28 Feb 2013

ഷട്ടര്‍ - ജോയ് മാത്യു തുറന്ന ഷട്ടറിലൂടെ മികച്ചൊരു സന്ദേശം പ്രേക്ഷകരിലേക്കെത്തിയിരിക്കുന്നു 7.20/10

ജോണ്‍ അബ്രഹാമിന്‍റെ അമ്മ അറിയാന്‍ എന്ന സിനിമയിലെ നായകന്‍ ജോയ് മാത്യു ആദ്യമായി രചന നിര്‍വഹിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത സിനിമയാണ് ഷട്ടര്‍. 17-മത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലും, 9-മത് ദുബായ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിച്ചു പ്രേക്ഷക ശ്രദ്ധ നേടിയ ഷട്ടറിനു, 2012ലെ പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മികച്ച സിനിമയ്ക്കുള്ള സില്‍വര്‍ ക്രോ ഫീസെന്റ് അവാര്‍ഡ്‌ ലഭിച്ചു. അബ്ര ഫിലിംസിന്‍റെ ബാനറില്‍ സരിത ആന്‍ തോമസ്‌ നിര്‍മ്മിച്ച ഷട്ടറില്‍ ലാല്‍, ശ്രീനിവാസന്‍, വിനയ് ഫോര്‍ട്ട്‌, സജിത്ത മടത്തില്‍, റിയ സൈറ, പ്രേംകുമാര്‍, അഗസ്റ്റിന്‍, വിജയന്‍ പെരിങ്ങോട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ഹരി നായര്‍ ചായാഗ്രഹണവും, ബിജിത്ത് ബാല ചിത്രസന്നിവേശവും, ഷഹബാസ് അമ്മന്‍ സംഗീതവും, രംഗനാഥ് രവി ശബ്ദമിശ്രണവും നിര്‍വഹിച്ചിരിക്കുന്നു.

കഥ,തിരക്കഥ: വെരി ഗുഡ്
ഗള്‍ഫില്‍ നിന്നും നാട്ടില്‍ അവധിക്കെത്തിയ റഷീദ്, അയാളുടെ സുഹൃത്തുക്കളുടെ പ്രേരണയാലും മദ്യത്തിന്‍റെ ലഹരിയാലും ഒരു തെറ്റ് ചെയ്യുകയും, അതിനെ തുടര്‍ന്ന് വലിയൊരു അബദ്ധത്തില്‍ ചെന്ന് ചാടുകയും, തുടര്‍ന്ന്, റഷീദ് ചില മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നുപോവുകയും ചെയ്യുന്ന കഥയാണ് ഷട്ടര്‍ എന്ന സിനിമയുടേത്. തെറ്റായ കൂട്ടുകെട്ടും മദ്യത്തിന്റെ ലഹരിയും ഒരു മനുഷ്യനെ ഏതെല്ലാം തരത്തില്‍ മോശക്കരനാക്കുന്നു എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് ഷട്ടര്‍ എന്ന ഈ സിനിമ. മുന്‍ തലമുറയില്‍പെട്ടവര്‍ക്ക് ഈ സിനിമ ഒരു ഓര്‍മ്മപെടുത്തലാണെങ്കില്‍, ഈ തലമുറയിലുള്ളവര്‍ക്ക് ഇതൊരു പാഠമാണെന്ന് കരുതാം. പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന രീതിയിലാണ് ഈ സിനിമ തിരക്കഥ എഴുതിയിരിക്കുന്നത്. റിയലസ്റ്റിക്കായ കഥാസന്ദര്‍ഭങ്ങളിലൂടെ വികസിക്കുന്ന ഈ സിനിമ നല്ലൊരു സന്ദേശവും സമൂഹത്തിനു നല്‍ക്കുന്നു. സമീപകാലത്തിറങ്ങിയ ഏറ്റവും മികച്ച തിരക്കഥയാണ് ഷട്ടര്‍ എന്ന സിനിമയുടെത്‌. ജോയ് മാത്യുവിന് അഭിനന്ദനങ്ങള്‍!

സംവിധാനം: ഗുഡ്
കാലികപ്രസക്തിയുള്ളൊരു പ്രമേയവും കഥയും രചിക്കുന്നതിനോടൊപ്പം കഴിവുള്ള സാങ്കേതിക പ്രവര്‍ത്തകരുടെ പിന്‍ബലത്തോടെ ഒരു ത്രില്ലര്‍ സിനിമ സംവിധാനം ചെയ്യുവാനും ജോയ് മാത്യുവിന് സാധിച്ചു. റിയലസ്റ്റിക്കായ കഥാസന്ദര്‍ഭങ്ങള്‍ എല്ലാത്തരം സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകര്‍ക്കും മനസ്സിലാകുവാനും ആസ്വദിക്കുവാനും സാധിക്കുന്ന രീതിയില്‍ ഈ സിനിമ സംവിധാനം ചെയ്തതാണ് ജോയ് മാത്യു ചെയ്ത മികച്ച കാര്യം. ഓരോ കഥയും സമീപിക്കേണ്ട രീതിയില്‍ സംവിധായന്‍ സമീപിച്ചാല്‍, അതൊരു വന്‍വിജയമാകുമെന്നതിന്റെ തെളിവാണ് ഷട്ടറിന്റെ വിജയം. മറ്റൊരു എടുത്തു പറയേണ്ട ഘടകം എന്നത് ഈ സിനിമയിലെ അഭിനേതാക്കളാണ്. ഓരോ കഥാപാത്രത്തിനും അനിയോജ്യരായ നടീനടന്മാരെ അഭിനയിപ്പിച്ചുകൊണ്ട്‌ ജോയ് മാത്യു മികവു തെളിയിച്ചു. ഫിലിം ഫെസ്റിവലില്‍ മാത്രം പ്രദര്‍ശിപ്പിച്ചു, ചില സിനിമാ പ്രേമികള്‍ക്ക്  മാത്രം കാണുവാന്‍ അവസരം ഉണ്ടാക്കാതെ, കേരളത്തിലെ പ്രമുഖ പ്രദര്‍ശനശാലകളില്‍ ഈ സിനിമ റിലീസ് ചെയ്ത നിര്‍മ്മാതാവിനും വിതരണക്കാര്‍ക്കും നന്ദി!


സാങ്കേതികം:എബവ് ആവറേജ്
ഷട്ടര്‍ എന്ന ഈ സിനിമയെ മികവുറ്റതാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഘടഗങ്ങളില്‍ രംഗനാഥ് രവിയുടെ ശബ്ദമിശ്രണവും ഹരി നായരുടെ ചായാഗ്രഹണവും ഉള്‍പെടുന്നു.  ഓരോ രംഗങ്ങളും വിശ്വസനീയമായ ശബ്ദം നല്‍ക്കി സിനിമയുടെ മാറ്റുക്കൂട്ടുന്നതില്‍ രംഗനാഥ് രവി നിര്‍വഹിച്ച പങ്കു ചെറുതല്ല. അതുപോലെ വിശ്വസനീയമായ രീതിയില്‍ ദ്രിശ്യങ്ങള്‍ ക്യാമറയില്‍ ഹരി നായര്‍ പകര്‍ത്തിയതും മികവു പുലര്‍ത്തി. ബിജിത്ത് ബാലയുടെ ചിത്രസന്നിവേശം ആദ്യപകുതിയില്‍ മികവു പുലര്‍ത്തിയില്ലെങ്കിലും, രണ്ടാം പകുതിയും ക്ലൈമാക്സിലും മികവു പുലര്‍ത്തി. ഷഹബാസ് അമ്മനാണ് ഗാനരചനയും സംഗീതസംവിധാനവും നിര്‍വഹിച്ചത്. രഞ്ജിത്ത് അമ്പാടിയുടെ മേക്കപും സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും സിനിമയ്ക്കുതകുന്നവയാണ്.
 

അഭിനയം: വെരി ഗുഡ്
ലാല്‍, വിനയ് ഫോര്‍ട്ട്‌, ശ്രീനിവാസന്‍, പുതുമുഖം സജിത മടത്തില്‍ എന്നിവരുടെ അവിസ്മരണീയമായ പ്രകടനമാണ് ഷട്ടര്‍ എന്ന സിനിമയെ വ്യതസ്തമാക്കുന്നത്. ഒഴിമുറിയ്ക്ക് ശേഷം ലാലിന് ലഭിച്ച മികച്ച കഥാപാത്രമാണ് ഈ സിനിമയിലെ റഷീദ്. റഷീദിന്റെ മാനസിക സംഘര്‍ഷങ്ങള്‍ മികച്ച ഭാവഭിനയത്തോടെ അവതരിപ്പിച്ച ലാലിന് അംഗീകാരം ലഭിക്കാത്തത് എന്തുകൊണ്ടെന്നറിയില്ല. മറ്റൊരു മികച്ച അഭിനയം കാഴ്ചവെച്ചത് പുതുമുഖം സജിത മടത്തിലാണ്. അതുപോലെ, വിനയ് ഫോര്‍ട്ടും ശ്രീനിവാസനും മികച്ച പിന്തുണ നല്‍ക്കി. ഏവര്‍ക്കും അഭിനന്ദനങ്ങള്‍. 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. ലാല്‍, വിനയ്, സജിത മടത്തില്‍ എന്നിവരുടെ അഭിനയം
2. കഥ, തിരക്കഥ
3. സംവിധാനം 
4. ശബ്ദമിശ്രണം
5. മികച്ചൊരു സന്ദേശം നല്‍ക്കുന്നു. 

ഷട്ടര്‍ റിവ്യൂ: റിയലസ്റ്റിക്ക് കഥാസന്ദര്‍ഭങ്ങളിലൂടെ മികച്ചൊരു സന്ദേശം പ്രേക്ഷകരിലെക്കെത്തിച്ച ജോയ് മാത്യുവിന്‍റെ ഷട്ടര്‍, മലയാള സിനിമയില്‍ പുതിയൊരു വഴിത്തിരിവാകുമെന്നുറപ്പ്.

ഷട്ടര്‍ റേറ്റിംഗ്: 7.20/10
കഥ,തിരക്കഥ: 8/10 [വെരി ഗുഡ്]
സംവിധാനം: 7/10 [ഗുഡ്]
സാങ്കേതികം: 3/5 [എബവ് ആവറേജ്]
അഭിനയം: 3.5/5 [വെരി ഗുഡ്]
ടോട്ടല്‍ 21.5/30 [7.2/10]

രചന, സംവിധാനം: ജോയ് മാത്യു
നിര്‍മ്മാണം: സരിത ആന്‍ തോമസ്‌
ബാനര്‍: അബ്ര ഫിലിംസ്
ചായാഗ്രഹണം: ഹരി നായര്‍
ചിത്രസന്നിവേശം:ബിജിത്ത് ബാല
ഗാനരചന, സംഗീതം: ഷഹബാസ് അമ്മന്‍
കലാസംവിധാനം: സുനില്‍ കൊച്ചനൂര്‍
മേക്കപ്പ്:രഞ്ജിത്ത് അമ്പാടി
വസ്ത്രാലങ്കാരം: സമീറ സനീഷ്
ശബ്ദമിശ്രണം: രംഗനാഥ് രവി

25 Feb 2013

ഡേവിഡ്‌ ആന്‍ഡ്‌ ഗോലിയാത്ത് - 15 മിനിറ്റ് കഥയുടെ 2 മണിക്കൂര്‍ അവതരണം 4.00/10

ഇടുക്കിയിലെ വാഗമണ്‍ എന്ന മലയോര ഗ്രാമത്തിലെ ഒറ്റപെട്ടു സ്ഥിതി ചെയ്യുന്ന ഒരു ദേവാലയവും, ദേവാലയത്തിലെ പള്ളിവികാരിയും, പള്ളി വികാരി എടുത്തു വളര്‍ത്തിയ ഡേവിഡും ആ നാട്ടുകാര്‍ക്ക് പ്രിയപെട്ടവരായിരുന്നു. ചില പ്രത്യേക സാഹചര്യങ്ങളാല്‍ പഠനം അവസാനിപ്പിക്കുന്ന ഡേവിഡ്‌, സ്വന്തമായി  യന്ത്രങ്ങള്‍ ഉണ്ടാക്കുന്നതില്‍ കേമാനയിരുന്നു. നിഷ്കളങ്കനായ ഡേവിഡിന് അയാള്‍ ഉണ്ടാകുന്ന യന്ത്രങ്ങളുടെ മേന്മയോ വിലയോ അറിയില്ലായിരുന്നു. ഈ അവസരത്തിലാണ് സണ്ണി എന്ന കച്ചവടക്കാരന്‍ ഡേവിഡിനെ അന്വേഷിച്ചു ആ നാട്ടില്‍ എത്തുന്നത്. തുടര്‍ന്ന് ഡേവിഡിന്‍റെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ കഥ. 

കോക്ക്ടെയ്ല്‍ എന്ന ഫാമിലി സസ്പെന്‍സ് ത്രില്ലര്‍, സൗഹൃദത്തിന്‍റെ വ്യതസ്ഥ കഥയുമായി വന്ന ബ്യൂട്ടിഫുള്‍, ലോഡ്ജ് അന്തേവാസികളുടെ പച്ചയായ ജീവിതകഥ പറഞ്ഞ ട്രിവാന്‍ഡ്രം ലോഡ്ജ് എന്നീ സിനിമകള്‍ക്ക് ശേഷം അനൂപ്‌ മേനോന്‍റെ രചനയില്‍ ജയസൂര്യ നായകനാകുന്ന നാലാമത്തെ സിനിമയാണ് രാജീവ് നാഥ് സംവിധാനം ചെയ്ത ഡേവിഡ്‌ ആന്‍ഡ്‌ ഗോലിയാത്ത്. ഈ സിനിമയ്ക്ക് വേണ്ടി സംഭാഷണങ്ങള്‍ എഴുതുന്നതില്‍ സംവിധായകന്‍ അജി ജോണ്‍ അനൂപ്‌ മേനോനെ സഹായിച്ചിട്ടുണ്ട്. ഡേവിഡ്‌ എന്ന നിഷ്കളങ്കനായ യുവാവിനെ അവതരിപ്പിച്ചിരിക്കുന്നത് ജയസൂര്യയും, സണ്ണി എന്ന വക്രബുദ്ധിക്കാരനായ കച്ചവടക്കാരനെ അവതരിപ്പിച്ചിരിക്കുന്നത് അനൂപ്‌ മേനോനുമാണ്. ഇവരെ കൂടാതെ പി.ബാലചന്ദ്രന്‍, ഇന്ദ്രന്‍സ്, അജി ജോണ്‍, അരുണ്‍, മജീദ്‌, മാസ്റ്റര്‍ ധനന്‍ജയ്‌, ഗീഥ സലാം, ലെന, നന്ദു, അനുമോള്‍, സൗമ്യ, സുകുമാരി എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു ഈ സിനിമയില്‍.

കഥ, തിരക്കഥ: ബിലോ ആവറേജ് 
അനൂപ്‌ മേനോന്‍ എഴുതിയ തിരക്കഥകളില്‍ ഒന്നില്‍ പോലും പ്രേക്ഷകര്‍ കണ്ടുമടുത്ത കഥയോ കഥാപാത്രങ്ങളൊ സംഭാഷണങ്ങളോ ഇതുവരെ ഉണ്ടായിരുന്നില്ല. ഡേവിഡ്‌ ആന്‍ഡ്‌ ഗോലിയാത്ത് എന്ന സിനിമയിലുടനീളം പ്രേക്ഷകര്‍ കണ്ടുമടുത്ത കഥാസന്ദര്‍ഭങ്ങളും പ്രവചിക്കാനവുന്ന സംഭാഷണങ്ങളും ഏറെയുണ്ട്. അതുപോലെ മുന്‍കാല അനൂപ്‌ മേനോന്‍ സിനിമകളില്‍ കാണപെട്ട മോഹന്‍ലാല്‍ സാന്നിധ്യം ഈ സിനിമയിലുമുണ്ട്. ഒരാവശ്യവുമില്ലാതെ കിരീടത്തിലെയും സ്പടികത്തിലെയും രംഗങ്ങള്‍ സിനിമയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ഈ സിനിമയിലെ കഥാപാത്രങ്ങളായ ഡേവിഡും പള്ളിവികാരിയും ജൈനമ്മയും ഉള്‍പ്പടെ പലവരുടെയും കഥാപാത്രങ്ങള്‍ ക്രിത്ത്രിമത്വം നിറഞ്ഞതായി അനുഭവപെട്ടു. അതുപോലെ സിനിമയിലെ ആദ്യ പകുതിയിലെ കുറെയേറെ രംഗങ്ങള്‍ വലിച്ചുനീട്ടിയിരിക്കുന്നുണ്ട്. അനൂപ്‌ മേനോന്‍ എഴുതിയ ഏറ്റവും മോശം തിരക്കഥയാണ് ഈ സിനിമയുടേത്.  

സംവിധാനം: ബിലോ ആവറേജ് 
പകല്‍ നക്ഷത്രങ്ങള്‍ എന്ന മോഹന്‍ലാല്‍ സിനിമയ്ക്ക് ശേഷം അനൂപ്‌ മേനോന്‍റെ തിരക്കഥയില്‍ രാജീവ്‌ നാഥ് സംവിധാനം ചെയ്ത ഡേവിഡ്‌ ആന്‍ഡ്‌ ഗോലിയാത്ത്. നല്ലൊരു കഥയുടെ അഭാവം ഈ സിനിമയിലുടനീളം ഉണ്ടെങ്കിലും, ജയസുര്യയുടെ അഭിനയ മികവുകൊണ്ടും, ജിത്തു ദാമോദറിന്റെ ചായാഗ്രഹണ മികവുകൊണ്ടും ഡേവിഡ്‌ ആന്‍ഡ്‌ ഗോലിയാത്ത് വ്യതസ്തമാകുന്നു. രാജീവ്‌ നാഥിന്‍റെ മുന്‍കാല സിനിമകളായ അഹം, പകല്‍ നക്ഷത്രങ്ങള്‍ എന്നീ സിനിമകള്‍ പ്രമേയപരമായി വ്യതസ്തവും അവതരണത്തില്‍ പുതുമകള്‍ ഉണ്ടായിരുന്നവയുമാണ്. സാങ്കേതികതികവില്ലാത്ത സിനിമകളായിരുന്നു അഹവും പകല്‍ നക്ഷത്രങ്ങളും എന്നായിരുന്നു ആ കാലഘട്ടത്തിലെ സിനിമ പ്രേമികള്‍ ആ സിനിമകളെ കുറിച്ച് പറഞ്ഞിരുന്നത്. ആ കുറവ് പരിഹരിക്കുന്ന രീതിയിലാണ് ഈ സിനിമ രാജീവ്‌ നാഥ് സംവിധാനം ചെയ്തിരിക്കുന്നത്. സാങ്കേതിക തികവോടെ സിനിമയെ സമീപിച്ച രാജീവ്‌ നാഥ്, അനൂപ്‌ മേനോന്‍ എന്ന എഴുത്തുകാരനെ കണ്ണടച്ച് വിശ്വസിച്ചു, അനൂപ്‌ എഴുതിയ ശരാശരി നിലവാരം പോലുമില്ലാത്ത തിരക്കഥ അതേപടി സംവിധാനം ചെയ്തത് സിനിമയ്ക്ക് വിനയായി. ഈ സിനിമയിലെ പ്രധാനപെട്ട രംഗങ്ങളില്‍ ഒന്നില്‍, അനൂപ്‌ മേനോന്‍ ചെയ്യുന്ന കഥാപാത്രം സണ്ണിയുടെ സംഭാഷണങ്ങളും ചുണ്ടനക്കവും തമ്മില്‍ ഒരു ബന്ധവുമില്ലാതെ ചിത്രീകരിച്ചത് സംവിധായകന്‍റെ അശ്രദ്ധമൂലമാണ്. ഇത് പോലെ തന്നെ, ലെന അവതരിപ്പിക്കുന്ന ജെയിനമ്മ എന്ന കഥാപാത്രത്തിന്‍റെ ഡബ്ബിംഗ് മോശമായിരുന്നു. രാജീവ്‌ നാഥില്‍ നിന്നും അഹം പോലെയുള്ള മറ്റൊരു ക്ലാസ്സ്‌ സിനിമയ്ക്കായി കാത്തിരിക്കാം. 

സാങ്കേതികം: എബവ് ആവറേജ്
ഇഴഞ്ഞു നീങ്ങുന്ന കഥാഗതിയും സംവിധാനവും സിനിമയെ ദോഷകരമായി ബാധിച്ചപ്പോള്‍, ജിത്തു ദാമോദറിന്റെ ചായാഗ്രഹണവും അര്‍ക്കന്‍ കൊല്ലം നിര്‍വഹിച്ച കലാസംവിധാനവും രതീഷ്‌ വേഗയുടെ സംഗീതവും സിയാന്‍റെ ചിത്രസന്നിവേശവും സിനിമയെ രക്ഷിച്ചു എന്ന് പറയേണ്ടിവരും. വാഗമണ്‍ എന്ന സ്ഥലത്തിന്‍റെ പച്ചപ്പിന്‍റെ സൌന്ദര്യം മുഴുവന്‍ ചിത്രീകരിക്കുവാന്‍ ജിത്തു ദാമോദറിന് സാധിച്ചു. മറ്റു എടുത്തു പറയേണ്ടതാണ് ഈ സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിച്ച രതീഷ്‌ വേഗയുടെ സംഭാവന. ഓരോ രംഗങ്ങള്‍ക്ക് അനിയോജ്യമായ സംഗീതം നല്‍ക്കുവാന്‍ രതീഷിനു സാധിച്ചു. കരുമോന്‍ ബിനുവിന്‍റെ മേക്കപ്പും അസീസ്‌ പാലക്കാടും സിനിമയ്ക്കുതക്കുന്നവയാണ്.

അഭിനയം: എബവ് ആവറേജ്
ട്രിവാന്‍ഡ്രം ലോഡ്ജിലെ അബ്ദുവിന് ശേഷം ജയസൂര്യയ്ക്ക് ലഭിച്ച മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് ഈ സിനിമയിലെ നിഷ്കളങ്കനായ ഡേവിഡ്‌ എന്ന കഥാപാത്രം. തികഞ്ഞ ആത്മാര്‍ഥതയോടെ ഡേവിഡിനെ അവതരിപ്പിക്കുവാന്‍ ജയസൂര്യ ശ്രമിച്ചിട്ടുണ്ട്. ആ ശ്രമം പൂര്‍ണമായി വിജയിച്ചില്ലെങ്കിലും, സിനിമയുടെ ക്ലൈമാക്സ് രംഗങ്ങളിലുള്ള അഭിനയം മികവു പുലര്‍ത്തി. സണ്ണി എന്ന വക്രബുദ്ധിയുള്ള കച്ചവടക്കാരനെ അനൂപ്‌ മേനോനും തനതായ ശൈലിയില്‍ അവതരിപ്പിച്ചു. പള്ളിവികാരിയുടെ വേഷത്തിലെത്തിയ പി.ബാലചന്ദ്രനും നിരാശപെടുത്താതെ അഭിനയിച്ചിട്ടുണ്ട്. വ്യതസ്ത രീതിയില്‍ ജൈനമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ലെന മറ്റു സിനിമകളില്‍ അഭിനയിച്ച രീതിയിലുള്ള മികവു പുലര്‍ത്തിയില്ല. ലെനയ്ക്ക് വേണ്ടി ശബ്ദം നല്‌ക്കിയ ഭാഗ്യലക്ഷ്മിയുടെ ശബ്ദം ആ കഥാപാത്രത്തിനു അനിയോജ്യമായി അനുഭവപെട്ടില്ല. പുതുമുഖം സൗമ്യയും, അനുമോളും അവരവരുടെ രംഗങ്ങള്‍ മോശമാക്കാതെ അഭിനയിച്ചു. സംവിധായകന്‍ അജി ജോണും ഒരു ചെറിയ കഥാപാത്രത്തെ ഈ സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട്.

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.ജയസുര്യയുടെ അഭിനയം
2.ജിത്തു ദാമോദറിന്റെ ചായാഗ്രഹണം
3.ലോക്കെഷന്‍സ്
4.രതീഷ്‌ വേഗയുടെ പശ്ചാത്തല സംഗീതം

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.കഥ, തിരക്കഥ
2.രാജിവ് നാഥിന്‍റെ സംവിധാനം
3.ഡബ്ബിംഗ്

ഡേവിഡ്‌ ആന്‍ഡ്‌ ഗോലിയാത്ത് റിവ്യൂ: നിഷ്കളങ്കനായ ദാവീദോ വക്രബുദ്ധിയ്ക്കുടമയായ ഗോലിയാത്തോ പ്രേക്ഷകരെ രസിപ്പിക്കുന്നുമില്ല ത്രസിപ്പിക്കുന്നുമില്ല.

ഡേവിഡ്‌ ആന്‍ഡ്‌ ഗോലിയാത്ത് റേറ്റിംഗ്: 4.00/10
കഥ, തിരക്കഥ: 3/10 [ബിലോ ആവറേജ്]
സംവിധാനം: 3/10 [ബിലോ ആവറേജ്]
സാങ്കേതികം: 3/5 [എബവ് ആവറേജ്]
അഭിനയം: 3/5 [എബവ് ആവറേജ്]
ടോട്ടല്‍ 12/30 [4/10]

സംവിധാനം: രാജീവ്‌ നാഥ്
കഥ, തിരക്കഥ: അനൂപ്‌ മേനോന്‍
സംഭാഷണങ്ങള്‍: അനൂപ്‌ മേനോന്‍, അജി ജോണ്‍
നിര്‍മ്മാണം: സുധീപ് കരാട്ട്, അരുണ്‍ എം.സി, ശ്രീകുമാരി സി.എസ്.
ബാനര്‍: സല്‍റോസാ മോഷന്‍ പിക്ചേഴ്സ്, ലൈന്‍ ഓഫ് കളേഴ്സ്
ചായാഗ്രഹണം: ജിത്തു ദാമോദര്‍
ചിത്രസന്നിവേശം: സിയാന്‍
ഗാനരചന: കാവാലം നാരായണ പണിക്കര്‍, അനൂപ്‌ മേനോന്‍
സംഗീതം: രതീഷ്‌ വേഗ
കലാസംവിധാനം: അര്‍ക്കന്‍ കൊല്ലം
മേക്കപ്പ്: കരുമോന്‍ ബിനു
വസ്ത്രാലങ്കാരം: അസീസ്‌ പാലക്കാട്
വിതരണം: മുരളി ഫിലിംസ്

17 Feb 2013

സെല്ലുലോയ്ഡ് - ഓരോ മലയാള സിനിമ പ്രേമിയും കണ്ടിരിക്കേണ്ട സിനിമ 7.50/10

  
വിനു എബ്രഹാം രചിച്ച "നഷ്ട നായിക" എന്ന നോവലിനേയും, ചെലങ്ങാട് ഗോപാലകൃഷ്ണന്‍ എഴുതിയ ജെ.സി.ഡാനിയലിന്റെ ജീവചരിത്രത്തെയും ആസ്പദമാക്കി സംവിധായകന്‍ കമല്‍ തിരക്കഥയും സംഭാഷണങ്ങളും എഴുതി സംവിധാനം ചെയ്ത സിനിമയാണ് സെല്ലുലോയ്ഡ്‌. മലയാള സിനിമയുടെ പിതാവ് ജെ.സി.ഡാനിയലിന്റെ ജീവചരിത്രത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് സെല്ലുലോയ്ഡ്‌. 

1928 തിരുവിതാംകൂറിലെ പട്ടം ദേശത്തു ജീവിച്ചിരുന്ന ജെ.സി.ഡാനിയല്‍ നാടാര്‍ എന്ന വ്യക്തിയുടെ സിനിമ മോഹം അദ്ദേഹത്തെ കൊണ്ടെത്തിച്ചത് സാക്ഷാല്‍ ഫാല്‍കെയുടെ അടുത്താണ്. ഫാല്‍കെയില്‍ നിന്നും സിനിമയെ കുറിച്ച് കൂടുതല്‍ പഠിച്ച ഡാനിയല്‍, ഒരു മലയാള സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിക്കുന്നു. ഡാനിയല്‍ തന്റെ സകല സമ്പാദ്യങ്ങളും വിറ്റു ക്യാമറയും സിനിമയ്ക്കാവശ്യമുള്ള സാധങ്ങളും മറ്റും വാങ്ങുന്നു. സിനിമയുക്ക് വേണ്ടി നല്ലൊരു കഥ കണ്ടെത്തുന്നു. ആ കഥയ്ക്ക്‌ വിഗതകുമാരന്‍ എന്ന് നാമകരണം ചെയ്യുന്നു. റോസമ്മ എന്ന ദളിത് ക്രിസ്ത്യന്‍ യുവതിയെ വീഗതകുമാരനിലെ പ്രധാന കഥാപാത്രമായ നായര്‍ യുവതിയുടെ വേഷം അഭിനയിക്കാന്‍ ക്ഷണിക്കുന്നു. സിനിമ എന്തെന്ന് പോലും അറിയാത്ത റോസമ്മ, ആ സിനിമയില്‍ അഭിനയിക്കാന്‍ സമ്മതിക്കുന്നു. അങ്ങനെ, ജെ.സി.ഡാനിയല്‍ അയാളുടെ സ്വപ്നം സാക്ഷാത്കരിക്കുന്നു. ക്യാപിറ്റോള്‍ തിയറ്ററില്‍ മലയാളത്തിലെ ആദ്യ സിനിമ വിഗതരകുമാരന്‍ പ്രദര്‍ശനത്തിനു സജ്ജമാകുന്നു. സിനിമയുടെ ആദ്യ പ്രദര്‍ശനത്തിനു ശേഷം ആ നാട്ടില്‍ ചില സംഭവങ്ങള്‍ ഉണ്ടാകുന്നു. അതോടെ വിഗതകുമാരന്‍ എന്ന സിനിമ എന്നെന്നേക്കുമായി പെട്ടിയിലാകുന്നു. തുടര്‍ന്ന് ഡാനിയലിന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങള്‍ ചെലങ്ങാട് ഗോപാലകൃഷ്ണന്‍ എന്ന മാധ്യമ പ്രവര്‍ത്തകനിലൂടെ ലോകം അറിയുന്നു. ഇതാണ് സെല്ലുലോയ്ഡ്‌ എന്ന സിനിമയുടെ കഥ.

കഥ,തിരക്കഥ: ഗുഡ് 
മലയാള സിനിമയുടെ പിതാവ് ജെ.സി.ഡാനിയലിന്റെ ജീവിതത്തില്‍ എന്താണ് സംഭവിച്ചത്?, എന്ത് കാരണങ്ങളാലാണ് വിഗതകുമാരന്‍ റിലീസ് ആകാതിരുന്നത്?, എന്ത് കൊണ്ടാണ് ജെ.സി.ഡാനിയല്‍ എന്ന വ്യക്തിയെ അംഗീകരിക്കാന്‍ വൈകിയത്? എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് വിനു എബ്രഹാമിന്റെ "നഷ്ടനായിക" എന്ന നോവലും, ചെലങ്ങാട് ഗോപാലകൃഷ്ണന്‍ എന്ന വ്യക്തിയും ലോകത്തോട്‌ പറഞ്ഞത്. മേല്പറഞ്ഞ രണ്ടു വ്യക്തികളില്‍ നിന്നും ലഭിച്ച അറിവില്‍ നിന്നണ് കമല്‍ ഈ സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും എഴുതിയത്. ഒരു ജീവചരിത്രം സിനിമയാക്കുമ്പോള്‍, എല്ലാതരം സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷനും ആ സിനിമയും കഥയും ദഹിക്കണമെന്നില്ല. പക്ഷെ ഈ സിനിമയില്‍ ഒരൊറ്റ രംഗം പോലും പ്രേക്ഷകനെ ബോറടിപ്പിക്കുന്നില്ല, യുക്തിയെ ചോദ്യം ചെയ്യുന്നില്ല, കൃത്രിമത്വം തോന്നിപ്പിക്കുന്നുമില്ല. 1928ലെ ആദ്യ മലയാള സിനിമ എങ്ങനെയാണ് ഉണ്ടാക്കിയത് എന്നുള്ള ചരിത്രം അറിയുവാന്‍ താല്പര്യമുള്ളവര്‍ക്കും, വര്‍ഷങ്ങളായി സിനിമയുടെ പുറകില്‍ പ്രവര്‍ത്തിച്ചവര്‍ക്കും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും ഈ സിനിമയുടെ തിരക്കഥ അവരുടെ മനസ്സിനെ സ്വാധീനിക്കും എന്നുറപ്പാണ്. കമലിനോടൊപ്പം നിര്‍മ്മാണ പങ്കാളിത്തം ഏറ്റെടുത്ത ഉബൈദിനെയും അഭിനന്ദിക്കുന്നു!

സംവിധാനം: വെരി ഗുഡ്
1928ല്‍ ജെ.സി.ഡാനിയല്‍ സിനിമ സ്വന്തമായി നിര്‍മ്മിക്കണമെന്നു തീരുമാനിക്കുന്ന കാലഘട്ടം, 1930ല്‍ വിഗതകുമാരന്‍ പ്രദര്‍ശനത്തിനെത്തുന്ന കാലഘട്ടം, 1938ല്‍ സിനിമ മോഹം ഉപേക്ഷിച്ചു ഡാനിയല്‍ ദന്ത ഡോക്ടറായി ജോലി ചെയ്യുന്ന കാലഘട്ടം,1966ല്‍ ഡാനിയല്‍ ജീവിച്ചിരിക്കുന്നു എന്ന് ചെലങ്ങാട് ഗോപാലകൃഷ്ണന്‍ അറിയുന്ന കാലഘട്ടം, 1975ല്‍ മരണപെട്ട ജെ.സി.ഡാനിയലിനെ 2000ത്തില്‍ ആദരിക്കുന്ന കാലഘട്ടം എന്നിവയെല്ലാം മികച്ച രീതിയില്‍ കോര്‍ത്തിണക്കി, വിശ്വസനീയമായ രീതിയില്‍ രംഗങ്ങള്‍ ചിത്രീകരിച്ചു, എല്ലാ കഥാപാത്രങ്ങളുടെ അഭിനയത്തിന്‍റെ കാര്യങ്ങളിലും അവരുടെ വേഷവിധാനത്തിലും മേക്കപ്പിലും വരെ സംവിധായകന്‍ ശ്രദ്ധിച്ചു എന്നത് പ്രശംസനീയം തന്നെ. ഒരു രംഗം പോലും ബോറടിപ്പിക്കാതെ സംവിധാനം ചെയ്തു എന്നത് ഈ സിനിമയുടെ പ്രധാന ഗുണങ്ങളില്‍ ഒന്നാണ്. മേഘമല്‍ഹാറും പെരുമഴക്കാലവും കറുത്തപക്ഷികളും നെഞ്ചിലേറ്റിയ എല്ലാ പ്രേക്ഷകര്‍ക്കും, മേല്പറഞ്ഞ സിനിമകളുടെ പട്ടികയില്‍ ഉള്‍പെടുത്താന്‍ ഇനി കൂട്ടിനു സെല്ലുലോയ്ഡ്‌ എന്ന സിനിമയും. 

സാങ്കേതികം: വെരി ഗുഡ്
മലയാള സിനിമയുടെ പിതാവ് ജെ.സി.ഡാനിയലിനോട് മുഖസാമ്യം തോന്നുന്ന രീതിയില്‍ പ്രിഥ്വിരാജിന് രൂപപെടുത്തിയെടുത്ത മേക്കപ്മാന്‍ പട്ടണം റഷീദിനും വസ്ത്രാലങ്കാരം നിര്‍വഹിച്ച എസ്.ബി.സതീശനും സാധിച്ചു. അതുപോലെ 1928, 1930, 1938, 1966 എന്നീ പഴയകാലത്തിലേക്ക്‌ പ്രേക്ഷകരെ കൊണ്ടുപോകുന്നതില്‍ സുരേഷ് കൊല്ലത്തിന്റെ കലാസംവിധനത്തിനും സാധിച്ചു. ഈ സവിശേഷതകളൊക്കെ ക്യാമറയില്‍ പകര്‍ത്തിയ വേണുവും തനിക്കു ലഭിച്ച അവസരം നല്ല രീതിയില്‍ ഉപയോഗിച്ചു. വേണു പകര്‍ത്തിയ രംഗങ്ങള്‍ ഇഴച്ചില്‍ തോന്നിപ്പിക്കാതെ കെ.രാജഗോപാല്‍ കോര്‍ത്തിണക്കുകയും ചെയ്തു. റഫീക്ക് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ ചേര്‍ന്ന് എഴുതിയ രണ്ടു ഗാനങ്ങള്‍ക്കും ഈണം പകര്‍ന്നത് എം.ജയചന്ദ്രനാണ്. മികച്ച പാട്ടുകളാണ് ഈ സിനിമയ്ക്ക് വേണ്ടി എം.ജയചന്ദ്രന്‍-റഫീക്ക് അഹമ്മദ്-ചന്ദ്രശേഖരന്‍ എന്നിവര്‍ ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്. തപസ് നായകിന്റെ ശബ്ദമിശ്രണം മികവു പുലര്‍ത്തിയ മറ്റൊരു ഘടകമാണ്. ഏവര്‍ക്കും അഭിനന്ദനങ്ങള്‍!   

അഭിനയം: ഗുഡ്   
വാസ്തവം, തലപ്പാവ്, ഉറുമി, ഇന്ത്യന്‍ റുപ്പി, അയാളും ഞാനും തമ്മില്‍ എന്നീ സിനിമകള്‍ക്ക്‌ ശേഷം പ്രിഥ്വിരാജിന് ലഭിച്ച ശക്തമായ കഥാപാത്രമാണ് ജെ.സി.ഡാനിയല്‍. ആ കഥാപാത്രത്തോട് നൂറു ശതമാനം നീതി പുലര്‍ത്തുവാന്‍ പ്രിഥ്വിരാജിന് സാധിച്ചു. മൂന്ന് കാലഘട്ടങ്ങളിലൂടെ പറഞ്ഞുപോകുന്ന ഈ സിനിമയില്‍ രണ്ടു കഥാപാത്രത്തെയാണ് പ്രിഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്നത്. സിനിമയെ സ്നേഹിച്ച 35 വയസുള്ള ചെറുപ്പക്കാരനായും, സ്വത്തുക്കളെല്ലാം നഷ്ടപെട്ടു ദുരിത ജീവിതം നയിക്കേണ്ടി വന്ന മധ്യവയസ്ക്കനായും, ജരാനരകള്‍ ബാധിച്ചു രോഗാവസ്ഥയില്‍ കഴിയുന്ന വൃദ്ധനായും അഭിനയിച്ച പ്രിഥ്വിരാജ് പ്രേക്ഷകര്‍ക്ക്‌ മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു. മലയാള സിനിമയിലെ ആദ്യ നായിക റോസമ്മയായി അഭിനയിച്ചത് പിന്നണി ഗായിക ചാന്ദിനിയാണ്. സിനിമ എന്തെന്നറിയാത്ത പാവപെട്ട ക്രിസ്ത്യന്‍ ദളിത്‌ പെണ്‍കുട്ടിയായി ചാന്ദിനിയും മികച്ച രീതിയില്‍ അഭിനയിച്ചു. മമ്ത മോഹന്‍ദാസ്‌, ശ്രീനിവാസന്‍, ജയരാജ് സെഞ്ച്വറി, ശ്രീജിത്ത്‌ രവി, ടീ.ജി.രവി, ചെമ്പില്‍ അശോകന്‍, രമേശ്‌ പിഷാരടി, സിദ്ദിക്ക്, നെടുമുടി വേണു, ജയരാജ് വാര്യര്‍, തലൈവാസല്‍ വിജയ്‌, മീന ഗണേഷ്, ശ്രുതി ദിലീപ് എന്നവരും മികച്ച അഭിനയം കാഴ്ച്ചവെചിട്ടുണ്ട്. 

സിനിമയുടെ പ്ലസ് പോയിന്റ്സ്:
1.തിരക്കഥ, സംഭാഷണങ്ങള്‍
2.കമലിന്‍റെ സംവിധാനം
3.പ്രിഥ്വിരാജിന്‍റെ അഭിനയം
4.വേണുവിന്‍റെ ചായാഗ്രഹണം
5.എം.ജയചന്ദ്രന്‍ ഈണമിട്ട പാട്ടുകള്‍
6.മേക്കപ്പ്, വസ്ത്രാലങ്കാരം,ശബ്ദമിശ്രണം
7.കലാസംവിധാനം
 
സെല്ലുലോയ്ഡ്‌ റിവ്യൂ: മലയാള സിനിമയുടെ പിതാവ് ജെ.സി.ഡാനിയലിന്റെ ജീവിതകഥ, ആദ്യ മലയാള സിനിമയുടെ കഥ, മലയാള സിനിമ ഇഷ്ടപെടുന്ന ഓരോരുത്തരും കണ്ടിരിക്കേണ്ട സിനിമാകഥ. കമലിനും പ്രിഥ്വിയ്ക്കും അഭിനന്ദനങ്ങള്‍!

സെല്ലുലോയ്ഡ്‌ റേറ്റിംഗ്: 7.50/10
1.കഥ,തിരക്കഥ: 7/10 [ഗുഡ്]
2.സംവിധാനം: 8/10 [വെരി ഗുഡ്]
3.സാങ്കേതികം: 4/5 [വെരി ഗുഡ്]
4.അഭിനയം: 3.5/5 [ഗുഡ്]   
ടോട്ടല്‍ 22.5/30 [7.50/10] 

തിരക്കഥ,സംഭാഷണം,സംവിധാനം: കമല്‍
കഥ: വിനു എബ്രഹാം
നിര്‍മ്മാണം: കമല്‍, ഉബൈദ്
ബാനര്‍: പ്രൈം ടൈം സിനിമ
ചായാഗ്രഹണം: വേണു
ചിത്രസന്നിവേശം: കെ.രാജഗോപാല്‍
ഗാനരചന: റഫീക്ക് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
സംഗീതം: എം.ജയചന്ദ്രന്‍ 
കലാസംവിധാനം: സുരേഷ് കൊല്ലം
മേക്കപ്പ്: പട്ടണം റഷീദ്
വസ്ത്രാലങ്കാരം: എസ്.ബി.സതീശന്‍
ശബ്ദമിശ്രണം: തപസ് നായക്
വിതരണം:മുരളി ഫിലിംസ്

16 Feb 2013

ബ്ലാക്ക്‌ ബട്ടര്‍ഫ്ലൈ - സ്വീറ്റ് ആന്‍ഡ്‌ ബോള്‍ഡ് ബട്ടര്‍ഫ്ലൈ 6.30/10



മണിയന്‍പിള്ള രാജു നിര്‍മ്മിച്ച്‌ പ്രശസ്ത നിര്‍മ്മാതാവ് എം.രഞ്ജിത്ത് ആദ്യമായി സംവിധാനം ചെയുന്ന സിനിമയാണ് ബ്ലാക്ക്‌ ബട്ടര്‍ഫ്ലൈ. 2012ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ്‌ തമിഴ് സിനിമ വഴക്ക് 18/9 എന്ന സിനിമയുടെ ഔദ്യോഗിക റിമേക്ക് ആണ് ഈ സിനിമ. യുവതാരങ്ങളായ മിഥുന്‍ മുരളി, നിരഞ്ജന്‍, മാളവിക മേനോന്‍, സംസ്കൃതി ഷേണായി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഈ സിനിമയില്‍ ജനാര്‍ദനന്‍, മണിയന്‍പിള്ള രാജു, നെല്‍സണ്‍, ഗണപതി, ജെ.പള്ളാശ്ശേരി, ഇര്‍ഷാദ്, മാസ്റ്റര്‍ ധനന്ജയ്, സിതാര, സീമ ജി.നായര്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ബാലാജി ശക്തിവേലാണ് ഈ സിനിമയുടെ കഥ. ജെ.പള്ളാശേരിയാണ് ഈ സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. അഴഗപ്പാണ് ചായാഗ്രഹണം. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം ഈ സിനിമയുടെ പ്രധാന സവിശേഷതകളില്‍ ഒന്നാണ്.

കുട്ടികാലം മുതലേ ഒരുപാട് കഷ്ടപാടുകള്‍ സഹിച്ചാണ് ബെന്നി  വളര്‍ന്നത്‌. ചെറുപ്പത്തില്‍ തന്നെ അച്ഛനെയും അമ്മയെയും നഷ്ടപെട്ട ബെന്നി വളര്‍ന്നത്‌ ബാലവേല ചെയ്താണ്. അമ്മയുടെ മരണവിവരം പോലും അറിയിക്കാത്ത ദുഷ്ടരായ കമ്പനി മുതലാളിയോട് വഴക്കിട്ടു ബെന്നി തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് എത്തുന്നു. അവിടത്തെ ഒരു പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുന്നതിനിടയില്‍ റീന എന്ന പെണ്‍കുട്ടിയെ പരിച്ചയപെടുന്നു. പെട്രോള്‍ പമ്പിനടുത്തുള്ള ഒരു ഫ്ലാറ്റിലാണ് റീന വേലക്കാരിയായി ജോലിചെയുന്നത്. റീന ജോലി ചെയുന്ന വീട്ടിലെ പെണ്‍കുട്ടിയാണ് ആരതി. ആരതിയുടെ ഫ്ലാറ്റിനു മുകളില്‍ താമസിക്കുന്ന ദീപക് എന്ന പ്ലസ്‌ ടു വിദ്യാര്‍ഥി അരതിയെ പരിചയപെടാനും തുടര്‍ന്ന് സൗഹൃദം തുടരുവാനും ശ്രമിക്കുന്നു. ആരതിയുടെയും ദീപകിന്റെയും, റീനയുടെയും ബെന്നിയുടെയും ജീവിതത്തിലുണ്ടാകുന്ന സംഭവമാണ് ഈ സിനിമയുടെ കഥ. ബെന്നിയായി മിഥുനും, റീനയായി മാളവികയും, ദീപകായി നിരന്ജനും, ആരതിയായി സംസ്കൃതിയും അഭിനയിച്ചിരിക്കുന്നു.


കഥ, തിരക്കഥ: ഗുഡ് 
ബാലാജി ശക്തിവേലിന്റെ കഥയ്ക്ക്‌,  തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത് ജെ.പള്ളാശ്ശേരിയാണ്. ഇന്നത്തെ തലമുറയിലെ കുട്ടികള്‍ സഞ്ചരിക്കുന്ന തെറ്റായ വഴികള്‍ മാതാപിതാക്കളുടെ അറിവിലേക്കായി ശ്രദ്ധതിരിച്ചു വിടുന്ന നിരവധി കഥകള്‍ മലയാള സിനിമയില്‍ മുമ്പ് ഇറങ്ങിയിട്ടുണ്ടെങ്കിലും, അവയൊന്നും ഹൃദയസ്പര്‍ശിയായ തിരക്കഥയിലൂടെ പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തിയിട്ടില്ല. ഒരു കൊച്ചു നഗരത്തില്‍ സംഭവിക്കുന്ന റിയലസ്റ്റിക്ക് സംഭവങ്ങളാണ് ഈ സിനിമയുടെ കഥാസന്ദര്‍ഭങ്ങള്‍. സിനിമയുടെ ആദ്യ പകുതിയില്‍ കഥയില്‍ വലിയ ചലനങ്ങളൊന്നും സൃഷ്ടിക്കുന്നില്ലെങ്കിലും, കൗമാരക്കാരുടെ പ്രണയരംഗങ്ങള്‍ കൗതുകത്തൊടെ കണ്ടിരിക്കുവാന്‍ സാധിക്കുന്നതാണ്. ഓരോ കഥാപാത്രങ്ങളുടെ സ്വഭാവ വിവരണവും, അവരുടെ കഴിഞ്ഞ കാലവും, അവരുടെ ഇന്നത്തെ ജോലിയും സാഹചര്യങ്ങളുമാണ് ആദ്യ പകുതില്‍ കാണിക്കുന്നത്. ഇത്രയും കാണുന്ന പ്രേക്ഷകന് ഈ സിനിമയില്‍ നിന്നും പുതിയതൊന്നും പ്രതീക്ഷിക്കേണ്ടതില്ല എന്ന ചിന്തിക്കുന്ന അവസരത്തിലാണ്, ഗൗരവമുള്ള ഒരു വിഷയവുമായി സിനിമയുടെ രണ്ടാം പകുതിയും ക്ലൈമാക്സ് രംഗങ്ങളും വരുന്നത്. അക്ഷരാര്‍ഥത്തില്‍ പ്രേക്ഷകനെ നൊമ്പരപെടുത്തുന്ന ക്ലൈമാക്സ് രംഗങ്ങളാണ് ഈ സിനിമയുടെ പ്രധാന സവിശേഷത. ജെ.പള്ളശേരിയുടെ തിരക്കഥയില്‍ ഉടനീളം ചെറിയ തെറ്റുകുറ്റങ്ങള്‍ ഉണ്ടെങ്കിലും, സിനിമയിലൂടെ പ്രേക്ഷകന് നല്‍ക്കുന്ന സന്ദേശത്തെ അതൊന്നും ബാധിക്കുന്നില്ല. 

സംവിധാനം: എബവ് ആവറേജ്
രജപുത്ര ഫിലിംസിന്‍റെ ഉടമ എം.രഞ്ജിത്ത് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ബ്ലാക്ക്‌ ബട്ടര്‍ഫ്ലൈ. സിനിമയുടെ ആദ്യ പകുതിയില്‍ കഥയ്ക്ക്‌ ആവശ്യമില്ലാത്ത ചില രംഗങ്ങള്‍ സിനിമയില്‍ ഉള്പെടുത്തിയതും, ചില കഥാസന്ദര്‍ഭങ്ങള്‍ക്ക് ഇഴച്ചില്‍ അനുഭവപെട്ടതും സംവിധായകന് പരിചയസമ്പതില്ലത്തത് കൊണ്ടാവണം. സിനിമയുടെ രണ്ടാം പകുതിയിലൂടെ ഇന്നത്തെ തലമുറ ചിന്തിക്കുന്ന രീതിയും, അതിന്റെ ദോഷഫലങ്ങളും, ഹൃദയസ്പര്‍ശിയായ ക്ലൈമാക്സും, സിനിമയിലൂടെ ലഭിക്കുന്ന സന്ദേശവും ഒക്കെ കണ്ടു കഴിയുമ്പോഴാണ്  ആദ്യ പകുതിയിലുള്ള ചെറിയ തെറ്റുകളൊക്കെ പ്രേക്ഷകര്‍ ക്ഷമിക്കുന്നത്. പുതുമുഖ നടീനടന്മാരെ മികച്ച രീതിയില്‍ അഭിനയിപ്പിച്ച സംവിധായകന്‍ പ്രശംസ അര്‍ഹിക്കുന്നു. ഈ സിനിമയില്‍ പോലീസിന്‍റെ വേഷത്തില്‍ അഭിനയിച്ച നടനും പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. അതുപോലെ അഴഗപ്പന്റെ ചായാഗ്രഹണവും, ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും മികച്ചതായിരുന്നു. യുക്തിയെ ചോദ്യം ചെയ്യാത്ത രീതിയില്‍, ലളിതമായ ഒരു കഥയിലൂടെ, മികച്ചൊരു സന്ദേശം ഇന്നത്തെ തലമുറയിലെ പെണ്‍കുട്ടികള്‍ക്കും, മാതാപിതാക്കള്‍ക്കും അവരിലൂടെ സമൂഹത്തിനും നല്‍ക്കുവാന്‍ സാധിച്ചതില്‍ എം.രഞ്ജിതിനും മണിയന്‍പിള്ള രാജുവിനും അഭിമാനിക്കാം.  

സാങ്കേതികം: എബവ് ആവറേജ്
റിയലസ്റ്റിക് വിഷ്വല്‍സ് ഒരുക്കി സിനിമയ്ക്ക് ഉടനീളം ഒരു വിശ്വസനീയത കൊണ്ടുവന്നത് അഴഗപ്പന്റെ ചായാഗ്രഹണ മികവുകൊണ്ടാണ്. അഴഗപ്പന്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ സന്നിവേശം ചെയ്തത് വി.സാജനാണ്. കുറച്ചുക്കൂടി വേഗതയോടെ ഈ സിനിമയുടെ രംഗങ്ങള്‍ കോര്‍ത്തിണക്കിയിരുന്നുവെങ്കില്‍ സിനിമയില്‍ ഉടനീളമുള്ള ഇഴച്ചില്‍ ഒഴിവാകുമായിരുന്നു. മറ്റൊരു എടുത്തു പറയേണ്ട പ്രശംസിക്കേണ്ട വ്യക്തിയാണ് ഗോപി സുന്ദര്‍. ബ്ലാക്ക്‌ ബട്ടര്‍ഫ്ലൈയിനെ സ്വീറ്റ് ആന്‍ഡ്‌ ബോള്‍ഡ് ബട്ടര്‍ഫ്ലൈയാക്കിയതിന്റെ പ്രധാന പങ്കു വഹിച്ച ഘടകമാണ് പശ്ചാത്തല സംഗീതം. ഗോകുല്‍ ദാസിന്റെ കലാസംവിധാനവും, പട്ടണം റഷീദിന്റെ മേക്കപ്പും, എസ്.ബി.സതീശന്റെ വസ്ത്രാലങ്കാരവും മികവു പുലര്‍ത്തി.  

അഭിനയം: എബവ് ആവറേജ്
മിഥുന്‍ മുരളി, നിരഞ്ജന്‍, മാളവിക, സംസ്കൃതി ഷേണായി എന്നീ നാല് കൗമാരക്കാരാണ് ഈ സിനിമയിലെ പ്രധാന അഭിനേതാക്കള്‍. നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജുവിന്റെ മകനാണ് നിരഞ്ജന്‍. മേല്പറഞ്ഞ നാലുപേരും അവരവുടെ രംഗങ്ങള്‍ മികച്ച രീതിയില്‍ അഭിനയിച്ചിട്ടുണ്ട്. ജനാര്‍ദനന്‍, മണിയന്‍പിള്ള രാജു, ജെ.പള്ളാശ്ശേരി, സീമ ജി.നായര്‍, സിത്താര എന്നിവരും മോശമല്ലാതെ അഭിനയിച്ചുകൊണ്ട് പുതുമുഖങ്ങള്‍ക്ക് പിന്തുണ നല്‍കി. 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1.പ്രമേയം, കഥ
2.കഥാസന്ദര്‍ഭങ്ങള്‍, സംഭാഷണങ്ങള്‍
3.ക്ലൈമാക്സ് രംഗങ്ങള്‍
4.പശ്ചാത്തല സംഗീതം
5.മിഥുന്‍ മുരളി, ഗണപതി, മാളവിക എന്നിവരുടെ അഭിനയം

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.ആദ്യപകുതിയിലെ ചില കഥാസന്ദര്‍ഭങ്ങള്‍ 
2.ഇഴഞ്ഞു നീങ്ങുന്ന ആദ്യ പകുതി
3.ചിത്രസന്നിവേശം 

ബ്ലാക്ക്‌ ബട്ടര്‍ഫ്ലൈ റിവ്യൂ: മികച്ചൊരു സന്ദേശം സമ്മാനിച്ച ഈ സ്വീറ്റ് ആന്‍ഡ്‌ ബോള്‍ഡ് ബട്ടര്‍ഫ്ലൈയെ ന്യൂ ജനറേഷന്‍ പ്രേക്ഷകരും ഓള്‍ഡ്‌ ജനറേഷന്‍ പ്രേക്ഷകരും സ്വീകരിക്കും എന്നുറപ്പ്.
 
ബ്ലാക്ക്‌ ബട്ടര്‍ഫ്ലൈ റേറ്റിംഗ്: 6.30/10
കഥ, തിരക്കഥ: 7/10 [ഗുഡ്]
സംവിധാനം: 6/10 [എബവ് ആവറേജ്]
സാങ്കേതികം: 3/5 [എബവ് ആവറേജ്]
അഭിനയം: 3/5 [എബവ് ആവറേജ്]
ടോട്ടല്‍ 19/30 [6.3/10]

സംവിധാനം: എം.രഞ്ജിത്ത്
നിര്‍മ്മാണം: മണിയന്‍പിള്ള രാജു
തിരക്കഥ, സംഭാഷണം: ജെ.പള്ളാശ്ശേരി
കഥ: ബാലാജി ശക്തിവേല്‍
ചായാഗ്രഹണം: അഴഗപ്പന്‍
ചിത്രസന്നിവേശം: വി.സാജന്‍
പശ്ചാത്തല സംഗീതം: ഗോപി സുന്ദര്‍
കലാസംവിധാനം: ഗോകുല്‍ദാസ്
മേക്കപ്പ്: പട്ടണം റഷീദ്
വസ്ത്രാലങ്കാരം: എസ്.ബി.സതീശന്‍
വിതരണം: വൈശാഖ സിനിമ

13 Feb 2013

നത്തോലി ഒരു ചെറിയ മീനല്ല - പ്രമേയത്തിലുള്ള വലുപ്പം നത്തോലിയുടെ തിരക്കഥയിലില്ല! 5.80/10

നമ്മള്‍ നത്തോലികളായി ജീവിക്കണോ? അതോ, നത്തോലി എന്ന് തോന്നിപ്പിക്കും വിധം സ്രാവ് മീനുകളായി ജീവിക്കണോ? നത്തോലി ഒരു ചെറിയ മീനല്ല എന്ന സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും ചിന്തിക്കുന്നത്, അവര്‍ ഓരോരുത്തരും വെറും നത്തോലികളാണോ അതോ വലിയ സ്രാവ് മീനുകളാണോ എന്നതാവും. പ്രേം കൃഷ്ണന്‍ എന്ന പ്രേമനെ നത്തോലിയായാണ്‌ അയാളുടെ കൂടെയുള്ളവര്‍ കാണുന്നത്. എന്നാല്‍, അയാള്‍ക്കുള്ള കഴിവും വിവേകവും അയാള്‍ സ്വയം തിരിച്ചറിയാത്തതാണ് അയാളുടെ കുഴപ്പം. ഒരു പ്രത്യേക സാഹചര്യത്തില്‍ പ്രേമന്‍ ഒരു തിരക്കഥ എഴുതുന്നു. അതിലൂടെ നരേന്ദ്രന്‍ എന്ന കഥാപാത്രത്തെ പ്രേമന്‍ സൃഷ്ടിക്കുന്നു. അയാളുടെ ചിന്തകളിലുള്ള നരേന്ദ്രന്‍ എന്ന സാങ്കല്‍പ്പിക കഥാപാത്രം വെറുമൊരു നത്തോലിയല്ല എന്ന് തെളിയിക്കുന്നു. നമ്മള്‍ ഓരോരുത്തരിലും ഒരു നരേന്ദ്രനുണ്ട്. പക്ഷെ, നമ്മള്‍ വെറും പ്രേം കൃഷ്ണന്മാരായി ജീവിക്കുന്നു എന്നതാണ് കഥയുടെ സാരാംശം.

അജി മേടയില്‍, ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവര്‍ ചേര്‍ന്ന് ഗുഡ് കമ്പനിയുടെയും എയ്ഞ്ചല്‍ വര്‍ക്ക്സിന്റെയും ബാനറില്‍ നിര്‍മ്മിച്ച ഈ സിനിമ വി.കെ.പ്രകാശാണ് സംവിധാനം ചെയ്തത്. ഉറുമിയിലൂടെ മലയാള സിനിമയിലേക്ക് ശക്തമായ വരവ് നടത്തിയ ശങ്കര്‍ രാമകൃഷ്ണനാണ് ഈ സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും എഴുതിയത്. പ്രേമനായും നരേന്ദ്രനായും ഫഹദ് ഫാസിലും, പ്രഭയായി കമാലിനി മുഖര്‍ജീയും അഭിനയിച്ചിരിക്കുന്നു.

കഥ,തിരക്കഥ: എബവ് ആവറേജ്
മലയാള സിനിമകളില്‍ വിരളം മാത്രം കാണപെടുന്ന ഒന്നാണ് വ്യതസ്തമായ പ്രമേയങ്ങളുള്ള കഥകള്‍. ശങ്കര്‍ രാമകൃഷ്ണന്‍ എഴുതിയ ഈ സിനിമയുടെ പ്രമേയം, ലോകോത്തര സിനിമകളുടെ പ്രമേയവുമായി താരതമ്യം ചെയ്യുവാന്‍ അര്‍ഹിക്കുന്ന ഒന്നാണ്. സിനിമ എന്ന കലാരൂപം എല്ലാത്തരം പ്രേക്ഷകനും ഗ്രഹിക്കാനും ആസ്വദിക്കാനും പറ്റുന്ന ഒന്നായി കാണുന്ന സ്ഥിതിക്ക്, ഇത്തരത്തിലുള്ള കഥകള്‍ മിതമായ രീതിയില്‍ പ്രേക്ഷകര്‍ക്ക്‌ മനസ്സിലാക്കാന്‍ സാധിക്കുന്ന വിധത്തില്‍ എഴുതിയിരുന്നു എങ്കില്‍, മലയാള സിനിമയിലെ പുതിയൊരു അദ്ധ്യായം ആകുമായിരുന്നു ഈ സിനിമയും ശങ്കര്‍ രാമകൃഷ്ണന്‍ എന്ന എഴുത്തുകാരനും. പക്ഷെ, ഈ സിനിമയുടെ തിരക്കഥയിലെ പല രംഗങ്ങളും സാധാരണ സിനിമകള്‍ ഇഷ്ടപെടുന്നവര്‍ക്ക് ഗ്രഹിക്കുവാന്‍ പ്രയാസമാണ്. ഇത് തന്നെയാണ് ഈ സിനിമയുടെ പ്രധാന പോരായ്മകളില്‍ ഒന്ന്. മലയാളത്തില്‍ ആരും പരീക്ഷിക്കാന്‍ തയ്യാറാവാത്ത ഒരു തിരക്കഥ ശൈലിയാണ് ശങ്കര്‍ രാമകൃഷ്ണന്‍ ഈ സിനിമയിലൂടെ പ്രേക്ഷകര്‍ക്ക്‌ സമ്മാനിച്ചത്‌. അദ്ദേഹത്തിന്റെ ഈ പരീക്ഷണത്തെ അഭിനന്ദിക്കുക തന്നെ വേണം. 

സംവിധാനം: ആവറേജ്
വി.കെ.പ്രകാശ്‌ എന്ന സംവിധായകന്റെ ബ്യൂട്ടിഫുള്‍ എന്ന സിനിമയും ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയും രസകരമായ രണ്ടു വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത സിനിമകളായിരുന്നു. മേല്പറഞ്ഞ രണ്ടു സിനിമകളെയും ലളിതമായ രീതിയില്‍, എല്ലാത്തരം പ്രേക്ഷകര്‍ക്കും ആസ്വദിക്കാന്‍ ഉതകുന്ന രീതിയില്‍ ആണ് സംവിധായകന്‍ സമീപിച്ചത്. അദ്ദേഹത്തിന്റെ പോപ്പിന്‍സ്‌ എന്ന സിനിമയുടെ അവതരണവും, നത്തോലി ഒരു ചെറിയ മീനല്ല എന്ന സിനിമയുടെ അവതരണവും സാധാരണ പ്രേക്ഷകര്‍ക്ക്‌ ദഹിക്കുവാന്‍ പ്രയാസമുള്ള രീതിയിലാണ്. വിജയപരായജയങ്ങളില്‍ നിന്നും പാഠം ഉള്‍കൊണ്ടിരുന്നുവെങ്കില്‍ വി.കെ.പ്രകാശ് ഈ സിനിമയെ സമീപിക്കുമായിരുന്ന രീതി  വേറെയാകുമായിരുന്നു. പ്രമേയത്തിലും അവതരണത്തിലും ഒരേ പോലെ മികച്ച സിനിമകളെ മാത്രമേ കലാമേന്മയുള്ള സിനിമകളയി പ്രേക്ഷകര്‍ വിലയിരുത്തുകയുള്ളൂ. ഈ സിനിമയുടെ കഥയും സന്ദേശവും പ്രേക്ഷകരിലേക്ക് എത്തിക്കുവാന്‍ സംവിധായകന്‍ തിരഞ്ഞെടുത്ത ശൈലി തെറ്റായിപോയി എന്നതല്ലാതെ, സംവിധാനത്തില്‍ വേറൊരു പാകപിഴയും കണ്ടില്ല.

സാങ്കേതികം: ഗുഡ്
മുന്‍കാല വി.കെ.പ്രകാശ്‌ സിനിമകളിലും കണ്ടിട്ടുള്ള സാങ്കേതിക മികവു ഈ സിനിമയിലുമുണ്ട്. അരുണ്‍ ജെയിംസിന്റെ ചായാഗ്രഹണം, അജയ് മാങ്ങാടിന്റെ കലാസംവിധാനം, രാജേഷ്‌ നെന്മാറയുടെ മേക്കപ്പ്, ലിജി-ഷീബ ടീമിന്റെ വസ്ത്രാലങ്കാരം, അഭിജിത്ത്-ആണ് എലിസബത്ത്‌ ടീമിന്റെ ഗാനങ്ങള്‍ എന്നിവ വ്യതസ്തവും മികവു പുലര്‍ത്തുന്നവയുമായിരുന്നു. സിനിമയിലുടനീളം ഒരല്പം ഇഴച്ചില്‍ അനുഭവപെട്ടത്‌ മഹേഷ് നാരായണന്‍റെ ചിത്രസന്നിവേശത്തിന്റെ കുഴപ്പമാണോ, അതോ സംവിധായകന്റെ നിര്‍ദേശ പ്രകാരമാണോ എന്നതറിയില്ല. എന്നിരുന്നാലും തികഞ്ഞ സാങ്കേതിക മികവുള്ള സിനിമയാണ് നത്തോലി ഒരു ചെറിയ മീനല്ല.  

അഭിനയം: എബവ് ആവറേജ്
പ്രേമന്‍, നരേന്ദ്രന്‍ എന്നീ രണ്ടു കഥാപാത്രങ്ങളെയും ഉജ്ജ്വല ഭാവാഭിനയവും ചലനങ്ങളും ഉപയോഗിച്ച് മികവുറ്റതാക്കുവാന്‍ ഫഹദ് ഫാസിലിന് സാധിച്ചു. പ്രഭ എന്ന അഹങ്കാരിയായ കഥാപാത്രത്തെ കമാലിനി മുഖര്‍ജീയാണ് അവതരിപ്പിച്ചത്. ഇവരെ കൂടാതെ റീമ കല്ലിങ്കല്‍, പി.ബാലചന്ദ്രന്‍, സത്താര്‍, കൃഷ്ണ, വി.കെ.ശ്രീരാമന്‍, ലക്ഷ്മി, മുകുന്ദന്‍, ജയന്‍ ചേര്‍ത്തല, ആശ, ഗോവിന്ദ് പത്മസുര്യ, ഇര്‍ഷാദ് എന്നിവരുമുണ്ട്‌ ഈ സിനിമയില്‍. 

സിനിമയുടെ പ്ലസ്‌ പോയിന്റ്സ്:
1. പ്രമേയം
2. പുതുമയുള്ള അവതരണം
3. ഫഹദ് ഫാസിലിന്റെ അഭിനയം
4. സംഭാഷണങ്ങള്‍
5. ചായാഗ്രഹണം

സിനിമയുടെ മൈനസ് പോയിന്റ്സ്:
1. ഗ്രഹിക്കാന്‍ പ്രയാസമുള്ള കഥാഗതി 
2. ഇഴഞ്ഞു നീങ്ങുന്ന കഥാസന്ദര്‍ഭങ്ങള്‍
3. വി.കെ.പ്രകാശിന്റെ സംവിധാനം

നത്തോലി ഒരു ചെറിയ മീനല്ല റിവ്യൂ: മലയാള സിനിമയില്‍ ഇന്നേവരെ പരീക്ഷിക്കപെടാത്ത പ്രമേയവും അഭിനയവും ഈ സിനിമയെ വ്യതസ്തമാക്കുമ്പോള്‍, പ്രേക്ഷകര്‍ക്ക്‌ ദഹിക്കാത്ത കഥാഗതിയും കഥാസന്ദര്‍ഭങ്ങളും സംവിധാനത്തിലുള്ള അപാകതകളും നത്തോലിയുടെ വലുപ്പം കൂട്ടുന്നില്ല.

നത്തോലി ഒരു ചെറിയ മീനല്ല റേറ്റിംഗ്: 5.80/10
കഥ, തിരക്കഥ: 6/10 [എബവ് ആവറേജ്]
സംവിധാനം: 5/10 [ആവറേജ്]
സാങ്കേതികം: 3.5/5 [ഗുഡ്]
അഭിനയം: 3/5 [എബവ് ആവറേജ്]
ടോട്ടല്‍ 17.5/30 [5.80/10]

സംവിധാനം: വി.കെ.പ്രകാശ്‌
രചന: ശങ്കര്‍ രാമകൃഷ്ണന്‍
നിര്‍മ്മാണം: അജി മേടയില്‍, ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം
ചായാഗ്രഹണം: അരുണ്‍ ജെയിംസ്‌
ചിത്രസന്നിവേശം: മഹേഷ്‌ നാരായണന്‍
ഗാനരചന: അനു എലിസബത്ത്‌ തോമസ്‌
സംഗീതം: അഭിജിത്ത് ശൈലനാഥ്
കലാസംവിധാനം: അജയ് മങ്ങാട്
മേക്കപ്പ്: രാജേഷ്‌ നെന്മാറ
വസ്ത്രാലങ്കാരം: ലിജി പ്രേമന്‍, ഷീബ റോഷന്‍
വിതരണം: എയ്ഞ്ചല്‍ റിലീസ്

8 Feb 2013

ഡ്രാക്കുള 2012 - രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിനയന്‍റെ സിനിമാ പീഡനം 1.90/10

ഒരു ശതമാനം പോലും യുക്തിയില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍, മലയാളം സംസാരിക്കുന്ന ഡ്രാക്കുള, പരിതാപകരമായ അഭിനയ മുഹൂര്‍ത്തങ്ങള്‍, കുട്ടികള്‍ക്കും കുടുംബത്തിനൊപ്പം കണ്ടിരിക്കാന്‍ പറ്റാത്ത തരത്തിലുള്ള നായികമാരുടെ വസ്ത്രധാരണം, ചാര്‍ളി ചാപ്ലിനെയും മിസ്റ്റര്‍ ബീനിനെയും വെല്ലുന്ന ഭാവാഭിനയം മുഖം കൊണ്ട് കാണിക്കുന്ന ഡ്രാക്കുള എന്നീ വിശേഷണങ്ങള്‍ക്കുമപ്പുറമാണ് വിനയന്‍റെ ഡ്രാക്കുള 2012 എന്ന മലയാള സിനിമ. സിനിമ കാണാന്‍ തിയറ്ററില്‍ വരുന്ന പ്രേക്ഷകരെ മണ്ടന്മാരക്കുന്ന കഥാഗതിയും, വിനയന്‍ തന്നെ സംവിധാനം നിര്‍വഹിച്ച ആകാശഗംഗ, യക്ഷിയും ഞാനും എന്നീ സിനിമകളുടെ അതെ കഥാസന്ദര്‍ഭങ്ങള്‍, അഭിനയം എന്തെന്നറിയാത്ത കുറെ പുതുമുഖ നടീനടന്മാര്‍, തിലകന്‍, നാസര്‍, പ്രഭു എന്നിവരുടെ ഏറ്റവും മോശം അഭിനയ രംഗങ്ങള്‍, പറയുന്ന സംഭാഷണങ്ങളും നടീനടന്മാരുടെ ചുണ്ടനക്കവും തമ്മിലുള്ള അന്തരം, പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന മണ്ടത്തരങ്ങള്‍ നിറഞ്ഞ സംഭാഷണങ്ങള്‍ എന്നീ കുറവുകള്‍ കൊണ്ട് സമ്പന്നമാണ് വിനയന്‍റെ ഏറ്റവും ഒടുവില്ലത്തെ ഈ സിനിമാ ദുരന്തം. 

ആകാശ് ഫിലിംസിനു വേണ്ടി വിനയന്‍ തന്നെ നിര്‍മ്മിച്ചിരിക്കുന്ന ഡ്രാക്കുളയുടെ രചന നിര്‍വഹിചിരിക്കുന്നതും വിനയന്‍ തന്നെയാണ്. പുതുമുഖം സതിഷാണ് ചായാഗ്രഹണം. നിഷാദ് യുസഫ് ചിത്രസന്നിവേശവും, ബാബിത് ജോര്‍ജ് സംഗീത സംവിധാനവും രാജകൃഷ്ണന്‍ ശബ്ദമിശ്രണവും സമീറ സനീഷ് വസ്ത്രാലങ്കാരവും നിര്‍വഹിച്ചിരിക്കുന്നു. ദിലീപിന്റെ സി.ഐ.ഡി.മൂസ ഉള്‍പ്പടെ നിരവധി സിനിമകളില്‍ വില്ലന്‍ വേഷം അഭിനയിച്ചിട്ടുള്ള സുധീര്‍ സുകുമാരനാണ് ഡ്രാക്കുളയാകുന്നത്. സുധീറിനെ കൂടാതെ, ആര്യന്‍ മേനോന്‍, നാസര്‍, പ്രഭു, കൃഷ്ണ, തിലകന്‍, ശ്രദ്ധ ദാസ്, മോണല്‍ ഗജ്ജര്‍,കനകലത തുടങ്ങിയവരും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

കഥ, തിരക്കഥ: മോശം
ആകാശ ഗംഗ എന്ന സിനിമയിലും യക്ഷിയും ഞാനും എന്ന സിനിമയിലും പെണ്ണുങ്ങളാണ് പ്രേതമായതെങ്കില്‍, ഡ്രാക്കുളയിലൂടെ വിനയന്‍ ഒരാണിനെ പ്രേതമാക്കിയിരിക്കുന്നു. മേല്പറഞ്ഞ ഈ ഒരു വ്യത്യാസം ഉണ്ടെന്നല്ലാതെ ഒരു സാധാരണ പ്രേത കഥയാണ് ഈ സിനിമയും. കണ്ടുമടുത്ത കഥാസന്ദര്‍ഭങ്ങള്‍ കണ്ടു ബോറടിച്ചിരിക്കുന്ന പ്രേക്ഷകരെ വെറുപ്പിക്കുവാന്‍ വേണ്ടി എഴുതപെട്ട സംഭാഷണങ്ങളും സിനിമയെ പരിതാപകരമാക്കിമാറ്റി. സന്തോഷ്‌ പണ്ഡിതന്റെ സിനിമകളെ വെല്ലുന്ന സംഭാഷണങ്ങള്‍ എഴുതിയത് സംവിധായകന്‍ വിനയന്‍ തന്നെയാണ് എന്ന വസ്തുത ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ എന്നെ ആശ്ച്ചര്യപെടുത്തുന്നു. എത്രയോ സിനിമകള്‍ മലയാത്തില്‍ രചിച്ചു സംവിധാനം ചെയ്തിട്ടുള്ള വിനയനില്‍ നിന്നും ഇത്രയും നിലവാരമില്ലാത്ത യുക്തിയില്ലാത്ത കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും പ്രേക്ഷകര്‍ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

സംവിധാനം: മോശം
30 സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള വിനയനെ പോലുള്ള ഒരു സംവിധായകന്‍ സംവിധാന രംഗത്ത് അമ്പേ പരാജയപെടുന്നത് കാണുമ്പോള്‍ നിരാശയാണ് തോന്നിയത്. സാങ്കേതിക മികവോടെ സിനിമ അവതരിപ്പിക്കുവാന്‍ ശ്രമിച്ച സംവിധായകന്‍ നടീനടന്മാരെ അഭിനയിപ്പിക്കുന്ന കാര്യത്തിലും, അവരുടെ വസ്ത്രധാരണത്തില്‍ലുള്ള അപാകതകളും ശ്രദ്ധിക്കാതെ പോയത് ക്ഷമിക്കുവാന്‍ പറ്റുന്നതല്ല. ഫാന്റസി സിനിമകളില്‍ യുക്തിയില്ലാത്ത രംഗങ്ങള്‍ ഉണ്ടാവുമെങ്കിലും, പ്രേക്ഷകരെ മണ്ടന്മാരക്കാറില്ല. ഈ സിനിമ കുട്ടികള്‍ക്ക് ഇഷ്ടപെടുന്ന രീതിയില്‍ സംവിധാനം ചെയ്തിരുന്നുവെങ്കില്‍, ഇതിലും ഭേദമാകുമായിരുന്നു. നടീനടന്മാരുടെ ചുണ്ടനക്കവും സംഭാഷണങ്ങളും തമ്മില്‍ ഒരു ബന്ധവും ഇല്ലാതെ വന്നത് ഒരു സംവിധായകന്‍ എന്ന നിലയില്‍ വിനയന്റെ അലസതയെ വെളിവാക്കുന്നു. വിനയന്റെ സിനിമ ജീവിതത്തിലെ മോശം സിനിമ എന്ന നിലയില്‍ ഈ സിനിമ ഒരു ദുരന്തമായി അവസാനിക്കുവാനാണ് സാധ്യത.  

സാങ്കേതികം: ആവറേജ്
പുതുമുഖങ്ങളായ ചായഗ്രഹകാന്‍ സതിഷിനെയും ചിത്രസന്നിവേശകന്‍ നിഷാദ് യൂസഫിനെയും സംഗീത സംവിധായകന്‍ ബാബിത് എന്നിവരെ മികച്ച രീതിയില്‍ ഉപയോഗിച്ച സംവിധായകന്‍ വിനയന്‍, സമീറ സനീഷിന്റെ വസ്ത്രലങ്കരത്തിലും നടീനടന്മാര്‍ക്ക് ഡബ്ബിംഗ് ചെയ്യുന്ന കാര്യത്തിലുമുള്ള മേല്‍നോട്ടത്തില്‍ പരാജയപെട്ടു. 3 ഡി എഫ്ഫെക്ട്സ് നല്‍കിയതിലും, രാജകൃഷ്ണന്റെ ശബ്ദമിശ്രണത്തിലും സംവിധായകന്‍ ശ്രദ്ധപതിപ്പിച്ചതിനാല്‍ സിനിമയുടെ സാങ്കേതിക വശങ്ങള്‍ ശരാശരി നിലവാരം പുലര്‍ത്തി. 

അഭിനയം: മോശം 
പുതുമുഖങ്ങളായ ആര്യന്‍, മോണല്‍ ഗജ്ജര്‍, ശ്രദ്ധ എന്നിവരുടെ അഭിനയത്തില്‍ പോരായ്മകള്‍ ഏറെയുണ്ടായിരുന്നുവെങ്കിലും, തിലകനെയും നാസറിനെയും പ്രഭുവിനെയും പോലുള്ള പ്രഗല്‍ഭ നടന്മാരുടെ അഭിനയം നിരാശജനകമായിരുന്നു. ഡ്രാക്കുളയായി മോശമല്ലാത്ത അഭിനയിക്കുവാന്‍ സുധീര്‍ സുകുമാരന് സാധിച്ചു എന്നതാണ് അഭിനയകാര്യത്തിലുള്ള ഏക ആശ്വാസം. കൃഷ്ണ, കനകലത എന്നിവരും ഒട്ടനേകം പുതുമുഖങ്ങളും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. 

സിനിമയുടെ പ്ലസ് പോയിന്റ്സ്:
1. ശബ്ദ മിശ്രണം
2. 3 ഡി എഫ്ഫെക്ട്സ് 

സിനിമയുടെ മൈനസ് പോയിന്റ്സ്:
1.കഥ, തിരക്കഥ
2.സംഭാഷണങ്ങള്‍
3.വിനയന്റെ സംവിധാനം
4.നടീനടന്മാരുടെ അഭിനയം
5.വസ്ത്രാലങ്കാരം
6.ഡബ്ബിംഗ്

ഡ്രാക്കുള 2012 റിവ്യൂ: പരിതാപകരമായ കഥാസന്ദര്‍ഭങ്ങളും, പ്രേക്ഷകരെ വെറുപ്പിക്കുന്ന സംഭാഷണങ്ങളും, ബോറടിപ്പിക്കുന്ന അഭിനയ രംഗങ്ങളും, നിലവാരമില്ലാത്ത സംവിധാനവും വേണ്ടുവോളമുള്ള വിനയന്‍റെ കയ്യൊപ്പ് ചാര്‍ത്തിയ മറ്റൊരു സിനിമ ദുരന്തം.  

ഡ്രാക്കുള 2012 റേറ്റിംഗ്: 1.90/10
കഥ, തിരക്കഥ: 1/10 [മോശം]
സംവിധാനം: 1/10 [മോശം]
സാങ്കേതികം: 2.5/5 [ആവറേജ്]
അഭിനയം: 1/5 [മോശം]
ടോട്ടല് 5.5/30 [1.9/10]

രചന, നിര്‍മ്മാണം, സംവിധാനം: വിനയന്‍
ബാനര്‍: ആകാശ് ഫിലിംസ്
ചായാഗ്രഹണം: സതിഷ് ജി.
ചിത്രസന്നിവേശം: നിഷാദ് യുസഫ്
ഗാനരചന: വയലാര്‍ ശരത്, ശാലിനി
സംഗീതം:ബാബിത് ജോര്‍ജ്
കലാസംവിധാനം: സാലൂ കെ ജോര്‍ജ്
വസ്ത്രാലങ്കാരം: സമീറ സനീഷ്
മേക്കപ്പ്: അനില്‍ ബോംബെ കാര്‍ത്തി
ശബ്ദ മിശ്രണം: രാജകൃഷ്ണന്‍
റിലീസ്: ആകാശ് റിലീസ്