30 Nov 2012

ചേട്ടായീസ് - സൗഹൃദത്തിന്റെ രസകരമായ ചിരിക്കൂട്ട്‌ 6.60/10

അധികമായാല്‍ അമൃതും വിഷം എന്ന പോലെ, ആത്മാര്‍ത്ഥ സൗഹൃദമായാലും ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സ്നേഹമായാലും, അധികമായാല്‍ അത് സൗഹൃദവും കുടുംബബന്ധങ്ങളും തകര്‍ക്കും എന്ന സന്ദേശം രസകരമായ മുഹൂര്‍ത്തങ്ങളിലൂടെ പ്രേക്ഷകരിലേക്കെത്തിച്ച സിനിമയാണ് ഷാജൂണ്‍ കാര്യാലിന്റെ ചേട്ടായീസ്. തക്കാളി ഫിലിംസിന്റെ ബാനറില്‍ നടന്മാരായ ബിജു മേനോന്‍, സുരേഷ് കൃഷ്ണ, ചായാഗ്രാഹകന്‍ പി.സുകുമാര്‍, സംവിധായകന്‍ ഷാജൂണ്‍ കാര്യാല്‍, തിരക്കഥകൃത്ത് സച്ചി എന്നിവര്‍ ചേര്‍ന്നാണ് ചേട്ടായീസ് നിര്‍മ്മിച്ചിരിക്കുന്നത്. റണ്‍ ബേബി റണ്‍ എന്ന സിനിമയ്ക്ക് ശേഷം സച്ചിയുടെ കഥയ്ക്ക്‌, തിരക്കഥയും സംഭാഷണങ്ങളും എഴുതിയതും സച്ചി തന്നെയാണ്. വിനോദ് ഇല്ലംപിള്ളി പകര്‍ത്തിയ ദ്രിശ്യങ്ങള്‍ കൂട്ടിയോജിപ്പിച്ചത് ബിജിത്ത് ബാലയാണ്. രാജീവ്‌ നായരുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ദീപക് ദേവാണ്.

കൊച്ചി നഗരത്തിലെ ഒരു ഫ്ലാറ്റില്‍ ന്യൂ ഇയര്‍ ആഘോഷിക്കുവാന്‍ വേണ്ടി ആത്മാര്‍ത്ഥ സുഹൃത്തുക്കളായ ജോണ്‍ പള്ളന്‍ എന്ന വക്കീലും, സംഗീത സംവിധായകന്‍ കൃഷ്ണകുമാര്‍ എന്ന കിച്ചുവും, സിനിമ-സീരിയല്‍ നടന്‍ രൂപേഷ് കൃഷ്ണയും, പാചക വിദഗ്ദ്ധന്‍ ബാവയും, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ബാബുമോനും തലേന്ന് തന്നെ ഒത്തുചേരുന്നു. 36 മണിക്കൂറുകള്‍ക്കുള്ളില്‍ ഈ അഞ്ചു പേരുടെയും ജീവിതത്തിലുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. മിയ[ജിമ്മി ജോര്‍ജ്] എന്ന പുതുമുഖമാണ് ഈ സിനിമയിലെ നായിക. ബിജു മേനോന്‍ അവതരിപ്പിക്കുന്ന കിച്ചുവിന്റെ ഭാര്യ മെര്‍ലിന്‍ എന്ന കഥാപാത്രത്തെയായാണ്‌  മിയ അവതരിപ്പിക്കുന്നത്‌. അഞ്ചു സുഹൃത്തുക്കള്‍ ഒത്തുകൂടുമ്പോള്‍ ഉണ്ടാവുന്ന വെറും സൗഹൃദം മാത്രം ചര്‍ച്ചചെയ്യാതെ, സൗഹൃദത്തിലായാലും വിവാഹ ബന്ധത്തിലായാലും അമിതമായ സ്നേഹം കൊണ്ടുണ്ടാവുന്ന പ്രശ്നങ്ങളും ഈ സിനിമയില്‍ ചര്‍ച്ചചെയ്യപെടുന്നു. 

കഥ, തിരക്കഥ: ഗുഡ്
സൗഹൃദത്തിന്റെ കഥപറഞ്ഞ ഒരുപാട് സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ടെങ്കിലും, അതില്‍ നിന്നുമൊക്കെ വേറിട്ട തിരക്കഥയാണ് സച്ചി ഈ സിനിമയ്ക്ക് വേണ്ടി എഴുതിയിരിക്കുന്നത്. മികച്ചൊരു സന്ദേശവും നല്‍ക്കികൊണ്ടു സച്ചി എഴുതിയ തിരക്കഥയാണ് ഈ സിനിമയുടെ നട്ടെല്ല്. സമീപകാലത്തിറങ്ങിയ സിനിമകളെ അപേക്ഷിച്ച് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന കഥാസന്ദര്‍ഭങ്ങള്‍ എഴുതുവാന്‍ സച്ചിയ്ക്ക് സാധിച്ചതാണ് ഈ സിനിമയ്ക്ക് തുണയായത്. തട്ടിക്കൂട്ട് തമാശകളും നായകന്മാരുടെ കോമാളി അഭിനയവും കണ്ടു നിവര്‍ത്തിയില്ലാതെ ചിരിക്കുന്ന പ്രേക്ഷകര്‍ക്ക്‌ വലിയൊരു ആശ്വാസമാണ് ഈ സിനിമ. രസകരങ്ങളായ നിരവധി മുഹൂര്‍ത്തങ്ങള്‍ക്ക് പുറമേ സംഭാഷണങ്ങ
ളിലുള്ള തമാശകള്‍ വേറെ. ഈ സിനിമയുടെ രണ്ടാം പകുതിയില്‍ കുടുംബ ജീവിതത്തിലെ താളപിഴകള്‍ ഉണ്ടാവുന്ന ചില കാരണങ്ങളും ചര്‍ച്ച ചെയുന്നു. റണ്‍ ബേബി റണ്ണിനു ശേഷം മറ്റൊരു വിജയ സിനിമ കൂടി സച്ചിയുടെ പേരില്‍...അഭിനന്ദനങ്ങള്‍!

സംവിധാനം: എബവ് ആവറേജ്
മോഹന്‍ലാല്‍ നായകനായി അഭിനയിച്ച വടക്കുംനാഥന്‍ എന്ന സിനിമയ്ക്ക് ശേഷം ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ചേട്ടായീസ്. ന്യൂ ജനറേഷന്‍ സിനിമകളും ഓള്‍ഡ്‌ ജനറേഷന്‍ സിനിമകളും ഇഷ്ടപെടുന്ന രണ്ടുതരം പ്രേക്ഷകരാണ് ഇന്ന് കേരളത്തിലുള്ളത്. ഇവയില്‍ രണ്ടുകൂട്ടരെയും ത്രിപ്പ്തിപെടുത്തുന്ന സിനിമകള്‍ എടുക്കുവാന്‍ ഒരല്പം ബുദ്ധിമുട്ടേണ്ടിവരും. ഷാജൂണ്‍ കാര്യലിന്റെ ചേട്ടായീസിലൂടെ സംവിധായകന്‍ എല്ലാത്തരം സിനിമകള്‍ ഇഷ്ടപെടുന്നവരെയും അനായാസം തൃപ്തിപെടുത്തി
യിരിക്കുന്നു. നല്ലൊരു തിരക്കഥയുടെ പിന്‍ബലത്തോടെ, മികച്ച നടീനടന്മാരുടെ സഹായത്തോടെ, നല്ല സാങ്കേതിക മികവോടെ പ്രേക്ഷകര്‍ക്ക്‌ ഓര്‍ത്തോര്‍ത്തു ചിരിക്കുവാനും ഒരല്‍പം ചിന്തിക്കുവാനുമുള്ള അവസരം ഷാജൂണ്‍ കാര്യാല്‍ ഉണ്ടാക്കിയിരിക്കുന്നു. കഴിവ് തെളിയിച്ച നടന്മാരായ ബിജു മേനോനെയും ലാലിനെയും കൂടാതെ സുരേഷ് കൃഷ്ണ, പി.സുകുമാര്‍ എന്നിവര്‍ക്ക് വ്യതസ്ത വേഷങ്ങള്‍ നല്‍കിയതിനും, പുതുമുഖങ്ങളായ സുനില്‍ ബാബു, മിയ എന്നിവരെ കണ്ടെത്തിയത്തിനും സംവിധായകന്‍ പ്രശംസ അര്‍ഹിക്കുന്നു.

സാങ്കേതികം: ഗുഡ്
കൊച്ചിയിലെ നവോദയയുടെ സ്റ്റുഡിയോയില്‍ ആണ് ഈ സിനിമയുടെ പ്രധാന രംഗങ്ങള്‍ ചിത്രീകരിച്ചത്. വിനോദ് ഇല്ലംപ്പിള്ളിയാണ് ചായഗ്രഹകാന്‍. ഫ്ലാറ്റില്‍ ഒത്തുകൂടുന്ന രംഗങ്ങള്‍ കളര്‍ഫുള്ളായി ചിത്രീകരിച്ചത് സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. ബിജിത്ത് ബാലയുടെ ചില രസകരങ്ങളായ രംഗങ്ങളുടെ കൂട്ടിയോജിപ്പികലുകളും ഈ സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. രാജീവ്‌ നായര്‍ എഴുതി ദീപക് ദേവ് ഈണമിട്ട "എറുനോട്ടം എന്തിനു വെറുതെ..." എന്ന പാട്ട് മികവു പുലര്‍ത്തുന്നു. സന്തോഷ്‌ രാമന്റെ കലാസംവിധാനവും, കുക്കുവിന്റെ വസ്ത്രാലങ്കാരവും, റോഷന്റെ മേക്കപും സിനിമയോട് ചേര്‍ന്ന് പോകുന്നു. ഏവര്‍ക്കും അഭിനന്ദനങ്ങള്‍.


അഭിനയം: ഗുഡ്
ജോണ്‍ പള്ളനായി ലാലും, കിച്ചുവായി ബിജു മേനോനും മികച്ച അഭിനയം കാഴ്ചവെച്ച ഈ സിനിമയില്‍, സുരേഷ് കൃഷ്ണ, സുനില്‍ ബാബു, നായിക മിയ എന്നിവരും അവരവരുടെ രംഗങ്ങള്‍ മികവുറ്റതാക്കി. പി.സുകുമാര്‍, പി.ശ്രീകുമാര്‍, സാദിക്ക്, അഗസ്റ്റിന്‍, ഷാജു, നന്ദു പൊതുവാള്‍, ഗീത വിജയന്‍, പൊന്നമ്മ ബാബു, സജിത ബേട്ടി എന്നിവരും ഈ സിനിമയില്‍ അഭിനയിക്കുനുണ്ട്. ഓര്‍ഡിനറി എന്ന സിനിമയ്ക്ക് ശേഷം ബിജു മേനോന് ലഭിച്ച ഏറ്റവും മികച്ച കഥാപാത്രമാണ് ഈ സിനിമയിലെ കിച്ചു. അതുപോലെ ഒഴിമുറി എന്ന സിനിമയിലൂടെ അഭിനയത്തിന്റെ പുതിയമുഖം കാണിച്ചുതന്ന ലാലിന് കിട്ടിയ മറ്റൊരു നല്ല വേഷമാണ് ഈ സിനിമയിലെ ജോണ്‍ എന്ന വക്കീല്‍. വില്ലന്‍ വേഷങ്ങളില്‍ നിന്നും ശാപമോക്ഷം ലഭിക്കുവാന്‍ കാത്തിരുന്ന സുരേഷ് കൃഷ്ണയ്ക്കും ഈ സിനിമയിലെ കോമഡി വേഷം ഗുണം ചെയ്യും. പുതുമുഖം എന്ന് തോന്നിപ്പിക്കാത്ത രീതിയില്‍ നായിക മിയും ഉജ്ജ്വമായി അഭിനയിച്ചിട്ടുണ്ട് ഈ സിനിമയില്‍. 



സിനിമയുടെ പ്ലസ് പോയിന്റ്സ്:
1. സച്ചിയുടെ തിരക്കഥ
2. ചിരിയുണര്‍ത്തുന്ന നിരവധി കഥാസന്ദര്‍ഭങ്ങള്‍
3. നടീനടന്മാരുടെ അഭിനയം
4. എറുനോട്ടം എന്തിനു വെറുതെ...എന്ന പാട്ട്
5. ചായാഗ്രഹണം, ചിത്രസന്നിവേശം 


സിനിമയുടെ മൈനസ് പോയിന്റ്സ്:
1. ചില അശ്ലീല സംഭാഷണങ്ങള്‍[തെറി വിളികള്‍]


ചേട്ടായീസ് റിവ്യൂ: ന്യൂ ജനറേഷന്‍ സിനിമകള്‍ ഇഷ്ടപെടുന്നവരെയം ഓള്‍ഡ്‌ ജനറേഷന്‍ സിനിമ ഇഷ്ടപെടുന്ന പ്രേക്ഷകരെയും, സൗഹൃദത്തിന്റെ കഥപറയുന്ന ചേട്ടായീസ് ചിരിപ്പികുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. ഷാജൂണ്‍ കര്യാലിനും സച്ചിയ്ക്കും തക്കാളി ഫിലിംസിനും അഭിനന്ദനങ്ങള്‍!

ചേട്ടായീസ് റേറ്റിംഗ്: 6.60/10
കഥ,തിരക്കഥ: 7/10[ഗുഡ്]
സംവിധാനം: 6/10[എബവ് ആവറേജ്]
സാങ്കേതികം: 3.5/5[ഗുഡ്]
അഭിനയം: 3.5/5[ഗുഡ്]
ടോട്ടല്‍: 20/30 [6.6/10]

സംവിധാനം: ഷാജൂണ്‍ കാര്യാല്‍
കഥ, തിരക്കഥ, സംഭാഷണം: സച്ചി
നിര്‍മ്മാണം: ബിജു മേനോന്‍, സുരേഷ് കൃഷ്ണ, പി.സുകുമാര്‍, ഷാജൂണ്‍ കര്യാല്‍, സച്ചി
ബാനര്‍: തക്കാളി ഫിലിംസ്
ചായാഗ്രഹണം: വിനോദ് ഇല്ലംപിള്ളി
ചിത്രസന്നിവേശം:ബിജിത്ത് ബാല
ഗാനരചന:രാജീവ്‌ നായര്‍
സംഗീതം: ദീപക് ദേവ്
കലാസംവിധാനം: സന്തോഷ്‌ രാമന്‍
വസ്ത്രാലങ്കാരം:കുക്കു പരമേശ്വരന്‍
മേക്കപ്പ്: റോഷന്‍ ചിറ്റൂര്‍
വിതരണം: കലാസംഘം, കാസ്, മഞ്ജുനാഥ[എറണാകുളം]

No comments:

Post a Comment