15 Jun 2014

ബാംഗ്ലൂര്‍ ഡെയ്സ് - മലയാളികളുടെ മനംകവര്‍ന്ന ദിനങ്ങള്‍ 7.10/10

എം.ടി.വാസുദേവന്‍ നായര്‍, പി.പത്മരാജന്‍, ലോഹിതദാസ്, ടി. ദാമോദരന്‍, ശ്രീനിവാസന്‍, രഞ്ജിത്ത് അങ്ങനെ നീളുന്ന മികച്ച തിരക്കഥ രചയ്താക്കളുടെ പട്ടികയില്‍ സ്ഥാനം ലഭിച്ച ആദ്യ വനിതയാണ്‌ അഞ്ജലി മേനോന്‍. മഞ്ചാടിക്കുരു, ഉസ്താദ് ഹോട്ടല്‍ എന്നീ സിനിമകളിലൂടെ തിരക്കഥയിലൂടെ പ്രേക്ഷകരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ച പ്രതിഭയാണ് അഞ്ജലി മേനോന്‍. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം അഞ്ജലി മേനോന്‍ തിരക്കഥയും സംഭാഷണങ്ങളും എഴുതി സംവിധാനം നിര്‍വഹിച്ച സിനിമയാണ് ബാംഗ്ലൂര്‍ ഡെയ്സ്. മലയാള സിനിമയിലെ പുതിയ വാഗ്ദാനങ്ങളായ ഫഹദ് ഫാസില്‍, നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, നസ്രിയ നാസിം, പാര്‍വതി മേനോന്‍, ഇഷാ തല്‍വാര്‍, നിത്യ മേനോന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ ഒരുക്കിയ ബാംഗ്ലൂര്‍ ഡെയ്സ് നിര്‍മ്മിച്ചിരിക്കുന്നത് സംവിധായകനായ അന്‍വര്‍ റഷീദും, സോഫിയ പോളും ചേര്‍ന്നാണ്. സമീര്‍ താഹിര്‍ ചായാഗ്രഹണവും, പ്രവീണ്‍ പ്രഭാകര്‍ ചിത്രസന്നിവേശവും, ഗോപി സുന്ദര്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. വിജയരാഘവന്‍, മണിയന്‍ പിള്ള രാജു, പ്രതാപ് പോത്തന്‍, സാജിദ് യഹിയ, സിജോയ് വര്‍ഗീസ്‌, സാഗര്‍ ഷിയാസ്, ഹരിശാന്ത്, കല്പന, പ്രവീണ, രേഖ, വിനയ പ്രസാദ് എന്നിവരാണ് മറ്റു അഭിനേതാക്കള്‍.

മൂന്ന് സഹോദരങ്ങളുടെ മക്കളായ അര്‍ജുന്‍, ദിവ്യ, കുട്ടന്‍ എന്നിവര്‍ അവരുടെ സ്വപ്ന നഗരമായ ബാംഗ്ലൂരില്‍ വിവിധ ആവശ്യങ്ങളായി എത്തിച്ചേരുന്നു. ഈ മൂവര്‍ സംഘത്തിന്റെ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥയാണ് ബാംഗ്ലൂര്‍ ഡെയ്സ്. കുട്ടികാലം മുതല്‍ നല്ലൊരു സൗഹൃദം മനസ്സില്‍ സൂക്ഷിച്ച മൂന്ന് കൂട്ടുകാരുടെ ജീവിതത്തിലേക്ക് ദിവ്യയുടെ ഭര്‍ത്താവ് ദാസും, കുട്ടന്റെ കാമുകി മീനാക്ഷിയും, അര്‍ജുന്റെ സുഹൃത്ത് സാറയും വരുന്നത്തോടെ അവരുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് ഈ സിനിമയുടെ കഥ. അര്‍ജുനായി ദുല്‍ഖര്‍ സല്‍മാനും, കുട്ടനായി നിവിന്‍ പോളിയും, ദാസായി ഫഹദ് ഫാസിലും, ദിവ്യയായി നസ്രിയയും, സാറയായി പാര്‍വതി മേനോനും, മീനാക്ഷിയായി ഇഷ തല്‍വാറും അഭിനയിച്ചിരിക്കുന്നു.

കഥ, തിരക്കഥ: ഗുഡ്
ഓരോ മലയാള സിനിമയും തിരക്കഥകൃത്തുക്കളുടെ പേരില്‍ അറിയപെടുന്ന കാലം വിദൂരമല്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് മഞ്ചാടിക്കുരുവും ഉസ്താദ് ഹോട്ടലും ഇപ്പോള്‍ ബാംഗ്ലൂര്‍ ഡെയ്സും. അഞ്ജലി മേനോന്റെ സിനിമ എന്ന ഒരൊറ്റ കാരണത്താല്‍ സിനിമ ആദ്യം ദിവസം തന്നെ കാണുവാന്‍ പോയ സിനിമ പ്രേമികളുണ്ട്. അവരെയും എല്ലാത്തരം സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകരെയും ത്രിപ്ത്തിപെടുത്തുവാനുള്ള എല്ലാ ഘടഗങ്ങളും സമന്വയിപ്പിച്ച സിനിമയാണ് ബാംഗ്ലൂര്‍ ഡെയ്സ്. പുതുമകള്‍ ഒന്നും തന്നെ അവകാശപെടാനില്ലത്ത ഒരു കഥയെ രസകരമായ കഥാസന്ദര്‍ഭങ്ങളിലൂടെ അവതരിപ്പിച്ചു എന്നതാണ് ഈ സിനിമയുടെ തിരക്കഥയുടെ വിജയം. കഥാസന്ദര്‍ഭങ്ങള്‍ക്ക് അനിയോജ്യമായ സംഭാഷണങ്ങള്‍ കൂടിയായപ്പോള്‍ പ്രേക്ഷകര്‍ ഓരോ രംഗങ്ങളും ആസ്വദിച്ചാണ് കണ്ടിരുന്നത്‌. കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും പോലെ തന്നെ ഓരോ കഥാപാത്രങ്ങളുടെ രൂപികരണവും മികച്ചതായിരുന്നു. നിവിന്‍ പോളിയെ നാളിതുവരെ കണ്ട കഥാപാത്രങ്ങളില്‍ നിന്നും വ്യതസ്തമാക്കിയത് പ്രേക്ഷകമരെ രസിപ്പിച്ചു. ഉസ്താദ്‌ ഹോട്ടലിനു ശേഷം ദുല്‍ഖറിന് ലഭിച്ച ജീവവായുവാണ് ഈ സിനിമയിലെ അര്‍ജുന്‍ എന്ന കഥാപാത്രം. ക്ലൈമാക്സ് രംഗങ്ങള്‍ മികച്ചു അഭിനയം കാഴ്ച്ചവെക്കുവാന്‍ ദുല്‍ഖറിന് സാധിച്ചു. ഫഹദിന്റെ ശിവ ദാസ് എന്ന കഥാപാത്രം പ്രേക്ഷകരുടെ മനംകവര്‍ന്ന കാഴ്ചയും കണ്ടു. ഒരല്പം അതിശയോക്തി നിറഞ്ഞതാണെങ്കിലും കല്പനയുടെ കഥാപാത്രവും രസകരമായി അനുഭവപെട്ടു. അഞ്ജലി മേനോന് ഇനിയും ഇതുപോലുള്ള തിരക്കഥകള്‍ എഴുതുവാന്‍ സാധിക്കട്ടെ.

സംവിധാനം: ഗുഡ്
മഞ്ചാടിക്കുരു, ഹാപ്പി ജേര്‍ണി(കേരള കഫെ) എന്നീ സിനിമകള്‍ക്ക്‌ ശേഷം അഞ്ജലി മേനോന്‍ സംവിധായകയായ സിനിമ എന്ന രീതിയില്‍ ഒരുപാട് പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ഈ സിനിമ കാണുവാന്‍ കാത്തിരുന്നത്. എല്ലാത്തരം സിനിമകള്‍ ഇഷ്ടപെടുന്ന പ്രേക്ഷകരെയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുവാന്‍ അഞ്ജലിയ്ക്കു സാധിച്ചു. ഇത്തരത്തിലുള്ള ഒരു പ്രമേയം ഇത്ര മനോഹരമായി അവതരിപ്പിക്കുവാന്‍ സാധിക്കുക എന്നത് എളുപ്പമല്ല. ഓരോ കഥാസന്ദര്‍ഭങ്ങള്‍ക്കും അനിയോജ്യമായ ലോക്കെഷനുകള്‍ കണ്ടുപിടിക്കുകയും, ഓരോ കഥാപാത്രങ്ങള്‍ക്ക് അനിയോജ്യരായ നടീനടന്‍മാരെ കണ്ടെത്തുകയും, നല്ല സിനിമയുണ്ടാക്കുവാന്‍ മിടുക്കരായ സാങ്കേതിക വിദഗ്ദരെ ഉപയോഗിക്കുകയും ചെയ്തതാണ് അഞ്ജലി മേനോന്‍ എന്ന സംവിധയകയുടെ വിജയം. ചില സിനിമകള്‍ അവസാനിക്കാതെ മതിയാവുവോളം കണ്ടുകൊണ്ടിരിക്കുവാന്‍ തോന്നാറുണ്ട്. അങ്ങനെ തോന്നിയ വിരളം സിനിമകളില്‍ ഒന്നാണ് ബാംഗ്ലൂര്‍ ഡെയ്സ്. ഏവര്‍ക്കും അഭിനന്ദനങ്ങള്‍!

സാങ്കേതികം: വെരി ഗുഡ്
സമീര്‍ താഹിറിന്റെ ചായാഗ്രഹണ മികവില്‍ മികച്ച വിഷ്വല്‍സിന്റെ പിന്തുണയോടെ കഥ പറയുവാന്‍ സാധിച്ചത് സിനിമയ്ക്ക് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. ബാംഗ്ലൂര്‍ നഗരത്തിന്റെ ഇതുവരെ കാണാത്ത സുന്ദര മുഖം അവതരിപ്പിക്കുവാന്‍ സമീറിന് സാധിച്ചു. പ്രവീണ്‍ പ്രഭാകറിന്റെ ചിത്രസന്നിവേശവും മോശമാകാതെ സിനിമയുടെ അവതരണ രീതിയോട് ചേര്‍ന്ന് നിന്നു. മൂന്ന് മണിക്കൂറിനടുത്ത് ദൈര്‍ഘ്യമുണ്ടായിരുന്നിട്ടും പ്രേക്ഷകരെ ബോറടിപ്പിക്കാതെ രംഗങ്ങള്‍ കോര്‍ത്തിണക്കുവാന്‍ പ്രവീണിന് സാധിച്ചിട്ടുണ്ട്. റഫീക്ക് അഹമ്മദ് എഴുതിയ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണമിട്ട ഏതു കരിരാവിലും എന്ന പാട്ടാണ് മറ്റു നാല് പാട്ടുകളില്‍ മികച്ചു നിന്നത്. സന്തോഷ്‌ വര്‍മ്മയും അന്ന കത്രീനയും എഴുതിയ തുമ്പി പെണ്ണെയും, നമ്മ ഊര് ബാംഗ്ലൂര്‍, മാംഗല്യം എന്നീ പാട്ടുകളും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു. സമീര്‍ താഹിറിന്റെ വിഷ്വല്‍സിന് അനിയോജ്യമാകുന്ന പശ്ചാത്തല സംഗീതം നല്‍ക്കി ഓരോ രംഗങ്ങളും മിഴിവേകി പ്രേക്ഷകരെ രസിപ്പിക്കുവാന്‍ ഗോപി സുന്ദറിനു സാധിച്ചു. സിനിമയുടെ പ്രമേയത്തോട് നീതിപുലര്‍ത്തുന്ന സെറ്റുകള്‍ നിര്‍മ്മിക്കാന്‍ സുനില്‍ ബാബുവിനു കഴിഞ്ഞിട്ടുണ്ട്. റോണക്സ്‌ സേവ്യറിന്റെ മേക്കപ്പും പമ്പ ബിസ്വാസ് വസ്ത്രാലങ്കാരവും മികവു പുലര്‍ത്തി.

അഭിനയം: ഗുഡ്
ഓരോ അഭിനേതാക്കള്‍ക്കും അനിയോജ്യമായ കഥാപാത്രങ്ങള്‍ ലഭിക്കുമ്പോഴാണ് അവര്‍ക്ക് നന്നായി അഭിനയിക്കാന്‍ കഴിയുന്നതും പ്രേക്ഷകര്‍ അവരെ സ്വീകരിക്കുന്നതും. ഈ സിനിമയുടെ കഥാപാത്ര രൂപികരണവും അഭിനേതാക്കളെ തിരഞ്ഞെടുത്തിരിക്കുന്നതും മികച്ച രീതിയിലായതിനാല്‍ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ പ്രിയപെട്ടവയായി മാറിയിരിക്കുന്നു. ദുല്‍ഖര്‍ സല്‍മാനും, നിവിന്‍ പോളിയും, ഫഹദ് ഫാസിലും അവരവര്‍ക്ക് ലഭിച്ച രംഗങ്ങള്‍ മികവുറ്റതാക്കി. യുവാക്കളുടെ ഹരമാകാന്‍ സാധ്യതയുള്ള അര്‍ജുനും, പെണ്‍മനസ്സുകളെ കീഴടക്കിയ കുട്ടനും, പ്രേക്ഷകരുടെ കണ്ണ് നനയിപ്പിക്കുന്ന ദാസും നാളിതുവരെ ദുല്‍ഖറിനും നിവിനും ഫഹദിനും ലഭിച്ച നല്ല കഥാപാത്രങ്ങളുടെ പട്ടികയില്‍ ഇടം നേടുമെന്നുറപ്പ്. അലസനായ യുവത്വത്തിന്റെ പ്രതീകമായി അര്‍ജുനും, സരസനും നിഷ്കളങ്കനുമായ കഥാപാത്രമായി കുട്ടനും, വെറുപ്പിച്ചു വെറുപ്പിച്ചു കഥാവസാനം പ്രേക്ഷരുടെ കയ്യടി നേടുന്ന ശിവദാസും ദുല്‍ഖര്‍-നിവിന്‍-ഫഹദ് എന്നിവരുടെ സിനിമാജീവിതത്തില്‍ ഒരു പൊന്‍ത്തൂവല്‍ ചാര്‍ത്തുന്നു. നസ്രിയയും, പാര്‍വതിയും ഇഷയും നിത്യയും മോശമക്കാതെ തന്നെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കല്പനയും പ്രവീണയും വിജയരാഘവനും രാജുവും പ്രതാപ് പോത്തനും മികച്ച പിന്തുണ നല്ക്കുവാനും സാധിച്ചു.

സിനിമയില്‍ ഇഷ്ടപെട്ടവ:
1. കഥാസന്ദര്‍ഭങ്ങള്‍, സംഭാഷണങ്ങള്‍
2. സംവിധാനം
3. ചായാഗ്രഹണം
4. അഭിനേതാക്കളുടെ പ്രകടനം
5. പശ്ചാത്തല സംഗീതം
6. ഗോപി സുന്ദറിന്റെ പാട്ടുകള്‍

ബാംഗ്ലൂര്‍ ഡെയ്സ് റിവ്യൂ: ലോകമെമ്പാടുമുള്ള മലയാള സിനിമ പ്രേമികളെ ആസ്വാദനത്തിന്റെ കൊടുമുടിയിലെത്തിച്ച അഞ്ജലി മേനോനും അന്‍വര്‍ റഷീദിനും ഗോപി സുന്ദറിനും സമീര്‍ താഹിറിനും ദുല്‍ഖര്‍-ഫഹദ്-നിവിന്‍-നസ്രിയ-പാര്‍വതി തുടങ്ങിയവര്‍ക്കും ഇനി അഭിമാനിക്കാവുന്ന ദിനങ്ങള്‍.

ബാംഗ്ലൂര്‍ ഡെയ്സ് റേറ്റിംഗ്: 7.10/10
കഥ, തിരക്കഥ: 7/10 [ഗുഡ്]
സംവിധാനം: 7/10[ഗുഡ്]
സാങ്കേതികം: 4/5[വെരി ഗുഡ്]
അഭിനയം: 3.5/5[ഗുഡ്]
ടോട്ടല്‍ 21.5/30 [7.1/10]

രചന, സംവിധാനം: അഞ്ജലി മേനോന്‍
നിര്‍മ്മാണം: അന്‍വര്‍ റഷീദ്, സോഫിയ പോള്‍
ബാനര്‍: എ ആന്‍ഡ്‌ എ, വീക്ക്‌ഏന്‍ഡ് ബ്ലോക്ക്ബസ്റ്റെഴ്സ്
ചായാഗ്രഹണം: സമീര്‍ താഹിര്‍
ചിത്രസന്നിവേശം: പ്രവീണ്‍ പ്രഭാകര്‍
സംഗീതം: ഗോപി സുന്ദര്‍
ഗാനരചന: സന്തോഷ്‌ വര്‍മ്മ, റഫീക്ക് അഹമ്മദ്, അന്ന കത്രീന
കലാസംവിധാനം: സുനില്‍ ബാബു
മേക്കപ്പ്: റോണക്സ്‌ സേവ്യര്‍
വസ്ത്രാലങ്കാരം: പമ്പ ബിസ്വാസ്
ശബ്ദമിശ്രണം: രാജകൃഷ്ണന്‍
വിതരണം: എ ആന്‍ഡ്‌ എ, ആഗസ്റ്റ് സിനിമാസ്