28 Feb 2012

ഫാദേര്‍സ് ഡേ

ഇഷ്ടം, നമ്മള്‍, സ്വന്തം ലേഖകന്‍, ആഗതന്‍ എന്നീ സിനിമകളുടെ തിരക്കഥകൃത്ത് കലവൂര്‍ രവികുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയാണ് ഫാദേഴ്സ് ഡേ. അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെയും, പിതൃത്വം അന്വേഷിച്ചുള്ള ഒരു മകന്റെ യാത്രയും പ്രതീകാരവുമാണ് ഫാദേഴ്സ് ഡേ എന്ന സിനിമയുടെ കഥ. പുതുമുഖം ഷേഹിന്‍ നായകാനായ ഈ സിനിമയില്‍ 2010ലെ മിസ്സ്‌ കേരളയായി തിരഞ്ഞെടുത്ത ഇന്ദു തമ്പിയാണ് നായിക. അമ്മയുടെ വേഷത്തിലെത്തുന്നത് രേവതിയാണ്‌. ഭരത് ക്രിയേഷന്‍സിന്റെ ബാനറില്‍ ഭരത് സാമുവല്‍ നിര്‍മ്മിച്ച ഫാദേഴ്സ് ഡേ, കലവൂര്‍ രവികുമാര്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ്. എസ.ജി.രാമന്‍ ചായാഗ്രഹണം നിര്‍വഹിച്ച ഈ സിനിമയുടെ ചിത്രസന്നിവേശം നിര്‍വഹിച്ചത് കെ.ശ്രീനിവാസാണ്. ഓ.എന്‍.വി.കുറുപ്പ്, രാജീവ്‌ ആലുങ്കല്‍, ബി.ശ്രീലേഖ എന്നിവര്‍ എഴുതിയ പാട്ടിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയത് എം.ജി.ശ്രീകുമാര്‍, സജിന്‍ മംഗലത്ത് എന്നിവര്‍ ചേര്‍ന്നാണ്. ഔസേപ്പച്ചനാണ് പശ്ചാത്തല സംഗീതം. 

നാല് വ്യക്തികളുടെ ശാരീരിക പീഡനത്തിനിരയായതിന്റെ മാനസിക വിഷമം അനുഭവിച്ചുകൊണ്ട് വര്‍ഷങ്ങളായി ജീവിക്കുന്ന സീതാലക്ഷ്മി എന്ന കോളേജ് അധ്യാപികയെ തേടി, അതെ കോളേജിലേക്ക് ജോസഫ്‌ കെ. ജോസഫ് എന്ന 22 വയസുള്ള ഗവേഷണ വിദ്യാര്‍ഥി എത്തുന്നു. ചില പ്രത്യേക ലക്ഷ്യവുമായി എത്തുന്ന ജോസഫ് കെ.ജോസഫിനെ സാഹയിക്കുന്നത് സീതാലക്ഷ്മിയുടെ അനന്തരവളാണ്. സീതാലക്ഷ്മിയുടെ ജീവിതത്തിലുണ്ടായ ദുരന്തങ്ങളുടെ കാരണക്കാരെ കണ്ടുപിടിക്കുക എന്നതാണ് ജോസഫിന്റെ ലക്‌ഷ്യം. ജോസഫ് അവരെ കണ്ടുപിടിക്കുമോ, അവരോടു പ്രതികാരം ചെയ്യുമോ എന്നതാണ് ഈ സിനിമയുടെ കഥ. ജോസെഫായി ഷേഹിനും, സീതലക്ഷ്മിയായി രേവതിയും അഭിനയിക്കുന്നു. ഇവരെ കൂടാതെ, ലാല്‍, വിനീത്, ശങ്കര്‍, സുരേഷ് കൃഷ്ണ, ജഗതി ശ്രീകുമാര്‍, വിജയ്‌ മേനോന്‍, ഇടവേള ബാബു, വെട്ടുകിളി പ്രകാശ്, ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി, കെ.പി.എ.സി.ലളിത, റീന ബഷീര്‍, മായ വിശ്വനാഥ്, ലക്ഷ്മിപ്രിയ എന്നിവരാണ് ഈ സിനിമയിലെ മറ്റു അഭിനേതാക്കള്‍. 

കഥ, തിരക്കഥ: എബവ് ആവറേജ്
ആഗതന്‍, നവാഗതര്‍ക്ക് സ്വാഗതം എന്നീ സിനിമകള്‍ക്ക്‌ ശേഷം കലവൂര്‍ രവികുമാര്‍ കഥയും തിരക്കഥയും സംഭാഷണങ്ങളും എഴുതിയ സിനിമയാണ് ഫാദേഴ്സ് ഡേ. അമ്മയെയും അമ്മയുടെ ഭൂതകാലവും അതിനു കാരണക്കാരെയും അന്വേഷിക്കാനെത്തുന്ന ഒരു മകന്റെ അമ്മയോടുള്ള സ്നേഹതതിന്റെയും അമ്മയെ ദ്രോഹിച്ചവരോടുള്ള പ്രതികാരത്തിന്റെയും കഥയാണ് ഫാദേഴ്സ് ഡേ സിനിമയിലൂടെ കലവൂര്‍ രവികുമാര്‍ പറയുവാന്‍ ഉദ്ദേശിച്ചത്. ശക്തമായ ഒരു പ്രമേയവും കഥയും ഈ സിനിമയ്ക്കുണ്ടെങ്കിലും, കെട്ടുറപ്പില്ലാത്ത കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും ഈ സിനിമയെ ഒരു ശരാശരി സിനിമയാക്കി മാറ്റി. സിനിമയുടെ രണ്ടാം പകുതിയില്‍ വില്ലനാമാര്‍ മാനസിക സങ്കര്‍ഷം  അനുഭവിക്കുന്നതിനു വേണ്ടി ജോസഫ് പറയുന്ന സംഭാഷണങ്ങളൊന്നും പ്രേക്ഷകരെ ത്രിപ്തിപെടുത്തുന്നില്ല. എന്നാല്‍, അമ്മയും മകനും തമ്മിലുള്ള സംഭാഷണങ്ങള്‍ മികവു പുലര്‍ത്തിയിട്ടുണ്ട്. സിനിമയുടെ ക്ലൈമാക്സില്‍ അമ്മ മകനെ തിരിച്ചറിയുന്ന രംഗങ്ങളും മകന് അമ്മയോടുള്ള സ്നേഹം പ്രകടിപ്പിക്കുന്ന രംഗങ്ങളും ഈ സിനിമയുടെ മികച്ച രംഗങ്ങളില്‍ പെടുന്നു. ആരും സിനിമയക്കുവാന്‍ ധൈര്യം കാണിക്കാത്ത ഒരു പ്രമേയം തിരഞ്ഞെടുത്തതിനു കലവൂര്‍ രവികുമാര്‍ പ്രശംസ അര്‍ഹിക്കുന്നു. 


സംവിധാനം: ബിലോ ആവറേജ്
തിരക്കഥകൃത്തുക്കള്‍ സംവിധായകരായ ഭൂരിഭാഗം മലയാള സിനിമകളും പരാജയത്തിന്റെ കയിപ്പറിഞ്ഞവയാണ്. കലവൂര്‍ രവികുമാര്‍ സംവിധാനം ചെയ്ത ഫാദേഴ്സ് ഡേയുടെ വിധിയും മറിച്ചല്ല. ശക്തമായ ഒരു പ്രമേയം വിശ്വസനീയമായ രീതിയില്‍ സംവിധാനം ചെയ്യുന്നതില്‍ കലവൂര്‍ രവികുമാര്‍ പരാജയപെട്ടു. അമ്മയും മകനും തമ്മിലുള്ള ആത്മബന്ധം വെളിവാകുന്ന ക്ലൈമാക്സ് ഉള്‍പ്പടെയുള്ള രംഗങ്ങള്‍ മികച്ച രീതിയില്‍ സംവിധാനം ചെയ്യുവാന്‍ സാധിച്ച സംവിധായകന്, നായകന്‍ പ്രതികാരം വീട്ടുന്ന രംഗങ്ങള്‍ നല്ല രീതിയില്‍ ചിത്രീകരിക്കുവാന്‍ സാധിച്ചില്ല. അതുപോലെ തന്നെ, മികച്ച നടന്മാരായ ലാല്‍, വിനീത്, ജഗതി ശ്രീകുമാര്‍ എന്നിവരെ പൂര്‍ണമായി ഉപയോഗിക്കുവാനും സാധിച്ചില്ല. മികച്ച രീതിയില്‍ ഈ സിനിമ സംവിധാനം ചെയ്തിരിന്നുവെങ്കില്‍, ഈ സിനിമ പ്രേക്ഷകര്‍ സ്വീകരിക്കുമായിരുന്നു.
  

സാങ്കേതികം: ആവറേജ്
എസ.ജെ.രാമന്‍ ചായാഗ്രഹണം നിര്‍വഹിച്ച ഫാദേഴ്സ് ഡേയിലെ ദ്രിശ്യങ്ങള്‍ സിനിമയ്ക്കുതക്കുന്നവയയിരുന്നു. എസ്.ജെ. രാമന്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ സന്നിവേശം ചെയ്തത് കെ.ശ്രീനിവാസനാണ്. സിനിമയുടെ പലയിടങ്ങളിലും ഇഴച്ചില്‍ അനുഭവപെടുന്ന രീതിയിലാണ് ഈ സിനിമ സന്നിവേശം ചെയ്തിരിക്കുന്നത്.
രണ്ടു പാട്ടുകളുള്ള ഈ സിനിമയുക്ക് വേണ്ടി ഓ.എന്‍.വി.കുറുപ്പ്, രാജീവ്‌ ആലുങ്കല്‍, ബി.ശ്രീലേഖ എന്നിവര്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയത് എം.ജി.ശ്രീകുമാര്‍, സജിന്‍ മംഗലത്ത് എന്നിവര്‍ ചേര്‍ന്നാണ്. ഔസേപ്പച്ചനാണ് പശ്ചാത്തല സംഗീതം.

അഭിനയം: എബവ് ആവറേജ്
നന്ദനം, മിഴിരണ്ടിലും, ഇന്ത്യന്‍ റുപ്പി എന്നീ സിനിമകള്‍ക്ക്‌ ശേഷം രേവതിയ്ക്ക് ലഭിച്ച ഏറ്റവും മികച്ച കഥാപാത്രമാണ് ഈ സിനിമയിലെ സീതാലക്ഷ്മി. മനോഹരമായി രേവതി സീതാലക്ഷ്മിയെ അവതരിപ്പിച്ചിട്ടുമുണ്ട്. രേവതിയുടെ മകനായി അഭിനയിച്ച ഷേഹിന്‍ പ്രേക്ഷകരെ നിരാശപെടുത്താത്ത  അഭിനയമാണ് ഈ സിനിമയില്‍ നടത്തിയിരിക്കുന്നത്. അതുപോലെ തന്നെ, വിനീതും, ഇന്ദു തമ്പിയും, ലാലും അവരവരുടെ കഥാപാത്രങ്ങള്‍ ഭംഗിയാക്കി. എന്നാല്‍ ശങ്കര്‍, സുരേഷ് കൃഷ്ണ, ഇടവേള ബാബു, വിജയ്‌ മേനോന്‍ എന്നിവരുടെ അഭിനയം പ്രതീക്ഷച്ചതു പോലെ മികച്ചതായില്ല.


സിനിമയുടെ പ്ലസ് പോയിന്റ്സ്:
1. പ്രമേയം, കഥ
2. ഷേഹിന്‍, രേവതി, വിനീത് എന്നിവരുടെ അഭിനയം
3. ക്ലൈമാക്സ്

 
സിനിമയുടെ മൈനസ് പോയിന്റ്സ്:
1. സംവിധാനം
2. സംഭാഷണങ്ങള്‍ 
 


ഫാദേഴ്സ് ഡേ റിവ്യൂ: ശക്തമായ ഒരു പ്രമേയം തിരഞ്ഞെടുത്ത കലവൂര്‍ രവികുമാറിന്, നല്ല കഥാസന്ദര്‍ഭങ്ങള്‍ രചിക്കുവാനോ മികച്ച രീതിയില്‍ സിനിമ സംവിധാനം ചെയ്യുവാനോ സാധിച്ചില്ല എന്നതാണ് ഫാദേഴ്സ് ഡേ ശ്രദ്ധിക്കാപെടാതെ പോകുവാനുള്ള കാരണം.
  

ഫാദേഴ്സ് ഡേ റേറ്റിംഗ്: 4.80 / 10
കഥ, തിരക്കഥ: 6 / 10 [എബവ് ആവറേജ്]
സംവിധാനം: 3 / 10 [ബിലോ ആവറേജ്]
സാങ്കേതികം: 2.5 / 5 [ആവറേജ്]
അഭിനയം: 3 / 5 [എബവ് ആവറേജ്]
ടോട്ടല്‍: 14.5 / 30 [4.8 / 10]


രചന, സംവിധാനം: കലവൂര്‍ രവികുമാര്‍
നിര്‍മ്മാണം: ഭരത് സാമുവല്‍
ബാനര്‍: ഭരത് ക്രിയേഷന്‍സ്
ചായാഗ്രഹണം: എസ.ജെ.രാമന്‍
ചിത്രസന്നിവേശം: കെ.ശ്രീനിവാസന്‍
വരികള്‍:
ഓ.എന്‍.വി.കുറുപ്പ്, രാജീവ്‌ ആലുങ്കല്‍, ബി.ശ്രീലേഖ
സംഗീതം:
എം.ജി.ശ്രീകുമാര്‍, സജിന്‍ മംഗലത്ത്
പശ്ചാത്തല സംഗീതം: ഔസേപ്പച്ചന്‍

നിദ്ര

വിജയ്‌ മേനോന്‍,ശാന്തി കൃഷ്ണ, ലാലു അലക്സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മണ്മറഞ്ഞുപോയ അതുല്യപ്രതിഭ ശ്രി.ഭരതന്‍ 1981ല്‍ അണിയിച്ചൊരുക്കിയ സിനിമയാണ് നിദ്ര. 31 വര്‍ഷങ്ങള്‍ക്കു ശേഷം ലുക്സാം ക്രിയെഷന്സിനു വേണ്ടി ഭരതന്റെ മകന്‍ സിദ്ധാര്‍ഥ് ഭരതന്‍ നിദ്ര എന്ന സിനിമയെ പുനരാവിഷ്കരിചിരിക്കുന്നു. വിജയ്‌ മേനോന്‍ അവതരിപിച്ച നായക കഥാപാത്രം പുതിയ നിദ്രയില്‍ അവതരിപ്പിച്ചിരിക്കുന്നത് സംവിധായകന്‍ കൂടിയായ സിദ്ധാര്‍ഥ് ഭരതനാണ്. റീമ കല്ലിങ്ങല്‍ നായികയായ ഈ സിനിമയില്‍ നമ്മള്‍ ഫെയിം ജിഷ്ണു രാഘവന്‍, തലൈവാസല്‍ വിജയ്‌, വിജയ്‌ മേനോന്‍, മണികണ്ടന്‍, ശിവജി ഗുരുവായൂര്‍, രാജിവ് പരമേശ്വരന്‍, കെ.പി.എ.സി.ലളിത, സരയൂ, അംബിക മോഹന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഭരതന്‍ എഴുതിയ തിരക്കഥയ്ക്കും സംഭാഷണങ്ങള്‍ക്കും കാലാനുശ്രിതമായ മാറ്റങ്ങള്‍ വരുത്തിയാണ് സിദ്ധാര്‍ഥ് പുതിയ നിദ്ര ഒരുക്കിയത്. സോള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ സിനിമയുടെ കഥ എഴുതിയ സന്തോഷ്‌ എച്ചിക്കാനവും സിദ്ധാര്തും ചേര്‍ന്നാണ് നിദ്രയുടെ തിരക്കഥയിലും സംഭാഷണങ്ങളിലും മാറ്റങ്ങള്‍ വരുത്തിയത്. ചാപ്പ കുരിശ് എന്ന സിനിമയുടെ സംവിധായകനും ബിഗ്‌ ബി, ഡാഡി കൂള്‍ സിനിമകളുടെ ചായഗ്രഹകനുമായ സമീര്‍ താഹിര്‍ ആണ് നിദ്രയ്ക്കു വേണ്ടി മനോഹരമായ വിഷ്വല്‍സ് ഒരുക്കിയത്. റഫീക്ക് അഹമ്മദ്‌ എഴുതിയ വരികള്‍ക്ക് ജാസി ഗിഫ്റ്റ് ഈണം പകര്‍ന്ന മൂന്ന് പാട്ടുകളാണ് സിനിമയിലുള്ളത്. ഭവന്‍ ശ്രീകുമാറാണ് ചിത്രസന്നിവേശം. 

ചാലകുടിയിലെ പ്രശസ്തമായ തറവാട്ടിലെ മേനോന്റെ മൂന്ന് ആണ്മക്കളില്‍ രണ്ടാമനാണ് രാജു. ഉപരിപടനത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തിയ രാജു കളിക്കൂട്ടുകാരിയായ ആശ്വതിയുമായി പ്രണയത്തിലാണ്. മേനോന്റെ തറവാട്ടിലെ ഡ്രൈവര്‍ ആയിരുന്ന ആളുടെ മകളാണ് അശ്വതി എന്നറിഞ്ഞിട്ടും മേനോന്‍ ആ വിവാഹത്തിനു സമ്മതം നല്‍കിയതിനു പിന്നിലൊരു കാരണമുണ്ട്. രോഗബാധിതനായ മേനോന്റെ ഭാര്യയുടെ മരണവാര്‍ത്ത അറിഞ്ഞ രാജുവിന്, അമ്മയുടെ മരണം വരുത്തിയ ദുഃഖം അവന്റെ മാനസിക നില തെറ്റിക്കുന്ന അവസ്ഥയിലെത്തിച്ചു. ഒരുപാട് നാളത്തെ ശുശ്രൂഷയ്ക്ക് ശേഷമാണ് രാജു പൂര്‍ണ ആരോഗ്യവാനായി ജീവിതത്തിലേക്ക് മടങ്ങിവന്നത്. അത് കൊണ്ട് തന്നെ രാജുവിന്റെ ഏതാഗ്രഹവും മേനോന്‍ സാധിച്ചു കൊടുക്കുവാന്‍ തയ്യാറായിരുന്നു. ജീവിതത്തോട് വ്യതസ്തമായ കാഴ്ചപ്പാടുകള്‍ ഉള്ള, കാടുകളെയും മരങ്ങളെയും പുഴകളെയും പ്രകൃതിയെയും ഒരുപാട് സ്നേഹിക്കുന്ന, സ്വഭാവത്തില്‍ വളരെയേറ പ്രത്യേകതകളുള്ള രാജവിന്റെ അസുഖം ആശ്വതിയ്ക്കും അറിയാമായിരുന്നു. മേനോന്റെ ആദ്യപുത്രന്‍ വിശ്വം ആകട്ടെ പണം ഉണ്ടാക്കണം എന്ന ആഗ്രഹുവുമായി വന്‍കിട ബിസിനസ്‌ പദ്ധതികളെല്ലാം നടപ്പിലാക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണ്. വിശ്വവും അയാളുടെ അളിയന്മാരും മേനോന്റെ വീടിരിക്കുന്ന പരിസരത്തുള്ള കാടും മരങ്ങളും നശിപിച്ചു അവിടെ വലോയൊരു റിസോര്‍ട്ട് നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ്. ഇതറിയുന്ന രാജു അതിനെതിരെ പ്രതികരിക്കുകയും അവരുമായി നിരന്ധരം വഴക്കിടുകയും ചെയ്യുന്നു. സാധാരണ രീതിയില്‍ ചിന്തിക്കുന്ന ഏതൊരു മനുഷ്യനും രാജുവിന് ഭ്രാന്താണെന്നെ തോന്നുകയുള്ളൂ. പക്ഷെ, വേറിട്ട രീതിയില്‍ ചിന്തിക്കുന്ന രാജുവിനെ അയാളുടെ ഭാര്യ അശ്വതി ഒഴികെ മറ്റെലാവരും ഭ്രാന്തനായി ചിത്രീകരിക്കുന്നു. ഈ സംഭവങ്ങളോട് രാജു എങ്ങനെയൊക്കെ പ്രതികരിക്കുന്നു, അയാളുടെ ജീവിതത്തില്‍ പിന്നീട് എന്തൊക്കെ സംഭവിക്കുന്നു എന്നതാണ് ഈ സിനിമയുടെ കഥ.

കഥ-തിരക്കഥ: ഗുഡ്
1981ല്‍ ഭരതന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത നിദ്ര എന്ന സിനിമയുടെ റീമേക്ക് ആണ് സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത 2012ലെ നിദ്ര. ഭരതന്റെ നിദ്രയിലെ തിരക്കഥയില്‍ കാലാനുശ്രിതമായ മാറ്റങ്ങള്‍ മാത്രം വരുത്തിയാണ് സിദ്ധാര്‍ഥ് ഈ സിനിമയുടെ തിരക്കഥ രചന നിര്‍വഹിച്ചിരിക്കുന്നത്. നല്ല സിനിമകളുടെ അടിസ്ഥാനം കെട്ടുറപ്പുള്ള ശക്തമായ തിരക്കഥ തന്നെ എന്ന് ഈ സിനിമയിലൂടെ പ്രേക്ഷകര്‍ക്ക്‌ തിരിച്ചറിയാന്‍ സാധിക്കും. മലയാള സിനിമകളിലെ നല്ല സിനിമകളുടെ പട്ടികയെടുത്തു നോക്കിയാല്‍ ഭരതന്റെ തിരക്കഥയിലുള്ളതും സംവിധാനത്തിലുള്ളതുമായ സിനിമകളുടെ എണ്ണം ഒരുപാടുണ്ടാകും. ഭരതന്‍ സംവിധാനം ചെയ്ത സിനിമകളില്‍ ഒട്ടും തന്നെ ശ്രദ്ധിക്കപെടാത്ത സിനിമയായിരുന്നു നിദ്ര. അതുകൊണ്ട് തന്നെയായിരിക്കും സിദ്ധാര്‍ഥ് ഇന്നത്തെ തലമുറയിലുള്ള പ്രേക്ഷകര്‍ക്കായി ആ സിനിമ റീമേക്ക് ചെയ്യുവാന്‍ തീരുമാനിച്ചത്. സിനിമയുടെ ആദ്യപകുതിയില്‍ സിദ്ധാര്‍ഥ് - റീമ എന്നിവര്‍ വര്‍ഷങ്ങള്‍ക്കു ശേഷം കാണുകയും, ഇപ്പോഴും പരസ്പരം സ്നേഹിക്കുന്നു എന്ന് കാണിക്കുന്ന രംഗങ്ങളും ഒഴികെ മറ്റെല്ലാ രംഗങ്ങളും മികവു പുലര്‍ത്തിയത്‌ കൊണ്ടാവണം ഈ സിനിമ പ്രേക്ഷകരെ ഏറെ രസിപ്പിച്ചത്‌. ഭരതന്‍ എന്ന അതുല്യ പ്രതിഭയുടെ എല്ലാ സിനിമകളും ഇന്നത്തെ തലമുറയിലെ പ്രേക്ഷകര്‍ക്കായി റീമേക്ക് ചെയ്യപെടും എന്ന് കരുതാം.

സംവിധാനം: വെരി ഗുഡ്
സിദ്ധാര്‍ഥ് ആദ്യമായി സംവിധാനം ചെയുന്ന സിനിമയാണ് നിദ്ര. സാധാരണ ഏതൊരു മനുഷ്യനെയും പോലെ ചെറിയ ചെറിയ മാനസിക പ്രശ്നങ്ങളുള്ള, വേറിട്ട രീതിയില്‍ ചിന്തികുകയും പ്രവര്‍ത്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന രാജു എന്ന വ്യക്തിയെ സമൂഹം എങ്ങനെ നോക്കികാണുന്നു എന്ന ഭരതന്റെ കഥയെ ഏറ്റവും മനോഹരമായി സംവിധാനം ചെയ്തിരിക്കുകയാണ് സിദ്ധാര്‍ഥ്. പഴയ നിദ്രയുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറിയ തെറ്റ്കുറ്റങ്ങളൊക്കെ തിരക്കഥയില്‍ [സിദ്ധാര്‍ഥ് എഴുതിയ തിരക്കഥ] ഉണ്ടെങ്കിലും, ഒരു സംവിധായകനെന്ന നിലയില്‍ മികച്ച അഭിനേതാക്കളെ അഭിനയിപ്പികുകയും, നല്ല സാങ്കേതിക മികവോടെ സിനിമയെ സമീപിക്കുകയും, അതിശയോക്തിയില്ലാതെ വിശ്വസനീയമായ രീതിയില്‍ കഥ പറഞ്ഞുപോവുകയും ചെയ്തിരിക്കുന്നു സിദ്ധാര്‍ഥ്. മലയാള സിനിമയില്‍ നല്ല സിനിമകള്‍ അവസാനിച്ചിട്ടില്ല എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് നിദ്ര സിനിമയുടെ നിര്‍മ്മാതാവ് ലുക്ക്സാം ക്രിയേഷന്‍സിന്റെ സാരഥി സദാനന്ദന്‍. ഇന്നത്തെ തലമുറയിലുള്ള പ്രേക്ഷകര്‍ ഈ സിനിമ സ്വീകരിക്കുമോ എന്നുപോലും ഉറപ്പില്ലാത്ത അവസരത്തില്‍, സംവിധായകന് പിന്തുണ നല്‍ക്കി കൊണ്ട് നിദ്ര നിര്‍മ്മിക്കാന്‍ തീരുമാനിച്ച സദാനന്ദനും, സംവിധായകന്‍ സിദ്ധാര്‍ത്തിനും അഭിനന്ദനങ്ങള്‍!


സാങ്കേതികം: ഗുഡ്
ബിഗ്‌ ബി എന്ന സിനിമയിലൂടെ മികച്ച ചായഗ്രഹകനാണ് താനെന്നു തെളിയിച്ച സമീര്‍ താഹിര്‍ ആണ് നിദ്രയ്ക്കു വേണ്ടി ചായാഗ്രഹണം നിര്‍വഹിച്ചത്. മനോഹരമായ വിഷ്വല്‍സ് ഒരുക്കി ഈ സിനിമയെ സമ്പന്നമാക്കാന്‍ സമീറിന് സാധിച്ചു. സമീര്‍ ചിത്രീകരിച്ച രംഗങ്ങള്‍ സന്നിവേശം ചെയ്ത ഭവന്‍ ശ്രീകുമാറും മികവു പുലര്‍ത്തി. ഭ്രാന്തമായ അവസ്ഥയിലേക്ക് നായക കഥാപാത്രം പോകുന്ന രംഗങ്ങള്‍ക്ക് അനിയോജ്യമായ പശ്ചാത്തല സംഗീതം ഒരുക്കിയ പ്രശാന്ത്‌ പിള്ളയും മികവു തെളിയിച്ചു. റഫീക്ക് അഹമ്മദ്‌ എഴുതിയ വരികള്‍ക്ക് ജാസി ഗിഫ്റ്റ് ഈണമിട്ട പാട്ടുകളും നന്നായി. ഈ സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച ഓരോ സാങ്കേതിക പ്രവര്‍ത്തകരും ഈ സിനിമയുടെ വിജയത്തില്‍ പങ്കാളികളാണ്.


അഭിനയം: ഗുഡ്
നമ്മള്‍ എന്ന കമല്‍ സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന നടന്മാരാണ് ഭരതന്റെ മകന്‍ സിദ്ധാര്‍ഥ് ഭരതനും, രാഘവന്റെ മകന്‍ ജിഷ്ണു രാഘവനും. ഇവര്‍ രണ്ടുപേരും അനുജനും ചേട്ടനുമായാണ് നിദ്രയില്‍ അഭിനയിക്കുന്നത്. രാജു എന്ന കഥാപാത്രത്തെ അതിമനോഹരമായി അവതരിപിച്ചു കൊണ്ട് ശക്തമായ തിരിച്ചുവരവ്‌ നടത്തിയിക്കുകയാണ് സിദ്ധാര്‍ഥ്. അശ്വതി എന്ന കഥാപത്രം അനുഭവിക്കേണ്ടി വരുന്ന മാനസിക സംഘര്‍ഷങ്ങള്‍ വിശ്വസനീയമായ രീതിയില്‍ അഭിനയിച്ചു ബലിപ്പിക്കാന്‍ സാധിച്ച റീമ കല്ലിങ്ങലും മികവു പുലര്‍ത്തി. മികച്ച നടനും നടിയ്ക്കും ഉള്ള സംസ്ഥാന അവാര്‍ഡ്‌ വരെ ലഭിക്കാന്‍ സാധ്യതയുള്ള രീതിയിലാണ് സിദ്ധാര്‍ഥ്-റിമ എന്നിവര്‍ ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. മേനോനായി തലൈവാസല്‍ വിജയും, വിശ്വം ആയി ജിഷ്ണുവും, രാജുവിന്റെ ഡോക്ടറിന്റെ വേഷത്തില്‍ വിജയ്‌ മേനോനും, രാജുവിന്റെ ചേട്ടത്തിയമ്മയായി സരയുവും നല്ല അഭിനയം കാഴ്ച്ചവെചിരിക്കുന്നു. ഇവരെ കൂടാതെ മണികണ്ടന്‍, ശിവജി ഗുരുവായൂര്‍, കെ.പി.എ.സി.ലളിത, അംബിക മോഹന്‍ എന്നിവരും ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നു.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. കഥ, തിരക്കഥ, സംഭാഷണങ്ങള്‍
2. സിദ്ധാര്‍ഥ് ഭരതന്റെ സംവിധാനവും അഭിനയവും
3. സന്തോഷ്‌ എച്ചിക്കാനം എഴുതിയ സംഭാഷണങ്ങള്‍
4. സിദ്ധാര്‍ത്, റിമ കല്ലിങ്ങല്‍ എന്നിവരുടെ മികവുറ്റ അഭിനയം
5. സമീര്‍ തഹിറിന്റെ ചായാഗ്രഹണം
6. പ്രശാന്ത്‌ പിള്ളയുടെ പശ്ചാത്തല സംഗീതം 



സിനിമയുടെ മൈനസ് പോയിന്റ്സ്:
1. സിനിമയുടെ തുടക്കത്തിലുള്ള രംഗങ്ങള്‍



നിദ്ര റിവ്യൂ: ജീവിതഗന്ധിയായ കഥയുള്ള, അതിയശയോക്തിയില്ലാതെ റിയാലസ്റ്റിക്ക് ആയ കഥാസന്ദര്‍ഭങ്ങളിലൂടെ വികസിക്കുന്ന, ശക്തമായ അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന, മികവുറ്റ സംവിധാനവും ചായഗ്രഹണവും പശ്ചാത്തല സംഗീതവും പാട്ടുകളും ഒക്കെയുള്ള നിദ്ര എന്ന സിനിമ കാണുമ്പോള്‍, 1980-90 കളിലെ സുവര്‍ണ്ണ കാലഘട്ടത്തിലേക്ക് മലയാള സിനിമ തിരികെപോവുകയാണോ എന്ന് നല്ല സിനിമകളെ സ്നേഹിക്കുന്ന പ്രേക്ഷകന് തോന്നിപോകും.നിദ്ര ടീമിനും സിദ്ധാര്‍ത്ഥ് ഭരതനും അഭിനന്ദനങ്ങള്‍!

നിദ്ര റേറ്റിംഗ്: 7.30 / 10
കഥ-തിരക്കഥ: 7 / 10 [ഗുഡ്]
സംവിധാനം: 8 / 10 [വെരി ഗുഡ്]
സാങ്കേതികം:
3.5 / 5 [ഗുഡ്]
അഭിനയം: 3.5 / 5 [ഗുഡ്]
 
ആകെ മൊത്തം: 22 / 30 [7.3 / 10]

സംവിധാനം: സിദ്ധാര്‍ഥ് ഭരതന്‍
കഥ, തിരക്കഥ: ഭരതന്‍
സംഭാഷണം: സന്തോഷ്‌ എച്ചിക്കാനം
ബാനര്‍: ലുക്ക്സാം ക്രിയേഷന്‍സ്
നിര്‍മ്മാണം: സദാനന്ദന്‍ ലുക്ക്സാം, ഡെബോബ്രാത് മോണ്ടാല്‍
ചായാഗ്രഹണം: സമീര്‍ താഹിര്‍
സന്നിവേശം: ഭവന്‍ ശ്രീകുമാര്‍
സംഗീതം: ജാസി ഗിഫ്റ്റ്
വരികള്‍: റഫീക്ക് അഹമ്മദ് 
പശ്ചാത്തല സംഗീതം: പ്രശാന്ത്‌ പിള്ള
 
 

25 Feb 2012

ഈ അടുത്ത കാലത്ത്


കുപ്പയില്‍ നിന്നും ചവറു സാധനങ്ങള്‍ എടുത്തു കുട്ടികള്‍ക്കായി കളിപ്പാട്ടങ്ങള്‍ ഉണ്ടാക്കി കൊടുക്കുന്ന വിഷ്ണു, മാനസിക പ്രശ്നങ്ങള്‍ കൊണ്ട് കുടുംബ ജീവിതം തകര്‍ന്നു നില്‍കുന്ന ഡോക്ടര്‍ അജയ് കുര്യന്‍, ഭര്‍ത്താവിന്റെ മാനസിക പീഡനം സഹിക്കാനാവാതെ ജീവിക്കുന്ന മാധുരി, ഒരു കുറ്റവാളിയെ പോലും പിടികൂടനാവാതെ സഹപ്രവര്‍ത്തകരുടെ പരിഹാസപാത്രമായ കമ്മിഷണര്‍ ടോം ചെറിയാന്‍, നീലച്ചിത്ര നിര്‍മ്മാണത്തിന്റെ പ്രധാന കണ്ണിയായ റുസ്തം എന്നിവരെല്ലാവരും ഒരേ നഗരത്തില്‍ ജീവിക്കുന്ന മനുഷ്യരാണ്. ഇന്നത്തെ സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്ന, എന്നാല്‍ നമ്മളാരും അറിയാതെ പോകുന്ന കുറെ സംഭവങ്ങളും, അതില്‍ അറിഞ്ഞും അറിയാതെയും പെട്ടുപോകുന്ന കുറെ ജീവിതങ്ങളുടെയും കഥയാണ് ഈ അടുത്ത കാലത്ത്. നമ്മുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, ഭ്രമരം എന്നീ സിനിമകള്‍ നിര്‍മ്മിച്ച രാഗം മൂവീസ് ആണ് ഈ അടുത്ത കാലത്ത് എന്ന സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. കോക്ക്ടെയില്‍ എന്ന സിനിമയ്ക്ക് ശേഷം അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ഈ സിനിമയുടെ രചന നിര്‍വഹിച്ചത് ഭരത് ഗോപിയുടെ മകന്‍ മുരളി ഗോപിയാണ്. അരുണ്‍ കുമാറിന്റെ സംവിധാനവും ചിത്രസന്നിവേശവും, മുരളി ഗോപിയുടെ തിരക്കഥയും കഥാപാത്രരൂപികരണവും, ഗോപി സുന്ദര്‍ ഒരുക്കിയ പശ്ചാത്തല സംഗീതവും, ഇന്ദ്രജിത്ത്, തനുശ്രീ ഘോഷ്, അനൂപ്‌ മേനോന്‍, ലെന, മുരളി ഗോപി എന്നിവരുടെ അഭിനയവും ഈ സിനിമയുടെ പ്രധാന സവിശേഷതകളാണ്.

തോപ്പില്കൊടി എന്ന ചവറുകൂപ്പയില്‍ നിന്നും പഴയ കുപ്പി പാട്ട എന്നിവ എടുത്തു കുട്ടികള്‍ക്കായി കളിപ്പാട്ടങ്ങള്‍ ഉണ്ടാക്കി വില്കുന്ന വിഷ്ണുവിന് ഒരിക്കല്‍ അവിടെ നിന്നും റൂബിക്സ് ക്യൂബ് ലഭിക്കുന്നു.റൂബിക്സ് ക്യൂബ് എന്നാല്‍ എല്ലാ വശങ്ങളും പല നിറങ്ങളുള്ള ക്യൂബ് ആകൃതിയിലുള്ള ഒരു വസ്തു.അതിലെ എല്ലാ നിറങ്ങളും ഒരേ വരിയില്‍ കൊണ്ടുവരാന്‍ സാധിച്ചാല്‍ ആ കളിയില്‍ നമ്മള്‍ വിജയിക്കും. കളി തുടങ്ങുന്നതിനു മുമ്പ് നമ്മളുടെ എല്ലാവരുടെയും ജീവിതത്തിലെ താളപിഴകള്‍ പോലെ പല പല നിറങ്ങള്‍ വേറെ വേറെ കള്ളികളിലായിരിക്കും.ഈ സിനിമയിലെ വ്യതസ്ത ശ്രേണിയില്‍ ജീവിക്കുന്ന മനുഷ്യരുടെ ജീവിതം റൂബിക്സ് ക്യൂബ് കളിയുമായി സമാനതകള്‍ ഏറെയുണ്ട് എന്നാണ് തിരക്കഥകൃത്ത്  ഉദ്ദേശിച്ചിരിക്കുന്നത്.മാനസിക പ്രശങ്ങള്‍ കാരണം കുടുംബ ജീവിതം തകര്‍ന്നു ഭാര്യയുമായി മുഴുവന്‍ സമയവും വഴിക്കിട്ടു ജീവിക്കുന്ന അജയ് കുരിയനും, അയാളുടെ പീഡനങ്ങള്‍ സഹിച്ചു ജീവിക്കുന്ന മാധുരിയും,നീലച്ചിത്ര നിര്‍മ്മാണത്തിനായി സ്ത്രീകളെ പിന്തുടരുന്ന റുസ്തം എന്ന യുവാവും,പോലിസ് കമ്മിഷണര്‍ ടോം ചെറിയാനും, പത്രപ്രവര്‍ത്തകയും മാധുരിയുടെ സുഹൃത്തുമായ രൂപയും,കുപ്പയില്‍ നിന്നും ചവറു സാധനങ്ങള്‍ എടുക്കുന്ന വിഷ്ണുവും കാരണം ചില അവിചാരിതമായ സംഭവങ്ങള്‍ ഉണ്ടാകുകയും,ആ സംഭവങ്ങള്‍ കാരണം അവരെല്ലാവരും കുഴപ്പത്തിലാകുകയും ചെയ്യുന്നു. ആ പ്രശ്നങ്ങള്‍ എങ്ങനെ അവര്‍ തരണം ചെയ്യുന്ന എന്നതാണ് ഈ സിനിമയുടെ കഥയും സസ്പെന്‍സും. വിഷ്ണുവായി ഇന്ദ്രജിത്തും, അജയ് കുരിയനായി മുരളി ഗോപിയും, മാധുരിയായി തനുശ്രീ ഘോഷും, ടോം ചെറിയാനായി അനൂപ്‌ മേനോനും, രൂപയായി ലെനയും, റുസ്തം ആയി അപൂര്‍വ രാഗം ഫെയിം നിഷാനും അഭിനയിച്ചിരിക്കുന്നു.

കഥ-തിരക്കഥ: ഗുഡ്
അനശ്വരനായ ഭരത് ഗോപിയുടെ മകന്‍ മുരളി ഗോപിയാണ് ഈ അടുത്ത കാലത്ത് എന്ന സിനിമയ്ക്ക് വേണ്ടി കഥ തിരക്കഥ സംഭാഷണങ്ങള്‍ എഴുതിയത്. രസികന്‍ എന്ന ദിലീപ് ലാല്‍ജോസ് സിനിമയ്ക്ക് ശേഷം മുരളി എഴുതിയ ഈ സിനിമയുടെ പ്രധാന സവിശേഷത എന്നത് കഥയാണ്. ഒരേ നഗരത്തില്‍ ജീവിക്കുന്ന കുറെ മനുഷ്യര്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ അവര്‍ പോലും അറിയാതെ മറ്റുള്ളവരെ ബാധിക്കുകയും, ആ പ്രശ്നങ്ങളില്‍ നിന്നും എങ്ങനെയെല്ലാം അവര്‍ രക്ഷപെടുന്നു എന്നതുമാണ്‌ ഈ സിനിമയുടെ കഥ. വിശ്വസനീയമായ സംഭവങ്ങളിലൂടെ കടന്നുപോകുന്ന കഥ, പ്രേക്ഷകരെ ആകാംഷയുടെ മുള്ള്മുനയില്‍ എത്തിക്കുന്നു. റൂബിക്സ് ക്യൂബും ജീവിതവുമായി ബന്ധപെടുതിയത് കൊണ്ട് കഥയില്‍ പ്രേക്ഷകര്‍ക്ക്‌ കൂടുതല്‍ വിശ്വാസം വരുത്തുവാന്‍ മുരളിയ്ക്ക് സാധിച്ചു. ഓരോ കഥാപാത്രങ്ങള്‍ക്കും അനിയോജ്യമായ കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും നല്‍കിയതാണ് ഈ സിനിമയുടെ മറ്റൊരു സവിശേഷത. കഥയില്‍ പ്രാധാന്യമില്ലാത്ത രംഗങ്ങള്‍ ഇല്ലാത്തതും, അനാവശ്യമായ കോമാളിത്തരങ്ങള്‍ തിരക്കഥയില്‍ നിന്നും ഒഴിവാക്കിയതും പ്രേക്ഷകര്‍ക്ക്‌ പുതുമ നല്‍ക്കി. സിനിമയിലെ കുറെ രംഗങ്ങള്‍ പച്ചയായി കാണിച്ചത് കൊണ്ട് കുടുംബ പ്രേക്ഷകര്‍ ഈ സിനിമ ആസ്വദിക്കുമോ എന്നൊരു ചിന്ത മുരളി ഗോപിയ്ക്ക് ഉണ്ടായിരിന്നു കാണുമോ എന്നറിയില്ല. എന്നരിന്നാലും മുരളി ഗോപി എന്ന തിരക്കതകൃത്തു മലയാളി സിനിമയ്ക്ക് ഒരു വാഗ്ദാനം ആണെന്ന് തെളിയിച്ചിരിക്കുകയാണ് ഈ സിനിമയിലൂടെ. 
 


സംവിധാനം: ഗുഡ്
കോക്ക്ടെയില്‍ എന്ന ആദ്യ സിനിമയിലൂടെ തന്നെ നല്ലൊരു സംവിധായകനെന്ന് തെളിയിച്ച അരുണ്‍ കുമാര്‍ അരവിന്ദിന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ് ഈ
അടുത്ത കാലത്ത്. രണ്ടാമത്തെ സിനിമയിലും പ്രേക്ഷകരെ ആസ്വദിപ്പിക്കുവാനും ത്രില്ലടിപ്പിക്കുവാനും അരുണ്‍ കുമാറിന് സാധിച്ചു. ഏതൊരു സംവിധായകനും വെല്ലുവെളി ഉയര്‍ത്തുന്ന രീതിയിലുള്ള ഒരു കഥയാണ് ഈ സിനിമയുടേതു. വിശ്വസനീയമായ രീതിയില്‍ ഈ സിനിമ സംവിധാനം ചെയ്തില്ലായിരുന്നു എങ്കില്‍ പ്രേക്ഷകര്‍ ഈ സിനിമയെ സ്വീകരിക്കുമായിരുന്നില്ല. ഓരോ വ്യക്തികളുടെയും ജീവിതം കോര്‍ത്തിണക്കിയ രീതിയിലാണ് ഈ സിനിമയുടെ കഥ മുമ്പോട്ടു പോകുന്നത്. ആ രംഗങ്ങളെല്ലാം നല്ല രീതിയില്‍ സംവിധാനം ചെയ്യുകയും മനോഹരമായി കൂട്ടിയോജിപ്പികുയും ചെയ്തിരിക്കുകയാണ് ചിത്രസന്നിവേശകന്‍ കൂടിയായ സംവിധായകന്‍ അരുണ്‍ കുമാര്‍. മലയാള ഭാഷ അറിയാത്ത അഭിനേത്രി തനുശ്രീ എന്ന നടിയെയും അപൂര്‍വ രാഗം ഫെയിം നിഷാനെയും ഈ സിനിമയില്‍ അഭിനയിപ്പിച്ച രീതി പ്രശംസനീയം തന്നെ. അതുപോലെ തന്നെ ഓരോ കഥാപാത്രങ്ങള്‍ക്കും അനിയോജ്യരായ നടീനടന്മാരെ അഭിനയിപ്പിച്ചതാണ് സംവിധായകന്‍ എന്ന നിലയില്‍ അരുണ്‍ കുമാര്‍ ചെയ്ത മികച്ച കാര്യങ്ങളില്‍ ഒന്ന്. സംവിധായകനെന്ന നിലയില്‍ അരുണ്‍ ശ്രദ്ധിക്കാതെ പോയ ഒരേയൊരു കാര്യം എന്നത് ഈ സിനിമയുടെ 2 മണിക്കൂര്‍ 45 മിനിറ്റ് ദൈര്‍ഘ്യമാണ്. ത്രില്ലര്‍ ഗണത്തില്‍ പെടുന്ന സിനിമകളുടെ ദൈര്‍ഘ്യം ആ സിനിമയുടെ ആസ്വാദനതിനെ ദോഷകരമായി ബാധിച്ചേക്കാം. 

സാങ്കേതികം: ഗുഡ്
ഈ സിനിമയിലെ സാങ്കേതിക വശങ്ങളില്‍ ഏറ്റവും മികച്ചു നില്‍ക്കുന്നത് ഗോപി സുന്ദര്‍ ഒരുക്കിയ പശ്ചാത്തല സംഗീതമാണ്. ഓരോ രംഗങ്ങള്‍ക്ക് അനിയോജ്യമായ സംഗീതം ഒരുക്കിയത് കൊണ്ട് പ്രേക്ഷകര്‍ക്ക്‌ ആ രംഗങ്ങളെല്ലാം ത്രില്ലിങ്ങായി അനുഭവപെട്ടു. ചായഗ്രഹകന്‍ ഷേഹ്നാദ് ജലാല്‍ ഒരിക്കിയ ദ്രിശ്യങ്ങള്‍ ഈ സിനിമയ്ക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്. ആ രംഗങ്ങളെല്ലാം കൃത്യമായി കൂട്ടിയോജിപ്പിച്ച സംവിധായകന്‍ അരുണും മികവു പുലര്‍ത്തി.


അഭിനയം: ഗുഡ്
ഇന്ദ്രജിത്ത്, മുരളി ഗോപി, അനൂപ്‌ മേനോന്‍, നിഷാന്‍, ജഗതി ശ്രീകുമാര്‍, ബൈജു, ദിനേശ് പണിക്കര്‍, ഇന്ദ്രന്‍സ്, മണികണ്ടന്‍, തനുശ്രീ ഘോഷ്, മൈഥിലി, ലെന, ശാന്തകുമാരി എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍. ഇന്ദ്രജിത്തും, തനുശ്രീ ഘോഷും, അനൂപ്‌ മേനോനും, ലെനയും, മുരളി ഗോപിയും, ജഗതി ശ്രീകുമാറും മനോഹരമായ അഭിനയമാണ് കാഴ്ച്ചവെചിരിക്കുന്നത്. കുറെ നാളുകള്‍ക്കു ശേഷം ഇന്ദ്രജിത്തിന് ലഭിക്കുന്ന നല്ലൊരു കഥാപാത്രമാണ് ഈ സിനിമയിലെ വിഷ്ണു. തിരുവനന്തപുരം നഗരത്തിലെ ഭാഷ നന്നായിത്തന്നെ കൈകാര്യം ചെയ്തിരിക്കുന്നു ഇന്ദ്രജിത്ത്. മലയാള ഭാഷ അറിയാത്ത തനുശ്രീ ഘോഷ് എന്ന നടിയും മികച്ച അഭിനയമാണ് ഈ സിനിമയില്‍ നടത്തിയിരിക്കുന്നത്. അനൂപ്‌ മേനോനും, ലെനയും, ജഗതി ശ്രീകുമാറും, മുരളി ഗോപിയും അവരവരുടെ കഥാപാത്രങ്ങള്‍ മികവുറ്റതാക്കി. അതുപോലെ തന്നെ നിഷാനും ബൈജുവിനും ലഭിച്ച ഏറ്റവും മികച്ച കഥാപാത്രങ്ങളാണ് ഈ സിനിമയിലെത്.    

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.അരുണ്‍ കുമാറിന്റെ സംവിധാനം, ചിത്രസന്നിവേശം
2.മുരളി ഗോപിയുടെ തിരക്കഥയും, കഥാപാത്ര രൂപികരണവും
3.ഗോപി സുന്ദര്‍ ഒരുക്കിയ പശ്ചാത്തല സംഗീതം
4.തനുശ്രീ ഘോഷ്, ഇന്ദ്രജിത്ത്, അനൂപ്‌ മേനോന്‍, ലെന, മുരളി ഗോപി എന്നിവരുടെ അഭിനയം
5.സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതി  


സിനിമയുടെ മൈനസ് പോയിന്റ്സ്:
1.സിനിമയുടെ ദൈര്‍ഘ്യം
2.കുടുംബ പ്രേക്ഷകര്‍ക്ക്‌ ദഹിക്കാത്ത ചില രംഗങ്ങള്‍ 


ഈ അടുത്ത കാലത്ത് റിവ്യൂ: പുതുമകള്‍ കാണുവാന്‍ ആഗ്രഹിക്കുന്ന സിനിമ പ്രേക്ഷകരെ കഥാവസാനം വരെ ആകാംഷയുടെ മുള്ള്മുനയില്‍ നിര്‍ത്തികൊണ്ട് ത്രില്ലടിപ്പിക്കാന്‍ സാധിച്ച തിരക്കഥകൃത്ത് മുരളി ഗോപിയ്ക്കും, സംവിധായകന്‍ അരുണ്‍ കുമാറിനും, പശ്ചാത്തല സംഗീതം ഒരുക്കിയ ഗോപി സുന്ദറിനും, നടിനടന്മാരായ ഇന്ദ്രജിത്തിനും അനൂപ്‌ മേനോനും മുരളി ഗോപിയ്ക്കും തനുശ്രീ ഘോഷിനും ലെനയ്ക്കും അഭിനന്ദനങ്ങള്‍! 

ഈ അടുത്ത കാലത്ത് റേറ്റിംഗ്: 7.00 / 10
കഥ-തിരക്കഥ: 7 / 10 [ഗുഡ്]
സംവിധാനം: 7 / 10 [ഗുഡ്]  
സാങ്കേതികം: 3.5 / 5 [ഗുഡ്]  
അഭിനയം: 3.5 / 5 [ഗുഡ്]
ആകെ മൊത്തം: 21 / 30 [7 / 10]


ചിത്രസന്നിവേശം, സംവിധാനം: അരുണ്‍ കുമാര്‍ അരവിന്ദ്
നിര്‍മ്മാണം: രാജു മല്ലിയത് രാഗം മൂവീസ്
രചന: മുരളി ഗോപി
ചായാഗ്രഹണം: ഷേഹ്നാദ് ജലാല്‍
സംഗീതം, പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍
ശബ്ദമിശ്രണം: രാധാകൃഷ്ണന്‍

18 Feb 2012

സെക്കന്റ്‌ ഷോ

മമ്മൂട്ടിയുടെ മകന്‍  ദുല്‍ഖര്‍ സല്‍മാന്‍, നടന്‍ സണ്ണി വെയിന്‍, സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍, തിരക്കഥകൃത്ത് വിനി വിശ്വലാല്‍, ചായഗ്രഹകാന്‍ പപ്പു, ചിത്രസന്നിവേശകര്‍ പ്രവീണ്‍-ശ്രീകാന്ത്, സംഗീത സംവിധായകന്‍ നിഖില്‍ എന്നീ പുതുമുഖങ്ങളുടെ സിനിമയോടുള്ള അഭിന്നിവേശവും കഠിന പരിശ്രമവുമാണ് സെക്കന്റ്‌ ഷോ എന്ന മലയാള സിനിമ. പുതിയൊരു പാതയിലൂടെ സഞ്ചരിക്കാന്‍ ആരംഭിക്കുന്ന മലയാള സിനിമയിലെ ഏറ്റവും പുതിയ പരീക്ഷണമാണ് ശ്രീനാഥ് രാജേന്ദ്രനും കൂട്ടരും ഈ സിനിമയിലൂടെ പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തിക്കാന്‍ ശ്രമിച്ചത്. ക്വോട്ടേഷന്‍ സംഘങ്ങളുടെ പശ്ചാത്തലത്തില്‍ കഥപറയുന്ന നിരവധി സിനിമകള്‍ മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും സെക്കന്റ്‌ ഷോ സിനിമ അവയില്‍ നിന്നെല്ലാം വേറിട്ട്‌ നില്‍ക്കുന്നു. എ.ഓ.പി.എല്‍. എന്റര്‍ടൈന്‍മെന്റ്സ് നിര്‍മ്മിച്ച ഈ സിനിമയില്‍ കുഞ്ചന്‍, ബാബുരാജ്‌, രോഹിണി എന്നീ മുന്‍നിര താരങ്ങള്‍ ഒഴികെ മറ്റെല്ലാ കഥാപാത്രങ്ങളും അവതരിപ്പിച്ചത് പുതുമുഖങ്ങളാണ്. അതുപോലെ തന്നെ, സംഘട്ടന രംഗങ്ങള്‍ ഒരുക്കിയ മാഫിയ ശശി, പാട്ടിന്റെ വരികള്‍ എഴുതിയ കൈതപ്രം, ചന്ദ്രശേഖരന്‍, ശബ്ദലേഖനം നല്‍ക്കിയ രംഗനാഥ് രവി എന്നിവര്‍ ഒഴികെ മറ്റെല്ലാ സാങ്കേതിക വശങ്ങളും കൈകാര്യം ചെയ്തിരിക്കുന്നത് താരതമ്യേന പുതുമുഖങ്ങളാണ്. 

ലാലു എന്നറിയപെടുന്ന ഹരിലാലും കുരുടി എന്ന ഇരട്ടപേരുള്ള നെല്‍സണ്‍ മണ്‍ഡെലയും ആത്മാര്‍ത്ഥ സുഹൃത്തുക്കളാണ്. ഇരുവരും ചെറിയ ക്വോട്ടേഷന്‍ ജോലികളും കഞ്ചാവ് കടത്തലുമായി ജീവിക്കുന്നത്തിനിടയിലാണ് വാവച്ചന്‍ എന്ന ഗുണ്ട നേതാവിനെ പരിച്ചയപെടുന്നത്. വാവച്ചന്റെ നിര്‍ദേശ പ്രകാരം ലാലുവും കുരുടിയും വാവച്ചനും ചേര്‍ന്ന് വിഷ്ണു ബുദ്ധന്‍ എന്ന അധോലോക നേതാവിന്റെ അനുയായിയെ ആളുമാറി ആക്രമിക്കുന്നത്. ഈ സംഭവത്തിനു പകരം വീട്ടലായി വിഷ്ണു ബുദ്ധനും കൂട്ടരും വവച്ചനെ വകവരുത്തുന്നു. തുടര്‍ന്ന് ലാലുവും കുരുടിയും കൂട്ടരും വിഷ്ണു ബുദ്ധന്റെ ആളുകളെ തിരിച്ചു ആക്രമിക്കുന്നു. ലാലുവിന്റെ ധൈര്യവും പ്രവര്‍ത്തിയും ഇഷ്ടപെടുന്ന വിഷ്ണു ബുദ്ധന്‍ ലാലുവിനെ അയാളുടെ സംഗത്തില്‍ ചേര്‍ക്കുന്നു. ഒരു പ്രത്യേക സാഹചര്യത്തില്‍ ലാലുവും വിഷ്ണു ബുദ്ധനും തമ്മില്‍ ശത്രുതയിലാകുന്നു. പിന്നീട് ലാലുവിന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവങ്ങളാണ് സെക്കന്റ്‌ ഷോ എന്ന സിനിമയുടെ കഥ. ലാലുവായി ദുല്‍ക്കര്‍ സല്‍മാനും, കുരുടിയായി സണ്ണി വെയിനും വിഷ്ണു ബുദ്ധനായി സുദ്ദേഷ് ബെറിയുമാണ് അഭിനയിച്ചിരിക്കുന്നത്. 


കഥ, തിരക്കഥ: എബവ് ആവറേജ്
പുതുമുഖം വിനി വിശ്വലാല്‍ ആദ്യമായി രചന നിര്‍വഹിക്കുന്ന സെക്കന്റ്‌ ഷോ സിനിമ പുതുമകള്‍ കൊണ്ട് സമ്പന്നമാണ്. ഒരുപാട് ഭാഷകളിലുള്ള സിനിമകളില്‍ കണ്ടിട്ടുള്ള ക്വോട്ടേഷന്‍ സംഘങ്ങളുടെ കഥയാണ് ഈ സിനിമയുടെതെങ്കിലും തിരക്കഥയിലെ പുതുമകളും മികച്ച സംഭാഷണങ്ങളും സെക്കന്റ്‌ ഷോ സിനിമയെ വ്യെതസ്തമാക്കുന്നു. അതുപോലെ ഓരോ കഥാപത്രങ്ങളുടെ സൃഷ്ട്ടിയും അവരുടെ സംഭാഷണങ്ങളും പ്രേക്ഷകര്‍ ഇന്നുവരെ കേട്ടിട്ടില്ലാത്ത രീതിയിലാണ് എന്നതാണ് ഈ സിനിമയുടെ രചനയിലുള്ള പ്രത്യേകത. ഈ പ്രത്യേകതകളൊക്കെ ഉണ്ടെങ്കിലും സിനിമയുടെ കഥയിലുള്ള പഴമയും, രണ്ടാം പകുതിയിലെ ചില രംഗങ്ങളും, നടീനടന്മാരുടെ അഭിനയത്തിലെ കുഴപ്പങ്ങളും സിനിമയെ ദോഷകരമായി ബാധിച്ചിരിക്കുന്നു.


സംവിധാനം: ഗുഡ്
സെക്കന്റ്‌ ഷോ സിനിമ
പ്രേക്ഷകര്‍ സ്വീകരിചെങ്കില്‍, ആ വിജയത്തിന്റെ പ്രധാന കാരണം ശ്രീനാഥ് രാജേന്ദ്രന്‍ എന്ന സംവിധായകന്റെ സംവിധാന മികവു തന്നെ. കണ്ടുമടുത്ത കഥയാണെങ്കിലും പുതിയ രീതിയില്‍ ഈ സിനിമയെ സമീപിച്ചതാണ് ഈ വിജയത്തിന് കാരണം. കഥാപാത്ര രൂപികരണവും, കഥാസന്ദര്‍ഭങ്ങളിലുള്ള പുതുമയും പ്രേക്ഷകരെ രസിപ്പിക്കുന്ന സംഭാഷണങ്ങളും സെക്കന്റ്‌ ഷോ സിനിമയെ വ്യതസ്തമാക്കുന്നു. ക്യാമറയുടെ മുന്നിലും പിന്നിലും നിരവധി പുതുമുഖങ്ങള്‍ അണിനിരക്കുന്ന ഈ സിനിമ ശരാശരി നിലവാരത്തിനു മുകളില്‍ എത്തിക്കാന്‍ ശ്രീനാഥിന് സാധിച്ചുവെങ്കില്‍, പുതുമുഖ സംവിധായകന്‍ എന്ന നിലയില്‍ വലിയൊരു കാര്യമാണ് അദ്ദേഹം കൈവരിച്ചിരിക്കുന്നത്. വയലന്‍സ്-ആക്ഷന്‍ ഗണത്തില്‍ പെടുന്ന സിനിമയായത് കൊണ്ടാവാണം സംവിധായകന്‍ പരമാവധി റിയലസ്റ്റിക്ക് ആയി രംഗങ്ങള്‍ ചിത്രീകരിച്ചത്. അതുകൊണ്ട് തന്നെ, ചില രംഗങ്ങളില്‍ അഭിനേത്തകളുടെ മുഖം അവ്യക്ത്തമായി അനുഭവപെട്ടു. ഇനിയും നല്ല സിനിമകള്‍ സംഭാവന ചെയ്യുവാന്‍ ശ്രീനാഥിനും കൂട്ടര്‍ക്കും സാധിക്കട്ടെ.  

സാങ്കേതികം: എബവ് ആവറേജ്
ഒട്ടേറെ പുതുമുഖങ്ങള്‍ സാങ്കേതിക വശങ്ങള്‍ കൈകാര്യം ചെയ്യുന്ന സെക്കന്റ്‌ ഷോ സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചത് പപ്പുവാണ്. സിനിമയിലെ ചില രംഗങ്ങളില്‍ അഭിനേത്തകളുടെ മുഖം കാണാന്‍ പറ്റാത്തതും, സംഘട്ടന രംഗങ്ങളില്‍ ക്യാമറ അങ്ങോട്ടും ഇങ്ങോട്ടും ആവശ്യമില്ലത്തെ ഓടിച്ചും രംഗങ്ങള്‍ ബോറക്കുവാന്‍ പപ്പുവിന് സാധിച്ചു. ഈ കുറവുകളൊക്കെ പരിഹരിച്ചത് പ്രവീണ്‍-ശ്രീകാന്ത് എന്നിവരുടെ ചിത്രസന്നിവേശനമാണ്. റെക്സ് വിജയന്‍ ഒരുക്കിയ പശ്ചാത്തല സംഗീതവും സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. നവാഗതനായ നിഖില്‍ രാജനും "ആനകള്ളന്‍" പാട്ടിനു സംഗീതം നല്‍ക്കിയ അവിയല്‍ ബാന്റുമാണ് ഈ സിനിമയുടെ സംഗീത സംവിധായകര്‍. മാഫിയ ശശിയുടെ സംഘട്ടന രംഗങ്ങളും പുതുമയുള്ളതായിരുന്നു. 

അഭിനയം: ആവറേജ്
മമ്മൂട്ടിയുടെ മകന്‍ 
 ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഈ സിനിമയില്‍ മോശമല്ലാത്ത അഭിനയം കാഴ്ചവെച്ചു കൊണ്ട് അഭിനയ രംഗത്തേക്ക് കടന്നുവന്നിരിക്കുകയാണ് താരപുത്രന്‍. സെക്കന്റ്‌ ഷോ സിനിമയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെചിരിക്കുന്നത് സണ്ണി വെയിന്‍ എന്ന പുതുമുഖമാണ്. ഇവരെ കൂടാതെ സുദേഷ് ബെറി, കുഞ്ചന്‍, ബാബുരാജ്‌, മുരളികൃഷ്ണന്‍, രോഹിണി, ഗൌതമി നായര്‍ എന്നിവരും കുറെ പുതുമുഖങ്ങളും അഭിനയിച്ചിരിക്കുന്നു.
 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1 ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനം
2 കഥാപാത്രങ്ങളുടെ അവതരണവും സംഭാഷണങ്ങളും
3 സണ്ണി വെയിന്‍ എന്ന പുതുമുഖ നടന്റെ അഭിനയം
4 ബോറടിപ്പിക്കാതെ വേഗതയോടെ പറഞ്ഞുപോകുന്ന കഥാരീതി
5 ചിത്രസന്നിവേശം


സിനിമയുടെ മൈനസ് പോയിന്റ്സ്
1 പുതുമയില്ലാത്ത കഥ
2 അഭിനയം


സെക്കന്റ്‌ ഷോ റിവ്യൂ: വയലന്‍സ്-ആക്ഷന്‍ ഗണത്തില്‍പെടുന്ന സിനിമകളില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്നു എന്നതിലുപരി, പാശ്ചാത്യ സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള സംവിധാന രീതിയും കഥാപാത്രങ്ങളുടെ അവതരണവും ആദ്യമായി പരീക്ഷിക്കപെട്ട മലയാള സിനിമ  എന്ന രീതിയില്‍ സെക്കന്റ്‌ ഷോ ഇന്നത്തെ യുവതലമുറയെ ത്രിപ്തിപെടുത്തും എന്നുറപ്പ്.

സെക്കന്റ്‌ ഷോ റേറ്റിംഗ്: 6.20 / 10
കഥ, തിരക്കഥ: 6 / 10 [എബവ് ആവറേജ്]
സംവിധാനം:
7 / 10 [ഗുഡ്]
സാങ്കേതികം: 3 / 5 [എബവ് ആവറേജ്]
അഭിനയം: 2.5 / 5 [ആവറേജ്]
ആകെ മൊത്തം: 18.5 / 30 [6.2 / 10]

സംവിധാനം: ശ്രീനാഥ് രാജേന്ദ്രന്‍
നിര്‍മ്മാണം: എ.ഓ.പി.എല്‍. എന്റര്‍ടെയിന്‍മെന്റ്സ്
കഥ, തിരക്കഥ, സംഭാഷണം: വിനി വിശ്വലാല്‍
ചായാഗ്രഹണം: പപ്പു
ചിത്രസന്നിവേശം: പ്രവീണ്‍ എല്‍, ശ്രീകാന്ത് എന്‍.ബി
വരികള്‍: കൈതപ്രം, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, സുധി വെണമണ്ണൂര്‍
സംഗീതം: നിഖില്‍ രാജന്‍, അവിയല്‍ ബാന്‍ഡ്
പശ്ചാത്തല സംഗീതം: റെക്സ് വിജയന്‍
സംഘട്ടനം: മാഫിയ ശശി 

14 Feb 2012

ഉന്നം

2011ല്‍ റിലീസ് ചെയ്ത മലയാള സിനിമകളില്‍ ഏറെ ശ്രദ്ധിക്കപെടുകയും പ്രേക്ഷകപ്രീതി നേടി വിജയിക്കുകയും ചെയ്ത സിനിമകളാണ് ട്രാഫിക്കും, സോള്‍ട്ട് ആന്‍ഡ്‌ പെപ്പറും. ഈ സിനിമകളില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച ആസിഫ് അലി, ശ്രീനിവാസന്‍, ലാല്‍ എന്നിവരെ ഒന്നിപ്പിച്ചു കൊണ്ട് സിബി മലയില്‍ അണിയിച്ചൊരുക്കിയ സിനിമയാണ് ഉന്നം. മര്‍ഡര്‍-2 എന്ന ഹിന്ദി സിനിമയില്‍ വില്ലന്‍ വേഷം ചെയ്ത മലയാളി പ്രശാന്ത്‌ നാരായണനും ഈ സിനിമയില്‍ മറ്റൊരു സുപ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. കറന്‍സി എന്ന സിനിമയുടെ സംവിധായകനും മുല്ലശ്ശേരി മാധവന്‍കുട്ടി നേമം പി.ഓ എന്ന സിനിമയുടെ തിരക്കഥ രചയ്താവുമായ സ്വാതി ഭാസ്കറാണ് ഉന്നം സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. കുനിയില്‍ പ്രൊഡക്ഷന്സും ആര്‍.ആര്‍ എന്റര്‍ടൈന്‍മെന്റ്സും വേണ്ടി നൗഷാദ്, ബഷീര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഉന്നം സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് അജയന്‍ വിന്‍സെന്റാണ്. ബിജിത്ത് ബാലയാണ് ചിത്രസന്നിവേശം.

കേരള-കര്‍ണ്ണാടക അതിര്‍ത്തിയിലെ ഹൈവേ റോഡില്‍ നിര്‍ത്തിയിട്ടിരുക്കുന്ന ലോറിയില്‍ നിന്നും പോലിസ് ഉദ്യോഗസ്ഥന്‍ ബാലകൃഷ്ണയ്ക്ക് 5 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് ലഭിക്കുന്നു. ആ മയക്കുമരുന്ന് കച്ചവടം ചെയ്തു പണം സമ്പാദിക്കുവനായി ബാലകൃഷ്ണ അയാളുടെ സുഹൃത്ത്‌ സണ്ണിയെ ഫോണില്‍ വെളിക്കുന്നു. ഭാര്യയുടെ മരണത്തിനു ശേഷം മയക്കുമരുന്ന് കച്ചവടവും കള്ളക്കടത്തുമൊക്കെ ഉപേക്ഷിച്ചു കേരളത്തില്‍ ജീവിക്കുന്ന സണ്ണിയുടെ അവശേഷിക്കുന്ന ഏക ആഗ്രഹം മകനെ പോലെ സ്നേഹിക്കുന്ന അലോഷിയ്ക്ക് നല്ലൊരു ജീവിതം നല്‍ക്കുക എന്നതാണ്. അതിനു വേണ്ടി ഒരിക്കല്‍ക്കൂടി സണ്ണി ബാലകൃഷ്ണയുടെ ആവശ്യപ്രകാരം മയക്കുമരുന്ന് കച്ചവടം ചെയ്തു കൊടുക്കുവാന്‍ തീരുമാനിക്കുന്നു. മയക്കുമരുന്ന കച്ചവടം ചെയ്യുവാന്‍ സണ്ണിയെ സഹായിക്കുന്നതിനായി അയാള്‍ ആലോഷിയെയും, ടോമിയും, മുരുകന്‍ അണ്ണനെയും ബഷീറിനെയും കൂടെ കൂട്ടുന്നു. മയക്കുമരുന്ന് കച്ചവടം ചെയ്തു കിട്ടുന്ന ലാഭം ഇവരെല്ലാം തുല്യമായി വീതിക്കുവാന്‍ തീരുമാനിക്കുന്നു. അങ്ങനെ, സണ്ണിയും ആലോഷിയും മുരുകന്‍ അണ്ണനും, ടോമിയും ബഷീറും ഒരു ലക്ഷ്യത്തിനായി ഒരുമിക്കുന്നു. 

മയക്കുമരുന്ന് കച്ചവടം ചെയ്തു കോടികണക്കിന് പണം സമ്പാദിക്കുക എന്ന ലക്‌ഷ്യം പൂര്‍ത്തികരിക്കുന്നതിനിടയില്‍ അന്ജംഗ സംഘത്തിലെ ഒരുവന്‍ എല്ലാവരെയും കബളിപ്പിച്ചു കൊണ്ട് പണം മുഴുവന്‍ മോഷ്ടിക്കുന്നു. ഈ സംഭവിത്തിനു ശേഷം സണ്ണിയുടെയും ആലോഷിയുടെയും ടോമിയുടെയും മുരുഗന്‍ അണ്ണന്റെയും ബഷീറിന്റെയും ജീവിതം എങ്ങനെയൊക്കെ ആകുന്നു എന്നതാണ് ഈ സിനിമയുടെ കഥ. ആരാണ് അവരെ കബളിപ്പിച്ചത്? എന്തിനാണ് അയാള്‍ അത് ചെയ്തത് എന്നതാണ് ഈ സിനിമയുടെ സസ്പെന്‍സ്. ബാലകൃഷ്ണയായി ശ്രീനിവാസനും, സണ്ണിയായി ലാലും, ആലോഷിയായി ആസിഫ് അലിയും, ടോമിയായി ഹിന്ദി സിനിമ നടന്‍ പ്രശാന്ത്‌ നാരായണനും, മുരുഗന്‍ അണ്ണനായി നെടുമുടി വേണുവും, ബഷീറായി പുതുമുഖ നടനുമാണ്‌ അഭിനയിച്ചിരിക്കുന്നത്.

കഥ, തിരക്കഥ: ബിലോ ആവറേജ്
കറന്‍സി എന്ന സിനിമയുടെ രചയ്താവും സംവിധായകനുമായ സ്വാതി ഭാസ്കറിന്റെ രചനയില്‍ പുറത്തിറങ്ങുന്ന മൂന്നാമത്തെ സിനിമയാണ് ഉന്നം. കറന്‍സി, മുല്ലശ്ശേരി മാധവന്‍കുട്ടി നേമം പി.ഓ എന്നീ സിനിമകളാണ് സ്വാതി ഭാസ്കറിന്റെ രചനയിലുള്ള മറ്റു സിനിമകള്‍. കള്ളനോട്ടും ഗൂണ്ട സംഘങ്ങളും പ്രധാന വിഷയമായ കറന്‍സിയ്ക്ക് ശേഷം ഒരു കുടുംബ കഥയാണ് മുല്ലശ്ശേരി മാധവന്‍കുട്ടി എന്ന സിനിമയ്ക്ക് വേണ്ടി സ്വാതി ഭാസ്കര്‍ തിരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ മൂന്നാമത് സിനിമയായ ഉന്നം കൈകാര്യം ചെയ്യുന്ന വിഷയം മേല്‍പറഞ്ഞവയില്‍ നിന്നും വ്യതെസ്തമാണ്. ജോണി ഗദ്ദാര്‍ എന്ന ഹിന്ദി സിനിമയുടെ ഔദ്യോഗികമായ റീമേക്കാണ് ഈ സിനിമ. ഏതു മാര്‍ഗത്തിലൂടെയും പണം സമ്പാദിക്കുക എന്ന ആഗ്രഹവുമായി ജീവിക്കുന്ന കുറെ മനുഷ്യരാണ് ഈ സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങള്‍ ആകുന്നത്. മലയാള സിനിമയില്‍ എന്നുവരെ ആരും പരീക്ഷിക്കാന്‍ തയ്യാറാവാത്ത ഒരു കഥ തിരഞ്ഞെടുക്കാന്‍ ധൈര്യം കാണിച്ചതിന് സ്വാതി ഭാസ്കറും സിബി മലയിലും അഭിനന്ദനം അര്‍ഹിക്കുന്നു. ഏതൊരു കഥയാണെങ്കിലും കഴമ്പുള്ള തിരക്കഥയിലെങ്കില്‍ ആ സിനിമ പ്രേക്ഷകര്‍ക്ക്‌ ഇഷ്ടമാകാന്‍ സാധ്യതയില്ല. ഉന്നം സിനിമയുടെ കാര്യത്തിലും സംഭവിച്ചത് അത് തന്നെയാണ്. വ്യതസ്തമായ കഥയാണെങ്കിലും, തിരക്കഥയിലുള്ള അപാകതകള്‍ സിനിമയെ ദോഷകരമായി ബാധിച്ചു. ഉന്നം സിനിമയില്‍ പ്രധാന വഴിത്തിരിവ് ഉണ്ടാകുന്ന ഒരുപാട് രംഗങ്ങളുടെ സന്ദര്‍ഭങ്ങള്‍ പ്രേക്ഷകരെ ആശയകുഴപ്പത്തിലാക്കുന്നു. ത്രില്ലിംഗ് ആയ രംഗങ്ങള്‍ പ്രതീക്ഷിച്ചു സിനിമ കാണുന്ന പ്രേക്ഷരെ നിരാശപെടുത്തുന്ന കഥാസന്ദര്‍ഭങ്ങളാണ് ഈ സിനിമയില്‍ ഭൂരിഭാഗവും. ഉന്നം സിനിമ പരാജയപെട്ടാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദി തിരക്കഥകൃത്ത് സ്വാതി ഭാസ്കര്‍ തന്നെയാണ്.
  

സംവിധാനം: ആവറേജ്
മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടം എന്നറിയപെടുന്ന 1980-90കളില്‍ ഒട്ടേറെ കുടുംബ കഥകള്‍ സംവിധാനം ചെയ്ത സിബി മലയിലിന്റെ പുതിയ സിനിമയാണ് ഉന്നം. അപൂര്‍വ രാഗവും വയലിനും ശേഷം ആസിഫ് അലിയെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത മൂന്നാമത്തെ സിനിമ ഉന്നവും ഒരു പരീക്ഷണ സിനിമ തന്നെ. ജോണി ഗദ്ദാര്‍ എന്ന ഹിന്ദി സിനിമയിലെ കഥയും കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും അതേപടി ഈ സിനിമയില്‍ പകര്‍ത്തിയിരിക്കുന്നു. സിബി മലയിലിനെ പോലെ പരിചയസമ്പത്തുള്ള ഒരു സംവിധായകന് സ്വാതി ഭാസ്കര്‍ എഴുതിയ തിരക്കഥയിലെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാതെ പോയതാണ് ഈ സിനിമ മോശമാകാന്‍ പ്രധാന കാരണം. 


അതുപോലെ തന്നെ, ഈ സിനിമയിലെ അഭിനേതാക്കളെ തിരഞ്ഞെടുത്തതും അവരുടെ അഭിനയവും സിബി മലയില്‍ ശ്രദ്ധിച്ചിട്ടില്ല എന്ന് തോന്നുന്നു. ശ്രീനിവാസനെ പോലെ ഒരു നടനെ ഒരിക്കലും സങ്കല്‍പ്പിക്കാന്‍ സാധിക്കാത്ത ഒരു കഥാപാത്രമാണ് ഈ സിനിമയില്‍ അദേഹത്തിന് സംവിധായകന്‍ നല്കിയിരികുന്നത്. ആസിഫ് അലിയെ പോലെ താരതമ്യേന പുതുമുഖ നടനു കൈകാര്യം ചെയ്യാന്‍ വിഷമമുള്ള കഥാപാത്രമാണ് ഈ സിനിമയിലെ അലോഷി. ഈ പോരായ്മകള്‍ക്ക് ആക്കം കൂട്ടുവാനായി സിബി മലയില്‍ കണ്ടുപിടിച്ച പുതുമുഖ സംഗീത സംവിധായകനാണ് ജോണ്‍. പി.വര്‍ക്കി. ഈ സിനിമയിലെ പാട്ടുകളുടെ വരികള്‍ എന്താണ് എന്ന് മനസിലാക്കണമെങ്കില്‍ ഈ സിനിമ പത്ത് പ്രാവശ്യമെങ്കിലും കാണണം. മേല്പറഞ്ഞ കുറവുകളൊക്കെ ഈ സിനിമയില്‍ ഉണ്ടെങ്കിലും പ്രശാന്ത്‌ നാരായണന്‍ എന്ന ഹിന്ദി നടനെ പ്രേക്ഷകര്‍ക്ക്‌ പരിച്ചയപെടുത്തിയത്തിനു സിബിയ്ക്ക് നന്ദി. മലയാള സിനിമയിലേക്ക് ശക്തനായ ഒരു വില്ലനെ സംഭാവന ചെയ്തിരിക്കുന്ന സംവിധായകന്‍ സിബി മലയില്‍. ഈ സിനിമ രണ്ടു മണിക്കൂര്‍ കണ്ടു മുഴുവിപ്പിക്കാന്‍ പ്രേക്ഷകര്‍ക്ക്‌ സാധിച്ചത് സിബി മലയിലിന്റെ സംവിധാന പാടവം തന്നെ എന്നതില്‍ യാതൊരു സംശയവുമില്ല.   

സാങ്കേതികം: എബവ് ആവറേജ്
ഡാം 999 എന്ന സിനിമയ്ക്ക് ശേഷം അജയന്‍ വിന്‍സെന്റ്‌ ചായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയാണ് ഉന്നം. മികച്ച വിഷ്വല്‍സ് ഒരുക്കി സിനിമയുടെ കഥാഗതിയില്‍ വേഗത കൊണ്ടുവരാന്‍ ശ്രമിച്ചത് സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ, മികച്ച രീതിയില്‍ സെറ്റുകള്‍ ഉണ്ടാക്കി കലാസംവിധാനം നിര്‍വഹിച്ച സമീറ സനീഷും മികവു പുലര്‍ത്തി. സിനിമയുടെ തുടക്കത്തില്‍ കഥാപാത്രങ്ങളെ പരിച്ചയപെടുത്തുന്ന രംഗങ്ങള്‍ മികച്ച രീതിയില്‍ എഡിറ്റിംഗ് ചെയ്തിരിക്കുന്നത് ബിജിത്ത് ബാലയാണ്. ഈ സിനിമയിലെ പാട്ടുകള്‍ ഒഴികെ മറ്റെല്ലാ സാങ്കേതിക വശങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നവരും മോശമാക്കാതെ ഈ സിനിമയ്ക്ക് വേണ്ടി ജോലികള്‍ ചെയ്ത്തിട്ടുണ്ട്.
 

അഭിനയം: ആവറേജ്
മലയാള സിനിമയിലെ കഴിവുള്ള നടന്മാരായ നെടുമുടി വേണുവും, ശ്രീനിവാസനും, ലാലും അവരവരുടെ കഥാപാത്രങ്ങള്‍ മോശമാക്കാതെ അവതരിപ്പിച്ചു. പക്ഷെ ശ്രീനിവാസനെയോ നെടുമുടിയിനെയോ സങ്കല്‍പ്പിക്കാന്‍ പറ്റാത്ത കഥാപാത്രങ്ങളാണ് ഇരുവരും ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. ഈ
സിനിമയിലെ നായകതുല്യമായ വേഷം അഭിനയിച്ചിരിക്കുന്ന ആസിഫ് അലിയും നിരാശപെടുത്തി. ഹിന്ദി സിനിമയിലെ വില്ലന്‍ പ്രശാന്ത്‌ നാരായണന്‍ ആദ്യ മലയാള സിനിമയാണ് ഉന്നം. പ്രശാന്തിന്റെ ഭാവങ്ങളും ഹിന്ദി ഭാഷ കലര്‍ന്ന മലയാള ഉച്ചാരണവും ഒരു വില്ലന്റെ രൂപഭാവം നല്‍ക്കുന്നു. ഈ സിനിമയിലെ ഏറ്റവും മികച്ച അഭിനയം കാഴ്ചവെച്ചത് പ്രശാന്ത് നാരായണനാണ്. ആസിഫ് അലി, ലാല്‍, ശ്രീനിവാസന്‍, പ്രശാന്ത്‌ നാരായണന്‍, നെടുമുടി വേണു, രാജേഷ്‌ ഹെബ്ബാര്‍, ചെമ്പില്‍ അശോകന്‍, ശശി കലിംഗ, കലാഭവന്‍ ഷാജോണ്‍, മനു നായര്‍, റീമ കല്ലിങ്ങല്‍, ശ്വേത മേനോന്‍, കെ.പി.എ.സി.ലളിത, ചിത്ര അയ്യര്‍ എന്നിവരാണ് ഈ സിനിമയിലെ അഭിനേതാക്കള്‍.


സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. പുതുമയുള്ള കഥ
2. പ്രശാന്ത്‌ നാരായണന്‍, ലാല്‍ എന്നിവരുടെ അഭിനയം
3. അതിയശ്യോക്തി ഇല്ലാത്ത രംഗങ്ങള്‍
4. അജയന്‍ വിന്‍സെന്റ് ഒരുക്കിയ ഫ്രെയിമുകള്‍, സമീറ സനീഷിന്റെ കലാസംവിധാനം


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. സ്വാതി ഭാസ്കര്‍ എഴുതിയ കഥാസന്ദര്‍ഭങ്ങള്‍
2. സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതി
3. ആസിഫ് അലി, ശ്രീനിവാസന്‍ എന്നിവര്‍ക്ക് അനിയോജ്യമ
ല്ലാത്ത കഥാപാത്രങ്ങള്‍
4. കഥയില്‍ യാതൊരു ആവശ്യവുമില്ലാത്ത പാട്ടുകള്‍
5. പാട്ടിന്റെ വരികള്‍, സംഗീത സംവിധാനം
 


ഉന്നം റിവ്യൂ: മലയാളി സിനിമ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് പോലെയുള്ള പുതുമ നിറഞ്ഞ കഥയാണ് ഈ സിനിമയുടെതെങ്കിലും, ആ കഥയ്ക്ക്‌ അനിയോജ്യമല്ലാത്തതും അവിശ്വസനീയവുമായ കഥാസന്ദര്‍ഭങ്ങള്‍ എഴുതിയ തിരക്കഥകൃത്ത് സ്വാതി ഭാസ്കറിനും, സസ്പെന്‍സ് ഇല്ലാത്ത കഥാഗതിയും ത്രില്ലടിപ്പിക്കാത്ത രംഗങ്ങളും ചിത്രീകരിച്ച സംവിധായകന്‍ സിബി മലയിലിനും ഉന്നം പിഴച്ചു.

ഉന്നം റേറ്റിംഗ്: 4.50 / 10
കഥ, തിരക്കഥ: 3 / 10 [ബിലോ ആവറേജ്]
സംവിധാനം: 5 / 10 [ആവറേജ്]
സാങ്കേതികം: 3 / 5 [എബവ് ആവറേജ്]
അഭിനയം: 2.5 / 5 [ആവറേജ്]
ആകെ മൊത്തം: 13.5 / 30 [4.5 / 10]


സംവിധാനം: സിബി മലയില്‍
നിര്‍മ്മാണം: നൗഷാദ്, ബഷീര്‍
കഥ, തിരക്കഥ, സംഭാഷണം: സ്വാതി ഭാസ്കര്‍
ചായാഗ്രഹണം: അജയന്‍ വിന്‍സെന്റ്
ചിത്രസന്നിവേശം: ബിജിത്ത് ബാല
വരികള്‍: റഫീക്ക് അഹമീദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
സംഗീതം: ജോണ് പി.വര്‍ക്കി
സംഘട്ടനം: മാഫിയ ശശി
വസ്ത്രാലങ്കാരം: സമീറ സനീഷ്

11 Feb 2012

മുല്ലശ്ശേരി മാധവന്‍കുട്ടി നേമം പി.ഓ

കാര്‍ത്തിക് വിഷന്‍സിനു വേണ്ടി കെ.എസ്.ചന്ദ്രന്‍ നിര്‍മ്മിച്ച്‌ കുമാര്‍ നന്ദ കഥയെഴുതി, സ്വാതി ഭാസ്കര്‍ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കി കഥാകൃത്ത്‌ കുമാര്‍ നന്ദ തന്നെ സംവിധാനം ചെയ്ത സിനിമയാണ് മുല്ലശ്ശേരി മാധവന്‍കുട്ടി നേമം പി.ഓ. മുല്ലശ്ശേരി തറവാട്ടിലെ മാധവന്‍കുട്ടിയായി അഭിനയിക്കുന്നത് അനൂപ്‌ മേനോനാണ്. നേമം എന്ന സ്ഥലത്തെ ഒരു സര്‍കാര്‍ ഓഫീസിലെ ഉദ്യോഗസ്ഥനായ മാധവന്‍കുട്ടിയുടെ മുല്ലശ്ശേരി തറവാട്ടില്‍, മാധവന്‍കുട്ടിയുടെ അമ്മ പാര്‍വതിയമ്മയും ഭാര്യ സീതലക്ഷ്മിയും മകളുമാണ് മാധവന്‍കുട്ടിയുടെ കൂടെയുള്ളത്. നേമം എന്ന സ്വന്തം നാട്ടില്‍ തന്നെ ഒരു വീട് വെയ്ക്കണം എന്ന ആഗ്രഹമുള്ള മാധവന്‍കുട്ടി അതിനു വേണ്ടി പണമെല്ലാം സൂക്ഷിച്ചുവെയ്ക്കുന്നു. അങ്ങനെയിരിക്കെയാണ് ഒരു പ്രത്യേക സാഹചര്യത്തില്‍ മാധവന്‍കുട്ടി ഒരു സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിക്കുന്നത്. സിനിമയോട് സ്നേഹമുള്ള മാധവന്‍കുട്ടി ചെറിയ ചെറിയ വേഷങ്ങളില്‍ സിനിമയില്‍ അഭിനയിക്കാറുമുണ്ട്. സിനിമ വ്യവസായത്തെ കുറിച്ചൊന്നും അറിയാത്ത മാധവന്‍കുട്ടിയ്ക്ക് സിനിമ നിര്‍മ്മാണത്തെ തുടര്‍ന്ന് അയാളുടെ പണമെല്ലാം നഷ്ടമാകുന്നു. അങ്ങനെ, പണവും സ്വത്തും സ്ഥലവും, വീട്ടുകാരെയും നഷ്ടപെടുന്ന മാധവന്‍കുട്ടി ഈ പ്രതിസന്ധികളെല്ലാം തരണം ചെയ്തു അയാളുടെ നഷ്ടപെട്ട ജീവിതം തിരിച്ചുപിടിക്കുന്നതുമാണ് ഈ സിനിമയുടെ കഥ. 

കഥ, തിരക്കഥ: ബിലോ ആവറേജ്
കറന്‍സി എന്ന സിനിമയുടെ സംവിധായകന്‍ സ്വാതി ഭാസ്കറാണ് മുല്ലശ്ശേരി മാധവന്‍കുട്ടിയുടെ തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത്. സിനിമയ്ക്കുളിലെ സിനിമ എന്ന കഥാതന്തു വീണ്ടും പ്രധാന കഥയാവുകയാണ് ഈ സിനിമയിലൂടെ. സിനിമ വ്യവസായത്തെ കുറിച്ച് ഒന്നുമറിയാത്ത ഒരു സാധാരണക്കാരന്‍ സിനിമ നിര്‍മ്മിച്ചാല്‍ എന്തൊക്കെ പ്രശ്നങ്ങള്‍ നേരിടേണ്ടി വരും എന്നതാണ് ഈ സിനിമയുടെ കഥ. സിനിമയിലെ സമരവും പണത്തിന്റെ അധിക ചിലവോക്കെ ദോഷകരമായി ബാധിക്കുന്ന മാധവന്‍കുട്ടി, അയാളുടെ സ്വത്തും പണവും കുടുംബവും എല്ലാം നഷ്ടപെടുത്തി സിനിമ പൂര്‍ത്തികരിക്കാന്‍ ശ്രമിക്കുന്നു. സിനിമയുടെ രണ്ടാം പകുതിയില്‍ നഷ്ടപെട്ടത്തെല്ലാം വീണ്ടെടുക്കുവനായി മാധവന്‍കുട്ടി നടത്തുന്ന ശ്രമങ്ങളും അയാള്‍ അതില്‍ വിജയിക്കുകയും ചെയ്യുന്നതാണ്‌ ക്ലൈമാക്സ്. ഈ കഥ കേള്‍ക്കുമ്പോള്‍ രസകരമായി തോന്നുനുണ്ടെങ്കിലും, ഈ സിനിമയിലെ കഥസന്ദര്‍ഭങ്ങളും, സംവിധായകന്റെ പരിചയകുറവും ഈ സിനിമയെ ഇല്ലാതാക്കി എന്ന് തന്നെ പറയേണ്ടിവരും. സിനിമയുടെ തുടക്കത്തില്‍ ഭാര്യയും മകളും അമ്മയുമായുള്ള രംഗങ്ങള്‍ കണ്ടാല്‍ ചില മോഹന്‍ലാല്‍ സിനിമകള്‍ ഓര്‍മയില്‍ വരും.
സിനിമയുടെ രണ്ടാം പകുതിയില്‍ ഒരു സിനിമ നിര്‍മ്മിക്കാന്‍ വേണ്ടി മാധവന്‍കുട്ടി അനുഭവിക്കുന്ന തത്രപാടുകള്‍ കണ്ടാല്‍ ഉദയനാണ് താരം എന്ന സിനിമയും ബെസ്റ്റ് ആക്ടര്‍ എന്ന സിനിമയും ഓര്‍ത്തുപോകും. കറന്‍സി എന്ന കന്നി സിനിമയിലൂടെ ഏറെ പ്രതീക്ഷ നല്‍ക്കിയ സ്വാതി ഭാസ്കര്‍ ഈ സിനിമയിലൂടെ പ്രേക്ഷകരെ നിരാശപെടുത്തി എന്നതില്‍ യാതൊരു സംശയവുമില്ല.

സംവിധാനം: മോശം
മലയാള സിനിമ പുതിയൊരു വഴിത്തിരിവിലൂടെ സഞ്ചരിക്കുന്ന ഈ കാലഘട്ടത്തില്‍ ഒരു പഴഞ്ജന്‍ കഥയുമായി സിനിമയെടുക്കാന്‍ തീരുമാനിച്ച കുമാര്‍ നന്ദയ്ക്ക് മോശമായ തുടക്കമാണ് ലഭിച്ചത്. കുറെ നവാഗത സംവിധായകര്‍ അവരവരുടെ കഴിവുകള്‍ തെളിയിച്ചു വിജയിക്കുമ്പോള്‍, കുമാര്‍ നന്ദ എന്ന സംവിധായകന്റെ
സിനിമ ഒരു സമ്പൂര്‍ണ പരാജയമാണ് എന്ന് പറയുന്നതില്‍ തെറ്റില്ല. സിനിമയുടെ തിരക്കഥ മോശമാണെങ്കില്‍ കൂടി വേറിട്ട അവതരണത്തിലൂടെ പ്രേക്ഷകരെ ബോറടിപ്പിക്കാതെ കൊണ്ടുപോകേണ്ടത് സംവിധായകന്റെ ഉത്തരവാദിത്വം ആണ്. കണ്ടുമടുത്ത കഥാസന്ദര്‍ഭങ്ങള്‍ക്ക് പുതിയ അവതരണ രീതി നല്‍ക്കാന്‍ തയ്യാറാകാത്ത ഒരു സംവിധായകന്‍ ഇന്നത്തെ സിനിമ പ്രേക്ഷകരുടെ ഇഷ്ടങ്ങളൊന്നും മനസ്സിലാക്കാതെയാണ് ഈ സിനിമ സംവിധാനം ചെയ്തത്.

സാങ്കേതികം: ബിലോ ആവറേജ്
നവാഗതനായ ശിവകുമറാണ് ഈ സിനിമയ്ക്ക് വേണ്ടി ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സിനിമയിലുടനീളം പല രംഗങ്ങളിലും കഥാപാത്രങ്ങള്‍ സംസാരിക്കുമ്പോള്‍ ക്യാമറയുടെ ഫോക്കസ് ഔട്ട്‌ ആകുന്നത് കാണാം. ചിത്രസന്നിവേശം നിര്‍വഹിച്ച പ്രജിഷിനും പ്രത്യേകിച്ചൊന്നും ചെയ്യുവാനില്ല. മൂന്ന് പാട്ടുകളുള്ള ഈ സിനിമയില്‍ യേശുദാസ് ആലപിച്ച ഗിരീഷ്‌ പുത്തഞ്ചേരി-രവീന്ദ്രന്‍ മാഷ് ടീമിന്റെ പാതിമായും ചന്ദ്രലേഖേ... എന്ന തുടങ്ങുന്ന പാട്ടോഴികെ വേറൊരു പറ്റും മികവു പുലര്‍ത്തിയില്ല. കണ്ണാരം പൊത്തി കളിചിടാം..., എവരിബഡി...എന്ന് തുടങ്ങുന്ന ഗാനങ്ങള്‍ ചിട്ടപെടുത്തിയിരിക്കുന്നത് രതീഷ്‌ വേഗയാണ്. ഈ സിനിമയ്ക്ക് വേണ്ടി നല്ല സെറ്റുകള്‍ ഒരുക്കുകയും മുല്ലശ്ശേരി തറവാട് വീട് ഒരുക്കുകയും ചെയ്ത കലാസംവിധായകന്‍ അനീഷ്‌ കൊല്ലം മികവു പുലര്‍ത്തി.


അഭിനയം: ആവറേജ്
ബ്യൂട്ടിഫുളിനു ശേഷം അനൂപ്‌ മേനോന്‍ അഭിനയിച്ച മുല്ലശ്ശേരി മാധവന്‍കുട്ടി എന്ന ഈ സിനിമയില്‍ എല്ലാ വികാരങ്ങളും തന്മയത്തത്വോടെ അവതരിപിച്ചു കൊണ്ട് അനൂപ്‌ മേനോന്‍ മികച്ച പ്രകടനം കാഴ്ച്ചവെചിരിക്കുന്നു.
ഏതൊരു നടനും തന്റെതായുള്ള ശൈലി അഭിനയത്തില്‍ കൊണ്ടുവരാതെ ഒരു നല്ല നടന്‍ എന്ന അഭിപ്രായം നേടാന്‍ കഴിയില്ല. സിനിമയിലുടനീളം മോഹന്‍ലാലിനെ പോലെ ചിരിച്ചും കളിച്ചും ചിന്തിപിച്ചും കരയിപ്പിച്ചും അനൂപ്‌ അഭിനയിച്ച രംഗങ്ങള്‍ കാണുമ്പോള്‍ അദ്ദേഹം മോഹന്‍ലാലിനെ പോലെ അഭിനയിക്കുവാന്‍ മനപ്പൂര്‍വം ശ്രമിക്കുകയാണോ എന്ന് തോന്നിപോകും.അനൂപ്‌ മേനോനെ കൂടാതെ പുതുമുഖം സോണല്‍ ദേവരാജ്, ബാലാ, നിഷാന്ത് സാഗര്‍, സുരാജ് വെഞ്ഞാറമൂട്, ഇന്നസെന്റ്, ജനാര്‍ദനന്‍, നന്ദു, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍, ഷിജു, കലാഭവന്‍ ഷാജോണ്‍, കെ.പി.എ.സി.ലളിത, സോണിയ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. പാതിമായും ചന്ദ്രലേഖ എന്ന പാട്ട് [ഗിരീഷ്‌ പുത്തഞ്ചേരി-രവീന്ദ്രന്‍ മാഷ്]
2. അനൂപ്‌ മേനോന്‍



സിനിമയുടെ മൈനസ് പോയിന്റ്സ്:
1. സ്വാതി ഭാസ്കര്‍ എഴുതിയ തിരക്കഥ
2. കുമാര്‍ നന്ദയുടെ സംവിധാനം
3. ശിവകുമാറിന്റെ ചായാഗ്രഹണം


മുല്ലശ്ശേരി മാധവന്‍കുട്ടി നേമം പി.ഓ റിവ്യൂ: സിനിമ വ്യവസായത്തെ കുറിച്ചൊന്നും അറിയാത്ത സിനിമ സ്നേഹിയായ ഒരു സാധാരണക്കാരന്‍ സിനിമ നിര്‍മ്മിക്കാന്‍ ഒരുങ്ങിയാല്‍ എന്തെല്ലാം സംഭവിക്കാം എന്ന കഥയെ ബോറന്‍ കഥാസന്ദര്‍ഭങ്ങളിലൂടെയും പരിതാപകരമായ സംവിധാനത്തിലൂടെയും നശിപ്പിച്ച സിനിമയാണ് മുല്ലശ്ശേരി മാധവന്‍കുട്ടി നേമം പി.ഓ. പാവം അനൂപ്‌ മേനോന്‍!

മുല്ലശ്ശേരി മാധവന്‍കുട്ടി നേമം പി.ഓ റേറ്റിംഗ്: 2.80 / 10
കഥ, തിരക്കഥ: 3 / 10 [ബിലോ ആവറേജ്]
സംവിധാനം:
1 / 10 [മോശം]
സാങ്കേതികം: 2 / 5 [ബിലോ ആവറേജ്]
അഭിനയം: 2.5 / 5 [ആവറേജ്]
ആകെ മൊത്തം: 8.5 / 30 [2.8 / 10]

 
കഥ, സംവിധാനം: കുമാര്‍ നന്ദ
തിരക്കഥ, സംഭാഷണം: സ്വാതി ഭാസ്കര്‍
നിര്‍മ്മാണം: കെ.എസ്.ചന്ദ്രന്‍
ബാനര്‍: കാര്‍ത്തിക് വിഷന്‍
ചായാഗ്രഹണം: ശിവരാമന്‍
ചിത്രസന്നിവേശം: പ്രജീഷ്
വരികള്‍: ഗിരീഷ്‌ പുത്തഞ്ചേരി
[പാതിമായും ചന്ദ്രലേഖേ...], അനില്‍ പനച്ചൂരാന്‍ [കണ്ണാരം പൊത്തി..., എവരിബഡി...]
സംഗീതം: രവീന്ദ്രന്‍ മാഷ്[പാതിമായും ചന്ദ്രലേഖേ...] , രതീഷ്‌ വേഗ[കണ്ണാരം പൊത്തി..., എവരിബഡി...]
പശ്ചാത്തല സംഗീതം: രതീഷ്‌ വേഗ

10 Feb 2012

ഞാനും എന്റെ ഫാമിലിയും


പ്രശസ്ത സീരിയല്‍ സംവിധായകന്‍ കെ.കെ.രാജീവ്‌ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ഞാനും എന്റെ ഫാമിലിയും. കുടുംബപ്രേക്ഷകരുടെ പ്രിയ നായകന്‍ ജയറാം നായകനാകുന്ന ഞാനും എന്റെ ഫാമിലിയും നിര്‍മ്മിച്ചിരിക്കുന്നത് സെവന്‍ ആര്‍ട്സ് ഫിലിംസിന് വേണ്ടി ജി.പി.വിജയകുമാറാണ്. ചെറിയാന്‍ കല്പകവടിയുടെ തന്നെ കഥയ്ക്ക്‌ അദ്ദേഹം തന്നെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഈ സിനിമയ്ക്ക് വേണ്ടി ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് വൈദി എസ്. പിള്ളയാണ്. ജയറാം അവതരിപ്പിക്കുന്ന ഡോക്ടര്‍ ദിനനാഥന്‍, ദിനനാഥന്റെ ഭാര്യ ഡോക്ടര്‍ പ്രിയ(മമ്ത മോഹന്‍ദാസ്‌), ബിസിനെസ്സുകാരന്‍ ജോണ്‍ പാലേക്കുന്നില്‍(മനോജ്‌ കെ.ജയന്‍), ജോണിന്റെ ഭാര്യ സോഫിയ(മൈഥിലി) എന്നിവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ പ്രധാന കഥ. 

പ്രഗല്‍ഭനായ ഡോക്ടര്‍ ദിനനാഥനും ഭാര്യ പ്രിയയും അവരുടെ രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം സന്തോഷകരമായി ജീവിക്കുന്നതിനിടയിലാണ് ഹൃദ്രോഗിയായ ജോണ് പാലേക്കുന്നില്‍ ചികിത്സ ലഭിക്കുവാനായി ദിനനാഥനെ സമീപിക്കുന്നത്. ഒട്ടുമിക്ക എല്ലാ ഡോക്ടര്‍മാരും കൈയൊഴിഞ്ഞ രോഗാവസ്ഥയാണ് ജോണിന്റെത്. ആ അവസ്ഥയിലാണ് ഏതു മാരക ഹൃദ്രോഗവും മാറ്റാന്‍ കഴിവുള്ള ദിനനാഥനെ തേടി ജോണും ഭാര്യ സോഫിയയും എത്തുന്നത്. ആദ്യമൊക്കെ ജോണിന്റെ ചികിത്സയില്‍ ശ്രദ്ധിക്കുന്ന ദിനനാഥന്‍, അയാളുടെ മുന്‍കാല കാമുകിയായ സോഫിയയയാണ് ജോണിന്റെ ഭാര്യ എന്നറിയുന്നത്തോടെ ചികിത്സയിലും  സ്വകാര്യ ജീവിതത്തിലും പൂര്‍ണമായും ശ്രദ്ധിക്കാന്‍ പറ്റാതെ അസ്വസ്ഥനാകുന്നു. ഈ മാനസിക സംഘര്‍ഷനത്തിനിടയിലും ഒരു ഡോക്ടര്‍ എന്ന നിലയില്‍ രോഗിയുടെ സംരക്ഷണത്തിനു പ്രാധാന്യം നല്‍കുന്ന ദിനനാഥന്‍, ജോണിന്റെ ഹൃദയ ശസ്ത്രക്രിയ വിജയകരമായി നടത്തുന്നു.  പക്ഷെ, മാരകമായ ഹൃദ്രോഗത്തിന് അടിമയായ ജോണ്‍ കുറച്ചു ദിവസങ്ങള്‍ക്കു ശേഷം മരിക്കുന്നു. താന്‍ മരിക്കുകയാണെങ്കില്‍ സോഫിയയുടെ മാനസികനില തകരുമെന്നും, അതില്‍ നിന്നും അവളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരണം എന്നും അഭ്യര്‍ഥിച്ചു കൊണ്ട് ജോണ് എഴുതിയ കത്ത് ദിനനാഥനു ലഭിക്കുന്നു. മനുഷ്യ സ്നേഹിയായ ദിനനാഥന്‍ ജോണിന്റെ ആഗ്രഹപ്രകാരം മുന്‍കാല കാമുകി സോഫിയയുടെ സംരക്ഷണം ഏറ്റെടുക്കുന്നു. അതോടെ, ദിനനാഥനും സോഫിയയും തമ്മില്‍ അടുപ്പത്തിലാകുകയും അവര്‍ തമ്മില്‍ ദാമ്പത്യ ജീവിതം ആരംഭിക്കുകയും ചെയുന്നു. അങ്ങനെ ദിനനാഥന് രണ്ടു കുടുംബം ഉണ്ടാകുകയും അതിനിടയില്‍ അകപെട്ടു കഷ്ടപെടുന്ന ദിനനാഥന്റെ ജീവിത്തിലുണ്ടാകുന്ന സംഭവങ്ങളുമാണ് ഈ സിനിമയുടെ തുടര്‍ന്നുള്ള കഥ.

കഥ-തിരക്കഥ: ബിലോ ആവറേജ്
ഒരുപാട് കുടുംബകഥകള്‍ എഴുതിയ തിരക്കഥ രചയ്താവ് ചെറിയാന്‍ കല്പകവാടിയുടെ രചനയാണ് ഞാനും എന്റെ ഫാമിലിയും എന്ന കെ.കെ. രാജീവ്‌ ക-ജയറാം സിനിമ. എല്ലാ സുഖസൗകര്യങ്ങളുമായി ജീവിക്കുന്ന ഒരു ഡോക്ടര്‍, ഒരു പ്രത്യേക സാഹചര്യത്തില്‍ മറ്റൊരു സ്ത്രീയുമായി അടുക്കുകയും, ആ ബന്ധം ഡോക്ടറിന്റെ ഭാര്യ അറിയുകയും, തുടര്‍ന്ന് അയാള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളുമാണ് ഈ സിനിമയുടെ പ്രധാന കഥ. ടെലിവിഷന്‍ സീരിയലുകള്‍ ഇഷ്ടപെടുന്ന സ്ത്രീ പ്രേക്ഷകരെ മുന്നില്‍ കണ്ടുകൊണ്ടാണ് ചെറിയാന്‍ ഈ സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത് എന്ന് സിനിമ കാണുമ്പോള്‍
ഏതൊരു പ്രേക്ഷകനും മനസ്സിലാകും. സീരിയലുകള്‍ സ്ഥിരമായി കാണുന്ന സ്ത്രീകള്‍ക്ക് ഇഷ്ടമാകുന്ന ഘടകങ്ങള്‍ ഉള്പെടുത്തുന്ന കാര്യത്തില്‍ വിജയിച്ച ചെറിയാന്‍ കല്പകവാടി, ഒരു നല്ല സിനിമ ഉണ്ടാക്കുന്നതില്‍ പരാജയപെട്ടു. 1984 മലയാളത്തില്‍ പുറത്തിറങ്ങിയ മമ്മൂട്ടി നായകനായ "മുഹൂര്‍ത്തം 11.30നു", 1970 കളില്‍ മധു, രാഘവന്‍, ശ്രീവിദ്യ എന്നിവര്‍ അഭിനയിച്ച "ഹൃദയം ഒരു ക്ഷേത്രം" എന്ന സിനിമകളുടെ കഥയുമായി സാമ്യമുള്ള കഥയാണ് ഞാനും എന്റെ ഫാമിലിയും. മേല്പറഞ്ഞ സിനിമകള്‍ കണ്ട കുടുംബപ്രേക്ഷകര്‍ക്ക്‌ ഞാനും എന്റെ ഫാമിലിയും കാണുമ്പോള്‍ യാതൊരു പുതുമയും തോന്നുകയില്ല.

സംവിധാനം: ബിലോ ആവറേജ്
ടെലിവിഷന്‍ സീരിയലുകള്‍ നിരവധി സംവിധാനം ചെയ്തിട്ടുള്ള കെ.കെ രാജീവിന്റെ ആദ്യ സിനിമ സംരംഭമാണ് ഞാനും എന്റെ ഫാമിലിയും. കെ.കെ രാജീവ്‌ എന്ന സംവിധായകന്റെ ആദ്യ സിനിമയില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് സീരിയല്‍ പോലുള്ള ഒരു സിനിമയാണ് എങ്കില്‍, ആ കാര്യത്തില്‍ കെ.കെ.രാജീവ്‌ വിജയിച്ചിരിക്കുന്നു. സീരിയല്‍ കഥകളോട് സാമ്യമുള്ള ഒരു കഥ തിരഞ്ഞെടുത്തു സിനിമയാക്കാന്‍ അദ്ദേഹം തീരുമാനിച്ചതിന്റെ കാരണവും അത് തന്നെ എന്ന് കരുതാം. പക്ഷെ, മലയാള സിനിമകളില്‍ തന്നെ മുമ്പ് കണ്ടിട്ടുള്ള അതെ കഥ വീണ്ടും സിനിമയാക്കാന്‍ ശ്രമിച്ചത് ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ എന്നെ അത്ഭുതപെടുത്തുന്നു. ഹൃദയം ഒരു ക്ഷേത്രം എന്ന പഴയകാല സിനിമയുടെ കഥ പകര്‍ത്തുന്നതിലും ഭേദം, ആ സിനിമ
കെ.കെ.രാജീവ്‌ റീമേക് ചെയ്യുന്നതായിരുന്നു. കണ്ടുമടുത്ത കഥയാണെങ്കിലും സിനിമയുടെ ആദ്യ പകുതി മോശമാക്കാതെ സംവിധാനം ചെയ്യുവാന്‍ കെ.കെ.രാജീവ്‌ ശ്രമിച്ചിട്ടുണ്ട്. പക്ഷെ, സിനിമയുടെ രണ്ടാം പകുതിയില്‍ സംവിധായകന്റെ കഴിവുകേടുകള്‍ വെളുവകുന്ന തരത്തില്‍ സിനിമയുടെ കഥ ഇഴഞ്ഞുനീങ്ങുകയും, ക്ലൈമാക്സ് പ്രവചിക്കനാകുകയും ചെയുന്നതോടെ ഈ സിനിമ വെറും ശരാശരി നിലവാരത്തില്‍ പോലും എത്താതെ അവസാനിക്കുന്നു. 

സാങ്കേതികം: ആവറേജ്
മനോഹരമായ ഫ്രെയിമുകള്‍ ഒരുക്കിയ വൈദി എസ്.പിള്ളയുടെ വിഷ്വല്‍സ് പ്രേക്ഷകര്‍ക്ക്‌ ആശ്വാസം പകരുന്നു. ആ ദ്രിശ്യങ്ങള്‍ കൂടിയോജിപ്പിച്ചത് വിനോദ് സുകുമാരനാണ്. രാജീവ്‌ ആലുങ്കല്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എം.ജി.ശ്രീകുമാറാണ്. മൂന്ന് പാട്ടുകളുള്ള ഈ സിനിമയില്‍ കുങ്കുമ പൂവിതളില്‍ എന്ന്‍ തുടങ്ങുന്ന ഗാനം മികവു പുലര്‍ത്തുന്നു.

അഭിനയം: എബവ് ആവറേജ്
മനുഷ്യസ്നേഹിയായ ഡോക്ടര്‍
ദിനനാഥന്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ വിശ്വസനീയമായി അവതരിപ്പിച്ച ജയറാം ആ കഥാപാത്രത്തിനോട് നൂറു ശതമാനം നീതിപുലര്‍ത്തിയിരിക്കുന്നു. അതുപോലെ തന്നെ മനോജ്‌ കെ.ജയനും, ജഗതി ശ്രീകുമാറും മൈഥിലിയും അവരവരുടെ കഥാപാത്രങ്ങള്‍ ഭംഗിയാക്കി. ഇവരെ കൂടാതെ, മമ്ത മോഹന്‍ദാസ്‌, നെടുമുടി വേണു, മല്ലിക സുകുമാരന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
    
സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. ജയറാമിന്റെ അഭിനയം
2.വൈദി എസ്. പിള്ളയുടെ ചായാഗ്രഹണം 

സിനിമയുടെ മൈനസ് പോയിന്റ്സ്:
1. സീരിയലുകളും മുന്‍കാല മലയാള സിനിമകളിലും കണ്ടുമടുത്ത കഥയും കഥാപാത്രങ്ങളും
2. ചെറിയാന്‍ കല്പകവാടി എഴുതിയ ബോറടിപ്പിക്കുന്ന തിരക്കഥ 
3. പരിചയകുറവ് വെളിവാകുന്ന രീതിയിലുള്ള കെ.കെ.രാജീവിന്റെ സംവിധാനം  

 

ഞാനും എന്റെ ഫാമിലിയും റിവ്യൂ: മലയാള ടെലിവിഷന്‍ സീരിയലുകളില്‍ കാണുന്ന പോലെയുള്ള കഥയും സംവിധാനവും അവതരണവും കണ്ടിരിക്കാന്‍ പ്രയാസമില്ലാത്ത പ്രേക്ഷകര്‍ക്കും, ജയറാമിനെ  സ്നേഹിക്കുന്ന കുടുംബ കഥകള്‍ ഇഷ്ടമാകുന്ന പ്രേക്ഷകര്‍ക്കും ഇഷ്ടാമയേക്കാം ഈ സിനിമ.
 
ഞാനും എന്റെ ഫാമിലിയും റേറ്റിംഗ്: 3.80 / 10
കഥ-തിരക്കഥ: 3 / 10 [ബിലോ ആവറേജ്]
സംവിധാനം:
3 / 10 [ബിലോ ആവറേജ്]
സാങ്കേതികം: 2.5 / 5 [ആവറേജ്]
അഭിനയം: 3 / 5 [എബവ് ആവറേജ്]
ആകെ മൊത്തം: 11.5 / 30 [3.8 / 10]

 
സംവിധാനം: കെ.കെ.രാജീവ്‌
കഥ,തിരക്കഥ,സംഭാഷണം: ചെറിയാന്‍ കല്പകവാടി
നിര്‍മ്മാണം: സെവന്‍ ആര്‍ട്സ് ഫിലിംസ് ജി.പി.വിജയകുമാര്‍
ചായാഗ്രഹണം: വൈദി എസ്. പിള്ള
ചിത്രസന്നിവേശം: വിനോദ് സുകുമാരന്‍
വരികള്‍: രാജീവ്‌ ആലുങ്കല്‍
സംഗീതം: എം.ജി.ശ്രീകുമാര്‍