹനന്‍ തന്നെയാണ് ഈ സിനിമയ്ക്ക് വേണ്ടി തിരക്കഥ രചന നിര്‍വഹിച്ചിരിക്കുന്നത്. ഒരിക്കല്‍ നല്ല സംവിധായകനാണെന്ന് തെളിയച്ച മോഹനന്‍ ആ പ്രതീക്ഷ ഒട്ടും തെറ്റിക്കാതെ തന്നെയാണ് മാണിക്യക്കല്ല് ഒരുക്കിയിരിക്കുന്നത്. വണ്ണാമല എന്ന കൊച്ചു ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ഹൈ സ്കൂളും, നല്ലവരായ നാട്ടുകാരും ഒക്കെയടങ്ങുന്ന ഒരു കഥപശ്ചാത്തലം. വണ്ണാമല സ്കൂളില്‍ പഠിക്കുന്ന കുട്ടികളാകട്ടെ പഠിക്കാന്‍ വളരെ പിന്നോട്ടും. വല്ലപോഴുമാണ് അധ്യാപകരും, കുട്ടികളും സ്കൂളില്‍ വരാറ് . അങ്ങനെയുള്ള ഒരു സ്ഥലത്തേക്കാണ്‌ വിനയചന്ദ്രന്‍[പ്രിഥ്വിരാജ്] അധ്യാപക ജോലിയുമായി എത്തുന്നത്. ആ സ്കൂളിലെ പ്രധാന അധ്യാപകനടക്കം എല്ലാ അധ്യാപകരും മടിയന്മാരായി കഴിഞ്ഞിരിക്കുന്നു. ഒരു ലക്ഷ്യവുമായിയാണ് വിനയചന്ദ്രന്‍ വണ്ണാന്‍മലയില്‍ എത്തുന്നത്. ആ ലക്ഷ്യത്തില്‍ എത്തുവാനായി വിനയചന്ദ്രന്‍ ആ സ്കൂളിനെയും, കുട്ടികളെയും, അധ്യാപകരെയും, നാട്ടുകാരെയും സ്നേഹത്തിന്റെ ഭാഷയില്‍ നേര്‍വഴിക്കു നയിക്കുന്നു. ഇതാണ് മാണിക്യക്കല്ല് എന്ന സിനിമയുടെ കഥ.

തിരക്കഥയോട് നീതിപുലര്‍ത്തുന്ന രീതിയിലാണ് എം.മോഹനന്‍ ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഒരു ഗ്രാമത്തിലെ നന്മ മുഴുവന്‍ മനോഹരമായി ഒപ്പിയെടുത്തിട്ടുണ്ട് പി. സുകുമാര്‍ എന്ന ചായാഗ്രാഹകന്‍. സമീപകാലത്തിറങ്ങുന്ന വേഗതയുള്ള സിനിമകളുടെ രീതിയിലല്ല ഈ സിനിമയെ സംവിധായകന്‍ സമീപിച്ചിരിക്കുന്നത്. 

പ്രിഥ്വിരാജ് ഉള്ള്പടെ എല്ലാ അഭിനേതാക്കളും മോശമല്ലാത്ത പ്രകടനമാണ് ഈ സിനിമയില്‍ കാഴ്ച്ചവെചിരിക്കുന്നത്. നല്ല ടെക്ക്നിഷ്യന്സും അഭിനേതാക്കളും ഉണ്ടായിട്ടും മാണിക്യക്കല്ല് ഒരു നല്ല സിനിമയാകതിരുന്നത് ഈ സിനിമയുടെ കഥയിലും തിരക്കഥയിലുമുള്ള പോരായ്മകള്‍ തന്നെ. കാണുന്ന പ്രേക്ഷകര്‍ക്ക്‌ അടുത്ത രംഗങ്ങളില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന വളരെ എളുപ്പത്തില്‍ മനസിലാകും. പുതുമയുള്ള കഥയല്ലത്തതാണ് ഈ സിനിമയുടെ പ്രധാന പ്രശ്നം. എങ്കിലും ഒരു കുടുംബത്തിനു ആസ്വദിക്കാനുള്ള ചേരുവകള്‍ ഈ സിനിമയിലുണ്ട്.

അടിയും ഇടിയും, തട്ടിക്കൂട്ട് തമാശകളൊന്നും ഇല്ലാത്ത സിനിമകളും, ലളിതമായ രീതിയില്‍ പറഞ്ഞുപോകുന്ന കഥകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകര്‍ക്കും ഇഷ്ടമാകും മാണിക്യക്കല്ല്.

മാണിക്യക്കല്ല് റേറ്റിംഗ്: എബവ് ആവറേജ് [ 3 / 5 ]

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: എം.മോഹനന്‍
നിര്‍മ്മാണം: ഗിരീഷ്‌ ലാല്‍
ചായാഗ്രഹണം: പി.സുകുമാര്‍
ചിത്രസന്നിവേശം: രഞ്ജന്‍ എബ്രഹാം
വരികള്‍: അനില്‍ പനച്ചൂരാന്‍
സംഗീതം: എം.ജയചന്ദ്രന്‍

1 comment:

  1. I like the way you do reviews in an unbiased way.
    Good job. Keep Writing.

    ReplyDelete