കൃഷിക്കാരനും, ഫാക്ടറി ഉടമയുമായ അവിവാഹിതനായ അജയന് അമ്മയോടൊപ്പമാണ് താമസിക്കുന്നത്. അജയന്റെ ഗ്രാമത്തില്‍ ജീവിക്കുന്ന മത്തായിച്ചനും, ബാലനും, കൃഷ്ണേട്ടനും അടങ്ങുന്ന സുഹൃത്ത് സംഘങ്ങളുമായി നാടകം കളിച്ചും, ഉത്സവങ്ങളില്‍ പങ്കെടുത്തും അജയന് സമാധാനമായി ജീവിക്കുന്നു. ഒരിക്കല്‍ അജയനെ തേടി ചെന്നൈയില്‍ നിന്നും കാര്‍ത്തിക് എന്ന കുട്ടി എത്തുന്നു. അതോടെ, സമാധാനത്തോടെ ജീവിക്കുന്ന അജയന്റെ ജീവിതം മാറിമറയുന്നു. ആരാണ് കാര്‍ത്തിക്? എന്തിനാണ് അജയനെ തേടി കാര്‍ത്തിക് വന്നത്? ഇതാണ് ഈ സിനിമയുടെ കഥ. അജയനായി മോഹന്‍ലാലും, അമ്മുകുട്ടിഅമ്മയായി ഷീലയും, കാര്‍ത്തിക് ആയി പുതുമുഖം രാഹുല്‍ പിള്ളയും, മത്തായിയായി ഇന്നസെന്റും, ബാലനായി ബിജു മേനോനും അഭിനയിച്ചിരിക്കുന്നു.
കഥ - തിരക്കഥ: ബിലോ ആവറേജ്
ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയ്ക്ക് ശേഷം സത്യന് അന്തികാട്-മോഹന്‍ലാല്‍ ടീം ഒന്നിച്ച സിനിമയാണ് സ്നേഹവീട്. സംവിധായകന് സത്യന് അന്തികാട് തന്നെയാണ് ഈ സിനിമയ്ക്ക് വേണ്ടി കഥ, തിരക്കഥ,സംഭാഷണം ഒരുക്കിയത്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയ കഥയും, പ്രേക്ഷകരെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുയും ചെയ്യുന്ന തിരക്കഥയും സംഭാഷണങ്ങളും, നന്മകള് ഏറെയുള്ള ഗ്രാമത്തിലെ കുറെ കഥാപാത്രങ്ങളും സത്യന് അന്തികാട് സിനിമകളില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതാണ്. ആ പ്രതീക്ഷ തെറ്റിക്കാതെ ഇത്തവനെയും സ്ഥിരം ചേരുവകളെല്ലാം സത്യന് അന്തിക്കാട് ഭംഗിയായി ചേര്‍ത്തിട്ടുണ്ട് ഈ സിനിമയില്‍. പക്ഷെ, സത്യന് അന്തികാടിന്റെ എല്ലാ സിനിമയിലും ഇതേ കഥാഗതിയും കഥാപാത്രങ്ങളും സംഭാഷണങ്ങളും ഉണ്ടെങ്കില്‍ , ഏതുതരം സിനിമ പ്രേക്ഷകനും അത് ബോറായി അനുഭവപെടും. അതുതന്നെയാണ് ഈ സിനിമയുടെയും പ്രധാന പ്രശ്നവും. അതുകൂടാതെ, വിശ്വസിക്കാന്‍ പ്രയാസമുള്ള കഥയും, കെട്ടുറപ്പില്ലാത്ത തിരക്കഥയും കൂടെയായപ്പോള്‍ സിനിമയുടെ അവസാന രംഗങ്ങളില്‍ സിനിമ സംവിധായകന്റെ നിയന്ത്രണത്തില്‍ നിന്നും കൈവിട്ടുപോയ അവസ്ഥയാണ് കണ്ടത്. പുതുമകള്‍ ആഗ്രഹിക്കുന്ന മലയാള സിനിമ പ്രേക്ഷകര്‍ ഇതിലും മികച്ചത് സത്യന് അന്തിക്കാടില്‍ നിന്നും പ്രതീക്ഷിക്കുന്നു, ഇനിയുള്ള സിനിമകളിലെങ്കിലും സ്ഥിരം സത്യന് അന്തികാട് ചേരുവകള്‍ ഒഴിവാക്കുന്നത് നന്നായിരിക്കും.
സംവിധാനം: എബവ് ആവറേജ്
അന്നും ഇന്നും സത്യന് അന്തികാട്-മോഹന്‍ലാല്‍ സിനിമകള്‍ മലയാളി കുടുംബങ്ങള്‍ക്ക് ഒരു സിനിമ വിരുന്ന് തന്നെയാണ്. ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഒരുമിച്ചിരുന്നു കാണുവാനും, ആസ്വദിക്കുവാനും വേണ്ടി ഒരുക്കിയതാണ് സ്നേഹവീട് എന്ന സിനിമയും. സിനിമയുടെ ആദ്യപകുതിയിലുള്ള ഹാസ്യ രംഗങ്ങളും, കുടുംബംഗങ്ങളും,അയല്‍വാസികളും നാട്ടുകാരും പരസ്പരമുള്ള സ്നേഹവും സൗഹൃദവും എല്ലാം മലയാളി സിനിമ പ്രേമികള്‍ കാണുവാന്‍ ആഗ്രഹിക്കുന്നതാണ്. നല്ല രീതിയിലുള്ള കഥയൊരുക്കി, നല്ല നടീനടന്മാരെ കൊണ്ട് നന്നായി അഭിനയിപ്പിച്ചു, നല്ല സാങ്കേതിക മികവോടെ രംഗങ്ങള്‍ ഒരുക്കുകയും ചെയ്യുമ്പോഴാണ് ഒരു സംവിധായകന് വിജയിക്കുന്നത്. ശരാശരി നിലവാരമുള്ള ഈ കഥ, രണ്ടര മണിക്കൂര്‍ ബോറടിക്കാതെ കണ്ടിരിക്കാവുന്ന രീതിയില്‍ ഒരുക്കുവാന്‍ സാധിച്ചത് സത്യന് അന്തികാട് എന്ന സംവിധായകന്റെ കഴിവ് തന്നെയാണ്. പക്ഷെ, സന്മനസുള്ളവര്ക്ക് സമാധാനവും, നാടോടിക്കാറ്റും, വരവേല്‍പ്പും, രസതന്ത്രവുമൊക്കെ ഒരുക്കിയ സംവിധായകനില്‍ നിന്നും ഇതിലും മികച്ച സിനിമകള്‍ പ്രതീക്ഷിക്കുന്നു.
സാങ്കേതികം: ഗുഡ്
പാലക്കാടിന്റെ മനോഹാരിത മുഴുവന്‍ ഒപ്പിയെടുത്തു കൊണ്ട് വേണു ഒരുക്കിയ വിഷ്വല്‍സ് ഈ സിനിമയെ പ്രേക്ഷകരിലേക്ക് കൂടുതല്‍ അടുപ്പിക്കാന്‍ സഹായകമാകും എന്നുറപ്പ്. ഈ സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന അജയന് എന്ന കഥാപാത്രം പറയുന്നത് പോലെ പച്ചപരവതാനി വിരിച്ച നെല്പാടങ്ങളും, ഇളം കാറ്റും, പഴയ തറവാട് വീടും എപ്രകാരം മനസ്സിനും കണ്ണിനും കുളിര്‍മയെകുന്നുവോ, അപ്രകാരം വേണു ഒരുക്കിയ വിഷ്വല്‍സ് ഈ സിനിമയ്ക്ക് ദ്രിശ്യഭംഗിയേകുന്നു. സിനിമയുടെ കഥാഗതി മുമ്പോട്ടു കൊണ്ടുപോകുന്ന രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ കഥയ്ക്ക് അനിയോജ്യമായ വരികള്‍ എഴുതുവാനും കേള്‍ക്കാന്‍ ഇമ്പമുള്ളതായ ഈണങ്ങള്‍ ഒരുക്കുവാനും റഫീക്ക് അഹമ്മദ് - ഇളയരാജ ടീമിന് കഴിഞ്ഞിട്ടുണ്ട്. ഹരിഹരന് ആലപിച്ച "അമൃതമായി അഭയമായി" എന്ന തുടങ്ങുന്ന പാട്ടും,"ചെങ്ങതിര്‍ കൈയും വീശി" എന്ന പാട്ടും മനോഹരമായി ചിട്ടപെടുത്തിയിട്ടുണ്ട് ഇളയരാജ. കെ. രാജഗോപാലിന്റെ ചിത്രസന്നിവേശവും സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്.
അഭിനയം: ഗുഡ്
മലയാളി സിനിമ പ്രേക്ഷകര്‍ കാണുവാന്‍ ആഗ്രഹിക്കുന്ന പഴയ തമാശകളും, കുസൃതികളും, നല്ല അഭിനയവുമെല്ലാം കാഴ്ച്ചവെച്ചുകൊണ്ട് അതിമനോഹരമായ പ്രകടനമാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ നടത്തിയിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം ഷീലയും നല്ല അഭിനയ പ്രകടനമാണ് കാഴ്ച്ചവെചിരിക്കുന്നത്. ഇവരെ കൂടാതെ, ബിജു മേനോന്, രാഹുല്‍ പിള്ള, ഇന്നസെന്റ്, മാമുക്കോയ, ശശി കലിംഗ, ചെമ്പില്‍ അശോകന്, പത്മപ്രിയ, ലെന, കെ.പി.എ.സി.ലളിത, മല്ലിക എന്നിവരുമുണ്ട്.
സിനിമയുടെ പ്ലസ് പോയിന്റ്സ്:
1. മോഹന്‍ലാല്‍ , ഷീല എന്നിവരുടെ അഭിനയം
2. മോഹന്‍ലാല്‍ - സത്യന് അന്തിക്കാട് കൂട്ടുകെട്ട്
3. വേണു ഒരുക്കിയ മനോഹരമായ വിഷ്വല്‍സ്
4. ഇളയരാജ ഒരുക്കിയ പാട്ടുകള്‍
5. സിനിമയുടെ ആദ്യപകുതിയിലെ ഹാസ്യരംഗങ്ങള്‍
സിനിമയുടെ മൈനസ് പോയിന്റ്സ്
1. പ്രവചിക്കനാവുന്ന കഥ
2. കെട്ടുറപ്പില്ലാത്ത തിരക്കഥ
3. ക്ലൈമാക്സ്
4. സത്യന് അന്തികാട് സിനിമകളില്‍ കണ്ടുമടുത്ത കഥാരീതി, കഥാപാത്രങ്ങള്‍
സ്നേഹവീട് റിവ്യൂ: സത്യന് അന്തികാട് സിനിമകളിലെ സ്ഥിരം ചേരുവകളെല്ലാം ചേര്‍ത്തൊരുക്കിയ, ഒരു കുടുംബത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും പ്രശ്നങ്ങളും പരിഭവങ്ങളും എല്ലാം കോര്‍ത്തിണക്കിയ ഒരു കുടുംബ ചിത്രം.
സ്നേഹവീട് റേറ്റിംഗ്: 5.30 / 10
കഥ - തിരക്കഥ: 3 / 10 [ബിലോ ആവറേജ്]
സംവിധാനം: 6 / 10 [എബവ് ആവറേജ്]
സാങ്കേതികം: 3.5 / 5 [ഗുഡ്]
അഭിനയം: 3.5 / 5 [ഗുഡ്]
ആകെ മൊത്തം: 16 / 30 [ 5.3 / 10 ]
രചന-സംവിധാനം: സത്യന് അന്തിക്കാട്
നിര്‍മ്മാണം: ആന്റണി പെരുമ്പാവൂര്‍
ചായാഗ്രഹണം: വേണു
ചിത്രസന്നിവേശം: കെ. രാജഗോപാല്‍
സംഗീതം: ഇളയരാജ
വരികള്‍: റഫീക്ക് അഹമ്മദ്
വിതരണം: ആശിര്‍വാദ് മാക്സ്ലാബ്