14 Apr 2014

സെവന്‍ത് ഡേ - സംവിധാനമികവിലൂടെ ഏഴു ത്രസിപ്പിക്കുന്ന ദിവസങ്ങള്‍ 6.50/10

സമീപ കാലത്തിറങ്ങിയ മലയാള സിനിമകളുടെ പരസ്യ വാചകങ്ങളെ അപേക്ഷിച്ച് ഏറ്റവും മികച്ചതെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് "ആറു ദിവസം കൊണ്ട് ഭൂമിയെ സൃഷ്‌ടിച്ച ദൈവം വിശ്രമിച്ച എഴാം നാള്‍" - സെവന്‍ത് ഡേ. ഒരു കോടി എഴുപത്തിയഞ്ച് ലക്ഷം വിലമതിക്കുന്ന കള്ളപണവും, ഷാന്‍, വിനു രാമചന്ദ്രന്‍, എബി, സിറില്‍, ജെസ്സി എന്നീ സുഹൃത്തുക്കളെ കുറിച്ചുള്ള അന്വേഷണവുമായെത്തുന്ന ഡേവിഡ്‌ എബ്രഹാം ആറു ദിവസം കൊണ്ട് കണ്ടെത്തുന്ന രഹസ്യങ്ങളുമാണ് ഈ സിനിമയുടെ കഥ. ഡേവിഡ്‌ എബ്രഹാമായി പ്രിഥ്വിരാജും, വിനു രാമചന്ദ്രനായി അനു മോഹനും, ഷാനായി വിനയ് ഫോര്‍ട്ടും, എബിയായി ടോവിനോയും, സിറില്‍ ആയി പ്രവീണും, ജെസ്സിയായി ജനനിയും അഭിനയിച്ചിരിക്കുന്നു. ആരാണ് ഡേവിഡ്‌ എബ്രഹാം? എന്തിനാണ് അയാള്‍ അവരെ അന്വേഷിക്കുന്നത് എന്നതാണ് ഈ സിനിമയുടെ സസ്പെന്‍സ്. 

മുംബൈ പോലീസ്, മെമ്മറീസ് എന്നീ സിനിമകള്‍ക്ക്‌ ശേഷം പ്രിഥ്വിരാജ് നായകനാവുന്ന കുറ്റാന്വേഷണ സിനിമയാണ് സെവന്‍ത് ഡേ. പുതുമുഖങ്ങളായ ശ്യാംധര്‍, അഖില്‍ പോള്‍ എന്നിവരാണ് ഈ സിനിമയുടെ സംവിധാനവും രചനയും നിര്‍വഹിച്ചത്. അഖില്‍ പോള്‍ കഥ, തിരക്കഥ, സംഭാഷണങ്ങള്‍ എന്നിവ എഴുതുകയും, ശ്യാംധര്‍ സംവിധാനം നിര്‍വഹിക്കുകയും ചെയ്ത സെവന്‍ത് ഡേ നിര്‍മ്മിച്ചിരിക്കുന്നത് മൂവി ജങ്ക്ഷന്റെ ബാനറില്‍ ഷിബു ജി സുശീലനാണ്. 

കഥ, തിരക്കഥ: എബവ് ആവറേജ്
ആറു ദിവസത്തെ അന്വേഷണത്തിനൊടുവില്‍ രഹസ്യങ്ങള്‍ കണ്ടെത്തുന്ന നായകനും, നായകനെ ചുറ്റിപറ്റിയുള്ള ദുരൂഹതകളും, കഥാവസാനം ആരും പ്രതീക്ഷിക്കാത്ത ഒരു സസ്പെന്‍സും. ഇത്തരത്തിലുള്ള ഒരു പ്രമേയം മലയാള സിനിമയില്‍ പുതിയതൊന്നുമല്ലെങ്കിലും, കേള്‍ക്കുമ്പോള്‍ ഒരു ആകാംഷ മനസ്സില്‍ ഉയരുന്നു. ഈ സിനിമയ്ക്ക് വേണ്ടി പുതുമുഖം അഖില്‍ പോള്‍ എഴുതിയ കഥാസന്ദര്‍ഭങ്ങള്‍ ഒരുപക്ഷെ പുതുമ നിറഞ്ഞതാവതിരുന്നതും പ്രേക്ഷകര്‍ക്ക്‌ പ്രവചിക്കാനയതും പുതുമകള്‍ ഇല്ലാത്ത കഥയായതുകൊണ്ടാവണം. അഞ്ചംഗ സുഹൃത്ത് സംഘം ചെന്നുപെടുന്ന പുലിവാലുകളും, അതിനെ ചുറ്റിപറ്റിയുള്ള ദുരൂഹതകളും, അതുമൂലം അവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങളും, അവസാനം നായകന്‍ അതെല്ലാം കണ്ടെത്തുന്നതുമെല്ലാം പ്രേക്ഷകര്‍ എത്രയോ സിനിമകളില്‍ കണ്ടതാണെന്ന് പാവം അഖില്‍ മനസ്സിലാക്കിയില്ല. ഈ കുറവുകളൊക്കെ ഉണ്ടെങ്കിലും, പ്രിഥ്വിരാജിന്റെ കഥാപാത്രരൂപികരണത്തിലൂടെയും, മികച്ച സംഭാഷണങ്ങളിലൂടെയും പ്രേക്ഷകരെ രണ്ടേകാല്‍ മണിക്കൂര്‍ ത്രസിപ്പിക്കുവാന്‍ അഖില്‍ പോള്‍ എഴുതിയ തിരക്കഥയ്ക്ക് സാധിച്ചു. ഇനിയും ഇതുപോലെയുള്ള സസ്പെന്‍സ് നിറഞ്ഞ കഥകള്‍ എഴുതുവാന്‍ അഖില്‍ പോളിന് സാധിക്കട്ടെ.

സംവിധാനം: ഗുഡ് 
ഒരു നവാഗത സംവിധയകന്റെ പരിച്ചയകുറവൊന്നും തോന്നിപ്പിക്കാതെയുള്ള കൃത്യതയാര്‍ന്ന സംവിധാനത്തിലൂടെയാണ് ശ്യാംധര്‍ സെവന്‍ത് ഡേ ഒരുക്കിയിരിക്കുന്നത്. ഓരോ രംഗങ്ങളും ത്രസിപ്പിക്കുന്ന രീതിയില്‍ തന്നെ അവതരിപ്പിച്ചുക്കൊണ്ട് പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ആസ്വദിപ്പിക്കുവാന്‍ ശ്യാംധറിനു സാധിച്ചു. അനാവശ്യമായ വിവരണങ്ങളോന്നും തന്നെ നല്‍കാതെ കഥ പറഞ്ഞു പോയതുകൊണ്ട് ഒരു നിമിഷം പോലും പ്രേക്ഷകര്‍ക്ക്‌ മുഷിഞ്ഞില്ല. പ്രിഥ്വിരാജിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച രീതിയും മികച്ച രീതിയിലായതിനാല്‍ സസ്പെന്‍സ് അന്തരീക്ഷം നിലനിര്‍ത്തുവാന്‍ സംവിധായകന് സാധിച്ചു. പക്ഷെ, ഈ സിനിമയുടെ പ്രധാന സസ്പെന്‍സ് ആയ കാര്യം നിലനിര്‍ത്തിയിരിക്കുന്ന രീതി പാളിപ്പോയതുകൊണ്ടാണ് പ്രേക്ഷകരില്‍ ഭൂരിഭാഗം പേരും സസ്പെന്‍സ് എന്തെന്ന് പ്രവചിച്ചത്. അത് നൂറു ശതമാനം ശെരിയാവുകയും ചെയ്തു. അത്തരത്തിലുള്ള തോന്നല്‍ സംവിധായകന് ഉണ്ടായതുകൊണ്ടാവാം ആരും പ്രതീക്ഷിക്കാത്ത മറ്റൊരു സസ്പെന്‍സ് കൂടി സിനിമയില്‍ നിലനിര്‍ത്തിയിരിക്കുന്നത്. മലയാള സിനിമ പ്രേക്ഷകര്‍ക്ക്‌ സുപരിചിതമല്ലാത്ത ഒരു കഥകൂടി തിരഞ്ഞെടുക്കുവാന്‍ ശ്യംധറിന് സാധിചിരിന്നുവെങ്കില്‍, ഒരു പക്ഷെ ,മുംബൈ പോലീസും മെമ്മറീസും പോലെ ഈ സിനിമയും പ്രിഥ്വിരാജിന്റെ എക്കാലത്തെയും മികച്ച സസ്പെന്‍സ് ത്രില്ലര്‍ സിനിമകളില്‍ ഒന്നാകുമായിരുന്നു. 

സാങ്കേതികം: ഗുഡ്
സുജിത് വാസുദേവ് എന്ന ചായഗ്രാഹകന്റെ മികവില്‍ പ്രേക്ഷകര്‍ ത്രില്ലടിച്ച സിനിമകളായിരുന്നു മെമ്മറീസും ദ്രിശ്യവും. അതെ രീതിയില്‍ തന്നെ പ്രേക്ഷകരെ ത്രസിപ്പിക്കുവാന്‍ ഈ സിനിമയ്ക്ക് വേണ്ടി  സുജിത് വാസുദേവ് പകര്‍ത്തിയ ദ്രിശ്യങ്ങള്‍ക്ക് സാധിച്ചു. ഉദ്യോഗജനകമായ രംഗങ്ങളിലൂടെ സസ്പെന്‍സ് നിറഞ്ഞ അന്തരീക്ഷം സൃഷ്ട്ടിക്കുവാന്‍ സാധിക്കുക എന്നത് ഒരു കഴിവ് തന്നെ എന്ന് സുജിത് വാസുദേവ് വീണ്ടും തെളിയിച്ചിരിക്കുന്നു. അനാവശ്യമായ വലിച്ചുനീട്ടലുകളില്ലാതെ ഓരോ രംഗങ്ങളും കൃത്യതയോടെ കോര്‍ത്തിണക്കുവാന്‍ ജോണ്‍കുട്ടിക്കും സാധിച്ചു. ഈ സിനിമയുടെ സസ്പെന്‍സിനു മാറ്റുകൂട്ടുന്ന മറ്റൊരു ഘടകം എന്നത് ദീപക് ദേവിന്റെ പശ്ചാത്തല സംഗീതമാണ്. വിദേശ സിനിമകളുടെ നിലവാരത്തിലേക്ക് ഉയര്‍ന്ന സംഗീതമാണ് ഓരോ രംഗങ്ങള്‍ക്കും ദീപക് ദേവ് നല്‍കിയത്. ബംഗ്ലാന്റെ കലാസംവിധാനവും, അരുണ്‍ മനോഹരിന്റെ വസ്ത്രാലങ്കാരവും, രഞ്ജിത്ത് അമ്പാടിയുടെ മേക്കപ്പും സിനിമയുടെ കഥഗതിയോടു ചേര്‍ന്ന് പോകുന്നവയാണ്.

അഭിനയം: എബവ് ആവറേജ് 
പ്രിഥ്വിരാജ്, വിനയ് ഫോര്‍ട്ട്‌, അനു മോഹന്‍, പ്രവീണ്‍, ടോവിനോ തോമസ്‌, ജനനി അയ്യര്‍, യോഗ് ജപീ, ജോയ് മാത്യു, വി.കെ.ബൈജു, ചെമ്പില്‍ അശോകന്‍, സുനില്‍ സുഖദ, അംബിക മോഹന്‍, ശ്രീദേവി ഉണ്ണി, ലക്ഷ്മിപ്രിയ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. മുംബൈ പോലീസിലെ കഥാപാത്രത്തില്‍ നിന്ന് ഏറെ വ്യതസ്തത പുലര്‍ത്തുന്ന ഒന്നായിരുന്നു മെമ്മറീസിലെ പോലീസ് കഥാപാത്രം. മേല്പറഞ്ഞ രണ്ടു സിനിമകളില്‍ നിന്നും വ്യതസ്തമാണ് ഈ സിനിമയിലെ ഡേവിഡ്‌ എബ്രഹാം. മൂന്ന് കഥാപാത്രങ്ങളും കുറ്റാന്വേഷണ പശ്ചാത്തലത്തിലാണ് സഞ്ചരിക്കുന്നതെങ്കിലും, മൂന്നു കഥാപാത്രങ്ങളും വ്യതസ്തമായി തന്നെ അവതരിപ്പിക്കുവാന്‍ പ്രിഥ്വിരാജിന് സാധിച്ചു എന്നതാണ് മൂന്നു സിനിമകളുടെയും വിജയ ഘടഗങ്ങളില്‍ ഒന്ന്. വി.കെ.ബിജുവിന്റെ പോലീസ് കഥാപാത്രവും, വിനയ് ഫോര്‍ട്ട്‌ അവതരിപ്പിച്ച ഷാനുമാണ് മറ്റു മികച്ചതായി. തീവ്രത്തിനു ശേഷം അനു മോഹന് ലഭിച്ച നല്ല കഥാപാത്രത്തില്‍ ഒന്നാണ് ഈ സിനിമയിലെ വിനു രാമചന്ദ്രന്‍. പ്രവീണും ടോവിനോയും ജനനിയും അവരവരുടെ രംഗങ്ങളോട് നീതി പുലര്‍ത്തി. ജോയ് മാത്യുവും, ചെമ്പില്‍ അശോകനും, സുനില്‍ സുഖദയും മികച്ച രീതിയില്‍ തന്നെ അഭിനയിച്ചു. 

സിനിമയില്‍ ഇഷ്ടപെട്ടവ:
1. ശ്യാംധറിന്റെ സംവിധാനം 
2. പ്രിഥ്വിരാജിന്റെ അഭിനയം 
3. ത്രസിപ്പിക്കുന്ന കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും 
4. സുജിത് വാസുദേവിന്റെ ചായാഗ്രഹണം 
5. ദീപക് ദേവിന്റെ പശ്ചാത്തല സംഗീതം 

സിനിമയില്‍ ഇഷ്ടപെടാത്തവ:
1. പ്രവചിക്കാനവുന്ന കഥ 
2. സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്ന രീതി 

സെവന്‍ത് ഡേ റിവ്യൂ: ത്രസിപ്പിക്കുന്ന സംഭാഷണങ്ങളിലൂടെ, കൃത്യതയുള്ള സംവിധാനത്തിലൂടെ, മികച്ച സാങ്കേതികത്തികവിലൂടെ, പ്രിഥ്വിരാജിന്റെ അഭിനയമികവിലൂടെ പ്രേക്ഷരിലെക്കേത്തിയ സെവന്‍ത് ഡേ എല്ലാത്തരം സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകരെയും തൃപ്തിപെടുത്തുമെന്നുറപ്പ്. 

സെവന്‍ത് ഡേ റേറ്റിംഗ്: 6.50/10
കഥ, തിരക്കഥ: 6/10 [എബവ് ആവറേജ്]
സംവിധാനം: 7/10 [ഗുഡ്]
സാങ്കേതികം: 3.5/5 [ഗുഡ്]
അഭിനയം: 3/5 [എബവ് ആവറേജ്]
ടോട്ടല്‍ 19.5/30 [6.5/10]

സംവിധാനം: ശ്യാംധര്‍
രചന: അഖില്‍ പോള്‍
നിര്‍മ്മാണം: ഷിബു ജി. സുശീലന്‍
ബാനര്‍: മൂവി ജങ്ക്ഷന്‍
ചായാഗ്രഹണം: സുജിത് വാസുദേവ്
ചിത്രസന്നിവേശം: ജോണ്‍ കുട്ടി
പശ്ചാത്തല സംഗീതം: ദീപക് ദേവ്
ശബ്ദമിശ്രണം: രംഗനാഥ് രവി
കലാസംവിധാനം: ബംഗ്ലാന്‍ 
വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍ 
മേക്കപ്പ്: രഞ്ജിത്ത് അമ്പാടി
വിതരണം: ആഗസ്റ്റ് സിനിമ റിലീസ്

No comments:

Post a Comment