27 Jul 2011

കളക്ടര്‍

രാഷ്ട്രത്തിനു ശേഷം അനില്‍. സി. മേനോനും സുരേഷ് ഗോപിയും ഒന്നിക്കുന്ന സിനിമയാണ് കളക്ടര്‍ . ക്യൂബ് - വി.വി സിനിമാക്സ് എന്നീ ബാനറുകള്‍ക്ക് വേണ്ടി വി.വി.സാജന്‍, അബ്ദുല്‍ അസീസ്‌ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് രാജേഷ്‌ ജയരാമനാണ്. മനോജ്‌ പരമഹംസ, ഗുണശേഖരന്‍ എന്നിവരാണ് സിനിമയുടെ ചായഗ്രാഹകര്‍. സിനിമയ്ക്ക് വേണ്ടി ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത് വീ.ടി.ശ്രീജിത്താണ്. യശശരീരനായ ഗിരീഷ്‌ പുത്തഞ്ചേരിയുടെ വരികള്‍ക്ക് രഘുകുമാര്‍ ഈണം നല്ക്കിയിരിക്കുന്ന ഒരേയൊരു പാട്ട് മാത്രമാണ് സിനിമയിലുള്ളത്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ഡല്‍ഹിയില്‍ നിന്നും എറണാകുളത്തേക്ക് വരുന്ന അവിനാഷ് വര്‍മ്മ എന്ന ജില്ല കളക്ടറുടെ വേഷമാണ് ഭരത് സുരേഷ് ഗോപി സിനിമയില്‍ അവതരിപ്പിക്കുന്നത്‌. എറണാകുളം നഗരത്തില്‍ ലാന്‍ഡ്‌ മാഫിയയും, കള്ളനോട്ടും, ഗൂണ്ട പ്രവര്‍ത്തനങ്ങളുംകൊണ്ട് സാധരക്കാര്‍ക്ക് ജീവിക്കാന്‍ സാധിക്കാത്ത അവസരത്തിലാണ് മുഖ്യമന്ത്രി അവിനാഷ് വര്‍മ്മയോട് കേരളത്തിലേക്ക് വരാന്‍ ആവശ്യപെടുന്നത്. ദുഷ്ട ശക്തികളെ കിഴടക്കി എറണാകുളം നഗരത്തെ നന്നാക്കാന്‍ നടത്തുന്ന ശ്രമത്തിനിടയില്‍ കളക്ടര്‍ നേരിടുന്ന പ്രശ്നങ്ങളാണ് സിനിമയുടെ കഥ.

തിരക്കഥ: മോശം
എന്താണ് സിനിമയുടെ
കഥ കൊണ്ട് രാജേഷ്‌ ജയരാമന്‍ ഉദ്ദേശിച്ചത്? മുന്‍കാല ആക്ഷന്‍ സിനിമകളിലുള്ള രംഗങ്ങളെല്ലാം തിരക്കഥയില്‍ ഉള്കൊള്ളിച്ചാല്‍ പ്രേക്ഷകര്‍ സ്വീകരിക്കും എന്നാണോ? കളക്ടര്‍ എന്ന സിനിമയിലെ കഥയും, കഥ സന്ദര്‍ഭങ്ങളും, കഥാപാത്രങ്ങളും, എന്നിവേണ്ട അവര്‍ സംസാരിക്കുന്ന കാര്യങ്ങള്‍ വരെ മുന്‍കാല സിനിമകളില്‍ കണ്ടിട്ടുള്ളതാണ് എന്നത് ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ എന്നെ അത്ഭുതപെടുത്തുന്നു. ഒറ്റവാക്കില്‍ പറഞ്ഞാല്‍ വളരെ മോശം തിരക്കഥയാണ് സിനിമയ്ക്ക് വേണ്ടി രാജേഷ്‌ ഒരുക്കിയത്.

സംവിധാനം: ബിലോ ആവറേജ്
20 വര്‍ഷങ്ങളായി ആക്ഷന്‍ സിനിമകളില്‍ കണ്ടുവരുന്ന സ്ഥിരം വിഭവങ്ങളെല്ലാം ചേര്‍ത്ത് എഴുതപെട്ട സിനിമയുടെ തിരക്കഥയില്‍ എന്ത് പുതുമയും, സവിശേഷതയുമാണ് സംവിധായകനെ ആകര്‍ഷിച്ചത് എന്ന് മനസിലാകുന്നില്ല. ഷാജി കൈലാസ് സിനിമകളിലൂടെ പ്രേക്ഷകര്‍ കണ്ടുപഴകിയ സംവിധാന ശൈലിയെങ്കിലും സ്വീകരിക്കാതിരിക്കമായിരുന്നു അനില്‍ സി. മേനോന്. സിനിമ കാണുന്ന പ്രേക്ഷകര്‍ക്ക്‌ തൊട്ടടുത്ത രംഗങ്ങളില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് മനസിലാക്കാന്‍ പറ്റുന്ന തരത്തില്‍ ഒരുക്കിയ സിനിമ സുരേഷ് ഗോപിയുടെ തന്നെ മോശം സിനിമകളില്‍ പെടുത്താം.

സാങ്കേതികം: ആവറേജ്
മനോജ്‌ പരമഹംസയും ഗുണശേഖരനും ചേര്‍ന്നാണ് സിനിമയ്ക്ക് വേണ്ടി ചായാഗ്രഹണം നിര്‍വഹിച്ചത്. തരക്കെടില്ലത്തെ രീതിയില്‍ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ അവര്‍ക്ക് സാധിച്ചു. സിനിമയ്ക്ക് വേണ്ടി ചിത്രസംയോജനം നിര്‍വഹിച്ച ശ്രീജിത്തും മോശമാക്കിയില്ല. ഒരു ആവശ്യവുമില്ലാതെ സിനിമയില്‍ പാട്ട് ഉള്കെള്ളിക്കാന്‍ സംവിധായകന്‍ മറക്കാത്തത് കൊണ്ട് തരക്കേടില്ലാത്ത പാട്ട് ഉണ്ടാക്കാന്‍ ഗിരീഷ്‌ പുത്തഞ്ചേരിക്കും, രഘുകുമാറിനും സാധിച്ചു.


അഭിനയം: ആവറേജ്
കുറെ നാളുകള്‍ക്കു ശേഷം തീപാറുന്ന സംഭാഷങ്ങളുമായി നല്ലൊരു പ്രകടനം കാഴ്ചവെയ്ക്കാന്‍ സുരേഷ് ഗോപിക്ക് സാധിച്ചു. സിനിമയുടെ ഏക ആശ്വാസം സുരേഷ് ഗോപിയാണ്.
രാജീവ്‌ [ഉസ്താദ്, എഫ്. . ആര്‍ എന്നീ സിനിമകളിലെ വില്ലന്‍], ബാബുരാജ് എന്നിവര്‍ ഭേദപെട്ട പ്രകടനം നടത്തിയിരിക്കുന്നു. ഇവരെ കൂടാതെ, നെടുമുടി വേണു, കലാശാല ബാബു, കൃഷ്ണകുമാര്‍, ബിജു പപ്പന്‍, അബു സലിം, അനില്‍ ആദിത്യന്‍, മണിയന്‍പിള്ളരാജു, സുധീഷ്‌, മോഹിനി, ലക്ഷ്മി ശര്‍മ, യാമിനി വര്‍മ, കവിയൂര്‍ പൊന്നമ്മ, വത്സല മേനോന്‍ എന്നിവരുമുണ്ട് സിനിമയില്‍.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.
സുരേഷ് ഗോപി

സിനിമയുടെ മൈനസ് പോയിന്റ്സ്
1. മുന്‍കാല ആക്ഷന്‍ സിനിമകളിലൂടെ കണ്ടുമടുത്ത കഥയും, കഥ സന്ദര്‍ഭങ്ങളും.
2. സംവിധാന
ശൈലി.

കളക്ടര്‍ റിവ്യൂ: കണ്ടുമടുത്ത കഥയും, കഥാപാത്രങ്ങളും, കഥ സന്ദര്‍ഭങ്ങളും, സംഭാഷണങ്ങളും , സംവിധാന ശൈലിയും, അഭിനയ രീതിയും ഒക്കെയുള്ള ഒരു സുരേഷ് ഗോപി ആക്ഷന്‍ സിനിമ.

കളക്ടര്‍ റേറ്റിംഗ്: ബിലോ ആവറേജ് [ 2 / 5 ]

സംവിധാനം: അനില്‍.സി.മേനോന്‍
നിര്‍മ്മാണം: അബ്ദുല്‍ അസീസ്‌, വി.വി. സാജന്‍
കഥ, തിരക്കഥ, സംഭാഷണം: രാജേഷ്‌ ജയരാമന്‍
ചായാഗ്രഹണം: മനോജ്‌ പരമഹംസ, ഗുണശേഖരന്‍
ചിത്രസംയോജനം: വി.ടി.ശ്രീജിത്ത്‌
സംഗീതം: രഘുകുമാര്‍
വരികള്‍: ഗിരീഷ്‌ പുത്തഞ്ചേരി, സുധാംശു

19 Jul 2011

ചാപ്പാ കുരിശ്

പുതുമകളുള്ള കഥയും, പുതിയ സംവിധാന രീതിയും കാണാന്‍ ആഗ്രഹിക്കുന്ന ഇന്നത്തെ തലമുറയിലുള്ള സിനിമ പ്രേമികള്‍ക്കായി ഒരു സിനിമ - ചാപ്പ കുരിശ്. സിനിമയുടെ പെരുള്‍പ്പടെ കഥയിലും, തിരക്കഥയിലും, സംഭാഷണങ്ങളിലും, സംവിധാനത്തിലും എന്ന് വേണ്ട, അഭിനയത്തില്‍ പോലും ഒരുപാട് പുതുമകളുള്ള സിനിമയാണ് ചാപ്പ കുരിശ്. എറണാകുളം ഫോര്‍ട്ട്‌ കൊച്ചി നിവാസികള്‍ മാത്രം ഉപയോഗിച്ച് വരുന്ന ഒരു പ്രയോഗമാണ് ചാപ്പ കുരിശ്. ചാപ്പ കുരിശ് എന്നാല്‍ അവര്‍ക്ക് ഹെഡ് ഓര്‍ ടെയില്‍ എന്നാണ്. ഇപ്പോള്‍ ഈ പ്രയോഗം കേരളമൊട്ടാകെ പറഞ്ഞു തുടങ്ങിയിട്ടുണ്ടാവണം. അതിനു കാരണക്കാര്‍ സമീര്‍ താഹിര്‍ എന്ന സംവിധായകനോ, ഉണ്ണി ആര്‍. എന്ന തിരക്കഥ രചയ്താവോ ആവാം. 2011-ല്‍ മലയാളി സിനിമ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു വന്‍ വിജയമാക്കിയ ട്രാഫിക്‌ എന്ന സിനിമയ്ക്ക് ശേഷം ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച്‌ ബിഗ്‌ ബി, ഡാഡി കൂള്‍ എന്ന സിനിമകളുടെ ചായാഗ്രാഹകന്‍ സമീര്‍ താഹിര്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ചാപ്പ കുരിശ്. ഫാസിലിന്റെ മകന്‍ ഫഹദ് ഫാസില്‍ നായകനായ ചാപ്പ കുരിശില്‍ സുപ്രധാനമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ വിനീത് ശ്രീനിവാസനാണ്. ഇവരെ കൂടാതെ, രമ്യ നമ്പീശന്‍, റോമ, നിവേദ തോമസ്‌ എന്നിവരും കുറെ പുതുമുഖങ്ങളും അണിനിരക്കുന്നു ഈ സിനിമയില്‍.

എറണാകുളത്തെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയാണ് കോടീശ്വരനായ അര്‍ജുന്‍ സാമുവല്‍ [ ഫഹദ് ഫാസില്‍ ‍]. സ്ത്രീകള്‍ ഒരു ബലഹീനതയായ അര്‍ജുന്, ഓഫീസ് സ്റ്റാഫ്‌ സോണിയയുമായി [ രമ്യ നമ്പീശന് ‍] അടുപ്പത്തിലാണ്. ഒരിക്കല്‍ , സോണിയയുമായുള്ള അര്‍ജുനിന്റെ കിടപ്പറ രംഗങ്ങള്‍ അര്‍ജുന്‍ തന്നെ അയാളുടെ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നു. കുറെ നാളുകള്‍ക്കു ശേഷം ആനുമായുള്ള [ റോമ ] അര്‍ജുനിന്റെ വിവാഹം നിശ്ചയിച്ചതറിഞ്ഞ സോണിയ അര്‍ജുനുമായി വഴക്കിലാകുന്നു. ഒരു കോഫി ഷോപ്പില്‍ വെച്ച് ഇവര്‍ തമ്മില്‍ കണ്ടുമുട്ടിയ അവസരത്തില്, ഇരുവരും തമ്മിലുള്ള സംസാരം വഴക്കില്‍ ചെന്ന് അവസാനിക്കുന്നു. ആ ബഹളത്തിനിടയില്‍ അര്‍ജുനിന്റെ മൊബൈല്‍ ഫോണ്‍ കോഫി ഷോപ്പില്‍ വെച്ച് കാണാതാകുന്നു.

ബിഗ്‌ മാര്‍ട്ട് സൂപ്പര്‍ മാര്‍കെറ്റില്‍ ജോലിചെയുന്ന നിര്‍ധനനായ അന്‍സാരി [ വിനീത് ശ്രീനിവാസന് ‍] താമസിക്കുന്നത് ചേരിയിലെ ഒരു കൊച്ചു മുറിയിലാണ്. പൊട്ടിപൊളിഞ്ഞ മൊബൈല്‍ ഫോണാണ് അന്‍സാരി ഉപയോഗിക്കുന്നതെങ്കിലും, അത് അയാള്‍ക്ക്‌ പ്രിയപെട്ടതാണ്. കാരണം, ആ ഫോണില്‍ നിന്നാണ് അന്‍സാരി അയാളുടെ കൂടെ ജോലി ചെയ്യുന്ന നഫീസയുടെ [ നിവേദ ] ഫോണില്‍ വെളിച്ചു സംസാരിക്കുന്നത് . ജോലി ചെയ്യുന്ന സ്ഥലത്തെ മുതലാളിയില്‍ നിന്നും മിക്കപോഴും വഴക്ക് കേള്‍ക്കുന്ന അന്‍സാരിയ്ക്ക് അവിടെയുള്ള ഏക ആശ്വാസം നഫീസയാണ്. സൂപ്പര്‍ മാര്‍കെറ്റിലെ ജോലിയ്ക്ക് പുറമേ, മുതലാളി അന്‍സാരിയെ അയാളുടെ സ്വന്തം ആവശ്യങ്ങള്‍ക്കായി പുറത്തയക്കാറുണ്ട്. അങ്ങനെ, ഒരിക്കല്‍ , ഒരു കത്ത് കൊടുക്കുവാനായി ഒരു കോഫി ഷോപ്പില്‍ പോകുന്ന അന്‍സാരിയ്ക്ക് അവിടെ വെച്ച് വില കൂടിയ ഒരു മൊബൈല്‍ ഫോണ്‍ കിട്ടുന്നു. ആ വെപ്രാളത്തില്‍, ആരോടും ഒന്നും മിണ്ടാതെ അന്‍സാരി ഫോണുമായി കോഫി ഷോപ്പില്‍ നിന്നും ഇറങ്ങി ഓടുന്നു.

അങ്ങനെ, ഒരുപാട് സ്വകാര്യങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന അര്‍ജുനിന്റെ മൊബൈല്‍ ഫോണ്‍ , അന്‍സാരിയുടെ കൈയ്യില്‍ കിട്ടുന്നു. ഒരു മൊബൈല്‍ ഫോണ്‍ കാരണം അര്‍ജുനിന്റെയും, അന്സാരിയുടെയും, സോണിയയുടെയും, ആനിന്റെയ്മൊക്കെ ജീവിതം മാറി മറയുന്നതാണ് ചാപ്പ കുരിശ് സിനിമയുടെ കഥ.

തിരക്കഥ: ആവറേജ്
ബിഗ്‌ ബി, അന്‍വര്‍ എന്നീ സിനിമകള്‍ക്ക്‌ ശേഷം ഉണ്ണി ആര്‍. തിരക്കഥയും സംഭാഷണവും രചിച്ച സിനിമയാണ് ചാപ്പ കുരിശ്. ഈ സിനിമയില്‍ ഉണ്ണിയോടൊപ്പം സംവിധായകന്‍ സമീര്‍ താഹിറും തിരക്കഥ രചനയില്‍ പങ്കാളിയാണ്. പുതുമയുള്ള പ്രമേയം തിരഞ്ഞെടുക്കാന്‍ ഇവര്‍ക്ക് സാധിച്ചെങ്കിലും, കെട്ടുറപ്പില്ലാത്ത തിരക്കഥ രചന മൂലം സിനിമയില്‍ പോരായ്മകള്‍ ധാരമുണ്ടായി. ഈ തരത്തിലുള്ള സിനിമകള്‍ക്ക്‌ പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ കഴിഞ്ഞിലെങ്കില്‍ അത് പാഴയിപോയ ഒരു നല്ല ശ്രമമായെ കാണാന്‍ കഴിയുകയുള്ളൂ. ചാപ്പ കുരിശ് സിനിമയുടെ കാര്യത്തില്‍, ഇതു തന്നെയാണ് സംഭവിച്ചത്. കഥാപാത്രങ്ങളുടെ രൂപീകരണത്തിലും, സംഭാഷണങ്ങളിലും പുതുമകള്‍ കൊണ്ടുവരാന്‍ ശ്രമിച്ച ഉണ്ണിയും സമീറും, കഥ സന്ദര്‍ബങ്ങള്‍ക്ക് പ്രാധാന്യം നല്ക്കാത്തത് സിനിമയ്ക്ക് വിനയായി. സിനിമയുടെ തുടക്കത്തില്‍ വിനീത് ശ്രീനിവാസന്റെയും, ഫഹദ് ഫാസിലിന്റെയും കഥാപാത്രങ്ങളുടെ ജീവിത രീതികള്‍ കാണിച്ച രംഗങ്ങളും, രണ്ടാം പകുതിയുടെ തുടക്കം മുതലേയുള്ള രംഗങ്ങളും വലിച്ചുനീട്ടി പ്രേക്ഷകരെ നല്ലരീതിയില്‍ ബോറടിപ്പിച്ചു. സംവിധാനത്തിലും, സാങ്കേതിക വശങ്ങളിലും സംവിധായകന്‍ കാണിച്ച ശ്രദ്ധ തിരക്കഥയില്‍ കാണിചിരുനെങ്കില്‍ ഈ സിനിമ ഒരുപക്ഷേ ഇംഗ്ലീഷ് സിനിമകളോട് ഉപമിക്കാന്‍ കഴിയുന്ന ഏക മലയാള സിനിമയായേനെ.


സംവിധാനം: ഗുഡ്
ബിഗ്‌ ബി യിലൂടെ തന്നെ നല്ലൊരു
ചായഗ്രാഹകനാണ് താനെന്നു തെളിയച്ച സമീര്‍ താഹിരിന്റെ ആദ്യ സംവിധാന സംരംഭം സമീപകലതിറങ്ങിയ തട്ടിക്കൂട്ട് സിനിമകളെ അപേക്ഷിച്ച് വളരെ മുന്നിലാണ്. ആരും സിനിമയാക്കാന്‍ ധൈര്യം കാണിക്കാത്ത ഒരു പ്രമേയം തിരഞ്ഞെടുത്തു, ഇംഗ്ലീഷ് സിനിമകളില്‍ മാത്രം കണ്ടുവരുന്ന രീതിയില്‍ സംവിധാനം ചെയ്യാന്‍ ശ്രമിച്ച സമീര്‍ താഹിര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. പ്രേക്ഷകരെ രസിപ്പിക്കാന്‍ വേണ്ടി മസാല സിനിമകളില്‍ കാണുന്ന സ്ഥിരം കോമാളിത്തരങ്ങള്‍ ഒന്നും സമീര്‍ ഉള്പെടുത്തിയിട്ടില്ല. എല്ലാ രംഗങ്ങളും തികഞ്ഞ ആത്മാര്‍ഥതയോടെ ആണ് സംവിധായകന്‍ സമീപിച്ചിരിക്കുന്നത് എന്നത് എടുത്തുപറയേണ്ട കാര്യം തന്നെ. ഓരോ കഥാപാത്രങ്ങള്‍ക്കും അനിയോജ്യമായ സംഭാഷണങ്ങള്‍ ഒരുക്കാനും അവരെ നല്ല രീതിയില്‍ അഭിനയിപ്പിക്കാനും സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. ഇംഗ്ലീഷ് സിനിമകളുമായി ഒരു മലയാള സിനിമയെയുമെങ്കിലും താരതമ്യം ചെയ്യാന്‍ അവസരമുണ്ടാക്കിയതിനു പ്രേക്ഷകര്‍ സമീരിനോട് നന്ദി പറയണം.

സാങ്കേതികം: വെരി ഗുഡ്
ജോമോന്‍ ടി ജോണ്‍ ആദ്യമായി ചായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയാണ് ചാപ്പ കുരിശ് എന്ന വിശ്വസിക്കാന്‍ പ്രയാസമാണ്. അത്ര മനോഹരമായാണ് ജോമോന്‍ ഓരോ രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. മലയാള സിനിമകളില്‍ എന്നുവരെ കണ്ടിട്ടില്ലാത്ത രീതിയിലാണ് ഈ സിനിമയുടെ അവസാനമുള്ള സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. എത്രത്തോളം വിശ്വസനീയമാക്കാമോ അത്രത്തോളം വിശ്വസനീയമാക്കാന്‍ വേണ്ടി പരിശ്രമിച്ചിട്ടുണ്ട് സംവിധായകനും ചായഗ്രാഹകനും, അഭിനേതാക്കളും. റെക്സ് വിജയന്‍ ഒരുക്കിയ പശ്ചാത്തല സംഗീതവും, ഡോണ്‍മാക്സ്സിന്റെ ചിത്രസംയോജനവും, സമീറ സനീഷിന്റെ
വസ്ത്രാലങ്കാരവും മികച്ചു നില്‍ക്കുന്നു.

അഭിനയം: ഗുഡ്
അര്‍ജുന്‍ സാമുവലായി ഫഹദ് ഫാസില്‍ അഭിനയിക്കുന്നതിന് പകരം ജീവിക്കുകയായിരുന്നു എന്നുപറയുന്നതാവും ഉചിതം. സിനിമയുടെ ആദ്യമാവസാനം തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഫഹദ് അര്‍ജുനായി അഭിനയിച്ചത്. അന്സാരിയായി അഭിനയിച്ച വിനീത് ശ്രീനിവാസനും, സോണിയയായി അഭിനയിച്ച രമ്യ നമ്പീശനും, അര്‍ജുനിന്റെ സുഹൃത്തായി അഭിനയിച്ച ജിനു ജോസും നല്ല പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഇവരെ കൂടാതെ, റോമ, നിവേദ തോമസ്‌, സുനില്‍, ദിനേശ് പണിക്കര്‍, ജയ മുരളി എന്നിവരുമുണ്ട് ഈ സിനിമയില്‍.


സിനിമയുടെ പ്ലസ്‌ പോയിന്റ്സ്
1. പ്രമേയം, സംവിധാനം
2. ചായാഗ്രഹണം, പശ്ചാത്തല സംഗീതം
3. സംഭാഷണം, ഫഹദ് ഫാസിലിന്റെ അഭിനയം
4. ഫഹദും, വിനീതും തമ്മിലുള്ള സംഘട്ടന രംഗം


സിനിമയുടെ മൈനസ് പോയിന്റ്സ്
1.
കെട്ടുറപ്പില്ലാത്ത തിരക്കഥ
2. ഇഴഞ്ഞുനീങ്ങുന്ന കുറെ കഥാസന്ദര്‍ഭങ്ങള്‍

ചാപ്പ കുരിശ് റിവ്യൂ: പുതുമയുള്ള പ്രമേയവും, ഇംഗ്ലീഷ് സിനിമകളോട് സമാസമം നില്‍ക്കുന്ന സംവിധാന ശൈലിയും ആസ്വദിക്കുവാന്‍ കഴിയുന്നവര്‍ക്കും, ആഗ്രഹിക്കുന്നവര്‍ക്കും ഒരു നല്ല അനുഭവമാവും ചാപ്പ കുരിശ്.

ചാപ്പ കുരിശ് റേറ്റിംഗ്: എബവ് ആവറേജ് [ 3 / 5 ]

കഥ, സംവിധാനം: സമീര്‍ താഹിര്‍
നിര്‍മ്മാണം: ലിസ്റ്റിന്‍ സ്റ്റീഫന്‍
തിരക്കഥ, സംഭാഷണം: ഉണ്ണി ആര്‍. , സമീര്‍ താഹിര്‍
ചായാഗ്രഹണം: ജോമോന്‍ ടി. ജോണ്‍
ചിത്രസംയോജനം: ഡോണ്‍മാക്സ്
സംഗീതം: റെക്സ് വിജയന്‍
പശ്ചാത്തല സംഗീതം:
റെക്സ് വിജയന്‍

17 Jul 2011

ദി ഫിലിം സ്റ്റാര്‍

സാന്ദ്ര കമ്മ്യൂണിക്കെഷന്‍സ്സും ഗായത്രി മീഡിയയും ചേര്‍ന്ന് നിര്‍മ്മിച്ച്‌, സഞ്ജീവ് രാജ് സംവിധാനം ചെയ്ത സിനിമയാണ് ദി ഫിലിം സ്റ്റാര്‍ . ദിലീപും, കലാഭവന്‍ മണിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ സിനിമയുടെ രചന നിര്‍വഹിച്ചത് എസ്. സുരേഷ് ബാബുവാണ്. ചിറ്റെടത്തുക്കര എന്ന ഗ്രാമത്തില്‍ ജീവിക്കുന്ന നന്ദഗോപന്‍ ഒരു സിനിമയ്ക്ക് വേണ്ടി തിരക്കഥ രചിക്കുന്നു. ആ തിരക്കഥ സിനിമയാക്കാന്‍ വേണ്ടി നന്ദഗോപന്‍ സൂപ്പര്‍ സ്റ്റാര്‍ സൂര്യ കിരണിനെ സമീപിക്കുന്നു. തിരക്കഥ കേള്‍ക്കാന്‍ മടികാണിക്കുന്ന സൂര്യ കിരണും, വര്‍ഷങ്ങളായി എഴുതിയ തിരക്കഥയും കൊണ്ട് നടക്കുന്ന നന്ദഗോപനും തമ്മില്‍ വഴക്കാവുന്നു. നന്ദഗോപന്‍ ബധിരനും,വികലാംഗനുമാണെന്ന് അറിയുന്ന സൂര്യ കിരണ്‍ ആ തിരക്കഥ വായിക്കുന്നു. പക്ഷെ, അത് മുഴുവന്‍ വായിക്കുന്നതിനു മുമ്പ് നന്ദഗോപന്‍ പോകുന്നു. തിരക്കഥ ഇഷ്ടപെട്ട സൂര്യ കിരണ്‍ അത് സിനിമയാക്കാന്‍ ഒരുങ്ങുന്നു. ചിട്ടെടത്തുകര എന്ന ഗ്രാമത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവമാണ് ആ തിരക്കഥയിലുള്ളത്. ആ വിഷയം സിനിമയാകുന്നു എന്നറിയുമ്പോള്‍ രാഷ്ട്രീയത്തിലുള്ള ചിലരെ അസ്വസ്ഥമാക്കുന്നു. ആ അസ്വസ്ഥത വളര്‍ന്നു പകയായി നന്ദഗോപനെയും, സൂര്യ കിരണെയും വേട്ടയാടുന്നു. തുടര്‍ന്ന്, നന്ദഗോപന്റെയും, സൂര്യ കിരണെയും ജീവിതത്തിലുള്ള മാറ്റങ്ങളാണ് ഈ സിനിമയുടെ കഥ. നന്ദഗോപനായി ദിലീപും, സൂര്യകിരണായി കലാഭവന്‍ മണിയുമാണ് അഭിനയിക്കുന്നത്.

തിരക്കഥ: മോശം
ശിക്കാര്‍ എന്ന സിനിമയ്ക്ക് ശേഷം എസ്. സുരേഷ് ബാബു തിരക്കഥ നിര്‍വഹിച്ച സിനിമയാണ് ദി ഫിലിം സ്റ്റാര്‍. ഒരു ഗ്രാമത്തില്‍ ജീവിക്കുന്ന കുറെ ആളുകളെ ബാധിച്ച ഒരു വലിയ പ്രശ്നം സമൂഹത്തിനു മുമ്പില്‍ എത്തിക്കാന്‍ കഥാനായകന്‍ ആ വിഷയം സിനിമയാക്കുന്നു. ഈ വാര്‍ത്തയറിഞ്ഞ ചില രാഷ്ട്രീയ പ്രവര്‍ത്തകരും, ചില മന്ത്രിമാരും അസ്വസ്ഥരാക്കുന്നു. ആ വിഷയം സിനിമയാക്കാന്‍ ഒരുങ്ങിയ എല്ലാവരെയും ദുഷ്ട്ടന്മാര്‍ ദ്രോഹിക്കുന്നു. കഥാനായകനും കൂട്ടരും അതെല്ലാം അതിജീവിച്ചു ആ വിഷയം സമൂഹത്തിലേക്കു എത്തിക്കുന്നു. ഇങ്ങനെയൊരു കഥ സിനിമയാക്കാന്‍ ഒരുങ്ങുമ്പോള്‍ എസ്. സുരേഷ് ബാബു ആദ്യം ഓര്‍ക്കേണ്ടിയിരുന്ന കാര്യം ഈ കഥ പ്രേക്ഷകര്‍ക്ക്‌ മനസിലാകുന്ന തരത്തില്‍ ഒട്ടും അതിഭാവുകത്വം വരാതെ തിരക്കഥ രചിക്കണം എന്നതായിരുന്നു. പക്ഷെ, നേര്‍വിപരീതം എന്ന രീതിയില്‍ പ്രേക്ഷകരെ ബോറടിപ്പിക്കും വിധത്തില്‍ ഈ സിനിമയെ നശിപ്പിച്ചു ഇതിന്റെ തിരക്കഥകൃത്ത്. സമീപകാലത്തിറങ്ങിയ മോശം തിരക്കഥകളില്‍ ഒന്നാണ് ഈ സിനിമയുടെത്.

സംവിധാനം: മോശം
സംവിധാനം അറിയാത്ത ആളുകള്‍ പോലും ഇങ്ങനൊരു തിരക്കഥയെ സമീപിക്കുമ്പോള്‍ വെത്യസ്തമായ രംഗങ്ങള്‍ ഒരുക്കാന്‍ ശ്രമിക്കും. പക്ഷെ, പ്രേക്ഷകരുടെയും, നിര്‍മ്മാതാവിന്റെയും ദൗര്‍ഭാഗ്യമെന്നു പറയട്ടെ...അതുപോലും ചെയ്യാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടില്ല. ഒരു സിനിമ നടനെ കാണുമ്പോള്‍ ആരാധകര്‍ കാണിക്കുന്ന ആഹ്ലാദ പ്രകടനം ഇത്രയും മോശമായി ചിത്രീകരിച്ച വേറൊരു മലയാള സിനിമയില്ല. അതുപോലെ തന്നെ, ഒരാവശ്യമില്ലത്ത പാട്ടും സിനിമയുടെ തുടക്കത്തില്‍ കാണിച്ചിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂട്, സലിം കുമാര്‍...,അങ്ങനെ കുറെ നടന്മാര്‍ വെറുതെ വന്നു പോകുന്നു ഈ സിനിമയില്‍. അതെങ്കിലും ഒഴുവാക്കമായിരുന്നു. ഈ സിനിമയുടെ പരാജയത്തിനു പൂര്‍ണ ഉത്തരവാദി ഈ സിനിമയുടെ സംവിധായകന്‍ തന്നെ.

സാങ്കേതികം: ബിലോ ആവറേജ്
സാലൂ ജോര്‍ജ് കുറെ നാളുകള്‍ക്കു ശേഷമാണ് ഒരു സിനിമയ്ക്ക് വേണ്ടി ചായാഗ്രഹണം നിര്‍വഹിച്ചത് എന്ന് തോന്നും വിധത്തിലാണ് ഈ സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരിക്കുന്നത്‌. അതുപോലെ തന്നെ, ഈ സിനിമയിലെ സാങ്കേതിക വശങ്ങള്‍ നിര്‍വഹിച്ച ആളുകള്‍ക്ക് പണം നല്കാതെയാണോ നിര്‍മ്മാതാവ് ഈ സിനിമ മുഴുവിപ്പിച്ചത് എന്ന് സംശയിച്ചു പോകുന്നു. കലാഭവന്‍ മണി ചില രംഗങ്ങളില്‍ കൂളിംഗ്‌ ഗ്ലാസ്‌ വെച്ചിരിക്കുന്നത് കാണുമ്പോള്‍ ഈ സിനിമയ്ക്ക് വേണ്ടി ചമയവും, വസ്ത്രാലങ്ങാരവും നിര്‍വഹിച്ച ആളുകള്‍ ഉറക്കത്തിലാണോ അവരുടെ ജോലി ചെയ്തത് എന്ന് തോന്നിപോകും.

അഭിനയം: ആവറേജ്
നന്ദഗോപനായി ദിലീപും, സൂര്യ കിരണായി കലാഭവന്‍ മണിയും തരക്കേടില്ലാത്ത അഭിനയമാണ് കാഴ്ച്ചവെചിരിക്കുന്നത്. തലൈവാസല്‍ വിജയയും, വിജയരാഘവനും, ബാബു നമ്പൂതിരിയും, ദേവനുമൊക്കെ  അവരവരുടെ രംഗങ്ങള്‍ മോശമാക്കാതെ അഭിനയിച്ചിട്ടുണ്ട്. സുരാജിനെ കൊണ്ട് ആവശ്യമില്ലാതെ എന്തക്കയോ വളിപ്പ് പറയിപ്പിച്ചിട്ടുണ്ട് സംവിധായകന്‍.  ഈ സിനിമയില്‍ ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നു. ദിലീപ്, കലാഭവന്‍ മണി, വിജയരാഘവന്‍, തലൈവാസല്‍ വിജയ്‌, ബാബു നമ്പൂതിരി, ദേവന്‍, സുരാജ് വെഞ്ഞാറമൂട്, സലിംകുമാര്‍, ബാബുരാജ്‌, സാദിക്ക്, ശിവജി ഗുരുവായൂര്‍, രാമചന്ദ്രന്‍, നാരായണന്‍കുട്ടി, അശോകന്‍, കൃഷ്ണപ്രസാദ്, മുകുന്ദന്‍, മുക്ത, രംഭ, വത്സല മേനോന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്
1. ദിലീപ് - കലാഭവന്‍ മണി കൂട്ടുകെട്ട് 

സിനിമയുടെ മൈനസ് പോയിന്റ്സ്
1. കഥ, തിരക്കഥ
2. സംവിധാനം 
3. ചായാഗ്രഹണം

ദി ഫിലിം സ്റ്റാര്‍ റിവ്യൂ: നിലവാരമില്ലാത്ത തിരക്കഥയെ പരിതാപകരമായ രീതിയില്‍ സംവിധാനം ചെയ്തു നശിപ്പിച്ച സിനിമയാണ് ദി ഫിലിം സ്റ്റാര്‍ . ഒരു തരത്തിലും പ്രേക്ഷകരെ രസിപ്പിക്കാത്ത, ചിരിപ്പിക്കാത്ത, ചിന്തിപ്പിക്കാത്ത ഒരു സിനിമ.

ദി ഫിലിം സ്റ്റാര്‍ റേറ്റിംഗ്: മോശം സിനിമ [ 1 / 5 ]

സംവിധാനം: സഞ്ജീവ് രാജ്
നിര്‍മ്മാണം: അജ്മല്‍ ഹസ്സന്‍, കെ. സി. ഹനീഫ്
രചന: എസ്. സുരേഷ് ബാബു
ചായാഗ്രഹണം: സാലൂ ജോര്‍ജ്
ചിത്രസംയോജനം: പി.സി.മോഹന്‍
സംഗീതം: ബെന്നി ജോണ്‍സന്‍, വിജയന്‍ പൂഞ്ഞാര്‍

13 Jul 2011

സോള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍

കാളിദാസന്‍ ഒരു ഭക്ഷണപ്രിയനാണ്. രുചിയുള്ള ഏതു ഭക്ഷണവും സ്വന്തമായി പാചകം ചെയ്തു പരിക്ഷണം നടത്തുക്ക എന്നതാണ് കാളിദാസന്റെ ഇഷ്ട വിനോദം. കല്യാണപ്രായം കഴിഞ്ഞിട്ടും കല്യാണം ആലോചിക്കാനോ.., ഒരാളെ കണ്ടെത്താനോ ശ്രമിക്കാത്തത് ഇഷ്ടന് ഭക്ഷണത്തോടുള്ള പ്രിയം തന്നെയാണ്. പണ്ടൊരിക്കല്‍ പെണ്ണ് കാണാന്‍ പോയ വീട്ടിലെ ഭക്ഷണം ഇഷ്ടപെട്ടത് കൊണ്ട് ആ വീട്ടിലെ വേലക്കാരനായ ബാബുവിനെ കൂടെക്കൂട്ടി വീട്ടില്‍ താമസിപ്പിച്ചയാളാണ് കാളിദാസന്‍. കാളിദാസന്റെ വീട്ടില്‍ കാളിദാസനും, ബാബുവും, കാട്ടിലെ ആദിവാസികളുടെ മൂപ്പനുമാണ് താമസം. നല്ലരീതിയില്‍ കാട്ടിലെ ഭക്ഷണം ഉണ്ടാക്കാന്‍ അറിയാം എന്ന കാരണത്താല്‍ കാട്ടില്‍ നിന്നും മൂപ്പനെ കാളിദാസന്‍ കൊണ്ടുവരുകയാണ് ചെയ്തത്. ഇവരുടെ കൂടെ താമസത്തിന് കാളിദാസന്റെ സഹോദരിപുത്രന്‍ മനു രാഘവ് എത്തുന്നു. ജീവിതത്തില്‍ യാതൊരു ലക്ഷ്യബോധമില്ലത്ത മനുവിന്റെ വരവോടെ കാളിദാസന്റെ ജീവിതത്തില്‍ കുറെ മാറ്റങ്ങള്‍ ഉണ്ടാകുന്നു

മറ്റൊരിടത്ത്, മായ എന്ന ഡബ്ബിംഗ് ആര്‍ടിസ്റ്റ് അവളുടെ സുഹൃത്തിന്റെ കൂടെ താമസിക്കുന്നു. അവരുടെ കൂടെ, മീനാക്ഷി എന്ന സുഹൃത്തുമുണ്ട്‌. ഏറെ പ്രായമായിട്ടും മായയും ഇതുവരെ കല്യാണം കഴിച്ചിട്ടില്ല. മായ ഒരു പുരുഷ വിധ്വേഷികൂടിയാണ്. എല്ലാ പുരുഷന്മാരും സ്ത്രീകളെ കാണുന്നത് തെറ്റായ കണ്ണിലൂടെയാണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് മായ. കാളിദാസനെ പോലെ, മായയുടെയും ഇഷ്ട വിനോദം  നല്ല ഭക്ഷണം കഴികുക എന്നതാണ്. അങ്ങനെയിരിക്കെ ഒരിക്കല്...‍, ദോശ കഴിക്കണം എന്ന ആഗ്രഹത്താല്‍ പരിചയമുള്ള ദോശക്കടയിലേക്ക് മായ ഫോണ്‍ വെളിക്കുന്നു. പക്ഷെ, ഫോണ്‍ കോള്‍ പോകുന്നത് കാളിദാസന്റെ സഹോദരി പുത്രന്‍ മനുവിന്റെ ഫോണിലേക്കാണ്, ആ ഫോണ്‍ എടുക്കുന്നത് കാളിദാസനും. അങ്ങനെ, ഭക്ഷണ പ്രിയരായ കാളിദാസനും, മായയും  ആദ്യമായി സംസാരിക്കുന്നു. ഇരുവരും വഴകടിയിലൂടെയാണ് സംസാരം തുടങ്ങുന്നതെങ്കിലും...രെണ്ട്‌ പേരുടെയും ഇഷ്ട വിനോദം ഭക്ഷണമായാത് കൊണ്ട് പതിയെ പതിയെ അവരുടെ സൗഹൃദം വളരുന്നു. ആ സൗഹൃദം...പ്രണയത്തിന്റെ തുടക്കത്തില്‍ എത്തുന്നു. ഇരുവരെയും പ്രണയിക്കാന്‍ സഹായിക്കാന്‍ മനുവും, മീനാക്ഷിയും കൂടെയുണ്ട്. മനുവിന്റെയും, മീനാക്ഷിയുടെയും ഇടപെടലുകള്‍  കാളിദാസന്റെയും, മായയുടെയും സൗഹൃദത്തിലും, ജീവിതത്തിലും ചില മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ഇതാണ് സോള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ എന്ന സിനിമയുടെ കഥ.

മമ്മൂട്ടി നായകനായ ഡാഡി കൂളിന് ശേഷം ആഷിക് അബു സംവിധാനം ചെയ്ത സോള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ നിര്‍മ്മിച്ചത് ലുക്സം ക്രിയേഷന്‍സ് ആണ്. നവാഗത തിരക്കഥ രചയ്താക്കളായ ശ്യാം പുഷ്ക്കരന്‍, ദിലീഷ് നായര്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയ തിരക്കഥയും സംഭാഷങ്ങളും സമീപ കാലത്തിറങ്ങിയ മലയാള സിനിമകളില്‍  നിന്നും ഏറെ വെത്യെസ്തമാണ്. അതുപോലെ തന്നെ, ആഷിക് അബു എന്ന സംവിധായകന്റെ ഈ സിനിമയോടുള്ള സമീപനവും മലയാള സിനിമയില്‍ അധികം കണ്ടിട്ടില്ലതതാണ്. ഷൈജു ഖാലിദ്‌ നിര്‍വഹിച്ച ചായഗ്രഹണവും, ബിജിബാല്‍ ഒരുക്കിയ പാട്ടുകളും ഈ സിനിമയെ ജനഹൃദയങ്ങളിലേക്ക് എത്തിക്കാന്‍ സഹായിക്കുന്നു. ലാലും, ബാബുരാജും, ആസിഫ് അലിയും മികച്ച അഭിനയമാണ് ഈ സിനിമയില്‍ കാഴ്ച്ചവെചിരിക്കുന്നത് എന്നത് ഈ സിനിമയുടെ മറ്റൊരു സവിശേഷതയാണ്.   

തിരക്കഥ: എബവ് ആവറേജ്
നവാഗതരായ ദിലീഷും, ശ്യാമും മലയാള സിനിമയുടെ പുതിയ വാഗ്ദ്ധനങ്ങലാണ് എന്ന് അവരുടെ ആദ്യ സിനിമ തെളിയിച്ചിരിക്കുന്നു. മലയാള സിനിമ പ്രേമികള്‍ പുതുമ ആഗ്രഹിച്ചു സിനിമ കാണാന്‍ പോകുന്ന ഈ കാലഘട്ടത്തില്‍..., പുതുമ നിറഞ്ഞ തിരക്കഥയും, സംഭാഷണങ്ങളും ഒരുക്കിയ ഇരട്ട തിരക്കഥകൃത്തുക്കള്‍ അഭിനന്ദനം അര്‍ഹിക്കുന്നു. പ്രേമത്തിനു പ്രായമോ, പ്രണയിത്താകള്‍ക്ക് സൗന്ദര്യമോ ഒന്നും പ്രശ്നമല്ല...അതിനെല്ലാത്തിനുമുപരി...മനസ്സുകളുടെ ഐക്യമാണ് വേണ്ടത് എന്ന് സന്ദേശം ലളിതാമായ രീതിയിലൂടെ അവതരിപ്പിച്ചതാണ് ഈ സിനിമയുടെ വിജയം. ഇങ്ങനെയൊരു സന്ദേശം നല്ക്കുന്നതിനു വേണ്ടിയുള്ള എല്ലാ ഘടഗങ്ങളും പ്രേക്ഷകര്‍ക്ക്‌ ഇഷ്ടമാകുന്ന രീതിയില്‍ തിരക്കഥയില്‍ ഉള്‍കൊള്ളിക്കാന്‍ ദിലീഷിനും, ശ്യാമിനും സാധിച്ചു. ഈ സിനിമയിലെ ചില കഥാപാത്രങ്ങളും, ചില സന്ദര്‍ഭങ്ങളും സിനിമയുടെ പുതുമയ്ക്ക് വേണ്ടി ഉള്പെടുത്തിയതാനെങ്കിലും..., അത് അനാവശ്യമായി തോന്നി. കഥ സന്ദര്‍ഭങ്ങള്‍ക്ക്‌ പുതുമ ഉണ്ടെങ്കിലും, പല രംഗങ്ങളും പൂര്‍ണതയിലെത്താത്തത് പോലെ  അനുഭവപെട്ടു. പരിചയകുറവ് കാരണമായിരിക്കും എങ്ങനെ സംഭവിച്ചത് എന്ന് കരുതാം. മൂപ്പന്‍ എന്ന കഥാപാത്രത്തിന്റെ അവകാശത്തെ ചൊല്ലിയുള്ള രംഗങ്ങള്‍ ഒഴുവാക്കമായിരുന്നു.


സംവിധാനം: ഗുഡ്
ആഷിക് അബു സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് സോള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍
‍. ആദ്യ സിനിമ ഒരു വലിയ വിജയമായില്ലെങ്കിലും, ആ സിനിമയിലും കുറെ പുതുമകള്‍ കൊണ്ടുവാരന്‍ ആഷിക് ശ്രമിച്ചു. ഈ സിനിമയുടെയും പ്രധാന സവിശേഷത പുതുമ നിറഞ്ഞ സംവിധാന രീതിയും, കഥാപാത്ര രൂപികരണവും തന്നെ. ഓരോ രംഗങ്ങളിലും പുതുമ കൊണ്ടുവാരാന്‍ ശ്രമിച്ചത് ഈ സിനിമയുടെ വിജയത്തിന് കാരണമായി. സിനിമയുടെ ടൈറ്റില്‍ എഴുതി കാണിക്കുമ്പോള്‍ കേരളത്തിലെ എല്ലാ രുചിയുള്ള വിഭവങ്ങളും കാണിച്ചത് പ്രേക്ഷകരെ രസിപ്പിച്ചു.

സാങ്കേതികം: ഗുഡ്
ഈ സിനിമയുടെ വിജയത്തിന്റെ വലിയ ഒരു ഘടകം ചായാഗ്രഹണം നിര്‍വഹിച്ച ഷയിജു ഖാലിദ്‌ ആണ്. മനോഹരമായ രംഗങ്ങള്‍ ഒരുക്കി സംവിധായകനെ സഹായിച്ച ഷയിജു അഭിനന്ദനം അര്‍ഹിക്കുന്നു. അതുപോലെ തന്നെ, ബിജിബാല്‍ ഒരിക്കിയ പാട്ടുകള്‍ ഇമ്പമുള്ളതും മനോഹരവുമായിരുന്നു. സന്തോഷ്‌ വര്‍മ രചിച്ച "കാണാമുള്ളാല്‍..." എന്ന പാട്ടും, റഫീക്ക് അഹമദ് രചിച്ച "പ്രേമികുമ്പോള്‍ നീയും ഞാനും..." എന്ന പാട്ടും പ്രേക്ഷകര്‍ സ്വീകരിച്ചു കഴിഞ്ഞു.
അവിയല്‍ മ്യൂസിക്‌ ബാന്‍ഡ് ഒരുക്കിയ "ആനകള്ളന്‍..." എന്ന പാട്ടും പ്രേക്ഷര്‍ക്കു ഏറെ പ്രിയപെട്ടതാണ് . ഈ സിനിമയ്ക്ക് വേണ്ടി ശബ്ദ ലേഖനം നിര്‍വഹിച്ച ഡാന്‍ ജോണ്സ്സും മികവു പുലര്‍ത്തി.  

അഭിനയം: ഗുഡ്
ഇതുവരെ വില്ലന്‍ വേഷങ്ങള്‍ മാത്രം അവതരിപ്പിച്ചിരുന്ന ബാബുരാജിനെ  നല്ലൊരു വേഷത്തില്‍ കണ്ടത്തില്‍ പുതുമ തോന്നി. ബാബു എന്ന വേലക്കാരന്റെ കഥാപാത്രം ഭംഗിയായി അവതരിപ്പിക്കാന്‍ ബാബുരാജിന് സാധിച്ചു. അതുപോലെ തന്നെ, ലാലിനും, ശ്വേത മേനോനും കുറെ നാളുകള്‍ക്കു ശേഷം ലഭിച്ച നല്ല കഥാപാത്രങ്ങളാണ് കാളിദാസനും, മായയും. കാളിദാസന്‍ എന്ന കഥാപാത്രം ലാലില്‍ ഭദ്രമായി തോന്നി. ആസിഫ് അലിയ്ക്ക് ലഭിച്ച മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് മനു രാഘവ്. പ്രതീക്ഷിച്ചതിലും നന്നായി ആസിഫ് അഭിനയിച്ചു. പക്ഷെ, മായയായി അഭിനയിച്ച ശ്വേത മേനോനും, മീനാക്ഷിയായി അഭിനയിച്ച മൈഥിലിയും പ്രതീക്ഷയ്ക്കൊത്ത് നന്നായില്ല. ഇത്
സംവിധായകന്‍ ശ്രദ്ധിക്കത്താതാണോ, അതോ... ആ കഥാപാത്രം അങ്ങനെ രൂപപെടുത്തിയത് കൊണ്ടാണോ എന്നറിയില്ല. വിജയരാഘവനും, കല്പനയും അവരവരുടെ രംഗങ്ങള്‍ തന്മയത്വത്തോടെ അവതരിപ്പിച്ചു. ലാല്‍, ശ്വേത മേനോന്‍, ആസിഫ് അലി, മൈഥിലി, ബാബു രാജ്, വിജയരാഘവന്‍, കല്പന, അര്‍ച്ചന കവി, നന്ദു, റോസ്‌ലിന്‍ എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍. 
     
സിനിമയുടെ പ്ലസ്‌ പോയിന്റ്സ്
1. പുതുമയുള്ള സംവിധാന ശൈലി
2.
സംഭാഷണം, അഭിനയം
3. ലാല്‍ - ബാബു രാജ് കൂട്ടുകെട്ട്
4. ചായാഗ്രഹണം, പാട്ടുകള്‍


സിനിമയുടെ മൈനസ് പോയിന്റ്സ്:
1.
ശേത മേനോന്‍, മൈഥിലി എന്നിവരുടെ അഭിനയം.
2. കഥയില്‍ ആവശ്യമില്ലാത്ത ഒന്നുരണ്ട് കഥപാത്രങ്ങളും, കഥ സന്ദര്‍ഭങ്ങളും

സോള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ റിവ്യൂ:  എല്ലാത്തരം സിനിമ പ്രേക്ഷകരെയും ആസ്വാദനത്തിന്റെ കൊടുമുടിയിലെത്തിക്കുന്ന..., എല്ലാ ചേരുവകളും പാകത്തിന് ചേര്‍ത്ത... ലളിതവും, രുചികരവും, സ്വാദിഷ്ടവുമായ ഒരു സിനിമാസദ്യ.

സോള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ റേറ്റിംഗ്: നല്ല സിനിമ [ 3.5 / 5 ]

സംവിധാനം: ആഷിക് അബു
നിര്‍മ്മാണം: ലുക്സം ക്രിയേഷന്‍സ്
കഥ, തിരക്കഥ,സംഭാഷണം: ശ്യാം പുഷ്ക്കരന്‍, ദിലീഷ് നായര്‍
ചായാഗ്രഹണം: ഷയിജു ഖാലിദ്‌
ചിത്രസംയോജനം: വി.സാജന്‍
സംഗീതം: ബിജിബാല്‍
വരികള്‍: സന്തോഷ്‌ വര്‍മ, റഫീക്ക് അഹമ്മദ്
ശബ്ദ ലേഖനം: ഡാന്‍
ജോണ്‍സ്

9 Jul 2011

ത്രീ കിങ്ങ്സ്

ടിപ്പു സുല്‍ത്താന്റെ ഭരണകാലത്ത് കൃഷ്ണപുരം രാജ കൊട്ടാരത്തില്‍  നിന്നും ദേവിയുടെ സ്വര്‍ണ വിഗ്രഹം മോഷണം പോകുന്നു. കുറെ വര്‍ഷങ്ങള്‍ക്കു ശേഷം കൃഷ്ണപുരം കൊട്ടാരത്തിലെ പിന്‍തലമുറക്കാരായ സഹോദരങ്ങളുടെ മക്കള്‍ ആ വിഗ്രഹം അന്വേഷിച്ചു കണ്ടുപിടിക്കുന്നു. മേല്പറഞ്ഞ കാര്യങ്ങള്‍ വായിക്കുമ്പോള്‍ ഈ സിനിമ കാണാത്ത ആളുകള്‍ വിചാരിക്കും ഈ സിനിമ വടക്കന്‍ വീരഗാഥയോ, ഉറുമിയോ പോലെ ഒരു ചരിത്ര പശ്ചാത്തലത്തിലുള്ള സിനിമയാണെന്ന്. എന്നാല്‍, ത്രീ കിങ്ങ്സ് എന്ന സിനിമ തികച്ചും വെത്യസ്ത പശ്ചാത്തലത്തില്‍ ഒരുക്കിയ ഒരു മുഴുനീള ഹാസ്യചിത്രമാണ്. 

പരസ്യ ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്ന വി.കെ.പ്രകാശ്‌ എന്ന സംവിധായകന്റെ 11-മത് സിനിമയാണ് ത്രീ കിങ്ങ്സ്. ഈ സിനിമയില്‍ , സഹോദരങ്ങളുടെ മക്കളായ മൂന്ന് യുവ രാജാക്കന്മാരായി രാമനുണ്ണി രാജാ [കുഞ്ചാക്കോ ബോബന്‍], ഭാസ്കരനനുണ്ണി രാജാ [ഇന്ദ്രജിത്ത്], ശങ്കരനുണ്ണി രാജാ  [ജയസുര്യ] എന്നിവരാണ് നഷ്ടപെട്ടുപോയ വിഗ്രഹത്തിനു വേണ്ടി മത്സരിക്കുന്നത്. സിനിമയുടെ തുടക്കത്തില്‍ മൂവരും കടുത്ത പാരവെപ്പുമായി അങ്ങോട്ടുമിങ്ങോട്ടും വഴക്കടിക്കുന്നു. അതിനോടപ്പം, മൂവരും സ്നേഹിക്കുന്ന പെണ്‍കുട്ടികളുടെ മുമ്പില്‍ ഓരോരുത്തരും പല വീരവാദങ്ങള്‍ പറഞ്ഞു നടക്കുന്നു. പണക്കാരനായ ഒരു ബിസിനെസ്സുകാരന്റെ[ജഗതി ശ്രീകുമാര്‍] മക്കള്‍ രഞ്ജു [ആന്‍ അഗസ്റ്റിന്‍], മഞ്ജു[കാതല്‍ സന്ധ്യ], അഞ്ചു[സംവൃത സുനില്‍] എന്നിവരെയാണ് ബദ്ധ ശത്രുക്കളായ ഇവര്‍ മൂവരും [റാം, ഭാസി, ശങ്കര്‍] യഥാക്രമം സ്നേഹിക്കുന്നത്. അങ്ങനെയിരിക്കെയാണ്, മൂവരും സ്വര്‍ണ വിഗ്രഹം ഇരിക്കുന്ന സ്ഥലം അറിയുന്നതും, അത് തേടി കണ്ടുപിടിക്കുവാന്‍ വേണ്ടി കാമുകിമാരോടോത്തു യാത്രതിരിക്കുന്നതും.തുടര്‍ന്ന് മൂവരുടെയും ജീവിതത്തിലുണ്ടാകുന്ന രസകരങ്ങളായ സംഭവങ്ങളാണ് ത്രീ കിങ്ങ്സ് എന്ന സിനിമയുടെ കഥ.

തിരക്കഥ: ആവറേജ്
ഗുലുമാല്‍ എന്ന സിനിമയുടെ തിരക്കഥ രചയ്താവ് വൈ.വീ.രാജേഷ്‌ ആണ് ഈ സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതിയത്. ബാലരമയില്‍ വരുന്ന കഥകള്‍ പോലെ വിചിത്രമായ ഒന്നാണ് ഈ സിനിമയുടെ കഥ. എന്ത് കാരണം കൊണ്ടാണ് ഇങ്ങനൊരു കഥ രാജേഷും പ്രകാശും ചേര്‍ന്ന് തിരഞ്ഞെടുത്തത് എന്ന മനസിലാകുന്നില്ല. മോശം കഥയാണെങ്കിലും, തരക്കേടില്ലാത്ത തിരക്കഥ രൂപപെടുത്തിയെടുക്കാന്‍ രാജേഷിനു സാധിച്ചു. സിനിമയുടെ ആദ്യപകുതിയില്‍ ഏറെക്കുറെ നന്നായിത്തന്നെ വന്നിട്ടുണ്ട് പല തമാശ രംഗങ്ങളും. മൂവരും തമ്മിലുള്ള പാരവെപ്പും, മോഷ്ട്ടിക്കാനായി ജഗതിയുടെ വീട്ടില്‍ കയറുന്ന രംഗങ്ങളെല്ലാം ചിരിയുണര്‍ത്തുന്നവയായിരുന്നു. ശ്രീ ശാന്തിനെയും, പ്രിഥ്വിരാജിനെയും, സുര്യയെയും, സീരിയല്‍ നടന്മാരെയും, സില്‍സില ഹരി ശങ്കറെയും ഒക്കെ കളിയാക്കിയതും നന്നായി. പക്ഷെ, സിനിമയുടെ രണ്ടാം പകുതിയില്‍ മൂവരും, കാമുകിമാരും വിഗ്രഹം അന്വേഷിചിറങ്ങുന്ന രംഗങ്ങള്‍ വളരെ മോശമായാണ് രാജേഷ്‌ എഴുതിയിരിക്കുന്നത്. ഒരു തമാശപോലും നന്നായില്ല എന്നുമാത്രമല്ല, അതുവരെ സിനിമയില്‍ കണ്ട തമാശകള്‍ പോലും മോശമായി തോന്നി. കുറെക്കൂടെ ശ്രദ്ധിച്ചു തിരക്കഥ എഴുതിയിരുന്നെങ്കില്‍ ഈ സിനിമ മലയാളത്തിലെ എക്കാലത്തെയും മികച്ച മുഴുനീള ഹാസ്യ സിനിമകളുടെ ഗണത്തില്‍ പെടുത്തമായിരുന്നു. 

സംവിധാനം: ബിലോ ആവറേജ്
ഗുലുമാലിനു ശേഷം വീ.കെ.പ്രകാശ്‌ മലയാളത്തില്‍ സംവിധാനം ചെയുന്ന സിനിമയാണ് ത്രീ കിങ്ങ്സ്. ഒരു മുഴുനീള ഹാസ്യ സിനിമ എന്ന രീതിയിലാണ് ഈ സിനിമയെ അദ്ദേഹം സമീപിചിരിക്കുന്നതെങ്കിലും, 10 ലേറെ സിനിമകള്‍ സംവിധാനം ചെയ്ത സംവിധായകനില്‍ നിന്നും കുറെക്കൂടെ പക്വതയാര്‍ന്ന സംവിധാന രീതിയാണ് പ്രേക്ഷകര്‍ പ്രതീക്ഷിച്ചത്. സിനിമയില്‍ പല രംഗങ്ങള്‍ കാണുമ്പോഴും, സംവിധായകന്‍ എന്നയാള്‍ ഉറങ്ങിപ്പോയോ എന്ന് തോന്നിപോകും. ഇതിലെ നടീനടന്മാരുടെ അഭിനയംപോലും ശ്രദ്ധിക്കാതെ വെറുതെ ഇരിക്കുകയായിരുന്നു എന്ന് തോന്നുന്നു വീ.കെ.പ്രകാശ്‌. തമാശ നല്ലവണ്ണം കൈകാര്യം ചെയുന്ന ഇന്ദ്രജിത്തിനെയും, ജയസുര്യയെയും, ജഗതിയെയും, സുരാജിനെയും, സലിം കുമാറിനെയും വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ വീ.കെ.പ്രകാശ്‌ ശ്രമിച്ചത് പോലുമില്ല. 

സാങ്കേതികം: ആവറേജ് 
പല രംഗങ്ങളും അനിയോജ്യമായ രീതിയില്‍ ചിത്രീകരിക്കാന്‍ വേണുവിനു സാധിച്ചു. കഥയും, സംവിധാനവും മോശമാണെങ്കിലും സിനിമ കണ്ടിരിക്കുന്ന പ്രേക്ഷകരെ വെറുപ്പിക്കാതെ നല്ല കളര്‍ഫുള്ളായി രംഗങ്ങള്‍ ചിത്രീകരിച്ചു കൊണ്ട് വേണു വീണ്ടും അദ്ദേഹത്തിന്റെ കഴിവ് തെളിയിച്ചു. കുട്ടികള്‍ക്ക് ചിരിക്കാന്‍ വേണ്ടി കാര്‍ട്ടൂണ്‍ സിനിമകളിലെ പോലെയുള്ള രംഗങ്ങള്‍ ഒരുക്കാന്‍  സ്പെഷ്യല്‍ എഫ്ഫെക്ട്സ്  നല്‍ക്കിയ രാജേഷിനും സാധിച്ചു. ഈ സിനിമയിലെ "ചക്കരമാവിന്‍"... എന്ന പാട്ട് കേള്‍ക്കാന്‍ ഇമ്പമുള്ളതാണ്. മഹേഷ്‌ നാരായണനാണ് ചിത്രസംയോജനം.

അഭിനയം: ആവറേജ്
ജയസുര്യയും, ഇന്ദ്രജിത്തും നല്ല പ്രകടനം കാഴ്ചവെച്ചപ്പോള്‍, കുഞ്ചാക്കോ ബോബനും, സംവൃതയും, സന്ധ്യയും മോശമാക്കാതെ അവര്‍ക്ക് പിന്തുണ നല്‍ക്കി. എന്നാല്‍ ആന്‍ അഗസ്റ്റിന്‍ എന്ന അഭിനയിത്രിയുടെ അഭിനയം പരിതാപകരം എന്ന പറയുന്നതില്‍ ഖേദമുണ്ട്. വളരെ മോശം പ്രകടനമാണ് ആന്‍ ഈ സിനിമയില്‍ നടത്തിയിരിക്കുന്നത്. ജഗതിയും, സുരാജും, സലിം കുമാറും, അശോകനും അവരവരുടെ രംഗങ്ങള്‍ മോശമാക്കിയില്ല. കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, ജയസുര്യ, ജഗതി ശ്രീകുമാര്‍, അശോകന്‍, ശ്രീജിത്ത്‌ രവി, സുരാജ് വെഞ്ഞാറമൂട്, സലിം കുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, രാമചന്ദ്രന്‍ എന്നിവരാണ് ത്രീ കിങ്ങ്സിലെ അഭിനേത്താക്കള്‍. 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്
1. സിനിമയുടെ ആദ്യ പകുതി
2. ഇന്ദ്രജിത്ത്- ജയസുര്യ-കുഞ്ചാക്കോ ബോബന്‍ പാരവെപ്പുകള്‍

സിനിമയുടെ മൈനസ് പോയിന്റ്സ്
1. കഥ, സംവിധാനം
2.സിനിമയുടെ രണ്ടാം പകുതി
3.ആന്‍ അഗസ്റ്റിന്‍
4.നിലവാരമില്ലാത്ത തമാശകള്‍

ത്രീ കിങ്ങ്സ് റിവ്യൂ: കാര്‍ട്ടൂണ്‍ സിനിമകള്‍ ഇഷ്ടപെടുന്ന കൊച്ചു കുട്ടികള്‍ക്കും, ചിരിക്കാന്‍ വേണ്ടി തയ്യാറെടുത്തു സിനിമ കാണാന്‍ പോകുന്നവര്‍ക്കും ഇഷ്ടമായേക്കാം ത്രീ കിങ്ങ്സ്.

ത്രീ കിങ്ങ്സ് റേറ്റിംഗ്: ബിലോ ആവറേജ് [ 2 / 5 ]

സംവിധാനം: വി.കെ.പ്രകാശ്‌
കഥ,തിരക്കഥ,സംഭാഷണം: വൈ.വി.രാജേഷ്‌
നിര്‍മ്മാണം: അബ്ദുല്‍ നാസര്‍ [ജീവന്‍]
ചായാഗ്രഹണം: വേണു
ചിത്രസംയോജനം: മഹേഷ്‌ നാരായണന്‍ 
സംഗീതം: ഔസേപ്പച്ചന്‍
വരികള്‍: ഷിബു ചക്രവര്‍ത്തി, അനൂപ്‌ ശങ്കര്‍     

7 Jul 2011

വയലിന്‍

കുടുംബസദ്ദസുകളുടെ പ്രിയപ്പെട്ട സംവിധായകന്‍ സിബി മലയില്‍ സംവിധാനം ചെയ്ത വയലിന്‍ എന്ന സിനിമ കൈകാര്യം ചെയ്യുന്ന വിഷയം പ്രണയവും, സംഗീതവുമാണ്. ആന്‍ഗ്ലോ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ആസിഫ് അലിയും, നിത്യ മേനോനുമാണ്. കയം എന്ന സിനിമയ്ക്ക് ശേഷം വിജു രാമചന്ദ്രന്‍ തിരക്കഥ രചിച്ച സിനിമയാണ് വയലിന്‍. എ.ഓ.പി.എല്‍. നിര്‍മ്മിച്ച വയലിന്‍ സിനിമയ്ക്ക് വേണ്ടി ചായാഗ്രഹണം നിര്‍വഹിച്ചത് മനോജ്‌ പിള്ളയാണ്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം നല്‍ക്കിയ മൂന്ന് പാട്ടുകള്‍ കൂടാതെ, ഹിന്ദി സിനിമകളില്‍ സംഗീത സംവിധാനം നിര്‍വഹിക്കാറുള്ള ആനന്ദ് രാജ് ആനന്ദ് വയലിന്‍ സിനിമയിലെ ഒരു പാട്ടിനു വേണ്ടി സംഗീതം നല്ക്കിയിട്ടുണ്ട്.

ആന്‍ഗ്ലോ ഇന്ത്യന്‍ കുടുംബത്തില്‍ ജനിച്ച ഏഞ്ചല്‍ [ നിത്യ മേനോന്‍ ] താമസിക്കുന്നത് ഫോര്‍ട്ട്‌ കൊച്ചിയിലെ റോസ് വില്ലയിലാണ്. മുന്‍കോപിയും, പുരുഷവിദ്വെഷിയുമായ അവള്‍ താമസിക്കുന്നത് മരിച്ചുപോയ അമ്മയുടെ സഹോദരിമാരുടെ കൂടെയാണ്. കേക്കുകള്‍ ഉണ്ടാക്കി വില്‍ക്കുകയാണ് ഇവരുടെ തൊഴില്‍. ഒരിക്കല്, ഇവര്‍ താമസിക്കുന്ന റോസ് വില്ലയുടെ ഒരു ഭാഗത്ത് താമസിക്കുന്നതിനായി ഇടുക്കിയില്‍ നിന്നും എബി [ആസിഫ് അലി] വരുന്നു. എബിയുടെ വരവ് ഇഷ്ടമാകാത്ത ഏഞ്ചല്‍, എബിയുമായി ആദ്യമൊക്കെ ഉടക്കിലാണെങ്കിലും, പിന്നീട് എബിയുടെ വയലിന്‍ വായന ഇഷ്ടമാകുമ്പോള്‍ എബിയോടുള്ള ദേഷ്യമെല്ലാം മാറുകയും, അവര്‍ തമ്മിലുള്ള സൗഹൃദം ഉടലെടുക്കുകയും ചെയ്യുന്നു. ആ സൗഹൃദം വളര്‍ന്നു പ്രണയത്തിലെത്തുന്നു. പക്ഷെ, എബിയുടെ വരവും, റോസ് വില്ലയിലുള്ള താമസം ചില ആളുകള്‍ക്ക് ഇഷ്ടമാകുന്നില്ല. ആ ഇഷ്ടക്കേട് വളര്‍ന്നു വലിയ വഴക്കിലും, പ്രതികാരത്തിലും എത്തുന്നു. ഈ പ്രശനങ്ങളൊക്കെ ധൈര്യത്തോടെ നേരിടുകയാണ് ഏഞ്ചല്‍ , കൂടെ എബിയും. അങ്ങനെയിരിക്കെ, അവരുടെ ജീവിതത്തില്‍ അവിചാരിതമായി ചില സംഭവങ്ങള്‍ ഉണ്ടാകുന്നു. എന്താണ് ഏഞ്ചലിന്റെയും, എബിയുടെയും ജീവിതത്തില്‍ ഉണ്ടായത്? എങ്ങനെയാണ് അവര്‍ അതെല്ലാം തരണം ചെയ്യുന്നത് എന്നതാണ് സിബി മലയിലിന്റെ വയലിന്‍ എന്ന സിനിമയുടെ കഥ. 

തിരക്കഥ: ബിലോ ആവറേജ്
നവാഗത തിരക്കഥ രചയ്താക്കളെല്ലാം പുതുമ നിറഞ്ഞ കഥകളും തിരക്കഥകളും സിനിമയാക്കാന്‍ ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ വിജു രാമചന്ദ്രന്‍ എഴുതിയ വയലിന്‍ എന്ന സിനിമയില്‍ കണ്ടുമടുത്ത കഥയും,  കഥാപാത്രങ്ങളും, സംഭാഷങ്ങളും ധാരാളമുണ്ട്. നിത്യ മേനോന്‍ അവതരിപ്പിച്ച ഏഞ്ചല്‍ എന്ന കഥാപാത്രം മലയാള സിനിമയില്‍ മഞ്ജു
വാര്യരും, മീര ജാസ്മിനും ഒരുപാട് സിനിമകളില്‍ അവതരിപ്പിച്ചിട്ടുണ്ട്. അതുപോലെ തന്നെ, എബിയുടെ നിഷ്കളംഗമായ നായക കഥാപാത്രവും ദിലീപിന്റെയും, ജയറാമിന്റെയും രൂപത്തില്‍ കണ്ടിട്ടുണ്ട്. വയലിന്‍ സിനിമയിലെ കഥാപാത്രങ്ങള്‍ സംസാരിക്കുന്ന സംഭാഷങ്ങളടക്കം മുമ്പ് കണ്ടിട്ടുള്ളതാണ്. വിജു രാമചന്ദ്രന്റെ കഴിവുകേടാണ് ഈ സിനിമയെ ഈ നിലവാരത്തില്‍ എത്തിച്ചത്.

സംവിധാനം: ആവറേജ്
സിബി മലയിലിനെ
പോലെ ഇത്രയും പരിചയ സമ്പത്തുള്ള ഒരു സംവിധായകന്‍ ഈ തിരക്കഥ സിനിമയാക്കാന്‍ തയ്യാറായത് അത്ഭുതമായി തോന്നുന്നു. എങ്കിലും, ഒരു ബിലോ ആവറേജ് തിരക്കഥ മോശമല്ലാത്ത രീതിയില്‍ കണ്ടിരിക്കാവുന്ന തരത്തിലാക്കിയത് സിബി മലയിലിന്റെ സംവിധാന മികവു തന്നെ. പുതുമകളില്ലെങ്കിലും സിനിമയുടെ അവസാനമുള്ള രംഗങ്ങള്‍ മനസ്സിനെ സ്പര്‍ശിക്കുന്ന രീതിയില്‍ ചിത്രീകരിക്കാന്‍ സിബി മലയിലിന് സാധിച്ചു.

സാങ്കേതികം: എബവ് ആവറേജ്
ഫോര്‍ട്ട്‌ കൊച്ചിയുടെ മനോഹാരിത ഒപ്പിയെടുക്കാന്‍ മനോജ്‌ പിള്ളയ്ക്ക് സാധിച്ചിട്ടുണ്ട്. നല്ല വിഷ്വല്‍സ് ഉള്ളതുകൊണ്ട് കണ്ടുമടുത്ത രംഗങ്ങളാണെങ്കിലും  ഈ സിനിമ ബോറടിപ്പിക്കാത്ത മുമ്പോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടുണ്ട് സിബിക്കും കൂട്ടര്‍ക്കും. സംഗീത സാന്ദ്രമായ പ്രണയകഥയില്‍ നിന്നും ഇതിലും മികച്ച പാട്ടുകളാണ് പ്രതീക്ഷിച്ചത്. എങ്കിലും, ബിജി ബാല്‍ ഒരുക്കിയ "ഹിമകണം" എന്ന പാട്ട് നന്നായിരുന്നു. അതുപോലെ തന്നെ ആനന്ദ് രാജ് ആനന്ദ് ഈണമിട്ട "എന്റെ മോഹങ്ങളെല്ലാം" എന്ന പാട്ടും നല്ലതായിരുന്നു. ബിജിബാല്‍ ഒരുക്കിയ പശ്ചാത്തല സംഗീതം സിനിമയ്ക്ക് നല്ലരീതിയില്‍ ഗുണം ചെയ്ത്തിട്ടുണ്ട്. 


അഭിനയം: ആവറേജ്
ആസിഫ് അലിയും, നിത്യ മേനോനും തരക്കേടില്ലാത്ത അഭിനയമാണ് ഈ സിനിമയില്‍ കാഴ്ചവെച്ചിരിക്കുന്നത്. ഇവര്‍ക്കൊപ്പം, ലക്ഷ്മി രാമകൃഷ്ണനും, വിജയരാഘവനും, നെടുമുടി വേണുവും, ജനാര്‍ദനനും, ചെമ്പില്‍ അശോകനുമെല്ലാം നല്ല പിന്തുണ നല്ക്കിയിട്ടുണ്ട് നായകനും നായികയ്ക്കും. എടുത്തു പറയേണ്ട മറ്റൊരു പ്രകടനം എബിയുടെ സുഹൃത്തിന്റെ വേഷത്തിലെത്തിയ അഭിഷേകിന്റെതാണ്. അപൂര്‍വ രാഗത്തിലൂടെ സിനിമയില്‍ വന്ന അഭിഷേക് മികച്ച അഭിനേതാവ് ആകുമെന്ന്
യാതൊരു സംശയവുമില്ല. ഇവര്‍ക്കൊപ്പം, റീന ബഷീര്‍, ശ്രീജിത്ത്‌ രവി, അനില്‍ മുരളി എന്നിവരുമുണ്ട് ഈ സിനിമയില്‍.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്
1. സംവിധാനം
2. ചായാഗ്രഹണം, പാട്ടുകള്‍ 
3. ആസിഫ് അലി, നിത്യ മേനോന്‍
    

സിനിമയുടെ മൈനസ് പോയിന്റ്സ്
1. പുതുമയില്ലാത്ത കഥ
2. കണ്ടുമടുത്ത കഥ സന്ദര്‍ഭങ്ങള്‍
3. തിരക്കഥ


വയലിന്‍ റിവ്യൂ: സംഗീതത്തിനും പ്രണയത്തിനും പ്രാധാന്യമുള്ള സിബി മലയിലിന്റെ ഈ വയലിനില്‍,  സംഗീത സാന്ദ്രമായ പ്രണയ രംഗങ്ങളോ, പ്രണയത്തിനു അനിയോജ്യമായ സംഗീതമോ ഇല്ല. 

വയലിന്‍ റേറ്റിംഗ്: ആവറേജ് [ 2.5 / 5 ]    

സംവിധാനം: സിബി മലയില്‍
കഥ,തിരക്കഥ,സംഭാഷണം: വിജു രാമചന്ദ്രന്‍
നിര്‍മ്മാണം: എ.ഓ.പി.എല്‍ 
ചായാഗ്രഹണം: മനോജ്‌ പിള്ള
ചിത്രസംയോജനം: ബിജിത്ത് ബാല
വരികള്‍: റഫീക്ക് അഹമ്മദ്‌
സംഗീതം: ബിജിബാല്‍, ആനന്ദ്‌ രാജ് ആനന്ദ്